ന്റാര്‍ട്ടിക്കയിലെ മഞ്ഞുക്കട്ട ഉരുകുമ്പോള്‍ എനിക്കെന്ത്? അതങ്ങ് അന്റാര്‍ട്ടിക്കയില്‍ അല്ലെ. ? റഷ്യയില്‍ മഴ പെയ്യുമ്പോള്‍ ഞാന്‍ എന്തിന് ഇവിടെ കുടചൂടണം? മയാമി ബീച്ചില്‍ നീന്തല്‍ വേഷത്തില്‍ ഉല്ലസിക്കുന്നവരുമായി എനിക്കെന്ത് ബന്ധം? ചൈനയിലെ ഇലക്ട്രോണിക് ഉപകരണ നിര്‍മാണശാലകളിലും വെയര്‍ഹൗസുകളിലും തട്ടുകടകളിലും മാറിമാറി ജോലി ചെയ്യുന്ന വാന്‍ സിയാംഗ് എന്ന പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടുപോലുമില്ല. ബോട്‌സ്വാനയില്‍ കാട്ടുപഴങ്ങള്‍ പൊട്ടിച്ചുകൊണ്ടിരിക്കുന്ന മാപ്പുസാങ്ങ് എന്ന കുട്ടിയെയും കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കുന്ന ഡെല്ല എന്ന അവരുടെ അമ്മയെയും എനിക്കറിയില്ല. കോവിഡ് എന്ന കുഞ്ഞന്റെ സാറ്റ് കളിക്ക് മുമ്പ് ഇങ്ങനെയായിരുന്നു എന്റെ ചിന്ത. 

മറ്റുള്ളവരുടെ ലോകം ഇപ്പോള്‍ ഗോലിക്കായ പോലെ എന്റെ ചിന്താമണ്ഡലത്തില്‍ ഉരുണ്ട് കളിക്കാന്‍ തുടങ്ങി. ഇങ്ങ് ചാലക്കുടിയിലെ എന്റെ വീട്ടിലെ ആകാശമല്ലി പൂവിലിരിക്കുന്ന പൂമ്പാറ്റയുടെ ചിറകടി ഭൂഖണ്ഡങ്ങള്‍ മറിക്കടന്ന് സഞ്ചരിക്കുന്നത് മനക്കണ്ണില്‍ കാണാനാകുന്നു.
ലോകത്ത് എവിടെ, എന്ത് സംഭവിച്ചാലും അതിന്റെ അല എന്നെയും തൊട്ടേക്കാമെന്ന് മനസ്സിലാക്കുന്നു. ആ അല എന്നെ എന്നത്തേക്കുമായി മായ്ച്ച് മടങ്ങിയേക്കാമെന്നും. ഞാന്‍ നിന്നിരുന്ന കരയില്‍ എന്റെ ഇതുവരെയുള്ള സാന്നിധ്യം എല്ലാം തുടച്ച് മായ്ച്ചുകൊണ്ട് മറഞ്ഞേക്കാമെന്നും.

ലോകത്തെ മുഴുവനായി നമ്മള്‍ നെറ്റിലൂടെ തൊടുന്നു. ഇപ്പോള്‍ കൊറോണ എന്ന ഈ കുഞ്ഞനും നമ്മെ തൊട്ട് തൊട്ടിരിക്കാന്‍ കൊതിക്കുന്നു. ലോകം ഒറ്റഗ്രാമമായി ചുരുങ്ങിയിരിക്കുന്നു. ആ കുഞ്ഞന്‍ നമ്മെ ഓടിത്തൊടാന്‍ നോക്കുകയാണ്. നമ്മള്‍ വെട്ടിയൊഴിയാനും. കുട്ടിക്കാലത്തെ ഒളിച്ചുകളി ഓര്‍മയില്‍. വീര്‍പ്പടക്കി മുണ്ടുംപെട്ടിയില്‍ വരെ ഒളിച്ചിരുന്നത്. അടുത്ത് വരുന്ന കാലടികളുടെ ഒച്ച കേള്‍ക്കാം. നമ്മള്‍ ശ്വാസമടക്കിയിരിക്കുന്നു. ഇപ്പോഴും കുഞ്ഞ, കാലടി ശബ്ദം കേള്‍പ്പിക്കാതെ കടന്നുവരുമ്പോഴും നമ്മള്‍ ഒളിച്ചിരിക്കുകയാണ്. തൊട്ടേ എന്ന് കേള്‍ക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല.

വിവാഹവാര്‍ഷിക സമ്മാനം

എവിടെയോ കിടക്കുന്ന ആ കുഞ്ഞന്‍ എന്നെയും ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചു. വിവാഹവാര്‍ഷികത്തിന്റെ തലേന്നാണ് പ്രിയപാതി ആ സമ്മാനവുമായി വീട്ടിലെത്തിയത്.
പ്രൈമറി കോണ്ടാക്ട്!. അവള്‍ സഞ്ചരിച്ച ബസിലെ കണ്ടക്ടര്‍ക്ക് കോവിഡ്. പെട്ടെന്ന് തന്നെ ഒറ്റമുറിയില്‍ നിന്ന് രണ്ട് ധ്രുവങ്ങളിലേക്ക് ഞങ്ങള്‍ തെറിച്ചുപോയ പോലെ. വാര്‍ഷികത്തിന് ഒരുമിച്ച് മുറിക്കാന്‍ മകള്‍ തയ്യാറാക്കിയ കേക്ക് റെഡിയാണ്. എന്നാല്‍ ആ കേക്ക് മുറിക്കും മുമ്പേ ഞങ്ങള്‍ രണ്ട് കഷണങ്ങളായി രണ്ട് മുറിയിലായി കഴിഞ്ഞിരിക്കുന്നു. തൊട്ടുകൂടായ്മ വന്ന് ഞങ്ങളെ രണ്ട് ഇടത്തേക്ക് കൈപിടിച്ച് കൊണ്ടുപോയിരിക്കുന്നു. ക്വാറന്റീന്‍!  

ഇതുവരെ പറഞ്ഞ് കേട്ടതേയുള്ളൂ. ഇപ്പോള്‍ ദേ കണ്‍മുന്നില്‍. തൊട്ടുകൂടായ്മ! കിടപ്പുമുറിയുടെ ജനലിലൂടെയായി സംസാരം. അകന്നുമാറി അഭ്യാസപ്രകടനത്തിലെന്ന വണ്ണം ഭക്ഷണകൈമാറ്റം. എന്റെ കിടപ്പുമുറിയിലേക്ക് രണ്ടാഴ്ച്ച പ്രവേശനമില്ല. ക്ലാസിന് പുറത്താക്കിയ കുട്ടിയെ പോലെ ഞാന്‍ റൂമിന് പുറത്ത് പരുങ്ങി നിന്നു.

പറഞ്ഞുകേട്ട ക്വാറന്റീന്‍ ഇതാ ഞാനും അനുഭവിക്കാന്‍ തുടങ്ങുന്നു..പത്താം ക്ലാസിലെ കൂട്ടൂകാര്‍ വാട്സാപ്പ് കൂട്ടായ്മ തുടങ്ങിയിട്ട് അധികമായില്ല. അതിലേക്ക് മെസേജുകള്‍ വന്നുകൊണ്ടിരിക്കുന്നു. അവരൊക്കെ എത്ര മാറിപ്പോയിരിക്കുന്നു. എന്നാല്‍, ഈ സമയം അവരുടെ മെസേജുകള്‍ വായിക്കാന്‍ എന്തോ ഉല്‍സാഹക്കുറവ്. ആരോ പിടിക്കൂടിയിരിക്കുന്നു. മനസ്സിന്റെ കളി തുടങ്ങിക്കഴിഞ്ഞു.

ഇതിലും വലിയ തോട് ചാടിക്കടന്നവന്‍

ഇതിനേക്കാളും വലിയ തോട് ചാടിക്കടന്നവനാണ് ഈ എല്‍ദോസ്, ഇത് വന്നാല്‍ ലോകാവസാനമൊന്നുമല്ല, ഇതും കടന്നുംപോകും എന്നൊക്കെ  പരസ്യവാചകങ്ങളും റേഡിയോ പ്രമോകളും ക്യാമ്പയിനുകളും എഴുതി ചൂടാറിയിട്ടില്ല. പക്ഷേ സ്വന്തം കാര്യം വന്നപ്പോള്‍ അതെല്ലാം മറന്നപ്പോലെ.

നല്ല മഴദിവസമായിരുന്നു റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് ഞങ്ങള്‍ പോയത്. സ്വാബ് പരിശോധിക്കുന്ന സ്ഥലം എന്ന ബോര്‍ഡ് കണ്ടു. നടക്കുമ്പോള്‍ ആരോ കാലില്‍ പിടിച്ചപോലെ. നോക്കുമ്പോള്‍ ഒരു ചെരിപ്പിന്റെ ഫ്ളാപ്പ് പൊട്ടിയിരിക്കുന്നു. ഏന്തി വലിഞ്ഞേ നടക്കാനാകുന്നുള്ളൂ.സ്വാബ് പരിശോധന നടക്കുന്ന ഇടത്തേക്ക് ഗേറ്റിലൂടെ കയറാന്‍ നോക്കുമ്പോള്‍ അന്യഗ്രഹത്തിലെന്ന വണ്ണം പി.പി.ഇ. കിറ്റ് അണിഞ്ഞ ലേഡി ഓടിവന്ന് ക്യൂ ചൂണ്ടി കാണിച്ചുതന്നു. കുറച്ച് നീങ്ങി വരിയുണ്ട്. കുറച്ച് പേര്‍ ക്യൂവിലുണ്ട്. കുടചൂടി ക്യൂ നിന്നു. 108 ആംബുലന്‍സുകള്‍ പലതും പടിക്കടന്ന് വന്നു. ടയര്‍ കേറിമറിഞ്ഞ വെള്ളത്തിന്റെ ഒരു പാളി ഓടിവന്ന് എന്റെ കാലില്‍ തൊട്ടു. പെട്ടെന്ന് തന്നെ കാല്‍ പിന്‍വലിച്ചു.

മഴത്തുള്ളികള്‍ ഒലിച്ചിറങ്ങിയ ആംബുലന്‍സ്. അതിന്റെ ജനലിലൂടെ ആരെയും കാണാനാകുന്നില്ല. മഴയാണ് ആംബുലന്‍സിന്റെ ജനലിന് തിരശീലയിട്ടിരിക്കുന്നത്. അതിനകത്തുള്ള ആളുടെ മനസ്സില്‍ ഇപ്പോഴെന്തായിരിക്കും? സെക്കന്ററി കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ള എന്റെ മനസ്സില്‍ ഇത്രയും ചിന്തകള്‍ ചാടിത്തുള്ളിപോയെങ്കില്‍ ആംബുലന്‍സിലിരിക്കുന്നവരുടെ മനസ്സില്‍ എന്തൊക്കെയായിരിക്കും?

അടുത്ത് മഴക്കൊണ്ട് നില്‍ക്കുന്ന മരങ്ങളുടെ ഇലയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കോവിഡ് കുഞ്ഞനെ സങ്കല്‍പ്പിച്ചു. ഒലിച്ചുവരുന്ന ചെളിവെള്ളത്തില്‍ പാദത്തില്‍ പിടിച്ചുക്കയറാന്‍ നോക്കുന്ന കോവിഡിനെ സങ്കല്‍പ്പിച്ചു. അടുത്ത് ക്യൂ നില്‍ക്കുന്നവരില്‍ കോവിഡ് പല്ലിളിച്ച് നില്‍ക്കുന്നു. അനുഭവങ്ങള്‍ മനുഷ്യനെ മാറ്റിമറിക്കുന്നു. അതുവരെയുള്ള മനുഷ്യനല്ല ഇപ്പോള്‍ ആന്റിജന്‍ ടെസ്റ്റിന് ക്യൂ നില്‍ക്കുന്നത്. ഒരു മണിക്കൂറോളം വരിയില്‍ നിന്നു. ഭാര്യയോട് കൂള്‍ അല്ലേ എന്ന് ഇടയ്ക്കിടെ ചോദിക്കുന്നുണ്ട്. അവള്‍ കൂളായി മഴ കണ്ട് നില്‍ക്കുന്നു. അവള്‍ കയറിയ കെ.എസ്.ആര്‍.ടി.സി. ബസിലെ കണ്ടക്ടര്‍ക്ക് യാതൊരു രോഗലക്ഷണവുമുണ്ടായിരുന്നില്ല. മുഖത്ത് ഗ്ലാസ് ഷീല്‍ഡ് വെച്ചിരുന്നു. ഗ്ലൗസണിഞ്ഞിരുന്നു. എന്നിട്ടും എപ്പോഴോ ആ കുഞ്ഞന്‍ അയാളില്‍ കടന്നുകൂടി. അയാളില്‍ നിന്ന് ടിക്കറ്റ് വാങ്ങിയ കൂട്ടുകാരി ഇപ്പോള്‍ കോവിഡ് പരിശോധനയ്ക്ക് ക്യൂ നില്‍ക്കുന്നു.

നീ കുഞ്ഞാണ്, നിനക്ക് എല്ലാമറിയാം

ലോകത്തെ ഇങ്ങനെ ചങ്ങലകോര്‍ത്ത കോവിഡ്, നല്ല കാര്യത്തിനാണ് നീയിങ്ങനെ ലോകത്തെ ഒത്തുക്കൂട്ടിയെങ്കില്‍ നിന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നേനെ. അമേരിക്കയില്‍ പോലീസുകാര്‍ ശ്വാസംമുട്ടിച്ചുകൊന്ന ജോര്‍ജ് ഫ്ളോയിഡിനെ അന്നേരം വെറുതെ ഓര്‍ത്തു. ഈ കുഞ്ഞനും അതുതന്നെയാണല്ലോ ലോകമെങ്ങും ചെയ്ത് വരുന്നത്.

ഏതൊരു വരിയിലും നില്‍ക്കുന്നവര്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ടെന്‍ഷനുണ്ട്. വരിയില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ നമ്മെ മറിക്കടന്ന് പോകുമോ എന്ന ശങ്ക. റേഷന്‍ കടയിലും റെയില്‍വേ സ്റ്റേഷനിലും സിനിമാ തിയേറ്ററിലും ഇത്തരക്കാരെ സ്ഥിരമായി കണ്ടുവരുന്നതിനാല്‍ പ്രത്യേകിച്ചും. മാരകമായേക്കാവുന്ന വൈറസിന്റെ സാന്നിധ്യം അറിയാന്‍ നില്‍ക്കുമ്പോഴും ചില്ലറ കാര്യങ്ങളും മനസ്സില്‍ അലട്ടും. തികച്ചും മാനുഷികം.

കുറച്ച് കഴിഞ്ഞപ്പോള്‍ കോമ്പൗണ്ടിനകത്തേക്ക് പ്രവേശനം ലഭിച്ചു. പേരെഴുതാന്‍ ഇരിക്കുന്നവര്‍ വിലാസം എഴുതിവെച്ചു. പിന്നീട് അടുത്ത വരിയില്‍. അടുത്ത് തന്നെ എസ്.ടി.ഡി. ബൂത്ത് പോലെ സ്രവം എടുക്കുന്ന ബൂത്ത്. കുറച്ച് മാറി കോവിഡ് ഐസലേഷന്‍ വാര്‍ഡ്. സ്വാബ് എടുക്കുന്ന ബൂത്തിന് മുന്നില്‍ കസേരയിട്ടിരിക്കുന്നു. മുകളില്‍ ഷവര്‍. ഓരോ സ്രവമെടുപ്പിന് ശേഷം ഷവറില്‍ നിന്ന് സാനിറ്റൈസര്‍ മഴ. അടുത്തുള്ള ബോക്സില്‍ ഓരോവട്ടവും ഉരിഞ്ഞിട്ട ഗ്ലൗസുകളുടെ കൂമ്പാരം. അതിലെങ്ങാനും ആ കുഞ്ഞന്റെ മുഖം കാണാനുണ്ടോ?

ചില്ലുജാലകത്തിലൂടെ രണ്ട് ഗ്ലൗവുകളുടെ ഷേപ്പില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രണ്ട് ഉറകള്‍. അതിലൂടെ ഒരോരുത്തരുടെയും മൂക്കിലേക്ക് ചില്ലുക്കുഴല്‍ ആഴ്ത്തുന്നു. സ്രവമെടുക്കുന്നു.  അടുത്ത് മൂന്ന് പേര്‍ നില്‍ക്കുന്നു. അവര്‍ നമ്മുടെ പേര് ഉറപ്പ് വരുത്തുന്നു. പേടിക്കാനൊന്നുമില്ലെന്ന് പറയുന്നു.

സ്രവമെടുക്കാനുള്ള പുതിയ കുഴല്‍ നീട്ടുന്നു. മൂക്കിലൂടെ ആ ചെറുകുഴല്‍ കടന്നുപോകുമ്പോള്‍ കണ്ണുകളടച്ചു. കണ്ണ് നിറഞ്ഞ് ധാരയായി പ്രവഹിക്കുന്നു. വേദനയൊന്നുമില്ല.  ചെറിയ അസ്വസ്ഥത. കുഴല്‍ ആഴ്ന്ന് പോകുമ്പോള്‍ മൂക്കിന് ഇത്രയും ആഴമുണ്ടോ എന്ന് നമ്മള്‍ സംശയിച്ച് പോകും. ഒന്നിലെ കഴിയുമ്പോള്‍ അടുത്ത ദ്വാരത്തിലൂടെയും സ്രവമെടുക്കും. സ്രവമെടുപ്പ് കഴിയുമ്പോള്‍ തോളത്ത് തട്ടി സമാധാനിപ്പിച്ച് വിടും.

ആറാം ക്ലാസിലെ ഉണ്ണിമാഷിനെ വെറുതെ ഓര്‍ത്തുപോയി. ചുട്ടപെടയ്ക്ക് കുപ്രസിദ്ധിയുള്ള മാഷ്. പക്ഷേ, പ്രതിരോധ കുത്തിവെപ്പ് എടുത്ത് മടങ്ങുമ്പോള്‍ ഈ ഉണ്ണിമാഷ് അടുത്ത് വന്ന്, മോനെ,  വേദനിച്ചോ, സാരല്യ എന്ന് പറഞ്ഞ് പുറത്ത് തട്ടിയത് ഓര്‍ത്തുപോയി. ചില തൊടലുകള്‍ ഈ തൊട്ടുകൂടാത്ത കാലത്ത് എത്ര സൗഖ്യദായകമാണ് ! ആരെയെങ്കിലും ഒന്ന് തൊടാന്‍ കൊതിതോന്നുന്നു.

Content Highlights: Corona Virus outbreak, while standing in line for the Covid 19 Swab test, Biju Rocky writes, Health