എനിക്ക് കിട്ടാത്തത് എല്ലാം ഞാൻ അവന് കൊടുക്കേണ്ടതില്ല, 'ടിന്റുവിന്റെ അമ്മ' ആകരുത് മാതാപിതാക്കൾ


ഡോ.റോബിൻ കെ മാത്യു , ബിഹേവിയറൽ സൈക്കോളജിസ്റ്റ്

Representative Image| Photo: Canva.com

കഴിഞ്ഞദിവസം ഒരു ഭക്ഷണശാലയിൽ പോവുകയുണ്ടായി. എല്ലാവരും ഭക്ഷണം കഴിക്കുകയാണ്. നല്ല നിശബ്ദത. എന്നാൽ ഒരു യുവതി തന്റെ മൂന്നു വയസ്സുള്ള കുട്ടിക്ക് മൊബൈൽ ഫോണിൽ കാർട്ടൂൺ വലിയ ശബ്ദത്തിൽ വെച്ചുകൊടുത്തിരിക്കുകയാണ്. ആ ശബ്ദം ആ മുറിയിൽ എല്ലാവരെയും അലോസരപ്പെടുത്തുന്നുണ്ട്. വിദ്യാസമ്പന്നയായ ആ അമ്മ യാന്ത്രികമായി കുട്ടിയുടെ വായിലേക്ക് ഭക്ഷണം തള്ളിക്കയറ്റി കൊണ്ടിരിക്കുന്നു.

ഇവിടെ ഇവർ ഉണ്ടാക്കിയ സാമൂഹികമായ ദ്രോഹം അവിടെ നിൽക്കട്ടെ. തന്റെ കുട്ടിയോട് അവർ ചെയ്യുന്ന ദ്രോഹത്തെക്കുറിച്ചെങ്കിലും ഇവർ മനസ്സിലാക്കിയിരുന്നെങ്കിൽ.

ഭക്ഷണം യാന്ത്രികമായി ഉള്ളിലേക്ക് ചെല്ലേണ്ട ഒന്നല്ല എന്നും പല ഇന്ദ്രിയങ്ങളിൽ നിന്ന് കിട്ടുന്ന സിഗ്നലിന്റെ ആകെതുകയായി ആസ്വദിക്കേണ്ട ഒന്നാണെന്നും അത് കഴിക്കുമ്പോൾ പാലിക്കേണ്ട ശാരീരികവും സാമൂഹികവും മാനസികവുമായ മര്യാദകൾ എല്ലാമുണ്ട് എന്നുള്ളതുമെല്ലാം അവർ ഇവിടെ വിസ്മരിക്കുകയാണ്.

കഴിക്കുന്ന ഭക്ഷണത്തിന്റെ നിറം, താപനില, ഗന്ധം, ചുറ്റുമുള്ള ശബ്ദങ്ങൾ തുടങ്ങിയ അനേകം കാര്യങ്ങൾ നമ്മുടെ ഭക്ഷണത്തിന്റെ ആസ്വാദനത്തെ ബാധിക്കുമെന്ന് ഓർക്കുക. തീർച്ചയായും ഇത് ദഹനത്തെയും ബാധിക്കും. മാത്രമല്ല മറ്റൊരു പ്രവർത്തിയിൽ‌ ഏർപ്പെട്ടിരിക്കുമ്പോൾ തങ്ങളുടെ വായിലേക്ക് ബലമായി കൊണ്ടെത്തിക്കുന്ന എന്തിനെയും മസ്തിഷ്കം ചെറുക്കാൻ ശ്രമിക്കും. പ്രത്യേകിച്ച് മൂക്കും വായും അടുത്തിരിക്കുന്നതുകൊണ്ട്, ഈ ബലപ്രയോഗം നമ്മുടെ ജീവന് നേരെയുള്ള ഒരു ഭീഷണിയായിട്ടാണ് മസ്തിഷ്കം കാണുന്നത്.

Also Read

ആർത്തവ വേദനയ്ക്ക് മരുന്ന് കഴിക്കുന്നത് ...

അമിതവണ്ണം, അമിതക്ഷീണം, ഉറക്കക്കുറവ്; തിരിച്ചറിയാതെ ...

തലവേദനയ്ക്ക് പിന്നിൽ പല കാരണങ്ങളുണ്ടാകാം, ...

തൊണ്ടയുടെയും മൂക്കിന്റെയും ചെവിയുടെയും ...

Premium

കോവിഡ് ഭീതിയിൽ രാജ്യങ്ങൾ, ഭീഷണിയായി പുതിയ ...

കുട്ടി ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നില്ല എന്ന പരാതിയുമായി ഒരുപാട് അമ്മമാർ എത്താറുണ്ടെന്ന് പല ശിശുരോഗവിദഗ്ധരും പറയാറുണ്ട്. കുട്ടിയെ കണ്ടിട്ട് ഒരു കുഴപ്പവും തോന്നുന്നില്ല. പരിശോധനകൾ തൃപ്തികരം. കുട്ടിയുടെ ഭക്ഷണ ക്രമം ചോദിച്ചറിയുമ്പോൾ കാര്യങ്ങളുടെ കിടപ്പ് ഡോക്ടർക്ക് മനസ്സിലാകും. അഞ്ചു വയസ്സുള്ള കുട്ടിയെ കൊണ്ട് അവർ കൗമാരക്കാർ കഴിക്കുന്ന അത്രയും ഭക്ഷണം കഴിപ്പിക്കും. അതും കുട്ടിയുടെ പുറകെ നടന്നു വായിലേക്ക് തള്ളി കയറ്റുകയാണ്. കുട്ടി എത്ര കഴിച്ചാലും അത് പോരാ എന്ന ചിന്തയാണ് ഇക്കൂട്ടർക്ക്.

ഇന്ത്യയിലെ കുട്ടികളുടെയും കൗമാരക്കാരുടെയും ആദ്യത്തെ ദേശീയ പോഷകാഹാര സർവ്വേ നടത്തിയവർ രണ്ടു തരത്തിലുള്ള ചിത്രങ്ങളാണ് കണ്ടത്. ഒരു വശത്തു ലക്ഷകണക്കിന് കുട്ടികൾ പോഷകാഹാരക്കുറവുകൊണ്ട് കഷ്ടപെടുന്നവരാണ്. പക്ഷെ മറുവശത്ത് പ്രമേഹം, രക്തസമ്മർദ്ദം, വിട്ടുമാറാത്ത വൃക്കരോഗം തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ (എൻസിഡി) വർധിച്ചുവരുന്ന അപകടസാധ്യതയാണ് അവർ കണ്ടത്.

2019 ഒക്‌ടോബർ 8-ന് പുറത്തിറങ്ങിയ സർക്കാരിന്റെ സമഗ്ര ദേശീയ പോഷകാഹാര സർവേ (സിഎൻഎൻഎസ്) പ്രകാരം 5 മുതൽ 9 വയസ്സ് വരെ പ്രായമുള്ള 10 കുട്ടികളിൽ ഒരാൾ പ്രീഡയബറ്റിക്കും 1% ഇതിനകം പ്രമേഹരോഗികളുമായിരുന്നു. 5 -19 വയസ്സിനിടയിലുള്ള ഏകദേശം 5% കുട്ടികളും കൗമാരക്കാരും അമിതഭാരമുള്ളവരാണെന്നും സർവേ കണ്ടെത്തി.

ഡ്രോൺ പേരന്റിംഗ്

അണുകുടുംബങ്ങളിൽ ഇപ്പോൾ കാണുന്ന മറ്റൊരു പ്രത്യേകതയുണ്ട്. ഒരു കുട്ടി മാത്രമുള്ള അമ്മമാർ ആ കുട്ടിയാണ് തങ്ങളുടെ ലോകം എന്ന് കരുതുന്ന അവസ്ഥ. സോഷ്യൽ മീഡിയയിലൂടെ തന്നെ ഇവർ ഇത് വിളംബരം ചെയ്യുന്നു. ഉദാഹരണം കുട്ടിയുടെ പേര് 'ടിന്റു' എന്നാണെന്ന് വിചാരിക്കുക. പലപ്പോഴും ഇത്തരത്തിലുള്ള അമ്മമാർ സാമൂഹികമാധ്യമ പ്രൊഫൈലിൽ "ടിന്റുവിന്റെ അമ്മ" എന്നാണ് ഐഡന്റിറ്റി വ്യക്തമാക്കുക.

ഓർക്കുക ഇതൊക്കെ ഏതെങ്കിലും ഒരു സെലിബ്രിറ്റിയായ കുട്ടിയുടെ അമ്മ സ്വയം പരിചയപ്പെടുത്തുന്നത് അല്ല. അങ്ങനെയാണെങ്കിൽ കൂടി ഓരോ വ്യക്തിക്കും സ്വയം ഒരു വ്യക്തിത്വം ഉണ്ട് എന്നു വിസ്മരിക്കുകയും ചെയ്യരുത്.

രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മ എന്ന ഐഡന്റിറ്റി മാത്രമേ തനിക്കുള്ളൂ എന്നു കരുതുന്ന ഒബ്സസ്ഡ് ആയിട്ടുള്ള അമ്മമാർ അവരുടെ കുടുംബത്തോടും കുട്ടിയോടും ചെയ്യുന്നത് വലിയ ദ്രോഹമാണ്.

ഈ ചിന്ത കുട്ടികളിൽ വ്യക്തമായി തന്നെ പർവ്വതീകരിച്ച അഹംബോധം ഉണ്ടാക്കുന്നുണ്ട്. താൻ എന്ന സൂര്യനും തനിക്ക് ചുറ്റും കറങ്ങുന്ന ചില ഗ്രഹങ്ങളും മാത്രമാണ് തന്റെ കുടുംബം എന്നും താനാണ് അവരുടെ ലോകത്തിലെ കേന്ദ്രബിന്ദു എന്നും തനിക്കുവേണ്ടിയാണ് അവർ ജീവിക്കുന്നത് എന്നും താൻ ഇല്ലാതെ അവർക്ക് ഒരു ജീവിതം ഇല്ല എന്നുമുള്ള ചിന്ത കുട്ടികളിൽ ഉണ്ടാകുന്നു. അവരുടെ ജീവിതത്തിലെ ആദ്യത്തെ ചുവടുവെപ്പാണ് ഇത്. ഈ പ്രാധന്യം തന്നെ അവർ സമൂഹത്തിലെ മറ്റു സ്ഥലങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു. ഒന്നോർക്കുക നിങ്ങളുടെ കുട്ടി എന്ന് പറയുന്നത് നിങ്ങൾക്ക് മാത്രമാണ് കുട്ടി.

കുട്ടിക്ക് വേണ്ട കരുതലും പരിലാളനയും സ്നേഹവും വാൽസല്യവും എല്ലാം നല്ല രീതിയിൽ വാരിക്കോരി കൊടുക്കുക . പക്ഷെ നിങ്ങൾ എന്ന വ്യക്തിക്ക് ആദ്യം പ്രാധാന്യം കൊടുക്കണം. അവരാണ് നമ്മുടെ ലോകം എന്ന ചിന്ത കുട്ടിക്ക് ഒരു തരത്തിലും ഉണ്ടാകരുത്.

കുട്ടിയെ ഇടംവലം തിരിയാൻ അനുവദിക്കാതിരിക്കുകയും അവരുടെ എല്ലാ ചലനങ്ങളും നിയന്ത്രിക്കുകയുമൊക്കെ ചെയ്യുന്ന അമ്മമാരുടെ ഈ ഒബ്സഷൻ കുട്ടിയുടെ ജീവിതത്തിൽ പലപ്പോഴും ഒരു ചൈൽഡ് അബ്യൂസ് പോലെ പരിവർത്തിക്കാറുണ്ട്. ഡ്രോൺ പേരന്റിങ് അല്ലെങ്കിൽ ഹെലികോപ്റ്റർ പേരന്റിങ് എന്നതാണ് ഇതിന്റെ ഓമനപ്പേര്.

ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നിസ്സാരമല്ല.' ഇമോഷണൽ/ കോവേർട്ട് ഇൻസെസ്റ്റ്' എന്നാണ് ഇതിനെപ്പറ്റി പറയുന്നത് .നിങ്ങളുടെ കയ്യിലിരിക്കുന്ന മൊബൈൽ ഫോൺ കുട്ടിയെ നിയന്ത്രിക്കാൻ ഉപയോഗിക്കുമ്പോൾ ഉണ്ടാക്കുന്ന പ്രശ്ങ്ങൾ ഉൾപ്പെടെ ഡിജിറ്റൽ ലോകത്തിലെ നമ്മുടെ ഓരോരുത്തരുടെയും രൂപാന്തരത്തെയും കുറിച്ച് "സൈബർ പരകായ പ്രവേശം" എന്ന പുസ്തകത്തിലും ,കുട്ടികളെ മാതാപിതാക്കന്മാർ അറിഞ്ഞോ അറിയാതെയോ അബ്യുസ് ചെയ്യുന്നതിനെ കുറിച്ചു "ഡിജിറ്റൽ നാഗവല്ലിമാർ" എന്ന പുസ്തകത്തിലും വിശദമായി വിവരിക്കുന്നുണ്ട്.

എനിക്ക് കിട്ടാത്തത് എല്ലാം ഞാൻ അവനു കൊടുക്കും

തിയറി ഓഫ് യൂട്ടിലിറ്റിയെ പറ്റി നിങ്ങൾ കെട്ടിട്ടുണ്ടാവും. അതായത് ഒരു വസ്തുവോ സേവനമോ ഭക്ഷണമോ ഒക്കെ ഉപയോഗിക്കുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷവും സംതൃപ്തിയുമാണ് ഇതിൽ പറയുന്നത്. അതിൽ വ്യക്തമായി പറയുന്ന കാര്യം ഇതാണ്. ഇന്ന് നിങ്ങൾ ഒരു ഐസ്ക്രീം കഴിച്ചാൽ കിട്ടുന്ന സന്തോഷം എത്രയാണോ അതിലും ഏതാനും ശതമാനം കുറവായിരിക്കും നാളെ അതേ ഐസ്ക്രീം കഴിച്ചാൽ ലഭിക്കുന്നത്.സെക്‌സ് ഉൾപ്പെടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഇത് ബാധകമാണ് എന്നുള്ളതാണ് സത്യം.

കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ നാലു വയസ്സുള്ള മകന് കളിക്കാൻ കൊടുത്തിരിക്കുന്നത് അയാളുടെ ഒന്നരലക്ഷം രൂപയുടെ ഫോൺ ആണ്.

നാലു വയസിൽ അവനു ഒന്നര ലക്ഷം രൂപയുടെ ഫോൺ വെച്ച് കളിക്കാൻ സാധിക്കുമ്പോൾ 16 വയസ്സ് ആകുമ്പോൾ അവൻ ആഗ്രഹിക്കുന്ന ഫോൺ ഒരിക്കലും പതിനായിരം രൂപയുടെ ഫോൺ ആയിരിക്കില്ല എന്നുള്ളതാണ് സത്യം. എത്ര ഭീകരമായിരിക്കും അവൻറെ മാനസികാവസ്ഥ അല്ലെങ്കിൽ, അവനെ താങ്ങേണ്ടി വരുന്ന അവൻറെ മാതാപിതാക്കന്മാരുടെ അവസ്ഥ ?

വേറൊരു ബന്ധു പറഞ്ഞതാണ് അയാളുടെ ഏഴു വയസുള്ള മകൻ വല്ലാത്ത ആഗ്രഹം പറഞ്ഞതുകൊണ്ട് അയാൾ ഒരു ബിഎംഡബ്ല്യൂ കാർ വാങ്ങി അത്രേ. മേൽപ്പറഞ്ഞ രണ്ടുപേരും മിഡിൽക്ലാസ് ആൾക്കാർ മാത്രമാണ്. ഗൾഫിൽ ജോലി ഉണ്ടെന്നു മാത്രം .

ഈ BMW ക്കാരൻ ഒരിക്കലും മകനോട് പറയാൻ പാടില്ലായിരുന്നു .നിൻറെ ആഗ്രഹം കൊണ്ടാണ് ഞാൻ ഈ കാർ വാങ്ങിയതെന്ന്.

Developmental task എന്നുപറഞ്ഞ ഒരു മനശാസ്ത്ര സിദ്ധാന്തമുണ്ട്. ഓരോ പ്രായത്തിലും കുട്ടികൾ ഘട്ടംഘട്ടമായി ആർജിച്ചെടുക്കേണ്ട സാമൂഹികപരമായുള്ള, മനശാസ്ത്രപരമായ കഴിവുകൾ. അതുപോലെ തന്നെയാണ് സന്തോഷങ്ങളും നേട്ടങ്ങളും. അത് ഘട്ടംഘട്ടമായി ഉണ്ടാവേണ്ടതാണ്.

അതായത് സ്ലേറ്റിൽ എഴുതേണ്ട പ്രായത്തിൽ കുട്ടിക്ക് ഷിഫർസ് പേന കൊടുത്താൽ പിന്നെ എന്ത് കിട്ടിയാൽ ആയിരിക്കും അവനു പിന്നീട് സന്തോഷമുണ്ടാവുക?

ലോക പ്രശസ്തമായ കേർണൽ, ഹാർവാർഡ് തുടങ്ങിയ സർവകലാശാലയിൽ പഠിച്ചു വന്ന രത്തൻ ടാറ്റാക്ക് ടാറ്റ കമ്പനി കൊടുത്തത് മാനേജർ പോസ്റ്റ് അല്ല .ടാറ്റാ കെമിക്കൽസിൽ വെറും ഫ്ലോർ സൂപ്പർവൈസർ ആയിട്ടാണ്. ഐപിഎസ് കിട്ടുന്ന ആൾക്ക് ആദ്യം കൊടുക്കുന്ന പദവി എസ് പി ആയിട്ടല്ല. അവരെ ഒരു പോലീസ് സ്റ്റേഷൻ ചാർജുള്ള SHO ആയിട്ടാണ് ആദ്യം നിയമിക്കുക. അതുപോലെ ഐഎസ് കാർ വില്ലേജ് ഓഫീസറുടെ പണി മുതൽ പഠിച്ചു വരുന്നുണ്ട്.

കേരളത്തിലെ പല ആൾക്കാരും സാമ്പത്തിക ശേഷി കുറഞ്ഞ ബാക്ക്ഗ്രൗണ്ടിൽ നിന്ന് വന്നത് ആയതുകൊണ്ട് തന്നെ അവരെല്ലാം പറയുന്ന ഒരു കാര്യമുണ്ട്. ഞങ്ങളുടെ ചെറുപ്പത്തിൽ എനിക്ക് ഇതൊന്നും കിട്ടിയില്ല. അതുകൊണ്ട് ഞങ്ങൾ എല്ലാവിധ സൗഭാഗ്യങ്ങളും ഞങ്ങളുടെ കുട്ടികൾക്ക് കൊടുക്കും.

പോസ്റ്റ് ഒളിമ്പിക്സ് ഡിപ്രെഷൻ എന്ന് പറയുന്ന ഒരു അവസ്ഥ ഉണ്ട്. ഒളിമ്പിക്സ് ആരവങ്ങളും സൗഹൃദങ്ങളും ഉത്സവത്തിമിർപ്പും, ഹർഷാരവങ്ങളും സ്വീകരണങ്ങളും സ്നേഹങ്ങളും വിരുന്നുകളും എല്ലാം കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ സ്പോർട്സ് താരങ്ങൾക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. പലരും വിഷാദരോഗത്തിലേക്ക് വഴുതിവീഴാറുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് സന്തോഷങ്ങളുടെ ഒരു പെരുമഴ ഒരുമിച്ചു വന്നു കഴിഞ്ഞു, അതു തീരുമ്പോൾ നമ്മുടെ മനസ്സ് പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ ശൂന്യമാകും.

കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ ഉൾപ്പെടെ എന്ത് തെരഞ്ഞെടുക്കുമ്പോഴും ബോധപൂർവ്വമായി അത് ലിമിറ്റ് ചെയ്യുക. അവൻറെ പ്രായത്തിൽ ഉള്ളത് മാത്രം കൊടുക്കുക നിങ്ങളുടെ പോക്കറ്റിന് ചേർന്നതല്ല.

ആഗ്രഹിച്ച ഫോൺ കിട്ടാത്തതുകൊണ്ട് മാത്രം ആത്മഹത്യ ചെയ്ത എത്ര കുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവസാനമായി കേട്ടത് ഒരു സൈക്കോളജിസ്റ്റ് പറഞ്ഞ സംഭവമാണ്. 16 വയസ്സുള്ള മകനു വേണ്ടി ഫോൺ മേടിക്കാൻ വേണ്ടി അമ്മ കടയിൽ ചെന്നു. അവൻറെ പിയർ ഗ്രൂപ്പ്- അതായത് സമപ്രായക്കാർക്ക് ഉള്ള ഫോണിൻറെ നിലവാരമാണ് അവൻ കടയിൽ ചെന്ന് ചോദിച്ചത്. അമ്മ താലി പണയം വച്ചാണ് ഫോണിനുള്ള പൈസ ഉണ്ടാക്കിയത്. അമ്മ കൈയിലുള്ള പണം വെച്ച് ഒരു ഫോൺ വാങ്ങി. പക്ഷേ അവൻ ആഗ്രഹിച്ച പ്രത്യേകതകൾ ഉള്ള ഫോൺ അല്ലായിരുന്നു. വീട്ടിൽ ചെന്നപ്പോൾ അവൻ കതക് അടച്ചു തൂങ്ങിമരിക്കുകയായിരുന്നു. നമ്മുടെ കുട്ടികളെ അറിഞ്ഞുകൊണ്ട് ഈ അവസ്ഥയിലേക്ക് തള്ളിവിടരുത്.

Content Highlights: common parenting mistakes to avoid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented