Representative Image| Photo: Canva.com
വിട്ടുമാറാത്ത ക്ഷീണം; വ്യത്യസ്തതരത്തിലുള്ള പരിശോധനകളും ടെസ്റ്റുകളും ചികിത്സകളുമൊക്കെ ചെയ്തിട്ടും ക്ഷീണം മാറാതെ തുടരുന്നു. ക്ഷീണം നിത്യജീവിതത്തിലെ പ്രവൃത്തികളെ ബാധിക്കുകയും ചെയ്യുന്നു. ജോലിചെയ്യാനോ സാമൂഹികബന്ധങ്ങളിൽ ഊർജസ്വലമായി സഹകരിക്കാനോ കഴിയാതെ ഇക്കൂട്ടർ നിരാശരായിമാറും. ഗുരുതരമായ ഒരു മാറാവ്യാധി തങ്ങളെ പിടികൂടിയെന്ന് ഇവർ ആശങ്കപ്പെടുന്നു.
മധ്യവയസ്കരിലും വയോജനങ്ങളിലും വ്യാപകമായി കാണപ്പെടുന്ന ഈ അവസ്ഥയ്ക്ക് ‘ചിരകാലിക ക്ഷീണലക്ഷണ ഐക്യം’ (chronic fatigue syndrome) എന്നുപറയുന്നു.
പ്രധാന ലക്ഷണങ്ങൾ
- വിട്ടുമാറാത്ത ക്ഷീണം
- ശ്രദ്ധക്കുറവ്, ഏകാഗ്രതയില്ലായ്മ, മറവി
- തൊണ്ടവേദനയും ഇടയ്ക്കിടെ തൊണ്ടയ്ക്ക് അസ്വസ്ഥതയും
- ആവർത്തിച്ചുവരുന്ന തലവേദന
- കഴുത്തിലെ ഭാഗത്തും കക്ഷത്തിലും കഴലവീക്കം
- അകാരണമായ പേശിവേദനയും സന്ധിവേദനയും
- കിടക്കയിൽനിന്ന് എണീക്കുമ്പോളോ കസേരയിൽനിന്ന് എണീക്കുമ്പോളോ തലചുറ്റൽ അനുഭവപ്പെടുക
- അസ്വസ്ഥമായ ഉറക്കം. പലപ്പോഴും രാവിലെ ഉണരുമ്പോൾ ഉറക്കം തൃപ്തികരമായില്ലെന്ന് തോന്നുക
- ചെറിയതോതിൽ ആയാസകരമായ കാര്യങ്ങൾ ചെയ്താൽപോലും കഠിനമായ ക്ഷീണം. പലപ്പോഴും വായന, കണക്കുകൂട്ടൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾപോലും വലിയക്ഷീണം അനുഭവപ്പെടുന്നു.
- വൈറസ് ബാധ: പല ആളുകൾക്കും വൈറൽപ്പനി ബാധിച്ചശേഷമാണ് ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. കോവിഡ്-19 അടക്കം ഏതുതരം വൈറൽപ്പനിവന്നാലും അതിനുശേഷം ഈ ലക്ഷണങ്ങൾ ചിലരിൽ കാണാറുണ്ട്. എങ്കിലും എപ്പ്‌സ്റ്റീൻ ബാർ വൈറസ് (Epstein Barr virus), ഹ്യൂമൻ ഹെർപ്പിസ് വൈറസ് (Human herpes virus) എന്നീ വൈറസുകളുടെ ബാധയെത്തുടർന്നാണ് ഇത് ഏറ്റവുംകൂടുതലായി കണ്ടുവരുന്നത്.
- ദുർബലമായ രോഗപ്രതിരോധവ്യവസ്ഥിതി: പൊതുവേ രോഗപ്രതിരോധവ്യവസ്ഥിതിയിൽ തകരാറുകളുള്ള വ്യക്തികളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്.
- ഹോർമോൺ തകരാറുകൾ: തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി ഗ്രന്ഥി, വയറ്റിലെ അഡ്രിനൽ ഗ്രന്ഥി എന്നിവയിൽനിന്ന് ഉത്‌പാദിപ്പിക്കപ്പെടുന്ന ചില ഹോർമോണുകളുടെ തകരാറുകൾമൂലവും ഈ അവസ്ഥയുണ്ടാകാൻ സാധ്യതയുണ്ട്.
- ശാരീരിക-മാനസിക സമ്മർദം: കഠിനമായ മാനസിക-വൈകാരിക സമ്മർദമോശാരീരികമായ പരിക്കുകളോ ചില ശസ്ത്രക്രിയകളുടെ ബാക്കിപത്രമായോ ഈയവസ്ഥ ചില വ്യക്തികളിലുണ്ടാകാറുണ്ട്.
പരിഹാരം
മരുന്നുകളും ചില മനഃശാസ്ത്ര ചികിത്സകളും ജീവിതശൈലി ക്രമീകരണങ്ങളുംവഴി ഈയവസ്ഥയുടെ ലക്ഷണങ്ങൾ ഫലപ്രദമായി നിയന്ത്രണവിധേയമാക്കാൻ സാധിക്കും.
മസ്തിഷ്കത്തിലെ ചില രാസവ്യതിയാനങ്ങളെ തിരുത്താൻ സഹായിക്കുന്ന വിഷാദവിരുദ്ധ ഔഷധങ്ങൾ ഈയവസ്ഥയ്ക്ക് വളരെ പ്രയോജനപ്രദമാണ്. ഉത്‌കണ്ഠ കുറയ്ക്കാനുള്ള മരുന്നുകളും ഉറക്കം ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകളും ചിലവ്യക്തികളിൽ ഏറെ പ്രയോജനംചെയ്യാറുണ്ട്.
മാനസികസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന റിലാക്സേഷൻ വ്യായാമങ്ങൾ ഇവർക്ക് വളരെയധികം ഉപകാരപ്പെടുന്നുണ്ട്. ചിന്താവൈകല്യങ്ങൾ പരിഹരിച്ച് മനഃസാന്നിധ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ബൗദ്ധിക പെരുമാറ്റചികിത്സപോലെയുള്ള മനഃശാസ്ത്ര ചികിത്സകളും ഉപയോഗപ്രദമാണ്.
സുഖകരമായ ഉറക്കംകിട്ടാൻ സഹായിക്കുന്ന നിദ്രാശുചിത്വ വ്യായാമങ്ങൾ ശീലമാക്കുന്നതും വളരെ നല്ലകാര്യമാണ്.
ഉച്ചയ്ക്കുശേഷം കാപ്പിയും ചായയും ഒഴിവാക്കുകയും ഒറ്റയ്ക്കിരിക്കാതെ കഴിയുന്നതും സന്തോഷംനൽകുന്ന വ്യക്തികളുമായി ആശയവിനിമയം നടത്തുന്നതും രോഗലക്ഷണങ്ങൾ നിയന്ത്രണവിധേയമാക്കാൻ സഹായിക്കും.
(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസി. പ്രൊഫസറാണ് ലേഖകൻ)
Content Highlights: chronic fatigue syndrome symptoms causes and treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..