ക്ലിനിക്കൽ സ്ഥാപനങ്ങളെ നിയന്ത്രണത്തിനും രജിസ്‌ട്രേഷനും വിധേയമാക്കണം എന്ന ആവശ്യം ആരോഗ്യ - സാമൂഹിക പ്രവർത്തകർ ഉന്നയിച്ചിട്ട് വർഷങ്ങളായി. ഈ ആവശ്യങ്ങൾക്ക് അനുകൂലമായി കേരളസർക്കാർ പ്രതികരിച്ചിരിക്കുന്നു. 2017 ഓഗസ്റ്റ് 10-ാം തീയതി നിയമസഭയിൽ അവതരിപ്പിച്ച കേരളാ ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷൻ നിയന്ത്രണം) ബിൽ കേരള ആരോഗ്യരംഗം സമഗ്രമായ മാറ്റങ്ങൾക്ക് വിധേയമാക്കും. 

മുരുകന്റെ മരണത്തെത്തുടർന്ന് സെലക്‌ഷൻ കമ്മിറ്റിക്ക് ബിൽ വിടാനുള്ള തീരുമാനം മാറ്റി ആരോഗ്യ സബ്ജക്ട് കമ്മിറ്റിക്ക് വിടാനായിരുന്നു സർക്കാർ തീരുമാനം. സമയമെടുത്ത് വിശദചർച്ചയ്ക്ക് വിധേയമാക്കേണ്ട ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത് ആരോഗ്യരംഗത്തുണ്ടായ അനാരോഗ്യപ്രവണതയാണ്. ഓഗസ്റ്റ്‌ 16-ാം തീയതി കൂടിയ സബ്ജക്ട് കമ്മിറ്റിയിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ മാനിച്ച് പ്രസ്തുത ബിൽ ജനാഭിപ്രായത്തിനുവേണ്ടി വിട്ടിരിക്കുകയാണ്.

സദുദ്ദേശ്യത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ ബിൽ പ്രൊഫഷണൽ സംഘടനകൾ, സാമ്പത്തികനിയമവിദഗ്‌ധർ, സാമൂഹ്യസംഘടനകൾ, രാഷ്ട്രീയവിദഗ്‌ധർ, രോഗികളുടെ പ്രതിനിധികൾ എന്നുവരുമായി ചർച്ച ചെയ്യേണ്ടതാണ്. ജനാഭിപ്രായത്തിന് ഈ ബിൽ വിടാനുള്ള തീരുമാനം ഉചിതമായി.

നിലവാരം നിശ്ചയിക്കാൻ ചർച്ചവേണം പ്രസ്തുതനിയമപ്രകാരം ക്ലിനിക്കൽ സ്ഥാപനങ്ങളുടെ നിലവാരം നിശ്ചയിക്കാൻ ഒരു സംസ്ഥാനകൗൺസിൽ രൂപവത്‌കരിക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതതു മേഖലയിലെ വിദഗ്‌ധരുമായി വിശദമായി ചർച്ചനടത്തിയത്തിനുശേഷമേ നിലവാരനിർണയം നടത്താവൂ. കേരളത്തിലെ പ്രത്യേക സാമൂഹ്യ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് വേണം നിർദേശങ്ങൾ രൂപവത്‌കരിക്കാൻ. ഈ നിർദേശങ്ങൾ രൂപവത്‌കരിക്കാനുള്ള സമയപരിധി രണ്ടു വർഷത്തിലൊതുക്കേണ്ടതാണ്.

സമയം അനുവദിക്കണം

പൊതുജനാരോഗ്യം  മെച്ചപ്പെടുത്തുന്ന ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് അവശ്യംവേണ്ട സൗകര്യങ്ങളുടെയും സേവനങ്ങളുടെയും മാനദണ്ഡങ്ങൾ ഇന്ന് നിലവിലില്ല. തദ്ദേ ശസ്വയംഭരണസ്ഥാപനങ്ങളുടെ ലൈസൻസ് മാത്രമാണ് ഇന്ന് ആവശ്യം. ആരോഗ്യവകുപ്പിൽ രജിസ്‌ട്രേഷന്റെ ആവശ്യകതയില്ല. ആർക്കും എപ്പോഴും എവിടെയും തുടങ്ങാവുന്ന സംഭരണമാണ് ക്ലിനിക്കൽ സ്ഥാപനങ്ങൾ. വിവരാവകാശ നിയമപ്രകാരം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടപ്പോൾ വ്യക്തമായ മാനദണ്ഡങ്ങൾ രൂപവത്‌കരിച്ചിട്ടില്ല എന്നായിരുന്നു മറുപടി. എന്നാൽ, ബിൽ നിയമമാക്കിയാൽ സംസ്ഥാനകൗൺസിലിൽ രജിസ്‌ട്രേഷൻ ചെയ്യാത്ത, കൗൺസിൽ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു സ്ഥാപനവും പ്രവർത്തിക്കില്ല. ഈ നിർദേശം സ്വാഗതാർഹമാണ്. എന്നാൽ, നിർദേശങ്ങൾ നടപ്പാക്കാൻ ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് മതിയായ സമയം അനുവദിക്കണം. അല്ലാത്തപക്ഷം സ്വകാര്യ  പൊതുമേഖലകളിലെ നല്ലൊരു ശതമാനം സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവരും. ഇത് ആരോഗ്യമേഖലയെ സാരമായി ബാധിക്കും.

സാക്ഷ്യപ്പെടുത്തൽ അപ്രായോഗികം

കേന്ദ്രനിയമപ്രകാരം പരിശോധനാഫലം സാക്ഷ്യപ്പെടുത്തേണ്ടത് ( Authorised Signatory ) എം.ബി.ബി.എസ്‌. പഠിച്ച ഡോക്ടർമാർ ആയിരിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ഇന്ത്യൻ മെഡിക്കൽ കൗൺസിലും ഈ തീരുമാനത്തെ അനുകൂലിക്കുന്നു. പ്രസ്തുത ബിൽ നിയമമാക്കിയ ചില സംസ്ഥാനങ്ങളിൽ (ഹരിയാണ, ഹിമാചൽപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ) ഡോക്ടർമാർ മാത്രമേ സാക്ഷ്യപ്പെടുത്താൻ പാടുള്ളൂ എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. പല സ്ഥാപനങ്ങളും ലബോറട്ടറികളും ഈ വ്യവസ്ഥ മൂലം അടച്ചുപൂട്ടേണ്ടിവന്നു. ഇത് അപ്രായോഗികമാണ്. ചികിത്സാരംഗത്തുപോലും ഡോക്ടർമാരെ കിട്ടാനില്ലാത്ത സംസ്ഥാനത്ത് ലബോറട്ടറികളിൽ ഈ വ്യവസ്ഥ എങ്ങനെ നടപ്പാകും? ഈ നിർദേശങ്ങൾ കോർപ്പറേറ്റുകൾക്ക് മാത്രമേ സഹായകമാകുകയുള്ളൂ. മാത്രമല്ല സാധാരണക്കാരന് രോഗനിർണയസൗകര്യം ദുഷ്കരവും അപ്രാപ്യവും ചെലവേറിയതാകാനും ഇടവരും.

നിലവാരത്തിന്‌ വ്യവസ്ഥകൾ പാലിക്കണം

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഗുണപരമായി ഇനിയും മാറ്റങ്ങൾക്ക് വിധേയമാകണം. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ലബോറട്ടറികളെക്കാൾ ഉയർന്നനിലവാരമുള്ള സ്വകാര്യലബോറട്ടറികൾ ഇന്ന് സംസ്ഥാനത്തുണ്ട്. പൊതുമേഖലാ ലബോറട്ടറികൾ കൗൺസിലിലെ വ്യവസ്ഥകൾ പാലിച്ച് മറ്റു ലബോറട്ടറികൾക്ക് മാതൃകയാകണം. പൊതുമേഖലാ സംരംഭങ്ങൾ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.

വിദഗ്‌ധരെ ഉൾപ്പെടുത്തണം

സംസ്ഥാന കൗൺസിൽ നിർണയിക്കുന്ന വ്യവസ്ഥകൾ ക്ലിനിക്കൽ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി രൂപവത്‌കരിക്കുന്ന അസ്സസർമാരുടെ നിയമനം സുതാര്യമായിരിക്കണം അതത് മേഖലയിലെ വിദഗ്‌ധന്മാരെ ഉൾപ്പെടുത്തണം. അല്ലെങ്കിൽ ഉദ്യോഗസ്ഥപ്രമാണിത്വത്തിനും അഴിമതിക്കും വഴിയൊരുക്കും.  ബില്ലിലെ വ്യവസ്ഥകളുടെ ഉല്ലംഘനത്തിനുള്ള ശിക്ഷാനടപടികൾ പുനഃപരിശോധിക്കുകയും വ്യക്തത വരുത്തുകയും വേണം.

അക്രഡിറ്റേഷനും രജിസ്‌ട്രേഷനും

അക്രഡിറ്റേഷൻ ലഭിച്ച സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന നിർദേശം പുനഃപരിശോധിക്കേണ്ടതാണ്. ആരോഗ്യ മേഖലയിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതാണ് ഈ നിർദേശം അനാരോഗ്യകരമായ മത്സരത്തിന് ഇടവരുത്തും. നാഷണൽ അക്രഡിറ്റേഷൻ ബോർഡ്‌ ഫോർ ടെസ്റ്റിങ്‌ ആൻഡ്‌ കാലിബറേഷൻ ലബോറട്ടറീസ്‌ (NABL) നാഷണൽ അക്രഡിറ്റേഷൻ ബോർഡ്‌ ഫോർ ഹോസ്‌പിറ്റൽസ്‌ ആൻഡ്‌ ഹെൽത്ത്‌ കെയർ പ്രൊവൈഡേഴ്‌സ്‌  (NABH) എന്നി അക്രഡിറ്റേഷൻ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്ലിനിക്കൽ സ്ഥാപനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയാൽ ഈ മേഖ ലയിൽ പ്രവർത്തിക്കുന്നവർക്ക് തുല്യനീതി ഉറപ്പാക്കാം. 

ചെലവ്‌ കുറഞ്ഞതാവണം സംവിധാനങ്ങൾ

കേന്ദ്രഗവൺമെന്റിന്റെ ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന NABL മാതൃകയിൽ സംസ്ഥാനത്ത് ചെലവുകുറഞ്ഞ് അക്രഡിറ്റേഷൻ സംവിധാനം സർക്കാർ ലഭ്യമാക്കണം. ഗുണമേന്മ ഉറപ്പുവരുത്തുന്നതിനാവശ്യമായ ഗുണനിലവാര നിയന്ത്രണ സംവിധാനത്തിന്റെ (Quality Cotnrols) വിതരണം പൂർണമായും ഇന്ന് സ്വകാര്യ മേഖലയിലാണ്. വളരെ െചലവേറിയതാണ്. എ.ഐ.ഐ.എം.എസ്., സി.എം.സി.വെല്ലൂർ എന്നിവയുടെ മാതൃക സ്വീകരിച്ച് സംസ്ഥാനത്ത് പൊതുമേഖലയിൽ ചെലവു കുറഞ്ഞ ക്വാളിറ്റി കൺട്രോൾസ് സംവിധാനം ഉണ്ടാക്കണം. ഇതിന് സേവന ഫീസ് ഇടാക്കാവുന്നതാണ്. 

പ്രാതിനിധ്യംവേണം

ബില്ലിൽ അധ്യായം 2 (3)(2)-ൽ പറയുന്ന സംസ്ഥാനകൗൺസിൽ രൂപവത്‌കരണത്തിൽ സ്വകാര്യമെഡിക്കൽ ലബോറട്ടറികളുടെ പ്രാതിനിധ്യം കാണുന്നില്ല. കേരളത്തിൽ 70 ശതമാനം രോഗികളും ആശ്രയിക്കുന്നത് സ്വകാര്യ ലബോറട്ടറികളെയാണ്. ഈ വിഭാഗത്തിന്റെ സേവനം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. മെഡിക്കൽ ലബോറട്ടറികളുടെ ഭാഗത്തുനിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും ബോധ്യപ്പെടുത്താൻ സംസ്ഥാന കൗൺസിലിൽ ഒരു പ്രതിനിധി പോലുമില്ല എന്നത് ഈ ബില്ലിന്റെ ന്യൂനതയാണ്. എന്നാൽ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മറ്റ്‌ എല്ലാ വിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യമുണ്ട്. സർക്കാർ ഈ ന്യൂനത പരിഹരിക്കണം.

ചെറിയ സ്ഥാപനങ്ങൾ നിർത്തേണ്ട സാഹചര്യം ഉണ്ടായാൽ ഗ്രാമങ്ങളിലെ സധാരണജനങ്ങൾക്കുപോലും ചെറിയ രോഗത്തിനും പരിശോധനകൾക്കും പട്ടണത്തിലെ വലിയ സ്ഥാപനങ്ങളെ സമീപിക്കേണ്ട സ്ഥിതിവിശേഷമുണ്ടാകും. ഭാവിയിൽ കേരളത്തിന്റെ ആരോഗ്യമേഖലയെ നിർണായകമായി സ്വാധീനിക്കാൻ ഇടയുള്ള ഈ ബില്ലിലെ വ്യവസ്ഥകൾ സാധാരണ ജനങ്ങൾക്ക് പ്രയോജനകരമാക്കി മാറ്റുന്നതിനുള്ള നിർദേശങ്ങൾ സമൂഹത്തിൽനിന്ന് വരേണ്ടതാണ്. 

സംസ്ഥാന മാനദണ്ഡങ്ങൾ സ്വീകരിക്കണം

കേരളത്തിൽ ഏകദേശം 5000-ത്തോളം സ്വകാര്യലബോറട്ടറികളുണ്ട്. ഈ സ്ഥാപനങ്ങളിൽ ഏകദേശം ഒരു ലക്ഷത്തോളം ടെക്‌നീഷ്യന്മാർ ജോലി ചെയ്തുവരുന്നു. ഇവരിൽ സിംഹഭാഗവും വനിതകളാണ്. അവരുടെ കുടുംബാംഗങ്ങളുടെ ഏക വരുമാനവും നിലനില്പും ഈ ലാബുകളെ ആശ്രയിച്ചായിരിക്കും. ഈ ടെക്‌നീഷ്യൻമാരിൽ അധികംപേരും സർക്കാർ പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ പഠിച്ച്‌ യോഗ്യത നേടിയവരല്ല. എന്നാൽ, വർഷങ്ങളോളം ഈ മേഖലയിൽ പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുള്ളവരാണ് ആരോഗ്യവിഭാഗത്തിൽ ഇന്ന് നിലനിൽക്കുന്ന കൗൺസിലുകൾ രൂപവത്‌കരിച്ചപ്പോൾ അതത് കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്നവരെ ഉൾപ്പെടുത്തിയുള്ള കീഴ്‌വഴക്കം ദേശീയതലത്തിൽത്തന്നെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഓർഡിനൻസ് ആക്കിയിട്ടുള്ള പാരാമെഡിക്കൽ കൗൺസിൽ ബിൽ ലബോറട്ടറികളിൽ പ്രവർത്തിക്കുന്ന ടെക്‌നീഷ്യന്മാരുടെ യോഗ്യതയുടെ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഈ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകളായിരിക്കണം കൗൺസിൽ നിർദേശിക്കേണ്ടത്.


(ജനകീയാരോഗ്യ പ്രവർത്തകനും ലബോറട്ടറി ഉടമയുമാണ്‌ ലേഖകൻ)