കോവിഡ് 19 വൈറസ് സ്വന്തം ശരീരകോശങ്ങളെ തന്നെ നശിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിച്ചേക്കുമെന്ന് ഗവേഷകർ. ഇന്ത്യക്കാരനായ സബോർനി ചക്രവർത്തി ഉൾപ്പടെയുള്ള യു.എസിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ.

നാല് ആശുപത്രികളിൽ നിന്നുള്ള 300 രോഗികളുടെ വിശദാംശങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. രക്തപരിശോധനയിലൂടെ അണുബാധയുടെ വിവിധ ഘട്ടങ്ങളിലുള്ള ശരീരത്തിന്റെ പ്രതിരോധ പ്രതികരണം (ഇമ്മ്യൂൺ റെസ്പോൺസ്) എങ്ങനെയാണെന്നും നിരീക്ഷിച്ചു.

സ്വന്തം ശരീരത്തിന്റെ കോശങ്ങളെതന്നെ ആക്രമിക്കുന്ന പ്രതിരോധ സംവിധാനമായ ഓട്ടോ ആന്റിബോഡികൾ ശരീരത്തിൽ ഉണ്ടായിട്ടുണ്ടോ എന്നും ഗവേഷകർ പരിശോധിച്ചു. ഇതിനുശേഷം ഈ ഓട്ടോ ആന്റിബോഡിയുടെ അളവിനെ കോവിഡ് 19 പോസിറ്റീവ് ആകാത്ത ആളുകളുടെ ശരീരത്തിലെ ഓട്ടോ ആന്റിബോഡിയുടെ അളവുമായി താരതമ്യം ചെയ്യുകയും ചെയ്തു.

കോവിഡ് 19 ബാധിച്ചവരിലാണ് ഓട്ടോ ആന്റിബോഡികൾ പൊതുവായി കാണുന്നതെന്ന് ഇതുസംബന്ധിച്ച മുൻപഠനങ്ങളും സൂചിപ്പിക്കുന്നു. കോവിഡ് 19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 50 ശതമാനം പേരിലും ഓട്ടോ ആന്റിബോഡികൾ കണ്ടെത്താനായി. എന്നാൽ കോവിഡ് 19 ബാധിക്കാത്തവരിലാകട്ടെ ഇതിന്റെ തോത് 15 ശതമാനം പേരിൽ മാത്രമാണ് കണ്ടെത്തിയത്. ചില രോഗികളിൽ അണുബാധ കൂടിയപ്പോൾ ഓട്ടോ ആന്റിബോഡികളിൽ ചെറിയ മാറ്റങ്ങൾ കണ്ടിരുന്നതായും ചിലരിൽ കൂടിയതായും പഠനത്തിൽ പറയുന്നു. ഇത് പല അവയവങ്ങളെ ബാധിക്കാനും ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും വഴിയൊരുക്കിയേക്കും.

വൈറസിനെതിരെയുള്ള പ്രതിരോധ സംവിധാനത്തിന്റെ ആയുധങ്ങളെന്ന് കരുതപ്പെടുന്നവയാണ് ഇന്റർഫെറോണുകൾ. സ്വയം പകർപ്പെടുക്കാനുള്ള വൈറസിന്റെ ശേഷിയെ നിർവീര്യമാക്കുന്നവയാണ് ഇവ. ഇവയെയും ചില ആന്റിബോഡികൾ ആക്രമിക്കുന്നുണ്ടെന്നും ഗവേഷണത്തിൽ കണ്ടെത്തി.

ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധത്തിന് (ഓട്ടോ ഇമ്മ്യൂണിറ്റി) മേൽ സാർസ് കോവ് 2 വൈറസിന്റെ ആഘാതം എത്രയെന്ന് കണ്ടെത്താനുള്ള പഠനങ്ങളും ഗവേഷകർ ആരംഭിച്ചിട്ടുണ്ട്.

Content Highlights:Corona Virus virus may cause body to attack itself, Health, Covid19,Corona Virus