Representative Image | Photo: Gettyimages.in
പലരിലും കോവിഡിന് ശേഷം ചർമപ്രശ്നങ്ങൾ തലപൊക്കുന്നതായി കാണുന്നുണ്ട്. കൊറോണ വൈറസ് ആദ്യം സമ്പർക്കത്തിൽ വരുന്നത് ചർമവുമായാണ്. പാടുകൾ, കുരുക്കൾ, അസ്വസ്ഥത, ഡെർമറ്റൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ തുടങ്ങി കൊറോണ ബാധയെത്തുടർന്ന് വരുന്ന ലക്ഷണങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടന്നുവരികയാണ്. സോപ്പുകളുടെയും സാനിറൈ്റസറിന്റെയും അമിതോപയോഗവും ചർമപ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. കോവിഡ് സുരക്ഷാ ഉപകരണങ്ങളും ചർമത്തിൽ അസ്വസ്ഥത സൃഷ്ടിച്ചേക്കാം.
റോസഷ്യ, എക്സിമ, ചിലതരം ഡെർമറൈ്ററ്റിസ് തുടങ്ങിയവ കോവിഡ് ബാധയ്ക്ക് ശേഷം തിരിച്ചുവന്നേക്കാം. മഹാമാരിക്കാലത്തെ തുടർച്ചയായ മാസ്കിന്റെ ഉപയോഗം മുഖക്കുരു, റോസഷ്യ തുടങ്ങിയവ ഉണ്ടാകാനോ രൂക്ഷമാകാനോ കാരണമാകാറുണ്ട്. അണുനാശകങ്ങൾ തുടർച്ചയായി ചർമത്തിൽ ഉപയോഗിക്കുന്നത് ഡെർമറൈ്ററ്റിസ് ഉണ്ടാക്കിയേക്കാം.
കൊറോണയ്ക്ക് ശേഷമുള്ള ചർമപ്രശ്നങ്ങളെ പലതായി തരംതിരിക്കാം. മീസിൽസ് പോലെ ചുവന്ന കുരുക്കളായി കാണപ്പെടുന്ന അവസ്ഥ, ഹൈവ്സ് പോലെ ചുവന്ന പാടുകളുണ്ടാകുന്ന അവസ്ഥ, ചെതുമ്പൽപോലെ കാണപ്പെടുന്ന ലിവിടോ റാഷുകൾ, കാൽനഖങ്ങളിൽ കുരുക്കൾപോലെ കാണപ്പെടുന്ന അവസ്ഥ തുടങ്ങിയവയെല്ലാം കോവിഡിനോടനുബന്ധിച്ച് കാണപ്പെടാറുണ്ട്.
ഒഴിവാക്കാനാകാത്തതാണെങ്കിലും നിരന്തരമായ അൽക്കഹോൾ സാനിറ്റൈസറുകളുടെയും സോപ്പിന്റെയും ഉപയോഗവും ചർമത്തെ വരണ്ടുണക്കുകയും ജലാംശം ഇല്ലാതാക്കുകയും ചെയ്യാറുണ്ട്. കോവിഡ് ബാധയ്ക്കൊപ്പം കാൽനഖങ്ങളിൽ ഉണ്ടാകുന്നതാണ് കോവിഡ് ടോസ് എന്ന അണുബാധ. കൊറോണ ബാധിതരുടെ കൈകാൽ നഖങ്ങൾ ചുവപ്പോ പർപ്പിളോ നിറത്തിൽ കാണപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. കൈകാലുകളിൽ മങ്ങിയതും മിനുസമുള്ളതുമായ പാടുകൾ, മൃതകോശങ്ങൾ എന്നിവ പ്രത്യക്ഷപ്പെടുന്നതും കൊറോണയുടെ സാന്നിധ്യത്താലാകാം.
Also Read
ചർമാരോഗ്യവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന ചില പ്രശ്നങ്ങൾക്കുള്ള പരിഹാരമിതാ...
മൃദുവായ മാസ്ക്
മാസ്ക് ഉപയോഗിക്കുന്നതിന്റെ ദൈർഘ്യം കൂടുന്തോറും ആ ഭാഗം വിയർക്കാൻ തുടങ്ങും. വിയർപ്പും ചൂടും ബാക്ടീരിയയെയും ഫംഗസിനെയും വളരാൻ അനുവദിക്കുന്നതുകൊണ്ട് മുഖക്കുരുവിന് കാരണമാകും. മുൻപേ മുഖക്കുരുവുള്ളവരിൽ അവ ഗുരുതരമാക്കുകയും ചെയ്യും. എൻ 95 പോലുള്ള കട്ടിയുള്ള മാസ്ക് ഉപയോഗിക്കുമ്പോൾ അതിന് അടിയിലായി നേർത്ത മൃദുവായ കോട്ടൺ മാസ്ക് ധരിക്കാം. മാസ്ക് മാറ്റിയാലുടൻ മുഖം കഴുകി, കോൾഡ് ക്രീമോ മറ്റോ ഉപയോഗിച്ച് ചർമത്തിലെ ചൂടകറ്റുന്നതും ഇൗ പ്രശ്നത്തെ ഒരുപരിധി വരെ തടയാൻ സഹായിക്കും.
സപ്ലിമെന്റുകൾ ആവശ്യത്തിന്
കോവിഡിന് ശേഷം എന്തെങ്കിലും ഗുരുതര പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രം സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതാകും അഭികാമ്യം. നല്ല ആഹാരവും ആരോഗ്യകരമായ ജീവിതശൈലിയും സമ്മർദമില്ലാത്ത അവസ്ഥയും മിതമായ വ്യായാമവും രക്തചംക്രമണം വർധിപ്പിക്കും. ഇത് ചർമ-കേശ ആരോഗ്യം വീണ്ടെടുക്കും. എന്നാൽ കടുത്ത മുടികൊഴിച്ചിലിന് ബയോപിനും അമിനോ ആസിഡും ചേർന്ന സപ്ലിമെന്റുകൾ ആവശ്യമായി വരും. ചർമത്തിനാണെങ്കിൽ ആന്റി ഓക്സിഡന്റുകൾ അനുയോജ്യമാണ്. പലർക്കും നിറംമങ്ങൽ, വരണ്ട ചർമം തുടങ്ങിയ കോവിഡാനന്തര ചർമ പ്രശ്നങ്ങൾ മാത്രമേ കാണപ്പെടാറുള്ളൂ. അതുകൊണ്ടുതന്നെ വിറ്റാമിൻ എ, സി, ഇ, ഒമേഗ 3 സപ്ലിമെന്റുകൾ മതിയാകും.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് മായ്ക്കാം
രോഗബാധയ്ക്ക് ശേഷം കൊഴുപ്പ് കുറയുന്നതുമൂലമാണ് ഇത്തരത്തിൽ കറുത്ത വലയങ്ങൾ ഉണ്ടാകുന്നത്. കണ്ണിന് ചുറ്റുമുള്ള ചർമഭാഗം നേർത്തതായതുകൊണ്ട് ഇവയ്ക്കടിയിലെ ഞരമ്പും മറ്റും തെളിഞ്ഞുകാണുകയും ഇരുണ്ട് കാണപ്പെടുകയും ചെയ്യുന്നു. ഉറക്കമില്ലായ്മയും ഉത്കണ്ഠയും സ്ക്രീനിൽ കൂടുതൽ സമയം നോക്കുന്നതുമൊക്കെ ഇതിന്റെ തോത് കൂട്ടുന്നു. കൃത്യമായ വിശ്രമവും ഉറക്കവും വ്യായാമവും ആവശ്യമാണ്. പുരട്ടാൻ സിറവും വിപണിയിൽ ലഭ്യമാണ്. വിറ്റാമിൻ സി, കെ എന്നിവ അടങ്ങിയ ആഹാരവും ഫലപ്രദമാണ്.
ചർമം പൊഴിയുമ്പോൾ
മൃതകോശങ്ങളുടെ തോത് കൂടുന്നതുകൊണ്ടുതന്നെ കോവിഡ് വരുമ്പോൾ മുഖത്തെയും കൈകാലുകളിലെയും ബാഹ്യചർമം ഉരിയുന്നത് സാധാരണമാണ്. ഈ സമയത്ത് മോയിസ്ചറൈസർ ഉപയോഗിക്കുന്നത് നന്ന്. അതേസമയം കാലുകളിലെയും പാദത്തിനടിയിലുമുള്ള മൃതകോശങ്ങൾ പോയി പൂർവസ്ഥിതിയിലെത്താൻ ആഴ്ചകൾ വേണ്ടിവരും.
സ്റ്റിറോയ്ഡ് ശ്രദ്ധിച്ച്
സ്റ്റിറോയിഡിന്റെ ഉപയോഗം ചർമത്തിലെ ജലാംശം വർധിപ്പിക്കുകയും പ്രതിരോധവ്യവസ്ഥയെ ദുർബലമാക്കുകയും ചെയ്യും. ഈ രണ്ട് കാരണങ്ങളും ബാക്ടീരിയയുടെയും ഫംഗസിന്റെയും വളർച്ചയ്ക്ക് കാരണമാകും. ഇത് മുഖത്തും മാറിലും കഴുത്തിലും പിൻഭാഗത്തുമൊക്കെ കുരുക്കൾ ഉണ്ടാകുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. മുഖക്കുരുവിന് കാരണമാകുന്ന അതേ ഫംഗസ് തന്നെയാണ് താരനും കാരണമാകുന്നത്. കുരുക്കളും ചൊറിച്ചിലും രൂക്ഷമാവുകയാണെങ്കിൽ ചർമരോഗവിദഗ്ധനെ കണ്ട് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാം.
മുടികൊഴിച്ചിൽ തടയാം
കോവിഡിന് ശേഷം മാത്രമല്ല, കടുത്ത വൈറൽ ബാധ, അമിത ഉത്കണ്ഠ, ശസ്ത്രക്രിയ തുടങ്ങിയവയ്ക്ക് ശേഷം ഉണ്ടാകുന്ന ഒരു സ്ഥിതിയാണിത്. 40 മുതൽ 70 ശതമാനം വരെയുള്ള ഹെയർ ഫോളിക്കിളുകൾ മൃതമാകുന്ന അവസ്ഥ. കഴുകുമ്പോഴോ, ചീകുമ്പോഴോ, മരുന്ന് പുരട്ടുമ്പോഴോ പോലും മുടി പൊഴിയുന്ന അവസ്ഥയുണ്ടാകുന്നു. കടുത്ത വൈറസ് ബാധയായതുകൊണ്ടുതന്നെ കോവിഡിന് ശേഷം ഇങ്ങനെയുണ്ടാകാറുണ്ട്. എന്നാൽ ഈ പ്രശ്നം കോവിഡിന്റെ രൂക്ഷതയനുസരിച്ച് 100 ദിവസത്തിലധികം നിൽക്കില്ലെന്ന് മാത്രമല്ല, മുടി വീണ്ടും വളരുകയും ചെയ്യും. എന്നിരുന്നാലും വിദഗ്ധോപദേശം തേടി പോഷക സപ്ലിമെന്റുകളും പ്രോട്ടീൻ ചേർന്ന ഹെയർസിറവും ഉപയോഗിക്കാവുന്നതാണ്.
കൈത്തണ്ടയിൽ വേദന
ചിക്കൻപോക്സ് വൈറസിന്റെ പ്രതിപ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഹെർപിസ് സോസ്റ്റർ എന്ന അവസ്ഥയാണിത്. കൈത്തണ്ടയിൽ വേദനയോടെ വെള്ളക്കുമിള പോലെ കാണപ്പെടുന്നു. വളരെ നേരത്തെ തിരിച്ചറിഞ്ഞ് ഡോക്ടറെ കാണുന്നതാണ് എറ്റവും നല്ലത്. 15 ദിവസത്തിനുള്ളിൽ ഭേദമാകുമെങ്കിലും കൃത്യസമയത്ത് വേണ്ട ചികിത്സ ചെയ്തില്ലെങ്കിൽ പ്രമേഹം, പ്രതിരോധശേഷി കുറവ് തുടങ്ങിയ പ്രശ്നങ്ങളുള്ളവരിൽ ഏറെക്കാലം വേദന നിലനിന്നേക്കാം.
Content Highlights: covid related health issues, post covid health conditions, post covid care
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..