-
കൗതുകവും ജിജ്ഞാസയും കൊണ്ട് കുട്ടികള്‍ എന്തെങ്കിലും വസ്തുക്കള്‍ വായിലിടാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം വസ്തുക്കള്‍ ഇറങ്ങിപ്പോകാം. വളരെ അപകടകരമായ സ്ഥിതിവിശേഷ മാണിത്. ചെറിയ കളിപ്പാട്ടങ്ങള്‍, കളിപ്പാട്ടങ്ങളുടെ ഭാഗങ്ങള്‍, നാണയങ്ങള്‍ എന്നിവയൊക്കെ ഇത്തരത്തില്‍ തൊണ്ടയില്‍ കുടുങ്ങിപ്പോകാം. അതുപോലെ ഭക്ഷണവസ്തുക്കളും പലപ്പോഴും കുട്ടികളുടെ തൊണ്ടയില്‍ കുടുങ്ങി അപകടം സംഭവിക്കാറുണ്ട്. ഭക്ഷണമോ മറ്റു വസ്തുക്കളോ ഇറങ്ങിപ്പോയി ശ്വസനാളം അടഞ്ഞുപോയാല്‍ അപകടമാണ്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെങ്കിൽ ജീവന് രക്ഷിക്കാനാവാത്ത സ്ഥിതി വന്നുചേരാം. കുട്ടിയെ ആസ്പത്രിയില്‍ എത്തിക്കാനുള്ള സമയം പോലും കിട്ടിയെന്നു വരില്ല. കണ്ടുനില്‍ക്കുന്നയാള്‍ ഉടന്‍ അടിയന്തിര ശുശ്രൂഷ നല്കിയാല് മാത്രമേ ഇത്തരം സാഹചര്യങ്ങളില്‍പ്പെടുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാനാകൂ.
നാല് വയസ്സിന് ചുവടെയുള്ള കുട്ടികളില്‍ ഇത്തരം അപകടങ്ങള്‍ വന്നു ചേരാനുള്ള സാധ്യത കൂടുതലാണ്. ശ്വാസനാളം വളരെ ചെറുതായതിനാല്‍ ചെറിയ വസ്തുക്കള്‍ പോലും കുട്ടികള്‍ക്ക് ഭീഷണിയായിത്തീരാം. കടലമണികള്‍ പോലും ഇത്തരത്തില്‍ അപകടകാരികളാവാം. ഭക്ഷണമോ മറ്റ് വസ്തുക്കളോ തൊണ്ടയില്‍ കുടുങ്ങിയാല്‍ കുട്ടിയില്‍ ചില ലക്ഷണങ്ങള്‍ കാണാനാവും. ശ്വാസംമുട്ടല്‍, ശബ്ദം പുറത്തുവരാത്തതിനാല്‍ സംസാരിക്കാനോ, കരയാനോ ആകാത്ത സ്ഥിതി, ശരീരത്തില്‍ നീലനിറം പ്രത്യക്ഷപ്പെടല്‍ മുതലായവ ഉണ്ടാകാം. അല്പം വലിയ കുട്ടികള്‍ ആണെങ്കില്‍ തൊണ്ടയില്‍ മുറുക്കിപ്പിടിച്ച അവസ്ഥ, പേടിച്ച മുഖഭാവം, ശ്രമിച്ചിട്ടും ശബ്ദം പുറത്തുവരാത്ത സ്ഥിതി തുടങ്ങിയവയൊക്കെ ഇതിന്റെ സൂചനകളാണ് (choking sign) ശ്വാസംമുട്ടല്‍ ഉണ്ടെങ്കിലും കുട്ടിക്ക് കരയാനോ ചുമയ്ക്കാനോ പറ്റുന്ന അവസ്ഥയിലാണെങ്കില്‍ ശ്വാസനാളം പൂര്‍ണമായി അടഞ്ഞുപോയിട്ടില്ല എന്നാണര്‍ഥം.
ഭക്ഷണമോ അന്യവസ്തുക്കളോ തൊണ്ടയില്‍ കുടുങ്ങിയാല്‍ ശ്വാസനാളം പൂര്‍ണമായോ ഭാഗികമായോ അടഞ്ഞുപോകാം. ശ്വാസനാളം പൂര്‍ണമാ യും അടഞ്ഞുപോകുന്നത് അടിയന്തരാവസ്ഥയാണ്. പ്രാണവായു ലഭിച്ചില്ലെങ്കില്‍ മിനുറ്റുകള്‍ കൊണ്ട് ജീവഹാനി നേരിടാവുന്ന അവസ്ഥ. ശ്വാസനാളം ഭാഗികമായി അടഞ്ഞാലും പ്രശ്നം തന്നെ. കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ വളരെക്കുറച്ച് സമയമേ ലഭിക്കൂ എന്ന തിനാല്‍ ആസ്പ്രതിയില്‍ എത്തിക്കുന്നതിന് മുമ്പ് അടിയന്തിരമായി രക്ഷാപ്രവര്‍ത്തനം നടത്തണം. മനസ്സാന്നിധ്യത്തോടെ ശാസ്ത്രീയമായി പ്രഥമ ശുശ്രൂഷ നല്‍കുകയെന്നതാണ് ഇവിടെ ചെയ്യേണ്ട കാര്യം. ആരുടെയെങ്കി ലും സഹായം തേടിചികിത്സക്ക് സൗകര്യവും ഒരുക്കണം.
4 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക്
അല്പം കൂടി വലിയ കുട്ടിയാണെങ്കില്‍ കൈയില്‍ കിടത്തി പ്രഥമ ശുശ്രൂഷ നല്‍കാനാവില്ല. മുതിർന്നവരില്‍ ചെയ്യുന്നതു പോലെ പിറകില്‍ നിന്ന് നെഞ്ചിനും വയറിനുമിടയില്‍ മര്‍ദം ഏല്പിക്കാനുമാവില്ല. അങ്ങനെ വരുമ്പോള്‍ പ്രായോഗികമായി ചെയ്യാവുന്നൊരു കാര്യമുണ്ട്. പ്രഥമ ശുശ്രൂഷ നല്കുന്നയാള് ഒരു മുട്ടുകുത്തി ഇരിക്കുക. മറ്റേ കാലില്‍ കുട്ടിയെ ഇരുത്തി മുതിര്‍ന്നവരില്‍ ചെയ്യുന്നതു പോലെ നെഞ്ചിനും വയറിനുമിടയില്‍ മര്‍ദം ഏല്പിക്കുക. ഒരു മുഷ്ടി ചുരുട്ടി വയറ്റത്ത് നെഞ്ചിനും പൊക്കിളിനും മധ്യത്തിലായി വെക്കുക. മറ്റേ കൈ ചുരുട്ടിയ കൈയുടെ മേലെവെക്കുക. തുടര്‍ന്ന് നെഞ്ചിനും പൊക്കിളിനും മധ്യേയായി മുഷ്ടി കൊണ്ട് മുന്നോട്ടും പിറകോട്ടും തോണി തുഴയുന്നതുപോലെ ശക്തിയായി മര്‍ദം ഏല്പിക്കുക.
ഇങ്ങനെ ഏല്പിക്കുന്ന മര്‍ദം കുട്ടിയുടെ നെഞ്ചിന്കൂടിനുള്ളില് വ്യാപിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയ വസ്തു തള്ളി പുറത്തേക്ക് വരുന്നു.
ഇതിനിടയില്‍ ബോധം നഷ്ടപ്പെട്ടാല്‍ കുട്ടിയുടെ നെഞ്ചില്‍ മര്‍ദം കൊടുത്തും കൃത്രിമശ്വാസം നല്‍കിയും പുനരുജ്ജീവന ചികിത്സ ഉടന്‍ ആരംഭിക്കുകയും വേണം.
ചെറിയ കുഞ്ഞാണെങ്കില്‍ രക്ഷിക്കേണ്ടത് ഇങ്ങനെ
1) കുഞ്ഞിനെ കൈത്തണ്ടയില്‍ കമിഴ്ത്തിക്കിടത്തുക. തള്ളവിരലും ചുണ്ടാണി വിരലിനുമിടയിലുള്ള ഭാഗം കുഞ്ഞിന്റെ കഴുത്തിനെ താങ്ങുന്ന വിധത്തിലായിരിക്കണം. കുഞ്ഞിന്റെ രണ്ട് കാലുകളും കൈത്തണ്ടയുടെ രണ്ടു ഭാഗത്തുമായിരിക്കണം. കുഞ്ഞിന്റെ തലഭാഗം അല്പം കിഴോട്ടായി പിടിക്കുക. രക്ഷാപ്രവര്‍ത്തനം നടത്തുന്നയാളുടെ കാല്‍മുട്ട് മുന്നോട്ടാക്കി കുഞ്ഞിനെയെടുത്ത കൈക്ക് താങ്ങ് നല്‍കാം

2) കുമ്പിട്ടുനിന്ന് മറ്റേകൈ കുഞ്ഞിന്റെ പുറത്ത് കൈപ്പലകള്‍ക്കിടയിലായി വെച്ച് ശക്തിയായി 5 തവണ ഇടിക്കുക. കുലുക്കുന്ന വിധത്തിലാണ് കൈപ്പത്തികള്‍ക്കിടയില്‍ ഇടിക്കേണ്ടത്. ഈ കുലുക്കത്തിനിടയില്‍ തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്തേക്കുവരേണ്ടതാണ്. തൊണ്ടയിലെ വസ്തു പുറത്തേക്ക് വരുന്നില്ലെങ്കില്‍ ഉടന്‍ നെഞ്ചില്‍ മര്‍ദം നല്‍കണം
3) പുറത്ത് കൈപ്പത്തികള്ക്കിടയിലായി 5 തവണ ഇടിച്ച ശേഷം കുഞ്ഞിനെ മറ്റേകൈയില്‍ മലര്‍ത്തിക്കിടത്തുക.
4) രണ്ടു വിരലുകള്‍ ഉപയോഗിച്ച് കുഞ്ഞിന്റെ നെഞ്ചില്‍ 5 തവണ മര്‍ദം ഏല്പിക്കണം. ചുണ്ടുവിരലും നടുവിരലുമാണ് ഇതിനായി ഉപയോഗിക്കുക. പഴയതുപോലെ കുഞ്ഞിനെ വീണ്ടും കൈത്തണ്ടയില്‍ കമിഴ്ത്തിക്കിടത്തി പുറത്ത് കൈപ്പലകകള്ക്കിടയിലായി ശക്തിയായി 5 തവണ ഇടിക്കുക. വീണ്ടും നെഞ്ചില്‍ മര്‍ദം നല്‍കുക. തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്തുപോകുന്നതു വരെയോ, കുഞ്ഞില്‍ ചോക്കിങ് ലക്ഷണം മാറി കരയുന്നതു വരെയോ, വിദഗ്ധ ചികിത്സ ലഭ്യമാവുന്നതു വരെയോ പ്രഥമ ശുശ്രൂഷ തുടരണം.
പ്രഥമ ശുശ്രുഷയ്ക്കിടയില് കുഞ്ഞിന്റെ ബോധം നഷ്പ്പെടുകയാണെങ്കില് സ്ഥിതി കുടുതല്‍ ഗുരുതരമാണെന്ന് തിരിച്ചറിയണം. അപ്പോഴാ ശുശ്രൂഷയുടെ രീതിയല്‍ മാറ്റം വരുത്തണം. കുഞ്ഞിനെ തറയിലോ മേശപ്പുറത്തോ മറ്റോ കിടത്തി മുന്‍പ് പരിചയപ്പെടുത്തിയ പോലെ എത്രയും വേഗം പുനരുജ്ജീവന ചികിത്സ നല്‍കണം
കുഞ്ഞിന് ബോധം നഷ്ടപ്പെട്ടാല്‍
1) കുഞ്ഞിനെ തറയില്‍ മലര്‍ത്തിക്കിടത്തുക. എന്നിട്ട് വായ തുറന്ന് ശ്വാസവഴി നേരെയാക്കാം. വായില്‍ എന്തെങ്കിലും അന്യവസ്തു വന്നുകിടപ്പുണ്ടെങ്കില്‍ നീക്കാം. നഗ്നനേത്രം കൊണ്ട് കാണുന്ന വസ്തുവാണെങ്കില്‍ മാത്രമേ ഇത്തരത്തില്‍ നീക്കാവൂ എന്ന് പ്രത്യേകം ഓര്‍ക്കുക. കാണാത്ത വസ്തുക്കള്‍ തൊണ്ടയില്‍ വിരലിട്ട് എടുക്കാന്‍ ശ്രമിക്കരുത്.

2) തുടര്‍ന്ന് കുഞ്ഞിന്റെ വായും മൂക്കും ഒന്നിച്ചു ചേര്‍ത്തുവെച്ച് ഒരു തവണ കൃത്രിമശ്വാസം നല്‍കുക. കുഞ്ഞിന്റെ പ്രതികരണം ശ്രദ്ധിക്കുക. നെഞ്ചില്‍ ചലനമുണ്ടെങ്കില്‍ 2 തവണ കൂടി ശ്വാസം നല്‍കാം. നെഞ്ചില്‍ ചലനമില്ലെങ്കില്‍ വായ ഒന്നുകുടെ പരിശോധിച്ച് ഒരു ശ്വാസം കൂടി നല്‍കുക.
3) ഉടന്‍ നെഞ്ചില്‍ മര്‍ദം ഏല്പിച്ചുള്ള പുനരുജ്ജീവന ചികിത്സ ആരംഭിക്കണം. ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ചാണ് കുഞ്ഞിന്റെ നെഞ്ചില്‍ മര്‍ദം ഏല്പിക്കുക. മുലക്കണ്ണുകള്‍ മുട്ടുന്നവിധത്തില്‍ ഒരു വരയും അതിനു ലംബമായി മറ്റൊരു വരയും വരച്ചാല്‍ നെഞ്ചില്‍ കൂട്ടിമുട്ടുന്ന സ്ഥലത്താണ് വിരലുകള്‍കൊണ്ട് മര്‍ദം ഏല്പിക്കേണ്ടത്. മര്‍ദം ഏല്പിക്കുമ്പോള് കുഞ്ഞിന്റെ നെഞ്ച് പകുതിയോളം താഴ്ന്നു വരണം. ഒരു മിനിറ്റില്‍ 100 തവണ നെഞ്ചില്‍ അമര്‍ത്തുന്ന വേഗത്തില്‍ വേണം ഇങ്ങനെ ചെയ്യാന്‍.
30 തവണ നെഞ്ചില്‍ മര്‍ദം നല്കുമ്പോള് രണ്ട് തവണ കൃത്രിമശ്വാസം എന്ന നിലയിലിത് ക്രമീകരിക്കണം. അന്യവസ്തു വായില്‍ വന്നുകിടപ്പുണ്ടോ എന്ന് ഇതിനിടയില്‍ നിരീക്ഷിക്കുക. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലും ഈ പ്രക്രിയകള്‍ തുടരണം.
(കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Choking First Aid for Kids, Health, First Aid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..