പാലക്കാട്: വീടിന് പുറത്തിറങ്ങാത്ത എനിക്കെന്ത് കോവിഡ് എന്ന് വെറുതേ ധരിക്കല്ലേ... ഒരാവശ്യത്തിനും വീടിന് പുറത്തുപോവാത്ത പലര്‍ക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിത്തുടങ്ങി. ലക്ഷണമില്ലാത്ത കോവിഡ് രോഗികളാണ് വ്യാപനത്തിന് വഴിയൊരുക്കുന്നതെന്ന് ആരോഗ്യവകുപ്പും പ്രവര്‍ത്തകരും തിരിച്ചറിയുന്നു. സൗകര്യങ്ങളില്ലാത്ത, കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ കോവിഡ് ബാധിതര്‍ സ്വയം നിരീക്ഷണത്തിലിരിക്കുമ്പോള്‍ ജാഗ്രതയില്ലെങ്കില്‍ മറ്റ് അംഗങ്ങള്‍ക്കും കോവിഡ് പകരാന്‍ സാധ്യത കൂടുകയാണ്. പൊതുശുചാലയങ്ങളുള്ള വീടുകളിലുള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നുണ്ട്. കൃത്യമായ നിയന്ത്രണമില്ലാത്തതാണ് വീടുകളിലും കോവിഡ് വ്യാപനത്തിനിടയാക്കുന്നത്. മുമ്പ് പുറത്തിറങ്ങുമ്പോള്‍ മാത്രമാണ് സാമൂഹിക അകലവും മുഖാവരണം ധരിക്കലും നിര്‍ബന്ധമായിരുന്നതെങ്കില്‍ ഇപ്പോള്‍ വീടുകളിലും ഇത്തരത്തിലുള്ള നിയന്ത്രണം തുടരണമെന്ന് നിര്‍ദേശമുണ്ട്.

വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 10783 പേര്‍

ജില്ലയില്‍ നിലവില്‍ 10,783 പേരാണ് വീടുകളില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി ജില്ലയിലാകെ കോവിഡ് ചികിത്സയ്ക്ക് 7,839 കിടക്കകളാണുള്ളത്. ഇവിടെ 2,820 പേരാണ് ചികിത്സയിലുള്ളത്.

100 പേരില്‍നിന്ന് രോഗം 112 പേരിലേക്ക്

100 കോവിഡ് ബാധിതരില്‍നിന്ന് 112 പേരിലേക്കാണ് നിലവില്‍ ജില്ലയിലെ കോവിഡ് രോഗവ്യാപനത്തോത്. ഇത് കൂടിയനിരക്കാണ്. പക്ഷേ, 100 പേരില്‍ നിന്ന് 125 പേരിലേക്ക് പകര്‍ന്നിരുന്നത് കുറച്ചെടുക്കാനായെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നു. ഇത് ഒരല്പം പ്രതീക്ഷ നല്‍കുന്നതാണ്. 100 രോഗബാധിതരില്‍നിന്ന് നൂറില്‍ത്താഴെയാളുകളിലേക്കെങ്കിലും രോഗവ്യാപനത്തോത് കുറയ്ക്കാന്‍ സാധിച്ചാല്‍ മാത്രമേ രോഗവ്യാപനം ഒരുപരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കൂയെന്നും ആരോഗ്യവകുപ്പ് പറയുന്നു.

രോഗവ്യാപനം ഇങ്ങനെ

പ്രത്യേകമായി ശൗചാലയങ്ങളില്ല, സമ്പര്‍ക്കമില്ലാതെ കഴിയാന്‍ പ്രത്യേകം മുറിയുമില്ല. എങ്കിലും കോവിഡ് കരുതല്‍വാസ കേന്ദ്രങ്ങളിലേക്ക് (ഡി.സി.സി.) മാറാന്‍ തയ്യാറല്ല. ഇത്തരത്തിലുള്ളവര്‍ കൂടിവരുന്നതാണ് വീടുകളിലെ കോവിഡ് സമ്പര്‍ക്കവ്യാപനത്തിനുള്ള കാരണം. മിക്കവരും കരുതല്‍വാസകേന്ദ്രങ്ങളിലേക്കും മറ്റ് കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കും മാറാന്‍ വിമുഖത കാണിക്കുന്നു. എനിക്ക് പ്രശ്‌നമില്ലല്ലോ എന്നാണ് ന്യായം.

വ്യാപനം ഗ്രാമീണ മേഖലയില്‍

വീടുകളിലെ സമ്പര്‍ക്കവ്യാപനം ഗ്രാമീണമേഖലകളിലാണ് കൂടുതലെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. വീടുകളില്‍ സൗകര്യമില്ലാത്ത കോവിഡ് ബാധിതരെ കരുതല്‍വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാന്‍ അതത് പഞ്ചായത്ത് അധികൃതര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍.ആര്‍.ടി.യും (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) സൗകര്യങ്ങളില്ലാതെ വീടുകളില്‍ കഴിയുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് നിര്‍ബന്ധിച്ച് മാറ്റുന്നുണ്ട്. വീടുകളില്‍ സൗകര്യങ്ങളുള്ളവര്‍ മറ്റസുഖങ്ങളുള്ളവരും കോവിഡ് ലക്ഷണങ്ങള്‍ കൂടുതലായി ഉള്ളവരുമാണെങ്കിലും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറാത്ത സ്ഥിതിയുണ്ട്. ഇതും അപകടകരമാണെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു. ഇത്തരത്തിലുള്ളവര്‍ പിന്നീട് രോഗം മൂര്‍ച്ഛിക്കുമ്പോള്‍മാത്രമാണ് ആശുപത്രികളിലേക്കെത്തുന്നത്. ഇത് രോഗം ഭേദമാകുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.

നിര്‍ദേശങ്ങള്‍

  1. രോഗബാധിതരുള്ള വീടുകളിലും രോഗലക്ഷണങ്ങളുള്ളവരുള്ള വീടുകളിലും സാമൂഹിക അകലം കൃത്യമായി പാലിക്കണം
  2. ഇത്തരം വീടുകളിലുള്ളവര്‍ വീടിനകത്തും മുഖാവരണം ധരിക്കുക
  3. രോഗലക്ഷണങ്ങളുള്ളവരും നിരീക്ഷണത്തില്‍ക്കഴിയുന്നവരും വീട്ടുകാരുമായും പ്രത്യേകിച്ച് കുഞ്ഞുങ്ങളുമായും സമ്പര്‍ക്കമില്ലാതിരിക്കാന്‍ ശ്രദ്ധിക്കുക
  4. സമ്പര്‍ക്കമുള്ളവരും രോഗലക്ഷണങ്ങളുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം

Content Highlights; Covid 19 updates