കോവിഡ് മാറിയാലും പരിശോധനകള്‍ തുടരണോ? ഏതൊക്കെ ടെസ്റ്റുകള്‍ എപ്പോള്‍ ഒക്കെ ചെയ്യണം?


By ഡോ. ബി. പദ്മകുമാര്‍

4 min read
Read later
Print
Share

കോവിഡ് ഭേദമായാലും ചിലരില്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ന്നേക്കാം. ഇത് കൃത്യമായി കണ്ടെത്തുന്നതിന് വിവിധ പരിശോധനകള്‍ ആവശ്യമാണ്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമായിരിക്കണം തുടര്‍പരിശോധനകളും ചികിത്സയും നടത്തേണ്ടത്

Photo: PTI

ണ്ടുവര്‍ഷമാകുന്നതേയുള്ളൂ നമുക്ക് കോവിഡുമായുള്ള പരിചയം. സ്വാഭാവികമായും പരിശോധനകളും ചികിത്സയും സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങളും ഉണ്ടാകാനിടയുണ്ട്. കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകളും വിവിധ അംഗീകൃത ഹെല്‍ത്ത് ഏജന്‍സികളും കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ സജീവ രേഖകളായാണ് (ലിവിങ് ഡോക്യുമെന്റ്) പുറത്തിറക്കുന്നത്. അവ നിരന്തരം പുതുക്കലിന് വിധേയമാകുന്നുണ്ട്. കാലാനുസൃതമായി വരുത്തുന്ന മാറ്റങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നത് കോവിഡ് ചികിത്സ കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കും.

കോവിഡ് മാറിയവരില്‍ കണ്ടുവരുന്ന ലോങ് കോവിഡിന്റെ പ്രശ്നങ്ങളാണ് ശ്രദ്ധപതിയേണ്ട പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന്. കോവിഡിന്റെ തുടര്‍പ്രശ്നങ്ങളുള്ളവര്‍ക്ക് രോഗം മാറിയാലും തുടര്‍ന്ന് പരിശോധനകളും ചികിത്സയും വേണ്ടിവരും. വ്യക്തത ഇനിയും ഉണ്ടാകേണ്ട ഈ രംഗത്ത് സ്വയംപരിശോധനയും സ്വയംചികിത്സയും നടത്തുന്നവരേറെയാണ്. സ്വയം പരിശോധന നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ചില പോസ്റ്റ് കോവിഡ് പാക്കേജുകള്‍ക്കും പ്രചാരം ലഭിക്കുകയുണ്ടായി. അനാവശ്യപരിശോധനകള്‍ പാഴ്‌ചെലവ് എന്നതിനുപരിയായി യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടാനും ഇടയാക്കുന്നു.

പോസ്റ്റ് കോവിഡ് പള്‍മണറി ഫൈബ്രോസിസ് പോലെയുള്ള സങ്കീര്‍ണമായ കോവിഡ് തുടര്‍പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിശോധനയും ചികിത്സയും വേണ്ടിവരും. കോവിഡ് വന്ന് മാറിയവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമായിരിക്കണം തുടര്‍പരിശോധനകളും ചികിത്സയും നടത്തേണ്ടത്.

കോവിഡനന്തര പരിശോധനകള്‍ എന്തിന്?

വിട്ടുമാറാത്ത ക്ഷീണം മുതല്‍ ഹൃദയാഘാതവും പക്ഷാഘാതവുംവരെ കോവിഡിനെ തുടര്‍ന്നുണ്ടാകാം. ഇതുവരെ പ്രമേഹമില്ലാതിരുന്നവരില്‍ പ്രമേഹമുണ്ടാകാനും നേരത്തേതന്നെ പ്രമേഹമുള്ളവരില്‍ പ്രമേഹം വഷളാകാനും കോവിഡ് കാരണമായേക്കാം.

മിക്കവാറും എല്ലാ അവയവ വ്യവസ്ഥകളെയും ലോങ് കോവിഡിന്റെ പ്രശ്നങ്ങള്‍ ബാധിക്കുന്നുണ്ട്. നേരിട്ടുള്ള വൈറസ് ബാധയെ തുടര്‍ന്ന് അവയവങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, കൊറോണാ വൈറസ്ബാധയെ തുടര്‍ന്ന് ശരീരപ്രതികരണവ്യവസ്ഥയിലുണ്ടാകുന്ന അമിത പ്രതികരണങ്ങള്‍, രക്തം കട്ടപിടിക്കാനുള്ള സാധ്യത, സ്റ്റിറോയ്ഡ് ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ഉപയോഗത്തിന്റെ ഫലങ്ങള്‍, ദീര്‍ഘകാല ഐ.സി.യു.വാസത്തിന്റെയും വെന്റിലേറ്റര്‍ ഉപയോഗത്തിന്റെയും പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് വിവിധ തരത്തിലുള്ള കോവിഡനന്തര പ്രശ്നങ്ങള്‍ക്ക് കാരണമായി കണ്ടെത്തിയിട്ടുള്ളത്.

80 ശതമാനമാളുകളിലും കോവിഡ് ലഘുവായ വൈറല്‍പനിപോലെ വന്നുപോകുകയാണ് പതിവ്. ഇങ്ങനെയുള്ളവര്‍ക്ക് സാധാരണഗതിയില്‍ തുടര്‍പരിശോധനകളുടെ ആവശ്യമില്ല. എന്നാല്‍ പ്രായാധിക്യം, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗവും അനുബന്ധ പ്രശ്നങ്ങളും, ആസ്ത്മ, സി.ഒ.പി.ഡി., കാന്‍സര്‍, സ്റ്റിറോയ്ഡ് ഉപയോഗം തുടങ്ങിയ കാരണങ്ങള്‍ മൂലം പ്രതിരോധശേഷി കുറഞ്ഞവര്‍, അമിതവണ്ണമുള്ളവര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് മാറിയതിനുശേഷവും തുടര്‍പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയേറെയാണ്.

കോവിഡ്ബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവര്‍ക്കും വെന്റിലേറ്റര്‍ സഹായം വേണ്ടിവരുന്നവര്‍ക്കും ലോങ് കോവിഡ് പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നു.

മൂന്ന്‌ മാസംവരെ പരിശോധന വേണ്ടിവരാം

കോവിഡനന്തര പ്രശ്നങ്ങള്‍ സാധാരണയായി കണ്ടുവരുന്നത് രോഗം വന്ന് നാല് ആഴ്ചകള്‍ക്കുശേഷമാണ്. ഇവരില്‍ ഭൂരിപക്ഷത്തിനും കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരിക്കും. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കോവിഡിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ അപ്രത്യക്ഷമാകാറാണ് പതിവ്. എന്നാല്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള ഹൈ റിസ്‌ക് ഗ്രൂപ്പുകാരില്‍ മൂന്ന് മാസത്തിനുശേഷവും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നുവരാം. ചുരുങ്ങിയത് മൂന്നുമാസംവരെയെങ്കിലും കോവിഡ്ബാധിതര്‍ക്ക് തുടര്‍പരിശോധനകള്‍ ആവശ്യമാണ്.

ശ്വാസകോശ പ്രശ്നങ്ങളാണ് കോവിഡിനെ തുടര്‍ന്ന് കൂടുതലായി കണ്ടുവരുന്നത്. ഇവരുടെയെല്ലാം പൊതുലക്ഷണം വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലുമാണ്. പോസ്റ്റ് കോവിഡ് പള്‍മണറി ഫൈബ്രോസിസ് പോലെയുള്ള പ്രശ്നങ്ങള്‍ എക്‌സ്‌റേ പരിശോധനയില്‍ കണ്ടെത്തിയെന്നുവരികയില്ല. അതിന് സി.ടി. സ്‌കാന്‍ പരിശോധനതന്നെ വേണം. കൂടാതെ പള്‍മണറി ധമനികളില്‍ രക്കക്കട്ടകള്‍ രൂപപ്പെടുന്ന പ്രശ്നം (പള്‍മണറി എംബോളിസം) കണ്ടെത്തണമെങ്കില്‍ സി.ടി. പള്‍മണറി ആന്‍ജിയോഗ്രാം പോലെയുള്ള പരിശോധനകള്‍ വേണ്ടിവരും. ഇത്തരം അവസരങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വേണം ടെസ്റ്റുകള്‍ പ്ലാന്‍
ചെയ്യാന്‍.

കോവിഡ് ബാധയെ തുടര്‍ന്ന് രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന മാറ്റവും രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന കൊയാഗുലന്റ് പ്രോട്ടീനുകളുടെ പ്രവര്‍ത്തനവുമാണ് ഇതിന് കാരണം. രക്തം കട്ടപിടിക്കാന്‍ സാധ്യത കൂടുതലുള്ളവരെ ചില രക്തപരിശോധനകളിലൂടെ കണ്ടെത്താന്‍ സാധിക്കും. ഇങ്ങനെയുള്ളവര്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ രക്തം കട്ടപിടിക്കാതെ തടയുന്ന ആന്റി കൊയാഗുലന്റ് മരുന്നുകള്‍ നല്‍കേണ്ടിവന്നേക്കാം.

രക്തപരിശോധന ഏതൊക്കെ

കോവിഡ് മാറിയവര്‍ കൃത്യമായ ഇടവേളകളില്‍ ചില രക്തപരിശോധനകള്‍ നടത്തേണ്ടതുണ്ട്. അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത, രക്തം കട്ടപിടിക്കാനുള്ള സാധ്യത, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോളിന്റെ നില തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചിരിക്കേണ്ടത്.

ഡി. ഡൈമര്‍: രക്തക്കുഴലുകളില്‍ കട്ടപിടിച്ച രക്തം വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രോട്ടീന്‍ ഘടകമാണ് ഡി. ഡൈമര്‍. കോവിഡ്ബാധിതരുടെ രോഗപുരോഗതി പ്രവചിക്കുന്നതിലും ചികിത്സ നിശ്ചയിക്കുന്നതിലും ഡി. ഡൈമര്‍ അളവിന് വലിയ പങ്കുണ്ട്. കോവിഡ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ ഡി. ഡൈമര്‍ ടെസ്റ്റ് നടത്തണം. രോഗി ആശുപത്രിയില്‍ കിടക്കുമ്പോഴും ഡിസ്ചാര്‍ജ് ചെയ്യുമ്പോഴും ഡി. ഡൈമര്‍ നില ഉയര്‍ന്നുനില്‍ക്കുകയാണെങ്കില്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആന്റികൊയാഗുലന്റ് മരുന്നുകള്‍ നല്‍കേണ്ടതായി വരും. നേരത്തേ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ചവര്‍, കാന്‍സര്‍ ബാധിതര്‍, 60 വയസ്സ് കഴിഞ്ഞവര്‍, കോവിഡിനെ തുടര്‍ന്ന് തീവ്രപരിചരണം വേണ്ടിവന്നവര്‍, കാലിന് തളര്‍ച്ചയുള്ളവര്‍ തുടങ്ങിയവര്‍ക്ക് രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ കോവിഡ് മാറിയശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യ ഇടവേളകളില്‍ ഡി. ഡൈമര്‍ ടെസ്റ്റ് നടത്തേണ്ടിവരും.

ഫെറിറ്റിന്‍: കോശങ്ങള്‍ക്കകത്തുള്ള ഇരുമ്പടങ്ങിയ പ്രോട്ടീനാണ് ഫെറിറ്റിന്‍. ഡി. ഡൈമറിനെപ്പോലെ ഫെറിറ്റിന്റെ അളവ് കോവിഡ്ബാധിതരില്‍ രോഗതീവ്രത നിര്‍ണയിക്കുന്നതിനും ചികിത്സ പ്ലാന്‍ ചെയ്യുന്നതിനും ഉപയോഗിക്കുന്നുണ്ട്. കോവിഡ് മാറിയവരിലെ ഉയര്‍ന്ന ഫെറിറ്റിന്‍ നില കോവിഡിനെ തുടര്‍ന്നുണ്ടായ നീര്‍ക്കെട്ട് (ഇന്‍ഫ്‌ളമേഷന്‍) തുടരുന്നതിന്റെ സൂചനയാണ്. ഇങ്ങനെയുള്ളവര്‍ക്ക് സ്റ്റിറോയിഡുകള്‍പോലെയുള്ള ആന്റി ഇന്‍ഫല്‍മേറ്ററി മരുന്നുകള്‍ വേണ്ടിവരും.

സി.ആര്‍.പി.: രക്തത്തിലെ പ്ലാസ്മയിലടങ്ങിയിരിക്കുന്ന ഒരു പ്രോട്ടീനാണ് സി. റിയാക്ടീവ് പ്രോട്ടീന്‍. കോവിഡിനെ തുടര്‍ന്നുണ്ടായ ഇന്‍ഫല്‍മേഷന്റെ തീവ്രതയളക്കാന്‍ സി.ആര്‍.പി. ടെസ്റ്റ് ഉപയോഗിക്കുന്നു. കോവിഡ് വന്ന് മാറിയവരിലും ഉയര്‍ന്ന നിലയില്‍ തുടരുന്ന സി.ആര്‍.പി. അളവ് തുടര്‍ചികിത്സയുടെ ആവശ്യകതയെ കാണിക്കുന്നു.

കൊയാഗുലേഷന്‍ പ്രൊഫൈല്‍

കോവിഡ് മാറിയവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഡി. ഡൈമറിനുപുറമേ മറ്റുചില ടെസ്റ്റുകളും ബ്ലഡ് കോട്ടിങ്ങിനുള്ള സാധ്യത മനസ്സിലാക്കാനായി ഉപയോഗിക്കാറുണ്ട്. ബ്ലീഡിങ് ടൈം, ക്ലോട്ടിങ് ടൈം, പ്രോത്രോംബിന്‍ ടൈം, എ.പി.ടി.ടി. തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്ന മറ്റ് ടെസ്റ്റുകള്‍.

ബ്ലഡ് ഷുഗര്‍ ടെസ്റ്റ്

കോവിഡ്ബാധിതര്‍ക്ക് പ്രമേഹസാധ്യത കൂടുതലായി കണ്ടുവരുന്നു. വൈറസിന്റെ പാന്‍ക്രിയാസ് ഗ്രന്ഥിയിലുള്ള നേരിട്ടുള്ള പ്രവര്‍ത്തനം, സ്റ്റിറോയിഡ് ഉപയോഗം, കോവിഡിനെ തുടര്‍ന്നുള്ള മാനസിക പിരിമുറുക്കം തുടങ്ങിയവയൊക്കെ രക്തത്തിലെ ഷുഗര്‍ നില വര്‍ധിപ്പിക്കാം. നേരത്തേ പ്രമേഹമുള്ളവരും പ്രമേഹസാധ്യതയുള്ളവരും കോവിഡ് മാറിയതിനുശേഷവും കൃത്യമായ ഇടവേളകളില്‍ രക്തത്തിലെ ഷുഗര്‍നില പരിശോധിക്കണം.

മറ്റ് രക്തപരിശോധനകള്‍

കോവിഡനന്തര പ്രശ്നങ്ങള്‍ ശരീരത്തിലെ മിക്ക അവയവ വ്യവസ്ഥകളെയും ബാധിക്കാം. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനായി ലിവര്‍ ഫങ്ഷന്‍ ടെസ്റ്റുകള്‍, കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റുകള്‍ കൂടാതെ ലിപിഡ് പ്രൊഫൈല്‍, സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും നില തുടങ്ങിയവയും പരിശോധിക്കണം.

ഇ.സി.ജി, എക്കോടെസ്റ്റ് കോവിഡ് വന്ന് മാറിയവരില്‍ ഹൃദയതാളത്തിലുള്ള വ്യതിയാനം, അന്‍ജൈന, ഹൃദയാഘാതം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായെന്നുവരാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇ.സി.ജി, എക്കോ കാര്‍ഡിയോഗ്രാം തുടങ്ങിയ ടെസ്റ്റുകള്‍ ആവശ്യമായി വന്നേക്കാം.

കോവിഡാനന്തര പരിശോധനാ സമയക്രമം

കോവിഡ് മാറിയവര്‍ കൃത്യമായ ഇടവേളകളില്‍ ചില പരിശോധനകള്‍ നടത്തേണ്ടതുണ്ട്. കോവിഡിന്റെ തീവ്രത, രോഗിയുടെ പ്രായം, മറ്റ് അനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ പരിഗണിച്ച് ചികിത്സിക്കുന്ന ഡോക്ടറായിരിക്കണം തുടര്‍പരിശോധനകളും ചികിത്സയും തീരുമാനിക്കേണ്ടത്. സ്വയംപരിശോധനകളും ചികിത്സയും പൂര്‍ണമായും ഒഴിവാക്കണം.

ഡിസ്ചാര്‍ജ് ചെയ്ത് രണ്ടാഴ്ചയ്ക്കുശേഷം ആദ്യപരിശോധന (ഗൃഹപരിചരണത്തില്‍ കഴിഞ്ഞവര്‍ ക്വാറന്റൈന്‍ കഴിഞ്ഞതിനുശേഷം).
ഡോക്ടറുടെ വിശദമായ പരിശോധന, പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്റെ അളവ്, വിശദമായ രക്തപരിശോധന, ഇ.സി.ജി, നെഞ്ചിന്റെ എക്‌സ്‌റേ. ആവശ്യമെങ്കില്‍ സൈക്യാട്രി/സൈക്കോളജിസ്റ്റ് കണ്‍സള്‍ട്ടേഷന്‍.

ആദ്യപരിശോധനകള്‍ നോര്‍മലാണെങ്കില്‍ പിന്നീട് പ്രതിമാസ പരിശോധന മതിയാകും. എല്ലാമാസവും വൈദ്യപരിശോധന, രക്തപരിശോധന, ആവശ്യമെങ്കില്‍ ഇ.സി.ജി, എക്‌സ്‌റേ എന്നിവയാകാം.

ആദ്യപരിശോധനയില്‍ ലോങ് കോവിഡിന്റെ സൂചനകളോ രക്തപരിശോധനയില്‍ തകരാറുകളോ കണ്ടെത്തിയാല്‍ രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധന ആവര്‍ത്തിക്കണം. റിസള്‍ട്ടുകള്‍ നോര്‍മലാകുന്നതുവരെ സാധാരണഗതിയില്‍ പരിശോധനകള്‍ തുടരണം.

ശ്വാസകോശ പ്രശ്നങ്ങള്‍ ഉള്ളവരുടെ എക്‌സ്‌റേ പരിശോധനയില്‍ തകരാറുകള്‍ കണ്ടെത്തിയാല്‍ സ്റ്റിറോയ്ഡ് ഇന്‍ഹേലറുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സ വേണ്ടിവരും. നാല് ആഴ്ചകള്‍ക്കുശേഷം എക്‌സ്‌റേ വീണ്ടുമെടുക്കണം. മാറ്റമുണ്ടായിട്ടില്ലെങ്കില്‍ നെഞ്ചിന്റെ സി.ടി. സ്‌കാന്‍ പരിശോധന (എച്ച്.ആര്‍.സി.ടി) ആവശ്യമായിവരും.

(ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ആണ് ലേഖകന്‍)

Content Highlights: Covid19 survivors needs some medical tests after recovery

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
headache

3 min

അടിക്കടിയുള്ള തലവേദന, വ്യക്തിത്വ മാറ്റങ്ങള്‍, ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാം

Jun 8, 2023


headache

4 min

ചെറിയ തലവേദന വന്നാൽ ബ്രെയിൻ ട്യൂമറാണോ എന്ന് സംശയിക്കണോ?; എന്തെല്ലാം ശ്രദ്ധിക്കണം?

Jun 8, 2023


shawarma

3 min

നാടൻ ഭക്ഷണരീതി മാറ്റി പുറമേയുള്ളവ അന്ധമായി സ്വീകരിക്കുന്ന മലയാളി; ഭക്ഷ്യവിഷബാധ, അറിയേണ്ടവ

Jun 7, 2023

Most Commented