ബ്ലാക്ക് ഫംഗസ്, ആധുനിക വൈദ്യശാസ്ത്രത്തിന്റെ  നിഘണ്ടുവില്‍ ഇങ്ങനെ ഒരു പേര് ഇല്ലായിരുന്നു. പകരം ഞങ്ങള്‍ അതിനെ വിളിച്ചിരുന്നത് മ്യൂക്കോര്‍മൈക്കോസിസ്('Mucormycosis' ) എന്നായിരുന്നു.   

മ്യൂക്കോര്‍മൈക്കോസിസ് മലയാളികള്‍ക്ക് അത്ര പരിചയമുള്ള ഒരു അസുഖമല്ല. പൂപ്പല്‍ രോഗം സാധാരണ ഗതിയില്‍ മനുഷ്യരെ ബാധിക്കുന്നത് നമ്മുടെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ്. മറ്റു പൂപ്പല്‍ രോഗങ്ങള്‍ പോലെ മ്യൂക്കോര്‍മൈക്കോസിസിന്റെ കണങ്ങള്‍ (Sporse), നമ്മുടെ അന്തരീക്ഷത്തില്‍, പ്രത്യേകിച്ച് മണ്ണില്‍ ധാരാളം ഉണ്ട്. അത് പൂപ്പലുകളുടെ ജീവിത ചക്രത്തിലെ ഒരു രൂപമാണ്. അതിനു മോശം കാലാവസ്ഥകളെയും ചൂടും തണുപ്പും ഒക്കെ അതിജീവിച്ചു കൊണ്ട്, ഭക്ഷണമോ വായുവോ വെള്ളമോ ആവശ്യമില്ലാതെ അന്തരീക്ഷത്തില്‍ നില നില്ക്കാന്‍ സാധിക്കുന്നു. 

സാധാരണയായി നമ്മുടെ ശ്വാസത്തിലൂടെയാണ്  ഇത്തരം സ്‌പോറുകള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നത്. ശ്വാസം കടന്നു പോകുന്ന വഴികളിലെ പ്രതിബന്ധങ്ങളില്‍ തട്ടി തടഞ്ഞു വരുന്ന  ഇത്തരം സ്‌പോറുകളെ അരോഗദൃഢഗാത്രനായ ഒരു മനുഷ്യന്‍ നിഷ്‌കരുണം പുറംതള്ളുന്നു. അപൂര്‍വ്വമായി ചിലരുടെ മൂക്കിലോ ശ്വാസക്കുഴലിലോ ഉള്ള ചെറിയ മുറിവുകളിലൂടെ ഇവന്‍ ശരീരത്തില്‍ പ്രവേശിക്കാം. എങ്കിലും ശരീരത്തിന്റെ പ്രതിരോധശേഷി ഇവയെ നശിപ്പിക്കും. എന്നാല്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഇവ ഇത്തരം കണങ്ങള്‍ വളരുകയും ഹെഫകളായി (Hyphae) രൂപാന്തരം പ്രാപിക്കുകയും ചെയ്യും.

അങ്ങനെ രോഗപ്രതിരോധശേഷി കുറക്കുന്ന അവസ്ഥകളില്‍ ഏറ്റവും പ്രധാനം ഡയബെറ്റിസ് അഥവാ പ്രമേഹം തന്നെയാണ് മുന്‍പില്‍. അത് ചെറിയപ്രമേഹം  ഉള്ളവരില്‍ അല്ല അനിയന്ത്രിതമായ പ്രമേഹമുള്ള രോഗികളിലാണ് ഈ പൂപ്പലുകള്‍ മാരകമാകുന്നത്. 

മറ്റു രോഗപ്രതിരോധശേഷി കുറയുന്ന അവസ്ഥകളിലും മ്യൂക്കോര്‍മൈക്കോസിസ്  കാണാം. ഉദാഹരണമായി രക്താര്‍ബുദം ബാധിച്ചവര്‍, കാന്‍സര്‍ ചികിത്സയായി കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സ എടുക്കുന്നവര്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റഷന്‍ നടത്തപ്പെട്ടവര്‍, അവയവമാറ്റ ശസ്ത്രക്രിയ നടന്നവരില്‍, എച്ച്.ഐ.വി രോഗബാധിതരില്‍ എന്നിവരാണ് ഈ രോഗം ബാധിക്കാന്‍ സാധ്യതയുള്ളവര്‍.

എന്തുകൊണ്ട് കോവിഡ് രോഗികളില്‍

എങ്കിലും മുകളില്‍ പറഞ്ഞ രോഗികളില്‍ കേരളത്തില്‍ പലര്‍ക്കും കാണാത്ത മ്യൂക്കോര്‍മൈക്കോസിസ് എങ്ങനെ കോവിഡ്  രോഗികളില്‍ വരുന്നു. രോഗപ്രതിരോധ ശേഷിയുടെ കുറവാകാം അതുമല്ലെങ്കില്‍ കോവിഡിനാല്‍ രക്തക്കുഴലുകള്‍ നശിപ്പിക്കപ്പെട്ടത് കൊണ്ടാവാം (microangiopathy, thromboembolism). ഒരു കോവിഡ് രോഗിക്ക് സ്റ്റിറോയ്ഡ് കൊടുക്കേണ്ട അവസ്ഥ വരാറുണ്ട്. സ്റ്റിറോയിഡ് ചികിത്സയാണ് ഈ ഫംഗ്‌സ് ബാധക്ക് കാരണമെന്ന രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സ്റ്റിറോയിഡ് ചികിത്സ നല്‍കേണ്ടി വരുന്നത് കോഴിഡ് അയാളെ കൂടുതല്‍ ബാധിക്കുമ്പോള്‍ ആണല്ലോ. അങ്ങനെയുള്ള കോവിഡ് ബാധ കാരണം ശരീരത്തിലെ രക്തക്കുഴലുകളിലും ടിഷ്യു(ദശ)കളിലും വരുന്ന മാറ്റങ്ങള്‍ ആവാം ഇപ്പോഴുള്ള മ്യൂക്കോര്‍മൈക്കോസിസ കാരണം.

മൂക്കിലും സൈനസുകളിലും കണ്ണുകളിലും ആണ് സാധാരണയായി ഈ അസുഖം ബാധിക്കാറുള്ളത്. (RHINO -SINO -ORBITAL) അവിടെ വളര്‍ന്നു, രക്തക്കുഴലുകളെ നശിപ്പിച്ചു, ശരീരഭാഗങ്ങളെ നശിപ്പിച്ചു (Tissue necrosis), ഞരമ്പുകളിലൂടെയും രക്തക്കുഴലുകളിലൂടെയും എല്ലുകളെ നശിപ്പിച്ചും ഒക്കെ അവന്‍ തലച്ചോറിലേല്‍ക്കു പ്രവേശിക്കും. ഇങ്ങനെ ഉള്ളവരിലാണ് അസുഖം കൂടുതല്‍ തീവ്രമാവുന്നതും ചികില്‍സിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതും. ചില അവസരങ്ങളില്‍ മൂക്കും തൊണ്ടയും എല്ലാം താണ്ടി അവന്‍ ശ്വാസകോശത്തില്‍ പ്രവേശിക്കാം. പക്ഷെ അത്ര സാധാരണമല്ല. 

ഈ സ്‌പോറുകള്‍ അന്തരീക്ഷത്തില്‍ ഉള്ളത് കൊണ്ട് അവ ഉള്ളില്‍ പോകുന്നത് തടയുക എന്നത് തന്നെയാണ് പോംവഴി. മാസ്‌കുകള്‍ ധരിക്കുന്നതാണ് ഇത് തടയാനും ഏകവഴി. പക്ഷേ, ഒരേ മാസ്‌ക് തന്നെ, കഴുകാതെ, മാറ്റിവെക്കാതെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഈ അസുഖത്തിന് കാരണം ആവാം. മാസ്‌ക് വൃത്തിയായി കഴുകിയിട്ടോ പുതിയതോ വേണം ഓരോ തവണയും ഉപയോഗിക്കാന്‍. ഒന്നാമത്തെ ദിവസം ഉപയോഗിച്ച മാസ്‌ക്, കഴുകിയിട്ടോ അല്ലാതെയോ എടുത്തു വെക്കുക. അഞ്ചാമത്തെ ദിവസം വീണ്ടും ഉപയോഗിക്കുക. ഇങ്ങനെ മാസ്‌കുകള്‍ മാറ്റി വെക്കുമ്പോള്‍ ഈര്‍പ്പം ഇല്ലാത്ത, ചൂടും വെളിച്ചവും ലഭിക്കുന്ന രീതിയില്‍ വേണം സൂക്ഷിക്കാന്‍. 

പ്രമേഹമുള്ളവര്‍, രോഗ പ്രതിരോധശേഷി പല കാരണങ്ങളാല്‍ കുറഞ്ഞിരിക്കുന്നവര്‍ കൂടുതല്‍ കരുതലുകള്‍ എടുക്കുന്നത് നല്ലതായിരിക്കും.

ലക്ഷണങ്ങള്‍: 

മുഖത്തെ നീര്, കണ്ണിനു ചുറ്റുമുള്ള നീര്, ഞരമ്പുകളുടെ തളര്‍ച്ച (cranial nerve palsy), രണ്ടായി കാണുക (diplopia) , തലവേദന, മൂക്കില്‍ നിന്നും നീരൊലിപ്പ്, മൂക്കടപ്പ്,  മൂക്കിലോ മൂക്കിനും കണ്ണിനും ഇടയിലോ ശരീരഭാഗങ്ങള്‍ കറുത്ത നിറമാവുക.  ഇത്തരം ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. 

എല്ലാ തലവേദനയും മ്യൂക്കോര്‍മൈക്കോസിസ് ആണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. പ്രത്യേകിച്ച് കോവിഡിന് ശേഷം ചെറിയ തോതിലുള്ള തലവേദന, മൂക്കടപ്പ് ഒക്കെ സാധാരണമാണ്. അതെല്ലാം കറുത്ത പൂപ്പല്‍ അല്ല.

ഇത് വളരെ അപൂര്‍വ്വം ആയി മാത്രം കാണുന്ന ഒരു അസുഖം ആണ്. അതുകൊണ്ടു തന്നെ പേടിക്കേണ്ട ആവശ്യം ഇല്ല. പക്ഷെ, ജാഗ്രത  വേണം. അത് കോവിഡ് ആയാലും mucormycosis ആയാലും ചികിത്സ കൂടിയേ തീരൂ. കാരണം ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍  അത്രയും നല്ലത്.

വാട്സാപ്പ് വൈദ്യന്‍മാരെ സൂക്ഷിക്കാം

1. ആവി പിടിച്ചത് കൊണ്ട് മാത്രം ഈ അസുഖത്തിനെ തടയാന്‍ കഴിയണം എന്നില്ല. കണ്ണില്‍ കണ്ട സാധനങ്ങള്‍ ഒക്കെ ഇട്ട് ആവി പിടിക്കുക എന്നത് ഇപ്പൊ ഒരു പതിവായിട്ടുണ്ട്. അതിനെ വളര്‍ത്താന്‍ വാട്‌സ്ആപ്പ് വൈദ്യന്മാരും ധാരാളം. എന്നാല്‍ ഇത് ഒഴിവാക്കണം. അനാവശ്യമായി ആവി പിടിക്കാതിരിക്കുക. ആവി പിടിക്കുമ്പോള്‍ കേട്ടതും കേള്‍ക്കാത്തതും ആയ സാധനങ്ങള്‍ അതില്‍ ഇടാതിരിക്കുക. വെറും ഉപ്പും വെള്ളവും മാത്രം മതി. ആവി അങ്ങനെ ഒരു ലഹരി പോലെ വലിച്ചു കേറ്റാതെ, സാധാരണമായി ശ്വാസം വിടുക. (just  breath in and out)

2. ഇതൊരു പകരുന്ന രോഗമല്ല. ഒരാളില്‍ നിന്നും ഒരു രോഗിയില്‍ നിന്നും മറ്റൊരാളിലേക്ക് പകരില്ല.

3. ഈ അസുഖം കോവിഡ് വന്ന എല്ലാവര്‍ക്കും വരില്ല. എന്നാല്‍ പല കാരണങ്ങളാല്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നവര്‍ സൂക്ഷിക്കണം.

4. ഈ അസുഖത്തിന് കൃത്യമായ ചികിത്സയുണ്ട്, മരുന്നുണ്ട്.

5.  ഇതൊരു പുതിയ അസുഖമല്ല. കാലങ്ങളായി ഇവിടെ ഉള്ള അസുഖമാണ്. എന്നാല്‍ കോവിഡ് കാലത്ത് ഈ അസുഖം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്.

6. ഈ അസുഖത്തിന് കോവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ല. വാക്സിന്‍ എടുത്തവര്‍ക്ക് ഇത്തരം അസുഖങ്ങള്‍ വരാതിരിക്കാന്‍ ആണ് സാധ്യത കൂടുതല്‍ ഉള്ളത്. 

7. കോവിഡിന് ശേഷമുള്ള എല്ലാ തലവേദനകളും മ്യൂക്കോര്‍മൈക്കോസിസ് അല്ല.

8. വെള്ളത്തിലും ബ്രെഡ്ഡിലും ഒക്കെ കാണുന്ന കറുത്ത പൂപ്പല്‍ മ്യൂക്കോര്‍മൈക്കോസിസ് ആവണം എന്നില്ല. അങ്ങനെ കാണുന്ന സാധനങ്ങള്‍ വഴി അല്ല ഈ രോഗം നമ്മുടെ ഉള്ളില്‍ എത്തുന്നത്. നമുക്ക് കണ്ണുകൊണ്ടു കാണാന്‍ സാധിക്കാത്ത, കാറ്റിലും മണ്ണിലും ഒക്കെ ഉള്ള spores ആയാണ് ഈ അസുഖം ഉള്ളില്‍ പ്രവേശിക്കുന്നത്.

9. ഇനി അഥവാ ഉള്ളില്‍ എത്തിയാല്‍ തന്നെ നമ്മുടെ രോഗപ്രതിരോധ കോശങ്ങള്‍ ഇത്തരം സ്‌പോറുകളെ നശിപ്പിച്ചു കളയും.

10.  ഇത് കോവിഡ്  ബാധിച്ചവര്‍ക്ക് മാത്രം വരുന്ന അസുഖമല്ല. കൂടുതല്‍ റിസ്‌ക്കുള്ളത് കുറേക്കാലമായി പ്രമേഹം അനിയന്ത്രിതമായി ഇരിക്കുന്നവര്‍ക്കാണ് (uncontrolled diabetes). അതുകൊണ്ട്  പ്രമേഹ ചികിത്സയില്‍ വീഴ്ചകള്‍ വരുത്തിയിട്ടുള്ളവര്‍ ശ്രദ്ധിക്കുക. 

Content Highlights: Covid 19 and black fungus beware about fake news