കോവിഡ് കാലത്ത് ഡൽഹിയിലെ ഒരു ശ്മശാനത്തിൽ നിന്നുള്ള ദൃശ്യം, ഫോട്ടോ- പി.ടി.ഐ
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ 'ലവ് ഇന്‍ ദ ടൈം ഓഫ് കോളറ' എന്ന വിശ്വപ്രസിദ്ധമായ നോവലിന്റെ പശ്ചാത്തലവും കാലഘട്ടവും വ്യത്യസ്തമാണെങ്കിലും നോവലിന്റെ ശീര്‍ഷകം ഏറെ കാലിക പ്രസക്തമാണ്. ഏപ്രില്‍ മാസത്തിലെ രണ്ടാമത്തെ വാരം. മീനമാസത്തിത്തിലെ ചൂടില്‍ ഡല്‍ഹി തിളച്ചു മറിയുകയാണ്. മകള്‍ക്ക് വിട്ടുമാറാത്ത വരണ്ട ചുമ. വായു മലിനീകരണം അപകടകരമായ തോതില്‍ എത്തിനില്‍ക്കുന്ന ഡല്‍ഹിയില്‍ ചുമയും, ശ്വാസകോശ സംബന്ധമായ രോഗങ്ങളും ദൈനംദിന ജീവിതത്തിലെ ഒരു ഭാഗമായതിനാല്‍ അത് നിസ്സാരമായി കണ്ടു. മഹാനഗരത്തില്‍ ജീവിക്കുന്നതിനു കൊടുക്കേണ്ടിവരുന്ന വില! ഒരാഴ്ച കഴിഞ്ഞിട്ടും ചുമയ്ക്ക് യാതൊരു ശമനവും ലഭിക്കുന്നില്ല. ഒരു ദിവസം രാത്രി ഏറെ ചെന്നപ്പോഴാണ് പനിയുടെ ലക്ഷണം കണ്ടു തുടങ്ങിയത്. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അത് കലശലായ പനിയായി മാറി. പാരസെറ്റമോളിന്റെ സഹായത്താല്‍ രാത്രി കഴിച്ചുകൂട്ടി. ഡോക്ടര്‍ മരുന്നുകള്‍ കുറിച്ചു തന്നു; കൂടാതെ വിവിധ പരിശോധനകളും. മൂന്നു ദിവസത്തിനുശേഷം പരിശോധനകളുടെ ഫലം വന്നു. ഭയന്നതുപോലെ കോവിഡ് പോസറ്റീവ്! മകളെ വീട്ടില്‍ത്തന്നെ ഏകാന്തതടവിലേക്ക് പറഞ്ഞുവിട്ടു. ദിവസങ്ങള്‍ ഓരോന്നായി കടന്നു പോകുന്നു. ഞാനും സഹധര്‍മ്മിണിയും ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ട് കഷ്ടിച്ച് ഒരാഴ്ച്ച തികയുന്നതേയുള്ളു. ഡയബറ്റിസ്, ബി.പി, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലിരോഗങ്ങള്‍ ഏറിയും കുറഞ്ഞുമായി ഉള്ളതുകൊണ്ട് സൂക്ഷിക്കണം എന്ന് ഡോക്ടര്‍ ഞങ്ങളെ ഉപദേശിച്ചു. ഒരാഴ്ചയ്ക്കുശേഷം മകളില്‍ രോഗവിമുക്തിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. രുചിയും ഗന്ധവും തിരിച്ചുകിട്ടി. വരണ്ട ചുമ മാത്രം ഒരു സന്തതസഹചാരിയെപ്പോലെ ബാക്കി നിന്നു.
വിറങ്ങലിച്ച് ഇന്ദ്രപ്രസ്ഥം
ഡല്‍ഹിയിലെ ആശുപത്രികളില്‍ കിടക്കകളും, ഓക്‌സിജനും, വെന്റിലേറ്ററുകളും, മരുന്നുകളും കിട്ടാതെ ഈയാംപാറ്റകളെപ്പോലെ മനുഷ്യര്‍ പൊതുനിരത്തുകളിലും ആശുപത്രിവരാന്തകളിലും മരിച്ചു വീഴുന്ന ഭയാനകമായ അവസ്ഥ. അവസാനത്തെ പ്രാണവായു ലഭിക്കാതെ പിളര്‍ന്ന വായുമായി മരണത്തിനു കീഴടങ്ങുന്ന മനുഷ്യരുടെ ചിത്രങ്ങളാണ് പത്രങ്ങളിലും ടെലിവിഷനിലും നിറയെ. ആംബുലന്‍സുകള്‍ ലഭിക്കാതെ, പി.പി.ഇ കിറ്റില്‍ പൊതിഞ്ഞ ശവശരീരങ്ങള്‍ സൈക്കിള്‍റിക്ഷകളില്‍ കൊണ്ടുപോകുന്നതിന്റെ കാഴ്ചകള്‍. രാപ്പകല്‍ കത്തിയെരിയുന്ന ചിതകള്‍ക്കു മുന്നില്‍ തങ്ങളുടെ ഊഴവും കാത്ത്, സൂര്യനു കീഴെ തിളച്ചുമറിയുന്ന വെയിലില്‍, നിരനിരയായി കിടത്തിയിരിക്കുന്ന അസംഖ്യം മൃതദേഹങ്ങള്‍, ഒരു മഹാമാരിക്കു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മനുഷ്യസമൂഹത്തിന്റെ ദയനീയമായ നേര്‍ക്കാഴ്ചകളായി മാറുന്നു. സര്‍ക്കാരുകളും ഭരണയന്ത്രങ്ങളും നിസ്സഹായതയോടെ കൈമലര്‍ത്തുന്നു. ഒരു രാജ്യത്തിന്റെ തലസ്ഥാനനഗരിയുടെ അവസ്ഥയാണിത്. ഗംഗയിലും യമുനയിലും ഒഴുകിനടക്കുന്ന നൂറുകണക്കിന് അജ്ഞാതശവശരീരങ്ങള്‍. ആശുപത്രികളിലേക്ക് അത്യാസന്നനിലയില്‍ കൊണ്ടുപോകുന്നവരില്‍ പലരും തിരിച്ചു വരുന്നത് മുറുക്കിക്കെട്ടിയ ബോഡി ബാഗുകള്‍ക്കുള്ളിലാണ്. ശ്മശാനങ്ങളിലും സെമിത്തേരികളിലും പള്ളിക്കാടുകളിലും കുമിഞ്ഞുകൂടുന്ന മൃതദേഹങ്ങള്‍ കൂട്ടമായി ഒന്നിച്ച് സംസ്‌കരിക്കേണ്ട അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. എങ്ങും മൃത്യുവിന്റെ സംഹാരതാണ്ഡവം. പ്ലാസ്റ്റിക് ബാഗുകളില്‍ മരവിച്ചു വിറങ്ങലിച്ചു കിടക്കുന്ന ചേതനയറ്റ മൃതശരീരങ്ങള്‍ മനുഷ്യജീവിതത്തിന്റെ നിസ്സാരതയുടെയും, നിസ്സഹായതയുടെയും, നൈമിഷികതയുടെയും ഭീതിജനകമായ ഓര്‍മ്മപ്പെടുത്തലുകളായി മാറുന്നു.
ആശങ്കയുടെ നാളുകള്‍
പതിനൊന്നു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മകള്‍ ഏതാണ്ട് രോഗവിമുക്തയായി. ദൈവത്തോട് നന്ദി പറഞ്ഞു. ഉച്ചയായപ്പോള്‍ ഭാര്യ ഒന്നു ചുമച്ചു. ഒന്നല്ല, പലവട്ടം. ശരീരോഷ്മാവ് കൂടിക്കൊണ്ടിരിക്കുന്നു. ഈശ്വരാ, ദില്ലിയിലെ ആരോഗ്യസംവിധാനങ്ങള്‍ എല്ലാം പാടെ നിലംപതിച്ചിരിക്കുന്ന അവസ്ഥയിലാണ്. രോഗികളുടെ ബാഹുല്യം നിമിത്തം സ്വകാര്യലാബുകള്‍ RT-PCR പരിശോധനകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒടുവില്‍ ഒരു സ്വകാര്യലാബിന്റെ ഉന്നത അധികാരികളുമായി ബന്ധപ്പെട്ടതിനു ശേഷമാണ് സാമ്പിള്‍ ശേഖരിക്കാനായി ഒരാളെ പറഞ്ഞു വിടാം എന്ന് സമ്മതിച്ചത്. മൂന്നു ദിവസത്തിനു ശേഷം റിസള്‍ട്ട് വന്നു. ഭയപ്പെട്ടതുപോലെ എന്റെയും ഭാര്യയുടെയും ഫലം പോസിറ്റീവ്! മനസ്സ് വിശ്വസിക്കാന്‍ വിസമ്മതിച്ചു. 'ഇത് കോവിഡ് അല്ല, എന്റെ കോവിഡ് ഇങ്ങനെയല്ല'! ഈ അവസരത്തില്‍ ഒരു ഡോക്ടറെ കാണാന്‍ കിട്ടുക എന്നുള്ളത് തികച്ചും അസംഭവ്യമാണ്. വീഡിയോ കണ്‍സള്‍ട്ടേഷന്‍ വഴി ഒരു ഡോക്ടറുമായി ബന്ധപ്പെട്ടു. മരുന്നുകള്‍ ആരംഭിച്ചു. ഡോക്ടര്‍ കുറിച്ചു തന്ന മരുന്നുകള്‍ക്ക് പുറമെ വാട്‌സ്ആപ്പില്‍ നിന്നും ദിവസേന ലഭിക്കുന്ന പലതരം ഒറ്റമൂലികളെക്കുറിച്ചുള്ള പുതിയ അറിവുകള്‍ ഭാര്യ ശ്രദ്ധയോടെ കുറിച്ചു വച്ചു. പച്ചമരുന്നുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ തയ്യാറാക്കി ഭാര്യ സ്വയം പരീക്ഷിക്കുകയും ഒരു ഗിനിപന്നിയെ പോലെ എന്നില്‍ പരീക്ഷിക്കുകയും ചെയ്തു. ആയുര്‍വേദത്തിന്റെയും അലോപ്പതിയുടെയും പല ചേരുവകളും ശരീരത്തില്‍ പ്രയോഗിക്കപ്പെട്ടപ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനങ്ങള്‍ അന്ധാളിച്ചു നിന്നു. ഒടുവില്‍ പരീക്ഷണങ്ങളുടെ ഭാഗമായി നാസാദ്വാരങ്ങളിലേക്ക് നാരങ്ങനീര് പിഴിഞ്ഞൊഴിക്കുന്ന നിലയിലെത്തിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന നാരങ്ങയുടെ പാക്കറ്റ് എടുത്ത് ആരും കാണാതെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു. ആവി പിടിക്കാനുള്ള തിളച്ച വെള്ളത്തിലേക്ക് യാതൊരു ലുബ്ധും കൂടാതെ കര്‍പ്പൂരം ചേര്‍ത്തിളക്കുന്നതു കണ്ടപ്പോള്‍ ഭാര്യയുടെ കണ്ണു വെട്ടിച്ചു കര്‍പ്പൂരത്തിന്റെ പാക്കറ്റ് ഒളിപ്പിച്ചു വച്ചു. വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രബന്ധങ്ങളും നാട്ടറിവുകളും കേട്ടറിവുകളും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് വഴി വച്ചേക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിക്കാനുള്ള സമയം അല്ലല്ലോ ഇത്. ദിവസങ്ങള്‍ ഓരോന്നായി കടന്നുപോകുകയാണ്. പള്‍സ് ഓക്‌സിമീറ്ററിന്റെ സൂചിക 95ല്‍ നിന്നും താഴേക്ക് വരുന്ന സമയങ്ങളില്‍ ഹൃദയമിടിപ്പ് ദ്രുതഗതിയില്‍ ആകുന്നു. കമിഴ്ന്നു കിടന്നു ദീര്‍ഘശ്വാസം വലിച്ച് പ്രാണവായുവിനെ ആവോളം ശ്വാസകോശങ്ങളിലേക്ക് എത്തിക്കുവാന്‍ പാടുപെട്ടു. മരുന്നുകള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ശരീരത്തിലെ രോഗ പ്രതിരോധശേഷിക്ക് സ്വയം വിട്ടുകൊടുത്തുകൊണ്ട് ഡോക്ടര്‍ കുറിച്ചുതന്ന മരുന്നുകള്‍ സമയാസമയങ്ങളില്‍ പതിവ് തെറ്റാതെ കഴിച്ചുകൊണ്ടിരുന്നു. ഓരോ പ്രഭാതവും കണ്ണു തുറക്കുന്നത് പോയ ഒരു രാത്രി ബോണസ്സായി ലഭിച്ചതാണ് എന്നുള്ള തിരിച്ചറിവോടു കൂടിയായിരുന്നു. ഓരോ പ്രദോഷവും അവസാനിക്കുന്നത് മറ്റൊരു പ്രഭാതം കൂടി കാണാന്‍ കഴിയണമേ എന്നുള്ള പ്രാര്‍ത്ഥനയോടേയും. ഇതിനിടെ, മലയാളി അസോസിയേഷന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇടവേളകളില്ലാതെ നിരന്തരമായി വന്നുകൊണ്ടിരുന്ന സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ചരമവാര്‍ത്തകള്‍. ആദ്യം ഒരു ഞെട്ടലോടെ കൂടി മാത്രം ഉള്‍ക്കൊണ്ടിരുന്ന മരണവാര്‍ത്തകള്‍ നിത്യസംഭവമായതോടെ മനസ്സ് ദുരന്തവാര്‍ത്തകളുടെ ഞെട്ടലില്‍ നിന്നും നിസ്സംഗതയുടേയും മരവിപ്പിന്റേയും അവസ്ഥയിലേക്ക് പരിണാമം ചെയ്തു. അല്പം ആശ്വാസം തോന്നിയ ഒരു ദിവസം ലാപ്‌ടോപ് തുറന്നു ഒരു പുതിയ ഫയല്‍ ഉണ്ടാക്കി. വിവിധ ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങളും പാസ്വേഡുകളും എടിഎം വിവരങ്ങളും ടൈപ്പ് ചെയ്തു. പ്രൊവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ്, ഡീമാറ്റ് അക്കൗണ്ട്, മറ്റു നിക്ഷേപങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി. എല്ലാം എഴുതി കഴിഞ്ഞു എന്നു ബോധ്യമായപ്പോള്‍ ലാപ്‌ടോപ്പിന്റെ ഹോംസ്‌ക്രീനില്‍ തന്നെ 'ലാസ്റ്റ് പോസ്റ്റ്' എന്ന പേരില്‍ ഫയല്‍ സേവ് ചെയ്തശേഷം മകളെ വിളിച്ച് ഫയല്‍ ലൊക്കേഷന്‍ കാണിച്ചു കൊടുത്തു. ഞാനങ്ങനെ ചെയ്യുന്നതിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ പാടുപെട്ടു കൊണ്ട് മകള്‍ എന്നെ തുറിച്ചു നോക്കി നിന്നു. താഴ്ന്ന ശബ്ദത്തില്‍ ഒരു തത്വശാസ്ത്രം പറയുന്നത് പോലെ ഞാന്‍ മകളോട് പറഞ്ഞു 'ലൈഫ് ഈസ് ടൂ ഷോര്‍ട്'. കോവിഡ് തലച്ചോറിന്റേയും മനസ്സിന്റേയും പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുമോ എന്നു സംശയിക്കുന്നതുപോലെ അവള്‍ എന്നെ ഒന്നുകൂടി നോക്കി.
ലവ് ഇന്‍ ദ ടൈം ഓഫ് കൊറോണ
ജീവിതത്തിന്റെ കൂരിരുളിന്റെ ഈ അവസ്ഥയില്‍ പ്രകാശത്തിന്റെ ഒരു ചീന്തു പോലെ വെളിച്ചം പകര്‍ന്നു തന്ന നിരവധി ഘടകങ്ങള്‍ ഉണ്ടായിരുന്നു. ഡല്‍ഹിയിലും നാട്ടിലുമൊക്കെയായി നിരവധിപേരുടെ നിരന്തരമായ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനകള്‍. ദിവസവും ഫോണ്‍ ചെയ്ത് രോഗവിവരങ്ങള്‍ ചോദിച്ചറിയുന്ന ചങ്ങാതിമാര്‍. ഫെയ്സ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും രോഗവിമുക്തിക്ക് വേണ്ടിയുള്ള സന്ദേശങ്ങളയച്ചുകൊണ്ടിരുന്ന പഴയ സതീര്‍ഥ്യര്‍. സൗഹൃദങ്ങളുടെ ഇഴയടുപ്പം മനസ്സിലാക്കിത്തന്ന നാളുകള്‍. എല്ലാത്തിനും ഉപരിയായി, അഭൗമമായ ഒരു സാമീപ്യമായി നിറുകയില്‍ തലോടി സാന്ത്വനിപ്പിച്ചിരുന്ന അദൃശ്യങ്ങളായ കരങ്ങള്‍ മനസ്സിന്റെ വെറും തോന്നല്‍ മാത്രമായിരുന്നില്ല. സൃഷ്ടി-സ്ഥിതി-സംഹാരങ്ങളുടെ നിയന്ത്രിതാവിനോടുള്ള രഹസ്യസംഭാഷണങ്ങളും, സംവാദങ്ങളും, പരിഭവങ്ങളും, കലഹങ്ങളും പുതിയ ഊര്‍ജ്ജം പകര്‍ന്നു നല്‍കിക്കൊണ്ടിരുന്നു. എം.ടിയുടെ ചില വാക്കുകളെ ഓര്‍ത്തുകൊണ്ട് അല്പം സാഹിത്യഭാഷയില്‍ത്തന്നെയായിരുന്നു പ്രാര്‍ത്ഥനകള്‍. 'ജനിമൃതികളുടെ നാഥനായ ദൈവമേ, വിണ്ണില്‍ നിന്നും മണ്ണിലേക്ക് അങ്ങയുടെ ദൃഷ്ടികള്‍ അയക്കേണമേ. ഇവിടെ ഈ മണ്ണില്‍ ഞാനുണ്ട്. അവിടുത്തെ മകനായ ഈ ഞാന്‍. എന്നെയും, കുടുംബത്തെയും, ഒപ്പം ഈ മഹാമാരിയാല്‍ കഷ്ടപ്പെടുന്ന എല്ലാവരെയും അങ്ങയുടെ ബലിഷ്ടമായ കരങ്ങള്‍ കൊണ്ട് ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കേണമേ....'
കോവിഡ് തന്റെ ഓര്‍മയ്ക്കായി മനഃപൂര്‍വം അവശേഷിപ്പിച്ചു പോയ രോഗശകലങ്ങള്‍ ഇനിയും ബാക്കി നില്ക്കുന്നുണ്ടെങ്കിലും ഒരു ദുരന്തമുഖത്തുനിന്നും ജീവിതത്തിലേക്ക് പിച്ചവച്ചും കിതച്ചും കാലിടറിയും നടന്നു കയറുകയാണ്. ഈ നിമിഷം തിരിച്ചറിയുന്നു, ജീവിതം എത്ര സുന്ദരമാണ്!
Content Highlights: coronavirus pandemic in Delhi is an experience of a lifetime
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..