രാജ്യത്തെ രോഗവ്യാപനത്തിന്റെ തീവ്രത വര്‍ധിക്കുന്നതോടൊപ്പംതന്നെ ആശുപത്രിയില്‍ കിടത്തിച്ചികിത്സവേണ്ട രോഗികളുടെ എണ്ണം കൂടുകയും ഇതിനുവേണ്ട സൗകര്യങ്ങളില്ലാതെ വരുകയും ചെയ്തിട്ടുണ്ട്. ഇത് പൊതുസമൂഹത്തില്‍ വലിയ ആശങ്കയും അരക്ഷിതബോധവും സൃഷ്ടിക്കാനിടയാക്കിയിട്ടുണ്ട്.

കേന്ദ്രതലത്തില്‍ മന്ത്രിതല ഉദ്യോഗസ്ഥതല-വിദഗ്ധതല സമിതികളുടെ ഏകോപനം ഉടന്‍ ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, കേന്ദ്ര ആരോഗ്യമന്ത്രാലയം എന്നിവ രണ്ടിലും വിവരക്കൈമാറ്റങ്ങളും ചര്‍ച്ചകളും സജീവമാക്കുകയും ഏകോപിപ്പിച്ച പ്രവര്‍ത്തനം കാഴ്ചവെക്കുകയും വേണം. രാജ്യത്തെ നിലവിലുള്ള സ്ഥിതി നിത്യേന വിശകലനം ചെയ്യുകയും വിവിധ സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണത്തിലെ വര്‍ധന, ആശുപത്രിയിലുള്ളവരുടെയും വെന്റിലേറ്ററിലുള്ളവരുടെയും കണക്കുകള്‍, മരണനിരക്ക് എന്നിവ സസൂക്ഷ്മം വീക്ഷിക്കുകയും ആരോഗ്യപ്രവര്‍ത്തകരുടെ കുറവുള്ള സംസ്ഥാനങ്ങളിലേക്ക് അവരെ വിന്യസിക്കുന്നതിനുള്ള ഒരു കേന്ദ്രപൂള്‍ ഉണ്ടാക്കുകയും വേണം.

നഗരകേന്ദ്രിതമായി ഇന്ത്യയില്‍ പ്രഭവംകൊണ്ട കോവിഡ്-19 ഇപ്പോള്‍ വിവിധ ഗ്രാമീണമേഖലകളെക്കൂടി ഗ്രസിക്കാന്‍ തുടങ്ങിയിരിക്കുന്നു. താരതമ്യേന ആരോഗ്യചികിത്സാസംവിധാനങ്ങള്‍ ദുര്‍ലഭമായ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇതു വലിയ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. തൊഴില്‍മേഖലയിലുള്ള അന്തസ്സംസ്ഥാന യാത്രകള്‍ താത്കാലികമായെങ്കിലും ഒഴിവാക്കപ്പെടേണ്ടതാണ്. പാവപ്പെട്ടവര്‍ക്കും കൂലി തൊഴിലാളികള്‍ക്കും അവരുടെ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരു നിശ്ചിത തുക (7500-10,000 രൂപവരെ) സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന പദ്ധതി നടപ്പാക്കേണ്ടതാണ്. അതുപോലെ ദരിദ്രവിഭാഗത്തില്‍പ്പെട്ടവര്‍ക്കുവേണ്ട ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ എടുത്തുതുടങ്ങണം.

സംസ്ഥാനങ്ങളെ രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. രോഗവ്യാപനം തീരെയില്ലാത്തതോ കുറവുള്ളതോ ആയവ, മിതമായ തോതില്‍ രോഗവ്യാപനമുള്ളവ, തീവ്രരോഗവ്യാപനമുള്ളവ എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. ഓരോ സംസ്ഥാനത്തിനുംവേണ്ട ടെസ്റ്റ് കിറ്റുകള്‍, വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ (പി.പി.ഇ. കിറ്റ്), മുഖാവരണങ്ങള്‍, ആംബുലന്‍സുകള്‍, ആശുപത്രിക്കിടക്കകള്‍ എന്നിവയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയ മനുഷ്യ വിഭവശേഷിയും കണക്കാക്കി അവ നല്‍കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണം. എം.ബി.ബി.എസ്. ബിരുദധാരികളായ എല്ലാ ഡോക്ടര്‍മാര്‍ക്കും കോവിഡ്-19ന്റെ രോഗലക്ഷണങ്ങള്‍, രോഗനിര്‍ണയം, ചികിത്സ എന്നിവയെപ്പറ്റി പ്രാഥമികമായ പരിശീലനത്തിനു പുറമേ ഏറ്റവും പുതിയ കണ്ടെത്തലുകളെപ്പറ്റിയും അറിവുപകര്‍ന്നുനല്‍കുകയും വേണം.

വ്യാപകമായ തോതില്‍ കോവിഡ്-19 രോഗനിര്‍ണയ ടെസ്റ്റുകള്‍ നടത്തുക. രോഗബാധയുള്ളവരെ ചികിത്സിക്കുന്നതിനു വേണ്ടിയുള്ള ആശുപത്രിക്കിടക്കകള്‍, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ താമസംകൂടാതെ ഒരുക്കിവെക്കുക. രോഗികളെ ആശുപത്രിയില്‍ കൊണ്ടുവരുന്നതിനുവേണ്ട ആംബുലന്‍സ് നെറ്റ് വര്‍ക്ക് തയ്യാറാക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ക്കാവശ്യമായ ഗുണനിലവാരമുള്ള പി.പി.ഇ. കിറ്റുകള്‍, എന്‍-95 മാസ്‌കുകള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, മറ്റു പരിശോധനാ ഉപകരണങ്ങള്‍ എന്നിവ സംഘടിപ്പിക്കുക. ഇവര്‍ക്കുവേണ്ട താമസമൊരുക്കുക. പഞ്ചായത്തുതലത്തില്‍ ആരോഗ്യവകുപ്പ്, പോലീസ്, റവന്യൂ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഏകോപനസമിതി ഉണ്ടാക്കി നിരീക്ഷണം ശക്തമാക്കുക. ആവശ്യമായ സ്ഥലങ്ങളില്‍ മൊബൈല്‍ ലാബുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍ എന്നിവ ഒരുക്കിനിര്‍ത്തുക. സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കുവേണ്ട സാമ്പത്തിക പാക്കേജുകള്‍ ചര്‍ച്ചകളിലൂടെ പ്രഖ്യാപിക്കുകയും അവ സര്‍ക്കാര്‍ നല്‍കുന്നതിനും ആവശ്യമായ ഫണ്ടുകള്‍ വകയിരുത്തുകയും ചെയ്യുക. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരുടെ ചികിത്സ സൗജന്യമാക്കാനുള്ള നടപടികളെടുക്കുക. 'കോവിഡ് പ്രതിരോധ സെല്‍' ആരോഗ്യവിദഗ്ധര്‍, പ്രൊഫഷണല്‍ സംഘടനാപ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍ എന്നിവരെയുള്‍പ്പെടുത്തി രൂപവത്കരിക്കുക. അവരുടെ മാര്‍ഗനിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ തേടുകയും ചെയ്യുക.

ഉദ്യോഗസ്ഥ-മന്ത്രിതല സമിതികള്‍ മേഖലാടിസ്ഥാനത്തില്‍ രൂപവത്കരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും നടത്തിപ്പും ശക്തമാക്കുക. ഇത്തരം ഒരു റാപ്പിഡ് ആക്ഷന്‍ പ്ലാനിലൂടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അടുത്ത തലത്തിലേക്ക് കൊണ്ടുപോകേണ്ട സമയമായിരിക്കുന്നു. ഇക്കാര്യങ്ങളില്‍ ഇനി ഒരമാന്തത്തിനും സമയമില്ല.

Content Highlights: Covid 19, Corona Virus outbreak, what is the next step Rapid Action, Health