കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയിലെ സൂപ്രണ്ട് അനീഷിനോട് വിളിച്ചുപറഞ്ഞു -'ഒരു വിദ്യാര്‍ഥിയെ തൃശ്ശൂരിലെ ജനറല്‍ ആശുപത്രിയിലെത്തിക്കണം. കോവിഡാണെന്ന് സംശയമുണ്ട്'. ആശങ്കയില്ലാതെ അനീഷ് ദൗത്യം ഏറ്റെടുത്തു. രാജ്യം കോവിഡെന്ന മഹാമാരിയെക്കുറിച്ച് അറിഞ്ഞുതുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ.

ആദ്യത്തെ കോവിഡ്രോഗിയുമായി എറിയാട് മാടവന കാട്ടാകുളം തൈത്തറ ടി.എ. അനീഷ് യാത്രയാരംഭിച്ചു. മാസങ്ങള്‍പിന്നിട്ടിട്ടും ഈ ദൗത്യത്തില്‍നിന്ന് ഈ പോരാളി പിന്‍മാറിയിട്ടില്ല.

കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിന്റെ താത്കാലിക ഡ്രൈവറാണ് ഈ മുപ്പത്തിയൊമ്പതുകാരന്‍. പ്രായമായ അമ്മയും മൂന്നുവയസ്സുകാരി മകളും അടക്കമുള്ള കുടുംബത്തെ അടുത്തുകണ്ടിട്ട് 73 ദിവസമായി.

ജനുവരി 27-ന് ചൈനയിലെ വുഹാനില്‍നിന്നുമെത്തിയ മെഡിക്കല്‍വിദ്യാര്‍ഥിക്ക് കോവിഡ് സംശയത്തെത്തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നത്. പിന്നീട് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു. പിന്നീടിതുവരെ കോവിഡ് സാംപിള്‍പരിശോധനയ്ക്കായി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 387 പേരെയാണ് അനീഷ് ആശുപത്രിയിലെത്തിച്ചത്. സാംപിള്‍ ശേഖരിച്ചശേഷം ഇവരെ വീടുകളില്‍ തിരിച്ചെത്തിച്ചു. ഇവരില്‍ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിങ്കളാഴ്ചമുതല്‍ താലൂക്ക് ആശുപത്രി കോവിഡ് സെന്ററാക്കി മാറ്റിയതോടെ രണ്ട് 108 ആംബുലന്‍സുകള്‍കൂടിയെത്തി. എന്നാല്‍ അനീഷിന് തിരക്കൊഴിഞ്ഞിട്ടില്ല. നാലുകിലോമീറ്റര്‍ മാത്രം അകലെയാണ് വീട്. വല്ലപ്പോഴുമൊരിക്കല്‍ വീട്ടിലേക്കുപോകും. വീട്ടിലുള്ള അമ്മയെയും മൂന്നുവയസ്സുകാരി മകള്‍ ആദിലക്ഷ്മിയെയും ഭാര്യ ദിവ്യയെയും മറ്റു കുടുംബാംഗങ്ങളെയും റോഡരികില്‍നിന്ന് കണ്ടുമടങ്ങും.

പ്രളയസമയത്തും ദുരിതാശ്വാസക്യാമ്പുകളിലേക്ക് പ്രളയബാധിതരെ എത്തിക്കുന്നതിനും ഇവര്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിനും അനീഷ് മുന്നിലായിരുന്നു. ഇതേത്തുടര്‍ന്ന് ഒട്ടേറെ സംഘടനകള്‍ അനീഷിനെ ആദരിച്ചിരുന്നു.

Content Highlights: Covid19 ambulance driver Aneesh from Kodungallur taluk hospital working without rest, Health, CoronaVirus