കോവിഡ് രോഗബാധ കൂടിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നാമിപ്പോഴുള്ളത്. നിലവിലുള്ള ആരോഗ്യസംവിധാനങ്ങളെ ക്ഷീണിപ്പിക്കാതെ, പരമാവധി ശ്രദ്ധ രോഗികൾക്ക് കൊടുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ കോവിഡ് പോസിറ്റീവ് ആയി 10 ദിവസം കഴിയുമ്പോൾ, ലക്ഷണങ്ങൾ ഇല്ലെങ്കിൽ, ആന്റിജൻ പരിശോധന ചെയ്തു നോക്കുകയും നെഗറ്റീവ് ആണെങ്കിൽ ഡിസ്ചാർജ് ചെയ്യുകയും ചെയ്യുന്നു.

ഓർക്കുക; ആന്റിജൻ പരിശോധനക്ക് പരിമിതിയുണ്ട്. ആന്റിജൻ പോസിറ്റീവ് ആയ വ്യക്തി രോഗബാധിതനാണെന്നു ഉറപ്പിക്കാൻ സാധിക്കുമെങ്കിലും, നെഗറ്റീവ് ആയാൽ രോഗബാധയില്ല എന്ന് 100 ശതമാനം ഉറപ്പിച്ചു പറയാൻ സാധിക്കില്ല.

അതുകൊണ്ട് തന്നെ ഡിസ്ചാർജായി വരുന്ന രോഗി, താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

  • ഡിസ്ചാർജ് ആയതിനു ശേഷവും ഒരാഴ്ചകൂടി ക്വാറന്റീനിൽ തുടരുക.
  • റൂം ക്വാറന്റീനിൽ അനുവർത്തിക്കേണ്ട കാര്യങ്ങൾ ചെയ്യുക.
  • വീട്ടിലെ അംഗങ്ങളുമായി സമ്പർക്കം പാടില്ല.
  • സ്വന്തം വസ്ത്രങ്ങൾ സോപ്പ് വെള്ളത്തിൽ മുക്കി 20 മിനിറ്റ് വെച്ചശേഷം സ്വയം കഴുകി ഉപയോഗിക്കുക.
  • സ്വന്തം പ്ലേറ്റ്, ഗ്ലാസ് മുതലായവയും സ്വയം കഴുകി ഉപയോഗിക്കുക.
  • മുറിയുടെ ഉൾവശം, മേശ, കസേര മുതലായവ ഒരു ശതമാനം ബ്ലീച്ച് ലായനിയിൽ മുക്കി പിഴിഞ്ഞ തുണികൊണ്ട് തുടയ്ക്കുക.
  • പോഷകപ്രദമായ ഭക്ഷണം കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി ഉൾപ്പെടുത്തുക. വെള്ളം നല്ലത് പോലെ കുടിക്കുക.
  • രോഗലക്ഷണങ്ങൾ വീണ്ടും വന്നാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക.
  • മാനസിക പിരിമുറുക്കം ഒഴിവാക്കാനായി, വായന സിനിമ മുതലായ വിനോദങ്ങളിൽ ഏർപ്പെടുക.
  • രോഗബാധിതനാകും മുൻപ്വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെ വീണ്ടും ഉപയോഗിക്കാവുന്നതാണ്. വസ്ത്രങ്ങൾ, ഉപകരണങ്ങൾ, വീട് എന്നിവ ബ്ലീച്ച്ലായനിയോ, സോപ്പോ ഉപയോഗിച്ച് കഴുകുന്നത് മതിയാകും.

കടപ്പാട്: ആരോഗ്യകേരളം

Content Highlights:Corona Virus outbreak things to look out for when a Covid 19 patient is discharged, Health