ഇന്ന് ഓഗസ്റ്റ് ഒന്ന്, ദേശീയ ദന്തശുചിത്വദിനം. ഈ കോവിഡ് കാലത്ത് വായുടെ ശുചിത്വം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. വായിലെ അണുബാധ ശരീരത്തിലെ എല്ലാ വ്യൂഹങ്ങളെയും ബാധിക്കാറുണ്ട്. മാസ്‌ക് ദീര്‍ഘനേരം ഉപയോഗിക്കുമ്പോള്‍ വായില്‍ ഉണ്ടാവുന്ന അസ്വസ്ഥതതകള്‍ക്ക്  ഒരു പരിധിവരെ വായിലെ ശുചിത്വക്കുറവും കാരണമാവുന്നു. ഈ അവസ്ഥയെ 'മാസ്‌ക് മൗത്ത് ' എന്ന് പറയപ്പെടുന്നു.

*മാസ്‌ക് മൗത്തിലെ  പ്രശ്‌നങ്ങള്‍*                      
1. ദന്തക്ഷയം : വായ വരണ്ടുണങ്ങുന്നവരില്‍ ഉമിനീരിന്റെ പ്രവാഹം മന്ദഗതിയിലാവുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന വൃത്തിയാക്കല്‍ പ്രക്രിയയ്ക്ക് തടസമുണ്ടാവുന്നു.ഇത് കൂടുതല്‍ ദന്തക്ഷയത്തിന് ഇടയാക്കും.
2. നാവിലെ പൂപ്പല്‍ ബാധ : വായിലൂടെ ശ്വാസമെടുക്കുന്നതും നിര്‍ജലീകരണവും വഴി നാക്കില്‍ പൂപ്പല്‍ ബാധ കൂടുന്നു.ഇത് വായനാറ്റത്തിലേയ്ക്കും നയിക്കുന്നു.   
3. മോണവീക്കം : വായയിലൂടെ ശ്വസിക്കുന്നവരില്‍ മോണയില്‍ സ്ഥായിയായി നീര്‍വീക്കവും മോണ ഉരുണ്ടു വീങ്ങിയതു പോലെയും കാണപ്പെടുമെന്ന് പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ഇവിടെയും ഈയൊരു പ്രക്രിയ കാരണം മോണവീക്കമുണ്ടാവുകയും തത്ഫലമായി മോണയില്‍ തടിപ്പ്,വര്‍ദ്ധിച്ച ചുവപ്പ് നിറം, മോണയില്‍ നിന്നും രക്തം പൊടിയുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവാറുണ്ട്.
4. വായ്‌നാറ്റം: മാസ്‌ക് ദീര്‍ഘനേരം ധരിക്കുമ്പോള്‍ നാം അറിയാതെ ചില നേരം വായിലൂടെ ശ്വാസമെടുക്കുന്നു. ഇത് വായ വരണ്ടുണങ്ങാന്‍ കാരണമാവുന്നു. ഇതോടൊപ്പം നന്നായി വെള്ളം കുടിക്കാതെ വരുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കുകയും നാവില്‍ നേര്‍ത്ത പാട പോലെ പൂപ്പല്‍ ഉണ്ടാവുകയും ചെയ്യും. ഇത് വായില്‍ ദുര്‍ഗന്ധം വമിപ്പിക്കുന്ന അസ്ഥിര ജൈവ സംയുക്തങ്ങള്‍ ഉണ്ടാവാനും കാരണമാവുന്നു. 

*പരിഹാരങ്ങള്‍*

1. ദന്തശുചിത്വം ഉറപ്പുവരുത്തുക. വായിലെ ശുചിത്വക്കുറവ് കാലമുണ്ടാകുന്ന മോണരോഗങ്ങള്‍ പലപ്പോഴും ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തെ തന്നെ സാരമായി ബാധിക്കാറുണ്ട്.
2. ശരിയായ ബ്രഷിംഗ് രീതി അവലംബിക്കുക, ദിവസേന മൂന്നു മിനിറ്റ് വീതം രണ്ടുനേരം ബ്രഷ് ചെയ്യുക. നാവിന്റെ പുറകുവശം വരെ നന്നായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഇത് നാവിലെ വൈറ്റ് ഫംഗസ് അഥവാ കാന്‍ഡിഡിയാസിസ് വരാതെ ഒരു പരിധി വരെ സംരക്ഷിക്കും 
3.പല്ലിന്റെ ഇടയിലെ അഴുക്ക് ഡെന്റല്‍ ഫ്ളോസോ ഇന്റര്‍ ഡെന്റല്‍ ബ്രഷോ ഉപയോഗിച്ച് നീക്കം ചെയ്യുക
4.ബ്രഷിന്റെ പ്രതലമോ ടംങ് ക്ലീനറോ ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നത് ശീലമാക്കുക. സ്റ്റീല്‍ ടംങ് ക്ലീനര്‍ ഒഴിവാക്കുന്നതാണ് നല്ലത് 
5. മധുരത്തിന്റെയും ആല്‍ക്കഹോളിന്റെയും അംശം അടങ്ങാത്ത മൗത്ത് വാഷുകളാണ് അഭികാമ്യം. മധുരമുള്ളവ ദന്തക്ഷയത്തിനും വായിലെ വരള്‍ച്ചയ്ക്കും കാരണമാവും
6. ദിവസവും കുറഞ്ഞത് 8 മുതല്‍ 10 ഗ്ലാസ് വെളളം കുടിക്കുക
7.വീട്ടില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയോ അല്ലെങ്കില്‍ സമ്പര്‍ക്ക നിയന്ത്രണത്തില്‍ (quarantine) ആവുകയോ ചെയ്താല്‍ അവര്‍ക്കായി പ്രത്യേകം വായ്ശുചീകരണ കിറ്റ് തയ്യാറാക്കണം.ഈ കിറ്റില്‍ ഒരു സോഫ്റ്റ് ടൂത്ത്ബ്രഷ്, ക്രീം രൂപത്തിലുള്ള ടൂത്ത്‌പേസ്റ്റ്, പല്ലിടശുചീകരണ ഉപാധികളായ ദന്തല്‍ ഫ്‌ളോസ്, പല്ലിട ശുചീകരണ ബ്രഷ്, വായ് ശുചീകരണ ലായനി (മൗത്ത് വാഷ്) എന്നിവ ഉള്‍പ്പെടുത്തണം. വയ്പു പല്ലുകള്‍ ഉപയോഗിക്കുന്നവര്‍ അത് ശുചീകരിക്കാനുള്ള പ്രത്യേകം ഗുളികകള്‍ കൂടി ഈ കിറ്റില്‍ കരുതണം. കോവിഡ് രോഗം മാറിയതിന് ശേഷം ഈ കിറ്റ് യഥാവിധി ഉപേക്ഷിക്കണം. രോഗബാധിത സമയത്ത് ഉപയോഗിച്ച ടൂത്ത് ബ്രഷില്‍ വൈറസുകളുടെ സാന്നിദ്ധ്യം ഉള്ളതിനാല്‍  യാതൊരു കാരണവശാലും തുടര്‍ന്ന് ഉപയോഗിക്കാന്‍ പാടുള്ളതല്ല.
8. ബ്രഷുകള്‍ ദിവസവും ഇരുപത് മിനിറ്റ്  അഞ്ച് മില്ലി മൗത്ത് വാഷ് ഒഴിച്ച ഒരു ഗ്ലാസില്‍ മുക്കി വച്ചതിന് ശേഷം കഴുകി ഉണക്കി സൂക്ഷിക്കുക.

ഓര്‍ക്കുക, മാസ്‌ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതു മാറ്റി നിര്‍ത്താനാകില്ല. പക്ഷെ ദന്ത ശുചിത്വം പാലിക്കുന്നതു വഴി  മാസ്‌ക് മൗത്തിലെ  പ്രശ്നങ്ങളും അകറ്റാന്‍ സാധിക്കും. പല്ല് നന്നായാല്‍ ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിലും അതിന്റെ പ്രതിഫലനമുണ്ടാവും.

(കൗണ്‍സില്‍ ഓണ്‍ ഡെന്റല്‍ ഹെല്‍ത്ത്, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ എന്നിവയുടെ കൺവീനറാണ് ലേഖകൻ)

Content Highlights: Covid 19 Care Against Mask Mouth Dental Health