ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, ടൈപ് 2 ഡയബെറ്റിസ് തുടങ്ങി പല രോഗങ്ങള്‍ക്കും കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ ശമനം നല്‍കുന്നുണ്ടെങ്കിലും ഇതിനു പിന്നിലെ രഹസ്യം ശാസ്ത്ര ലോകത്തിന് അവ്യക്തമായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ പഠനങ്ങൾ അനുസരിച്ച് കോശങ്ങള്‍ക്കുള്ളിലെ റെഗുലേറ്ററി പ്രോട്ടീന്‍ മൈറ്റോകോണ്‍ട്രിയയിലേക്ക് കടത്തിവിടുന്നതില്‍ കഫീന്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഒപ്പം ഹൃദയകോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

PLOS Biology എന്ന ജര്‍മന്‍ മാഗസിനില്‍ ഒരുകൂട്ടം ഗവേഷകര്‍ ചേര്‍ന്നെഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തല്‍. ദിവസം നാല് കപ്പ് കാപ്പി കുടിക്കുമ്പോഴാണ് ഇത്തരത്തിലൊരു 'കഫീന്‍ സംരക്ഷണം' സാധ്യമാകുന്നതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

നാല് കപ്പ് കാപ്പി ശരീരത്തിലെത്തുന്നതിന്റെ ഫലമായി മൈറ്റോകോണ്‍ട്രിയ കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കുകയും രക്തക്കുഴലുകളിലെ എന്റോതീലിയല്‍ (endothelial cells) കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത കൂടുകയും ചെയ്യുന്നു. 

കഫീന്‍ ഉപയോഗിക്കുന്നതിലൂടെ ഉദ്ദീപിപ്പിക്കപ്പെടുന്ന പി27 പ്രോട്ടീന്‍ ഹൃദയ കോശങ്ങളില്‍ വലിയ അളവില്‍ കാണപ്പെടുന്നു. ഒപ്പം മൈറ്റോകോണ്‍ട്രിയല്‍ പി27 എന്റോതീലിയല്‍ കോശങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നു. തല്‍ഫലമായി ഹൃദയ പേശീ കോശങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാവുകയും ഫൈബ്രോബ്ലാസ്റ്റുകള്‍ (fibroblasts) കണ്‍ട്രാക്ടില്‍ ഫൈബറുകളാവുന്ന (contractile fibre) പ്രക്രിയ കൂടുതല്‍ വേഗത്തിലാവുകയും ചെയ്യുന്നു.

Content Highlights: Coffee and caffeine to protect heart