കേരളത്തില്‍ കോവിഡ് 19 സമൂഹവ്യാപനം തുടങ്ങിക്കഴിഞ്ഞു. ജൂലായ് 22 ലെ രോഗികളുടെയും (1038) ഹോട്ട്‌സ്‌പോട്ടുകളുടെയും (397 എണ്ണം) എണ്ണത്തിലുണ്ടായ വര്‍ധന, പൂന്തുറ, പത്തനംതിട്ട, ചങ്ങനാശ്ശേരി, പുല്ലവിള, ചേര്‍ത്തല, ചെല്ലാനം, ആലുവ, പൊന്നാനി, എടപ്പാള്‍, പട്ടാമ്പി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ രോഗികൂട്ടങ്ങളുടെ (ക്ലസ്റ്റേഴ്സും 101, സൂപ്പര്‍ക്ലസ്റ്റേഴ്‌സ് 18 ) ആവിര്‍ഭാവം, സമ്പര്‍ക്കരഹിതരും (528 പേര്‍) ഉറവിടമറിയാത്തവരുമായ (34 പേര്‍) കോവിഡ് രോഗികളുടെ രംഗപ്രവേശനം, ആരോഗ്യപ്രവര്‍ത്തകരുടെ രോഗബാധ (17 പേര്‍) എന്നിവ സൂചിപ്പിക്കുന്നത് സമൂഹവ്യാപനത്തിന്റെ പടിവാതില്‍ക്കല്‍ നമ്മള്‍ എത്തി എന്നുതന്നെയാണ്. ഈ സാഹചര്യത്തില്‍ നമുക്ക് പിന്‍തിരിഞ്ഞു നോക്കി നെല്ലും പതിരും വേര്‍പ്പെടുത്തി മുന്നോട്ട് തന്നെ പോവണ്ടതുണ്ട്. നമുക്ക് മനസ്സിലായ ഉറപ്പുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. കോവിഡ് 19 ന്റെ മൂലകാരണം ജനിതക മാറ്റം വന്ന സാര്‍സ് കോവിഡ് വൈറസ് ആണെന്നതില്‍ സംശയമില്ല.
2. എണ്‍പത് ശതമാനം രോഗികളില്‍ ലക്ഷണം ഇല്ലാതെയോ ചിലപ്പോള്‍ ജലദോഷത്തിന്റെ ലക്ഷണങ്ങളോട് കൂടിയോ കോവിഡ് രോഗം വന്നു വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ മാറി പോവും. 15 ശതമാനം രോഗികളില്‍ ചുമ, കഫക്കെട്ട് ന്യൂ മോണിയ എന്നിവ ഉണ്ടാവും. അവരെ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കണം.
3.അഞ്ചു ശതമാനം പേരില്‍ വളരെ ഗുരുതരമായ ശ്വാസകോശ രോഗമായിട്ടോ ഹൃദ്രോഗമായിട്ടോ ആയിരിക്കും രോഗം എത്തുന്നത്. ഇവര്‍ക്ക് തീവ്ര പരിചരണവും മോണിറ്ററും വെന്റിലേറ്ററും എല്ലാം ആവശ്യം വരും. ഈ വിഭാഗം രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ സംഘടിതമായ പരിചരണം തന്നെ വേണം. ആ സംഘത്തില്‍, തീവ്രപരിചരണ വിഭാഗം ഡോക്ടര്‍, ജനറല്‍ ഫിസിഷ്യന്‍, ശ്വാസകോശ, ഹൃദ്രോഗ, സാംക്രമികരോഗ വിഭാഗങ്ങളിലെ വിദഗ്ധരുടെയും സാന്നിധ്യം തീര്‍ച്ചയായും ഉണ്ടാവണം. മാനസികാരോഗ്യം, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ ഉപദേശം അവര്‍ സ്വീകരിക്കുകയും വേണം.
4. സാധാരണയായി കോവിഡ് 19 മൂലം ഉണ്ടാകുന്ന മരണം ഏറിയാല്‍ മൂന്നോ നാലോ ശതമാനത്തില്‍ താഴെയാണ്. കേരളത്തില്‍ ജൂലൈ 22 വരെ കോവിഡ് 19 മൂലം 45 മരണം (0.33 ശതമാനം) മാത്രമേ ഉണ്ടായിട്ടുള്ളു. മിക്കവാറും എല്ലാ മരണങ്ങളും ആശുപത്രിയില്‍ ചികിത്സ നല്‍കി കൊണ്ടിരുന്ന രോഗികളിലാണ് ഉണ്ടായത്. അപ്രതീക്ഷിതമായി ഉണ്ടായ മരണം നാലില്‍ താഴെ മാത്രമാണ്.
5. വയോധികരും, കുട്ടികളും, പ്രമേഹം, കാന്‍സര്‍ എന്നീ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരും, ശ്വാസകോശം, ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് രോഗമുള്ളവരുമാണ് കോവിഡ് 19 മൂലം ഏറെയും മരിക്കുന്നത്. ശരീരത്തില്‍ പ്രവേശിക്കുന്ന രോഗാണുവിന്റെ എണ്ണം വളരെ കൂടിയാല്‍ മരണം ഏത് പ്രായക്കാരെയും പിടി കൂടും.
6. കോവിഡ് 19 നുള്ള ശരിയായ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല, വാക്‌സിന്‍ പരീക്ഷണ വഴിയിലാണ്. ഇപ്പോള്‍ നല്‍കി വരുന്ന ചികിത്സാമുറകളും (ഇമ്മ്യുണോ ഗ്ലോബുലിന്‍, പ്ലാസ്മ ചികിത്സ) മരുന്നുകളും (അസിത്രോമൈസിന്‍, ടോസ്ലിസുമാബ്, റെംഡിസിവിര്‍, ആസ്പിരിന്‍, ഹെപ്പാരിന്‍, ഓക്‌സിജന്‍, പ്രെഡ്നിസലോണ്‍, ഡെക്ക്സാമെത്ത സോണ്‍, ക്ലോറോക്ക്വിന്‍, കോള്‍ച്ചിസിന്‍) പലര്‍ക്കും ഗുണകരമായി കണ്ടുവെങ്കിലും നൂറു ശതമാനം ഫലപ്രാപ്തിയുള്ളവയായി അംഗീകരിക്കപ്പെട്ടിട്ടില്ല.
7. കോവിഡ് 19 മൂലം വിവിധ അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളുടെ യഥാര്‍ഥ കാരണം ഊഹങ്ങള്‍ (സൈറ്റോകെയ്ന്‍ സ്റ്റോം, മാക്രോ വാസ്‌ക്കുലാര്‍ ആന്റ് മൈക്രോ വാസ്‌ക്കുലാര്‍ ആന്‍ജിയോപ്പതി പ്ലസ് ത്രോമ്പോസിസ്, ഗട്ട് മൈക്രോബ്‌സ്) മാത്രമായി തുടരുന്നു. ചികിത്സ ഉരുത്തിരിഞ്ഞു വരാത്തതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് കോവിഡ് 19 ന്റെ യഥാര്‍ഥ പത്തോജെനിസിസ് സംശരഹിതമായി കണ്ടെത്താനായിട്ടില്ല എന്ന കാര്യമാണ്.
8. രോഗവ്യാപനപഠന (എപ്പിഡിമോളജി) വിദഗ്ധര്‍ കോവിഡ് 19 ന്റെ രീതികളെ കുറിച്ച് വ്യക്തമായ അഭിപ്രായങ്ങളില്‍ ഇതുവരെ എത്തിയിട്ടില്ല. ലോക്‌ഡൗണ്‍ കൊണ്ടുള്ള ഗുണദോഷം, ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുടെ ഫലപ്രാപ്തി, രോഗവ്യാപനരീതി, രോഗപരിണാമം എന്നിവകളെക്കുറിച്ചൊന്നും അവര്‍ക്ക് വ്യക്തത ഇല്ല.
9. രോഗലക്ഷണം ഉള്ളവര്‍ ടെസ്റ്റ് ചെയ്യണം. ഏറ്റവും വിശ്വാസയോഗ്യമായ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന്റെ ഫലം വരാന്‍ നാലുദിവസം വരെ കാലതാമസമുണ്ട്. അതുവരെ സ്വയം അകലം പാലിച്ചു വീട്ടില്‍ കഴിയണം. നെഗറ്റീവ് ആയാല്‍ കോവിഡ് സാധ്യത ഇല്ല. പോസിറ്റീവ് ആയാല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ (സി.എഫ്.എല്‍.ടി.സി.- ഇപ്പോള്‍ 187 പ്രവര്‍ത്തനത്തില്‍, 742 ഉടനെ സജ്ജമാകും) ഏറ്റവും ചുരുങ്ങിയത് പത്തു ദിവസം വരെ കഴിയണം. ഇത് 45 ദിവസം വരെ ചിലപ്പോള്‍ നീണ്ടു പോയിട്ടുണ്ട്.
10. ലോക്‌ഡൗണ്‍ ഒരു താത്ക്കാലിക നടപടി മാത്രമാണ്. ഒരു ചികിത്സയല്ല. രോഗത്തെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കം നടത്താന്‍ ആ സമയം ഉപകരിക്കും. വേണ്ട മുന്നറിയിപ്പ് നല്‍കി മാത്രമേ ലോക്‌ഡൗണ്‍ പ്രഖ്യാപിക്കാവൂ. അല്ലെങ്കില്‍ വിപരീത ഫലമാവും ഉണ്ടാക്കുന്നത്.
11. സാമൂഹ്യനിയന്ത്രണവും ലോക്‌ഡൗണുമൊക്കെ പ്രഖ്യാപിക്കുന്നതിനോടൊപ്പം സമൂഹത്തിലെ സാധാരണ മനുഷ്യരുടെ ക്ഷേമം ഉറപ്പുവരുത്തണം. ദിവസവരുമാനക്കാരായ അവര്‍ക്ക് വേണ്ട സഹായധനം, റേഷന്‍, ആഹാരസാധനങ്ങള്‍ എന്നിവ വീട്ടില്‍ എത്തിക്കണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോവും.
12. ഏറ്റവും ഉറപ്പുള്ള കാര്യം വീണ്ടും അടിവരയിട്ടു പറയാം. മുഖാവരണം, കൈകഴുകല്‍, സാമൂഹ്യഅകലം കാക്കല്‍ എന്നിവയിലൂടെ കോവിഡ് 19 വ്യാപനത്തിന്റെ ചങ്ങല പൊട്ടിക്കുന്നതു കൊണ്ടു മാത്രമേ ഈ രോഗത്തെ തടഞ്ഞു നിര്‍ത്താനാവു.
ആശ്വാസം നല്‍കുന്ന കാര്യങ്ങള്‍
1. ന്യൂയോര്‍ക്ക്, സ്‌പെയിന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ ആയിരക്കണക്കിന് കോവിഡ് രോഗികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായില്ല. അങ്ങനെ ഉണ്ടാകും എന്നാണ് വ്യാപകമായി നടന്ന ചര്‍ച്ചകളില്‍നിന്ന് പൊതുസമൂഹം ഭയപ്പെട്ടത്.
2. നമ്മുടെ മെഡിക്കല്‍ കോളേജുകളും മറ്റു ആശുപത്രികളും കോവിഡ് രോഗികളെ കൊണ്ടു നിറഞ്ഞു കവിയുന്ന അവസ്ഥയില്‍ എത്തിയില്ല.
3. ഗുരുതരമായ കോവിഡ് രോഗികളുടെ എണ്ണം കൂടി തീവ്രപരിചരണ വിഭാഗത്തില്‍ ബെഡ് ഇല്ലാത്ത സ്ഥിതി വന്നില്ല.
4. അമേരിക്കയിലും യൂറോപ്പിലും സംഭവിച്ചതു പോലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററുകളുടെ അഭാവം മൂലം നമ്മുടെ വയോധികര്‍ക്ക് ചികിത്സാ നിഷേധം ഉണ്ടായില്ല.
5. മൃതദേഹങ്ങള്‍ കുന്നുകൂടി മോര്‍ച്ചറിയില്‍ ഇടമില്ലാതെ വരുകയോ സംസ്‌ക്കാരം നടത്താന്‍ സ്ഥലമില്ലാതെ കൂട്ടമായി മറവ് ചെയ്യുകയോ ഉണ്ടായില്ല.
6. നമ്മുടെ അതിഥി തൊഴിലാളികള്‍ക്കോ, ആദിവാസികള്‍ക്കോ, ലക്ഷംവീട് കോളനി നിവാസികള്‍ക്കോ കോവിഡ് രോഗം പടര്‍ന്നു പിടിച്ചില്ല.
7. ലക്ഷക്കണക്കിന് പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവരും തിരിച്ചു നാട്ടില്‍ എത്തി കോവിഡ് രോഗികളുടെ എണ്ണത്തില്‍ അല്പം വര്‍ധന ഉണ്ടാക്കിയെങ്കിലും പ്രതീക്ഷയില്‍ കവിഞ്ഞ രോഗവ്യാപനം അവര്‍ മൂലം ഉണ്ടായില്ല.
8. മരുന്നുകള്‍ക്കോ ഭക്ഷണത്തിനോ ക്ഷാമം ഉണ്ടായില്ല.വ്യക്തികളുടെയും കുടുംബങ്ങളുടെയും വരുമാനത്തില്‍ വലിയ കുറവ് ഉണ്ടായെങ്കിലും ദാരിദ്ര്യം പടര്‍ന്നു പിടിച്ചില്ല. ജനം പുതിയ മേഖലകള്‍ കണ്ടെത്തി ജീവിതം മുന്നോട്ട് കൊണ്ടു പോയി.
ഇപ്പോള്‍ ശങ്ക ഉണ്ടാക്കുന്ന വസ്തുതകള്‍
1.സമ്പര്‍ക്കത്തിലൂടെ ഉണ്ടാകുന്ന രോഗികളുടെ വര്‍ധന (ജൂലൈ 22 ല്‍ 528) ആശങ്ക ജനിപ്പിക്കുന്നതാണ്. പട്ടാമ്പിയില്‍ ഒരാള്‍ കാരണം നൂറു പേര്‍ക്ക് രോഗം പിടിപെട്ടു. പൂന്തുറ പോലുള്ള സ്ഥലങ്ങളില്‍ ക്ലസ്റ്റേഴ്‌സ് രൂപംകൊണ്ടത് ഇത്തരം മ്പര്‍ക്കത്തിലൂടെയാണ് എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത.
2. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം കൂടിവരുന്നു എന്നത് 17 പേര്‍) ദുഃഖകരമാണ്. നഴ്‌സുമാരും, പി.ജി. റെസിഡെന്റ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരുമാണ് കോവിഡ് 19 മൂലം ഗുരുതരമായിവരുന്ന രോഗികളെ ചികിത്സിക്കുന്ന മുന്നണി പോരാളികള്‍. അവരുടെ കുറവ് ചികിത്സയെ ബാധിക്കും.
3. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പകരം വെക്കാന്‍ അവര്‍ മാത്രമേ ഉള്ളു. ഇപ്പോള്‍ തന്നെ ചികിത്സയുമായി വലിയ ബന്ധമില്ലാത്ത നോണ്‍ ക്ലിനിക്കല്‍ പി.ജി. വിദ്യാര്‍ത്ഥികള്‍, ഡെന്റല്‍ ഡോക്ടര്‍മാര്‍, ഫാര്‍മസി ജീവനക്കാര്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍ എന്നിവരെ രംഗത്തു കൊണ്ടുവന്നു കഴിഞ്ഞു.
4.പുതിയതായി സജ്ജീകരിക്കുന്ന (742 എണ്ണം 69215 കിടക്ക) സി.എഫ്.എല്‍.ടി.സി. കളിലേക്ക് ആരോഗ്യ പ്രവര്‍ത്തകരെ കണ്ടെത്തി വിന്യസിപ്പിക്കണം.
5.കണ്ണൂര്‍, വയനാട് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ കോവിഡ് ആശുപത്രികള്‍ ആക്കി മാറ്റുന്നു. കാസറഗോഡ് ടാറ്റയുടെ 540 കിടക്കകള്‍ ഉള്ള കോവിഡ് ആശുപത്രി വരുന്നു. ഇവിടെയും ആരോഗ്യപ്രവര്‍ത്തകര്‍ വേണം.
6. ജില്ലാ കളക്ടര്‍മാര്‍ തയ്യാറാക്കിയിട്ടുള്ള 'സര്‍ജ് പ്ലാന്‍' (രോഗികള്‍ പതിനായിരവും ഇരുപതിനായിരവും ആവുമ്പോള്‍ ഓരോ ജില്ലയും സ്വീകരിക്കേണ്ട നടപടികള്‍) നടപ്പില്‍ വരുത്താന്‍ വേണ്ട ആരോഗ്യ പ്രവര്‍ത്തകരെ കണ്ടെത്തി പരിശീലിപ്പിക്കണം.
എന്താണ് നമ്മുടെ മുന്നിലുള്ള പരിഹാരം
1. ജനുവരി മുതല്‍ ജൂലായ് വരെ തുടരെയുള്ള ഡ്യൂട്ടി ആരോഗ്യപ്രവര്‍ത്തകരെ ശാരീരികമായും മാനസികമായും വല്ലാതെ തളര്‍ത്തിയിട്ടുണ്ട് എന്ന വസ്തുത കാണാതിരിക്കരുത്. അവര്‍ക്ക് ഒരു വിശ്രമ കാലം വേണം. ഡ്യൂട്ടി കഴിഞ്ഞുള്ള ഓഫ് മാത്രം പോരാ. ഇപ്പോള്‍ രോഗികള്‍ മാത്രമേ കോവിഡ് 19 ന്റെ പിരിമുറുക്കം മൂലം ജീവിതം അവസാനിപ്പിക്കുന്നുള്ളൂ.
2. പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തന സജ്ജരായി രംഗത്ത് വരില്ല. അവര്‍ക്ക് വേണ്ട അറിവും ഡിഗ്രിയും പരിശീലനവും എല്ലാം വേണം. ഹൗസ്‌സര്‍ജന്‍സി ഒരു വര്‍ഷമാണ്. അവരാണ് ഭാവിയിലെ ഡോക്ടര്‍മാരും മെഡിക്കല്‍ കോളേജുകളിലെ ഇന്‍ഫന്ററി പോരാളികളും. അവരോടൊപ്പം നഴ്‌സുമാരും നഴ്‌സിങ്ങ്-പാരാമെഡിക്കല്‍ വിദ്യാര്‍ഥികളും ജീവനക്കാരും പി. ജി. റെസിഡെന്റ് ഡോക്ടര്‍മാരും അണിനിരക്കുമ്പോഴാണ് പ്രതിരോധം ശക്തി നേടുന്നത്.
വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളേജില്‍ തിരിച്ചു വിളിച്ചു കോഴ്‌സ് പൂര്‍ത്തിയാക്കി പരീക്ഷ നടത്തിയില്ലെങ്കില്‍ ആറു മാസം കഴിഞ്ഞ് ഇപ്പോള്‍ ഉള്ളവര്‍ പോവുമ്പോള്‍ ഹൗസ്‌സര്‍ജന്‍മാരും നഴ്‌സുമാരും, ഫാര്‍മസിസ്റ്റുമില്ലാത്ത ആശുപത്രികളാകും മെഡിക്കല്‍ കോളേജുകള്‍. പ്രാഥമിക ചികിത്സയ്ക്ക് അപ്പോള്‍ പ്രയാസം നേരിടും. അതുകൊണ്ട് എത്ര യും വേഗം മെഡിക്കല്‍ കോളേജില്‍ പഠനം വീണ്ടും ആരംഭിക്കണം.
3.ഡ്യൂട്ടിയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സംരക്ഷണം നല്‍കണം. എന്‍ 95 മാസ്‌ക്, പി.പി.ഇ. കിറ്റ്, ഫേസ്ഷീല്‍ഡ്, തെര്‍മല്‍ സ്‌കാനര്‍, ഓക്‌സിജന്‍ സാച്ചുറേഷന്‍ അനലൈസര്‍ എന്നിവയെങ്കിലും ആവശ്യാനുസരണം നല്‍കണം. ഇന്‍സെന്റീവ് ഒന്നും കൊടുത്തില്ലെങ്കിലും സാരമില്ല. അവരുടെ ജീവന്‍ രക്ഷിച്ചാല്‍ മതി.
4. കോവിഡ് 19 രോഗമുക്തി നേടിയവരെ സി.എഫ്.എല്‍. ടി.യില്‍ ബോധവത്ക്കരണത്തിനും രോഗീപരിചരണത്തിനും പ്രയോഗിക പരിശീലനം നല്‍കി ആശാവര്‍ക്കര്‍ക്കും നഴ്‌സുമാര്‍ക്കും കൂട്ടായി നിയോഗിക്കണം. ഡോക്ടര്‍മാരെ അത്യാവശ്യം കാര്യ ങ്ങള്‍ക്ക് മാത്രമേ അവിടെ വിളിക്കാവൂ. അപ്പോള്‍ നല്ല ശതമാനം ഡോക്ടര്‍മാര്‍ക്ക് ആശുപത്രിയില്‍ ശ്രദ്ധി ക്കാനാവും.
5. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഗുരുതരമായ രോഗികളെ ചികില്‍സിക്കാന്‍ മാത്രമായി പരിമിതപ്പെടുത്തണം. അവരുടെ വിലപ്പെട്ട സമയം മറ്റു കാര്യങ്ങള്‍ക്കായി പാഴാക്കരുത്. കോവിഡ് 19 രോഗ ചികിത്സയില്‍ പൂര്‍ണ സ്വാതന്ത്ര്യം കോവിഡ് നോഡല്‍ ഡോക്ടര്‍ക്കും ടീമിനും നല്‍കണം.
6. കോവിഡ് 19 ചികിത്സയില്‍ ആറു മാസത്തെ പരിചയം മാത്രമേ ലോകത്ത് എവിടെയുമുള്ള ഡോക്ടര്‍മാര്‍ക്കുള്ളു. അതുകൊണ്ട് കോവിഡ് 19 മൂലം ഗുരുതരമാകുന്ന രോഗികളുടെ മരണം ഒഴിവാക്കാന്‍ അവര്‍ക്ക് സാധിച്ചെന്നു വരില്ല. ഈ യാഥാര്‍ഥ്യം കോവിഡ് 19 രോഗികളുടെ ബന്ധുക്കള്‍ എല്ലാവരും മനസ്സിലാക്കിയാല്‍ കോവിഡ് മൂലം ഉണ്ടാകുന്ന ഒഴിവാക്കാനാവാത്ത വേര്‍പാടുമായി പൊരുത്തപ്പെടാന്‍ പെട്ടന്ന് കഴിയും. കോവിഡ് 19 വാര്‍ഡുകളില്‍ ജീവന്‍ പണയം വെച്ച് അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട പിന്തുണയും പ്രോത്സാഹനവും എല്ലാവരും നല്‍കണം.
അവസാനം എന്തൊക്കെ പറഞ്ഞാലും എഴുതിയാലും കോവിഡ് 19 ന് ഏറ്റവും ഉത്തമം പ്രതിരോധം തന്നെയാണ്.
ഈ വര്‍ഷം രോഗം വരാതെ പരമാവധി ശ്രദ്ധിക്കുക. ആഘോഷങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി വെക്കുക. ഇപ്പോള്‍ ഉള്ള ബാങ്ക് ബാലന്‍സില്‍ തൃപ്തരാകുക. മാസ്‌ക് കൊണ്ട് വായും മൂക്കും മറയ്ക്കുക. കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. തിരക്കില്‍ പെടാതെ സാമൂഹ്യ അകലം പാലിക്കുക. യാത്രകളും പൊതുചടങ്ങുകളും ഒഴിവാക്കുക. ഉള്ളതുകൊണ്ട് സന്തോഷത്തോടെ, തൃപ്തിയോടെ ജീവിക്കുക.
(കോട്ടയം ഗവ.മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം മുന്‍ തലവനും പ്രൊഫസറുമാണ് ലേഖകന്‍)
Content Highlights: Corona Virus Covid19 community spread has begun; what Kerala needs to do next, Health