ലോകത്തെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളിലൊന്നാണ് ക്ഷയരോഗം. ഓരോ വര്‍ഷവും 10 ദശലക്ഷത്തോളം ആളുകള്‍ ക്ഷയരോഗം മൂലം ദുരിതമനുഭവിക്കുന്നുണ്ട്. പൊതുവേ, വികസ്വര രാജ്യങ്ങളിലാണ് ക്ഷയരോഗം കൂടുതലായി കണ്ടുവരുന്നത്. ഓരോ ദിവസവും ക്ഷയരോഗം മൂലം 4000 ആളുകള്‍ മരിക്കുകയും 27000 ആളുകള്‍ രോഗികളാവുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലും ക്ഷയരോഗമാണ് പകര്‍ച്ചവ്യാധികളില്‍ മുന്‍പന്തിയിലുള്ളത്. എന്നാല്‍ കൃത്യമായ ചികിത്സകള്‍ വഴി രോഗത്തെ തടയാനും ഭേദപ്പെടുത്താനും സാധിക്കും. 

എന്താണ് ക്ഷയരോഗം?

മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് (Mycobacterium Tuberculosis) എന്ന ബാക്ടീരിയയാണ് ക്ഷയരോഗമുണ്ടാക്കുന്നത്. 1882 മാര്‍ച്ച് 24-ന് ഡോ. റോബര്‍ട്ട് കൊച്ച് ആണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്. 

ശ്വാസകോശത്തെയാണ് ഈ ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങളെയും ഇത് ബാധിക്കാറുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗം പള്‍മണറി ട്യൂബര്‍കുലോസിസ് (Pulmonary Tuberculosis) എന്നും മറ്റ് അവയവങ്ങളെ ബാധിക്കുന്ന ക്ഷയരോഗം എക്‌സട്രാ പള്‍മണറി ട്യൂബര്‍കുലോസിസ് (Extra Pulmonary Tuberculosis) എന്നും അറിയപ്പെടുന്നു. ക്ഷയരോഗം ഏത് പ്രായക്കാരെയും ബാധിക്കാം.  

രോഗം ബാധിക്കുന്നത്

രോഗം ബാധിച്ചവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും ബാക്ടീരിയ വായുവിലൂടെ പടരും. ഇത് രോഗമില്ലാത്തവരിലേക്ക് ശ്വാസോച്ഛ്വാസത്തിലൂടെ എത്തിച്ചേരും. അങ്ങനെ ഇവ ശ്വാസകോശത്തില്‍ വളരാന്‍ തുടങ്ങും. ഈ ബാക്ടീരിയകള്‍ രക്തത്തിലൂടെ വൃക്ക, തലച്ചോറ്, നട്ടെല്ല് എന്നിവിടങ്ങളിലേക്കും വ്യാപിച്ചേക്കാം. 

ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗമാണ് (Pulmonary Tuberculosis) പൊതുവെ പകരാറുള്ളത്. നട്ടെല്ലിനെയും വൃക്കയെയും ബാധിക്കുന്ന ക്ഷയം (Extra Pulmonary Tuberculosis) മറ്റൊരാളിലേക്ക് പകരാറില്ല. 

tb

ഇന്ത്യൻ ജനസംഖ്യയുടെ 40 ശതമാനം ആളുകളുടെയും കോശങ്ങളിൽ ക്ഷയരോഗാണുക്കള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എങ്കിലും അവരിൽ ക്ഷയരോ​ഗത്തിന്റെ സൂചനകളൊന്നും കാണിക്കാറില്ല. ഇതിന് കാരണം നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിയാണ്. ഇവരെ ലേറ്റന്റ് ടി.ബി. ഇന്‍ഫെക്ഷന്‍ ഉള്ളവര്‍ എന്നാണ് പറയുന്നത്

ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉടന്‍ അയാള്‍ രോഗിയാവണമെന്നില്ല. ഈ രോഗാണുക്കള്‍ക്ക് ശരീരത്തില്‍ ദീര്‍ഘകാലം നിശബ്ദമായിരിക്കാനുള്ള കഴിവുണ്ട്. ഇത്തരത്തില്‍ രോഗാണു നിഷ്‌ക്രിയമായവരില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണണമെന്നില്ല. ഇങ്ങനെ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത രോഗാണുവാഹകരില്‍ ചെറിയ ശതമാനം പേര്‍ (5-10 ശതമാനം) പില്‍ക്കാലത്ത് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ക്ഷയരോഗികള്‍ ആയി മാറാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. ശ്വാസകോശ ക്ഷയം ബാധിച്ച ഒരാളില്‍ നിന്ന് വര്‍ഷത്തില്‍ 10-15 ആളുകള്‍ക്ക് രോഗം ബാധിക്കാം. 

രോഗസാധ്യത കൂടുതല്‍ ഇവര്‍ക്ക്

എച്ച്.ഐ.വി. അണുബാധ ഉള്ളവര്‍, പ്രമേഹം, വൃക്ക രോഗം, കീമോതെറാപ്പി കഴിഞ്ഞവര്‍, അവയവങ്ങള്‍ മാറ്റിവെച്ചവര്‍, പോഷകാഹാര കുറവുള്ളവര്‍, ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്ക് ക്ഷയരോഗ സാധ്യത കൂടുതലാണ്. പ്രമേഹം ഇതില്‍ എടുത്തുപറയേണ്ടതാണ്. 

ലക്ഷണങ്ങള്‍

 • രണ്ടാഴ്ചയില്‍ കൂടുതല്‍ തുടരുന്ന 
 • ചുമ, രക്തം കലര്‍ന്ന കഫം
 • ശ്വസിക്കുമ്പോള്‍ നെഞ്ചിനകത്ത് വേദന.
 • ശരീരവേദന, ക്ഷീണം, പനി, പൊടുന്നനെ ഭാരം കുറയല്‍, അമിതമായ വിയര്‍പ്പ് 
 • രാത്രി വിറയലോടു കൂടിയ പനിയുണ്ടാവുക, വിശപ്പില്ലായ്മ 

രോഗനിര്‍ണയം

കഫ പരിശോധന, നെഞ്ചിന്റെ എക്‌സ്-റേ, സി.ടി. സ്‌കാന്‍, സി.ബി. നാറ്റ്, ട്രൂനാറ്റ് പരിശോധന എന്നിവ ചെയ്യുന്നതു വഴി രോഗനിര്‍ണയം നടത്താം. ചില രോഗികളില്‍ ബ്രോങ്കോസ്‌കോപ്പി ടെസ്റ്റുകള്‍ വേണ്ടി വരാറുണ്ട്. ശ്വാസകോശേതര ക്ഷയരോഗമാണെങ്കില്‍ (Extra Pulmonary TB) ബയോപ്‌സിയും ചെയ്യേണ്ടി വരും. 

ചികിത്സ

ക്ഷയരോഗം ഫലപ്രദമായി പ്രതിരോധിക്കാനും ചികിത്സിച്ച് ഭേദമാക്കാനും കഴിയും. ക്ഷയരോഗാണുവിനെ നശിപ്പിക്കാന്‍ ശേഷിയുള്ള ആന്റിബയോട്ടിക് ഉപയോഗിച്ചാണ് ചികിത്സ. രോഗം നേരത്തെ കണ്ടെത്തുക എന്നതാണ് പ്രധാനം. സാധാരണയായി ആറുമാസത്തെ ചികിത്സയാണ് വേണ്ടത്. ഗുരുതരമായാല്‍ ഒരു വര്‍ഷത്തിലധികം ചികിത്സ വേണ്ടി വരും. ചികിത്സ ഒരിക്കലും മുടക്കരുത്. റിഫാംപിന്‍ (RIFAMPICIN), ഐസോനിയാസിഡ് (ISONIAZID), പൈറസിനാമൈഡ് (Pyrazinamide), എഥാംബ്യൂട്ടോള്‍ (Ethambutol) എന്നീ ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കുന്നത്. ഇതുവഴി ഭൂരിഭാഗം പേര്‍ക്കും രോഗം സുഖപ്പെടും. 

എന്താണ് എം.ഡി. ആര്‍.ടി.ബി. (MDR TB) 

ചില ക്ഷയരോഗികളില്‍ ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ക്ഷയരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റിഫാംപിസിന്‍ (RIFAMPICIN), ഐസോനിയാസിഡ് (ISONIAZID) എന്നീ  ആന്റിബയോട്ടിക്കുകളെ രോഗാണു പ്രതിരോധിക്കുമ്പോള്‍ അതിനെ മള്‍ട്ടി ഡ്രഗ് റസിസ്റ്റന്‍സ് ടി.ബി.(MDR TB) എന്നു പറയുന്നു. 

cough

ഇതിന്റെ ചികിത്സ വളരെ സങ്കീര്‍ണമാണ്. ഇതിന് സെക്കന്‍ഡ് ലൈന്‍ ഡ്രഗ്‌സ് ഉപയോഗിച്ച് വേണം ചികിത്സിക്കാന്‍. ഈ ചികിത്സ ആറുമാസത്തില്‍ പൂര്‍ത്തിയാവില്ല. 20 മാസം വരെ വേണ്ടിവരും. ഇത് ആരോഗ്യ പ്രവര്‍ത്തകരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വേണം പൂര്‍ത്തിയാക്കാന്‍. ഇല്ലെങ്കില്‍ അത് മാരകമായി മാറാനിടയുണ്ട്. 

പ്രതിരോധിക്കാം

ബി.സി.ജി. വാക്‌സിന്‍ (Bacillus Calmette–Guérin vaccine)  ഗുരുതരമായ ക്ഷയരോഗത്തെ തടയാന്‍ സഹായിക്കും. രാജ്യത്ത് നവജാതശിശുക്കള്‍ക്കെല്ലാം ബി.സി.ജി. കുത്തിവയ്പ്പ് നല്‍കുന്നുണ്ട്.  

മറ്റ്‌ രോഗങ്ങള്‍ ഉള്ളവര്‍

കോവിഡ് മുക്തരായവര്‍, പ്രമേഹമുള്ളവര്‍  എന്നിവരില്‍ ക്ഷയരോ​ഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം രോഗികള്‍ വളരെയധികം ശ്രദ്ധിക്കണം. സ്റ്റിറോയ്ഡ് മരുന്നുകള്‍ എടുക്കേണ്ടി വന്ന കോവിഡ് രോഗികളിലും പ്രമേഹം നിയന്ത്രിക്കാനാവാത്തവരിലും പ്രതിരോധശേഷി വളരെയധികം കുറയുന്നതിനാല്‍ അവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം രോഗികളില്‍ ടി.ബി. കൂടുതലായി കണ്ടെത്തുന്നുണ്ട്. അതിനാല്‍ പ്രമേഹം കര്‍ശനമായും നിയന്ത്രിക്കണം. പ്രമേഹമരുന്നുകളില്‍ ചിലപ്പോള്‍ മാറ്റങ്ങള്‍ വേണ്ടിവന്നേക്കാം. 
കോവിഡ് മുക്തരായവര്‍ കഫ പരിശോധന നടത്തി ക്ഷയരോഗമില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 

നടപടിയുമായി കേരള ആരോഗ്യവകുപ്പ്

കോവിഡ് ഭേദമായവരില്‍ ക്ഷയരോഗസാധ്യത ഏറുന്നതായുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധനടപടികള്‍ തുടങ്ങി. നാലാഴ്ചയ്ക്കുള്ളില്‍ പത്തുപേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ക്ഷയരോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കോവിഡ് ബാധിച്ചതുകാരണം പലര്‍ക്കും പ്രതിരോധശേഷി കാര്യമായി കുറയുന്നുണ്ട്. ഇതും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വ്യതിയാനവും കോവിഡ് കാരണം ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് നല്‍കുന്ന മരുന്നുകളുടെ പ്രതിപ്രവര്‍ത്തനവും ക്ഷയരോഗബാധയ്ക്കു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. രോഗം ഭേദമായവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമരഹിതമാകുന്നതും രോഗബാധയ്ക്കുള്ള സാധ്യതയേറ്റുന്നു. ഇത്തരക്കാര്‍ക്ക് രോഗബാധയ്ക്കുള്ള സാധ്യത മൂന്നിരട്ടിവരെ കൂടുതലാണ്. പലരും രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതും അപകടനിലയുണ്ടാക്കുന്നു.

diabetic test

ക്ഷയരോഗലക്ഷണങ്ങള്‍ കോവിഡ് ബാധിതരില്‍ പലര്‍ക്കും കാണുന്നുണ്ടെങ്കിലും സ്വാഭാവിക പ്രതിരോധശേഷികൊണ്ട് ഭൂരിഭാഗംപേരും രോഗത്തെ അതിജീവിക്കുകയാണ്. കോവിഡിനെത്തുടര്‍ന്ന് ന്യുമോണിയ ബാധിക്കുന്നവര്‍ക്കും ക്ഷയരോഗസാധ്യത ഏറെയാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധനടപടികളുടെ ഭാഗമായി കോവിഡനന്തര ചികിത്സാകേന്ദ്രങ്ങളില്‍ ക്ഷയരോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ പരിശോധനാസൗകര്യം ഏര്‍പ്പെടുത്തിത്തുടങ്ങി. ലക്ഷണങ്ങളുമായി എത്തുന്നവരെ വിദഗ്ധപരിശോധനയ്ക്കു വിധേയരാക്കും. ടെലിഫോണ്‍ വഴിയും ചികിത്സാനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • രോഗലക്ഷണങ്ങള്‍ മാറിയാലും മരുന്ന് കഴിക്കുന്നത് മുടക്കരുത്. നിശ്ചയിച്ച കാലം മുഴുവന്‍ മരുന്ന് കഴിക്കണം. അല്ലെങ്കില്‍ അണുബാധ പൂര്‍ണമായും മാറില്ല. 
 • മരുന്ന് കഴിച്ച് തുടങ്ങുന്നതിന് മുന്‍പ് ലിവര്‍ ഫങ്ഷന്‍ ടെസ്റ്റും കണ്ണുകളുടെ പരിശോധനയും നടത്തണം. 
 • മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ അക്കാര്യം ഡോക്ടറെ അറിയിക്കുകയും മരുന്ന് തുടരുകയും വേണം. 
 • രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുക.
 • വായുസഞ്ചാരമുള്ള മുറികള്‍ വേണം രോഗികള്‍ ഉപയോഗിക്കാന്‍.
 • തുമ്മുമ്പോഴുംചുമയ്ക്കുമ്പോഴും തുണി ഉപയോഗിച്ച് മുഖം മറയ്ക്കുക. തുറസ്സായ സ്ഥലങ്ങളിലും തറയിലും തുപ്പരുത്. 
 • ടിഷ്യു ആണ് ഉപയോഗിച്ചതെങ്കില്‍ അത് പരിസരങ്ങളില്‍ വലിച്ചെറിയാതെ ചവറ്റുകുട്ടയില്‍ തന്നെ നിക്ഷേപിക്കുക.
 • രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ മാസ്‌ക് ധരിക്കണം. 
 • പ്രമേഹം കര്‍ശനമായും നിയന്ത്രിക്കണം. 
 • കൃത്യമായി മരുന്ന് കഴിച്ചാല്‍ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത രണ്ടാഴ്ച കൊണ്ട് കുറയും.
 • ഏതെങ്കിലും ഡോസ് കഴിക്കാന്‍ മറന്നുപോവുകയാണെങ്കില്‍ ഓര്‍മ വരുന്ന സമയം എത്രയും പെട്ടെന്ന് കഴിക്കുക.
 • കഴിക്കാന്‍ മറന്നുപോയ ഡോസിന് പകരമായി ഇരട്ടി ഡോസ് കഴിക്കരുത്. അടുത്ത ഡോസ് മുറപ്രകാരം കഴിക്കുക. 
 • മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക.

വിവരങ്ങൾക്ക് കടപ്പാട്: 

ഡോ. സാബിർ എം.സി. 
സീനിയർ കൺസൾട്ടന്റ് 
പൾമണോളജി വിഭാ​ഗം
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്

Content Highlights: Covid19 and Diabetes increases the risk of Tuberculosis TB, Health