അമ്മയോട് അവസാനയാത്ര പറയാൻ നാട്ടിലെത്തിയ ജാസ്മിന്റെ കാൻസർ ഭേദമായ കഥയറിയാം


ജെസ്‌ന ജിന്റോ

കാന്‍സറിനുള്ള പുതിയ മരുന്ന് സംയുക്ത പരീക്ഷണത്തിന് വിധേയ ആയി 100 ശതമാനവും രോഗമുക്തി നേടിയ കോട്ടയം സ്വദേശിനി ജാസ്മിന്‍ ഡേവിഡ് സംസാരിക്കുന്നു

ജാസ്മിൻ ഭർത്താവ് ഡേവിഡ്, മക്കളായ റിയാനും റിയോണയ്ക്കുമൊപ്പം

''ദൈവത്തില്‍ ആശ്രയിച്ചിട്ടുള്ള എന്റെ തീരുമാനമായിരുന്നു എല്ലാം. ലോകത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാമെന്നാണ് ഞാന്‍ കരുതിയത്. അവര്‍ക്ക് എന്നിലൂടെ എന്തെങ്കിലും കണ്ടെത്താന്‍ കഴിയട്ടെ. ഇനി അഥവാ ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഭാവിതലമുറയ്ക്ക് വേണ്ടി എന്നെക്കൊണ്ട് പറ്റുന്നതുപോലെ ഒരു സഹായം. ഇത് മാത്രമാണ് ഞാന്‍ പ്രതീക്ഷിച്ചത്." -കാന്‍സറിനുള്ള പുതിയ മരുന്ന് സംയുക്ത പരീക്ഷണത്തിന് വിധേയയായി 100 ശതമാനവും രോഗമുക്തി നേടിയ കോട്ടയം സ്വദേശിനി ജാസ്മിന്‍ ഡേവിഡിന്റെ വാക്കുകളാണിത്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ താമസിക്കുന്ന ജാസ്മിന് 2017 നവംബറിലാണ് ഗുരുതരമായ ട്രിപ്പിള്‍ നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സര്‍(ടി.എന്‍.ബി.സി.) കണ്ടെത്തിയത്. തുടര്‍ന്ന് ആറ് മാസം നീളുന്ന കീമോ തെറാപ്പി, സര്‍ജറി, റേഡിയേഷന്‍ തുടങ്ങിയ ചികിത്സാ രീതികളിലൂടെയെല്ലാം ജാസ്മിന്‍ കടന്നുപോയി. പിന്നീട് 2019 വരെ കുഴപ്പങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, വീണ്ടും ശരീരം കാന്‍സറിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. ഇത്തവണ ശ്വാസകോശം, ലിംഫ് ഗ്രന്ഥികള്‍, ചെസ്റ്റ് ബോണ്‍ എന്നിവിടങ്ങളിലേക്കെല്ലാം രോഗം വ്യാപിച്ചിരുന്നു. കേവലം 10 മാസം മാത്രമാണ് ജാസ്മിന് വൈദ്യലോകം ആയുസ്സ് വിധിച്ചത്.

''രോഗം കണ്ടെത്തിയ ആദ്യകാലങ്ങളില്‍ വളരെ ആത്മവിശ്വാസമുള്ള ഡോക്ടര്‍മാരെയാണ് ഞാന്‍ കണ്ടത്. എന്നാല്‍, ഇത്തവണ അങ്ങനെയായിരുന്നില്ല. ആത്മവിശ്വാസം പൂര്‍ണമായും ഇല്ലാതായ മെഡിക്കല്‍ സംഘത്തെയാണ് ഞാന്‍ അഭിമുഖീകരിച്ചത് പിന്നെ രണ്ട് വഴിയാണ് എനിക്ക് മുമ്പില്‍ ഉണ്ടായിരുന്നത്. ഒന്ന് പരമ്പരാഗത രീതിയിലുള്ള ചികിത്സാ രീതികള്‍ തുടരുക. രണ്ട് പുതിയതായ എന്തെങ്കിലും മരുന്ന് പരീക്ഷണത്തിന് നിന്ന് കൊടുക്കുക എന്നതായിരുന്നു അത്. ഞാന്‍ രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുത്തത്''- ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.

നടപടി ക്രമങ്ങള്‍

മരുന്ന് പരീക്ഷണത്തിന് സമ്മതമറിയിച്ചപ്പോള്‍ രണ്ട് വര്‍ഷത്തേക്കുള്ള ഒരു കരാറാണ് മരുന്നു കമ്പനിയുമായും ആശുപത്രിയുമായി ഉണ്ടാക്കിയത്. എപ്പോള്‍ വേണമെങ്കിലും പരീക്ഷണം മതിയാക്കി തിരിച്ചുപോരാന്‍ കഴിയുന്ന, സമ്പൂര്‍ണ സ്വാതന്ത്ര്യമുള്ള കരാര്‍ ആയിരുന്നു അത്. യു.കെ. സര്‍ക്കാര്‍ നേരിട്ടാണ് മരുന്ന് പരീക്ഷണം നടത്തിയത്. അതുവരെ മൃഗങ്ങളില്‍ മാത്രമാണ് ഈ മരുന്ന് പരീക്ഷിച്ചിരുന്നത്. ആദ്യമായി ഈ മരുന്ന് പരീക്ഷിക്കാന്‍ തിരഞ്ഞെടുത്ത മനുഷ്യന്‍ ജാസ്മിന്‍ ആയിരുന്നു. യു.കെ. സര്‍ക്കാരിന് കീഴിലുള്ള മാഞ്ചസ്റ്ററിലെ ദ ക്രിസ്റ്റി എന്‍.എച്ച്.എസ്. ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് മരുന്ന് പരീക്ഷണം നടത്തിയത്. കാന്‍സര്‍ ചികിത്സ മാത്രം നടത്തുന്ന ആശുപത്രിയാണിത്.

ജാസ്മിനൊപ്പം വിവിധ രാജ്യങ്ങളില്‍നിന്ന് 30 പേരാണ് മരുന്ന് പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നത്. അതില്‍ പകുതിയോളം പേര്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ശേഷിക്കുന്നവരില്‍ എട്ടോളം പേര്‍ പാര്‍ശ്വഫലങ്ങള്‍ കാരണം ഇടയ്ക്ക് വെച്ച് നിര്‍ത്തിപ്പോയി. മൂന്ന് പേര്‍ക്ക് 80 ശതമാനത്തോളം രോഗം ഭേദമായി. രണ്ട് പേര്‍ക്ക് പൂര്‍ണമായും അസുഖം ഭേദമായി. ബ്രെസ്റ്റ് കാന്‍സര്‍, ലങ് കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവ ബാധിച്ചവരെയാണ് മരുന്ന് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്.

ജാസ്മിന്‍

പരീക്ഷണ കാലഘട്ടം

Also Read
In Depth

കാൻസർ വാർഡിലെ ചോദ്യം: ഒടുവിൽ ആ ഭയം നീക്കുമോ ...

കാൻസർ രോഗിക്ക് പൂർണസൗഖ്യം; വീണ്ടും പ്രതീക്ഷ ...

പരീക്ഷണം തുടങ്ങുന്നതിന് മുമ്പ് രക്തപരിശോധന ഉള്‍പ്പടെ ഒട്ടേറെ പരിശോധനകള്‍ ഉണ്ടായിരുന്നു. പരീക്ഷണത്തിന് ശരീരം സജ്ജമാണോ എന്നറിയുകയായിരുന്നു ആദ്യം. ആദ്യത്തെ ഡോസ് മരുന്ന് നല്‍കിയപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ജാസ്മിന്റെ ശരീരം കാണിച്ചു. ഏകദേശം ഒന്നര മാസത്തോളം ആശുപത്രിയില്‍ കിടന്നു. മൂന്ന് ഡോസ് എടുക്കുന്നത് വരെ ശരീരം ഇത്തരത്തില്‍ പ്രതികരിക്കുന്നത് തുടര്‍ന്നു. കടുത്ത പനി, അപസ്മാരം, തലവേദന തുടങ്ങിയവയായിരുന്നു പ്രധാന പാര്‍ശ്വഫലങ്ങള്‍.

ബുദ്ധിമുട്ടുകള്‍ കടുക്കുമ്പോള്‍ മരുന്ന് നിര്‍ത്തിവയ്ക്കും. വീണ്ടും തുടങ്ങും. ഇങ്ങനെ മൂന്ന് ഡോസ് വരെ മരുന്നുകള്‍ നിര്‍ത്തിവച്ചും തുടര്‍ന്നും പോയി. ശേഷം പനിക്കും അപസ്മാരത്തിനുമൊക്കെ എതിരായുള്ള മരുന്ന് ആദ്യം കൊടുത്തു. പിന്നാലെ പുതിയ മരുന്ന് നല്‍കി. ഇങ്ങനെ ചെയ്തപ്പോള്‍ മരുന്നിനോട് ജാസ്മിന്റെ ശരീരം പ്രതികരിച്ചു തുടങ്ങി. നാലാമത്തെ ഡോസ് മരുന്ന് തന്നതിന് ശേഷം സ്‌കാന്‍ ചെയ്തപ്പോള്‍ കാന്‍സര്‍ 80 ശതമാനവും ശരീരത്തില്‍നിന്ന് അപ്രത്യക്ഷമായി. പിന്നീട് മൂന്ന് ഡോസ് മരുന്നുകൂടി എടുത്തതോടെ രോഗം ജാസ്മിന്റെ ശരീരത്തില്‍നിന്ന് പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു.

കീമോതെറാപ്പിയോ റേഡിയേഷനോ ചെയ്യുമ്പോഴുള്ള ക്ഷീണമോ ബുദ്ധിമുട്ടുകളോ ഒന്നുമുണ്ടായിരുന്നില്ല ജാസ്മിന്. രക്തപരിശോധനയ്ക്ക് ശേഷമാണ് മരുന്ന് നല്‍കുക. ആശുപത്രിയില്‍ ഒരു ദിവസം കിടക്കണം. മരുന്ന് സ്വീകരിച്ചശേഷം സാധാരണപോലെ വീട്ടിലേക്ക് മടങ്ങാം. മറ്റ് ശാരീരികമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല.

''ഇതൊരു ടീം വര്‍ക്ക് ആയിരുന്നു. കുടുംബാംഗങ്ങളും മെഡിക്കല്‍ സംഘവും സുഹൃത്തുക്കളും ചുറ്റും നിന്നാണ് എനിക്ക് ശക്തി നല്‍കിയത്. ഭര്‍ത്താവും മക്കളും എന്റെ ഒപ്പം നിന്നു. എന്റെ തീരുമാനം എന്തായാലും കൂടെ എപ്പോഴുമുണ്ടാകുമെന്ന് അവര്‍ വാക്കു തന്നു. അതായിരുന്നു എന്റെ ശക്തി.''- ജാസ്മിന്‍ പറഞ്ഞു.

രണ്ടു വര്‍ഷം പൂര്‍ണമായും മരുന്ന് പരീക്ഷണത്തിന് തയ്യാറായതിനാല്‍ ജാസ്മിന് വീണ്ടും രണ്ട് വര്‍ഷത്തേക്ക് കൂടി കമ്പനി മരുന്ന് നല്‍കാന്‍ തീരുമാനിച്ചു. അതിനാല്‍ 2023 വരെ ചികിത്സ തുടരും. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് തുടര്‍ ചികിത്സയിലൂടെ ചെയ്യുന്നത്. ഒരു ഡോസ് മരുന്നിന് ഏകദേശം എട്ട് മുതല്‍ 10 ലക്ഷത്തോളം രൂപയുടെ ചെലവുണ്ട്. ഇത് സര്‍ക്കാര്‍ ആണ് വഹിക്കുന്നത്.

ഇതൊരു അത്ഭുതമാണ്. ശാസ്ത്രത്തിനും മെഡിക്കല്‍ സംവിധാനങ്ങള്‍ക്കുമൊപ്പം ദൈവത്തിന്റെ കൈകള്‍ കൂടി ചേര്‍ന്നപ്പോള്‍ വിജയം കാണുകയായിരുന്നു. പത്ത് മാസം മാത്രം ഡോക്ടര്‍മാര്‍ ആയുസ്സ് പറഞ്ഞപ്പോള്‍ അമ്മയെയും ബന്ധുക്കളെയും കണ്ട് അവസാനയാത്ര പറയാന്‍ ഞാന്‍ കേരളത്തിൽ എത്തിയിരുന്നു. ആ സമയത്ത് എന്റെ അമ്മ കാണിച്ചത് അസാമാന്യമായ ധൈര്യമായിരുന്നു. കൂടെ വരാന്‍ കഴിയില്ലെങ്കിലും പ്രാര്‍ഥനയായി എന്നും കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ് അമ്മ എന്നെ ചേര്‍ത്തുപിടിച്ചു-ജാസ്മിന്‍ പറഞ്ഞു.

കോട്ടയം പാമ്പാടി അഞ്ചാനിക്കല്‍ അന്നമ്മ ജോസിന്റെ ഒന്‍പത് മക്കളില്‍ ഇളയവളാണ് ജാസ്മിന്‍. 2002-ലാണ് ജാസ്മിനും കുടുംബവും യു.കെയില്‍ എത്തുന്നത്. അവിടെ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു ജാസ്മിന്‍. കോവിഡ് മൂലം കഴിഞ്ഞ മൂന്ന് വര്‍ഷമായി ജാസ്മിന്‍ ജോലിയില്‍നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു. 2022 ജൂലായ് ഒന്ന് മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്നുവെച്ചു. "ഇനി കുറെയേറെ യാത്ര ചെയ്യണം. എന്റേതായ കുറെ ആഗ്രഹങ്ങളുണ്ട്. അവയെല്ലാം നിറവേറ്റണം."- ജാസ്മിന്‍ പറയുന്നു.

തൃശ്ശൂര്‍ പുതുക്കാട് സ്വദേശിയായ ഭര്‍ത്താവ് ഡേവിഡ് യു.കെ.യില്‍ ഡികണ്ടാമിനേഷന്‍ ടെക്‌നീഷ്യനായി ജോലി നോക്കുന്നു. മക്കള്‍ റിയാനും റിയോണയും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളും.

Content Highlights: clinical trial for cancer, jasmin david, health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented