കുഞ്ഞുങ്ങൾക്ക് മരുന്നുകള്‍ സമയം തെറ്റാതെ കൊടുക്കേണ്ടതുണ്ടോ? മരുന്നുകള്‍ ഇടയ്ക്ക് വെച്ച് നിര്‍ത്താമോ?


Representative Image| Photo: Canva.com

കുഞ്ഞ് കരഞ്ഞാല്‍, മുഖമൊന്ന് വാടിയാല്‍, കളിചിരികളും ഉല്ലാസവുമില്ലാതെ മടിപിടിച്ചു കിടന്നാല്‍, കുറച്ച് കൂടുതല്‍നേരം ഉറങ്ങിയാല്‍ രക്ഷിതാക്കളുടെ കരള് പിടയും. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കാകുലരായി കുഞ്ഞിനെയുമെടുത്ത് ആസ്പത്രിയിലേക്കോടും. കഴിയുന്നതും ഏറ്റവും മികച്ചതെന്ന് പേരുകേട്ട ഡോക്ടര്‍മാരെ തന്നെ കാണും. ഡോക്ടറുടെ മുന്നിലാണ് മാതാപിതാക്കള്‍ അവരുടെ ആശങ്കകള്‍ മുഴുവന്‍ തുറന്നുവിടുന്നത്. കുഞ്ഞിന്റെ ആരോഗ്യകാര്യത്തിലെ വളരെ സൂക്ഷ്മമായ കാര്യം പോലും മറക്കാതെ പറയും. ചെറിയ അസുഖമായിട്ടാണ് വന്നതെങ്കില്‍ പോലും ഡോക്ടര്‍ക്ക് വലിയ ടെസ്റ്റുകള്‍ക്ക് എഴുതി കൊടുക്കേണ്ട അവസ്ഥ വരെ വരും. വിവിധ ടെസ്റ്റുകളും കുറേ മരുന്നുകളുമായി വീട്ടിലെത്തിക്കഴിഞ്ഞാല്‍ പിന്നെ വീടൊരു യുദ്ധക്കളമാണ്. കുട്ടിയെ മരുന്ന് കഴിപ്പിക്കാനും ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ വരുത്താനും മതിയായ വിശ്രമം ഉറപ്പുവരുത്താനും മാതാപിതാക്കള്‍ പെടാപ്പാട് പെടണം. ഒട്ടുമിക്ക വീടുകളിലെയും സ്ഥിരം കാഴ്ചയാണിത്. കുട്ടികള്‍ക്ക് ആദ്യഡോസ് മരുന്ന് കൊടുക്കുമ്പോള്‍ തന്നെ അസുഖം മാറണമെന്ന ചിന്തയാണ് എല്ലാ രക്ഷിതാക്കള്‍ക്കും. ക്ഷമ വളരെ കുറവ്. പക്ഷേ മരുന്ന് കൊടുക്കുന്ന കാര്യത്തിലും മരുന്നിന്റെ അളവിലും കൊടുക്കുന്ന രീതിയിലും പുലര്‍ത്തേണ്ട പല വിശദാംശങ്ങളും രക്ഷിതാക്കള്‍ക്ക് പലര്‍ക്കും അറിയില്ല.

മരുന്നുകള്‍ എപ്പോള്‍ കൊടുക്കണംഅസുഖം ബാധിച്ച കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഭേദമാകുന്നതിന് മുമ്പ് തന്നെ ഒരു വിദഗ്ധ ഡോക്ടറെ കാണിച്ച് പരിശോധന നടത്തണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ അപ്പോള്‍ തന്നെ കൊടുത്തുതുടങ്ങുന്നതാണ് ഉത്തമം. ഈ കാര്യത്തില്‍ ഒരു ഫാര്‍മസിസ്റ്റിന്റെ സഹായവും ഉപദേശവും ഉണ്ടായിരിക്കുന്നതും നല്ലതാണ്.

മരുന്നുകള്‍ സമയം തെറ്റാതെ കൊടുക്കേണ്ടതുണ്ടോ?

ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായ അളവില്‍ സമയം തെറ്റാതെ കൊടുക്കേണ്ടത് നിര്‍ബന്ധമാണ്. പ്രത്യേകിച്ചും ആന്റിബയോട്ടിക്കുകള്‍ കൃത്യമായി 8 മണിക്കൂര്‍ ഇടവേളകളില്‍ നല്‍കണം. സമയക്രമം തെറ്റുന്നത് ബാക്ടീരിയകള്‍ പെരുകുന്നതിനും വൈറസുകള്‍ ആന്റിബയോട്ടിക്കുകളോട് ചെറുത്തുനില്‍ക്കുന്നതിനും കാരണമാവും. അതോടെ കുട്ടിക്ക് അസുഖം വീണ്ടും കൂടാന്‍ സാധ്യതയുണ്ട്. ഡോക്ടര്‍മാര്‍ മൂന്നുനേരം കൊടുക്കണമെന്ന് നിര്‍ദേശിക്കുന്ന മരുന്നുകള്‍ മൂന്നുനേരം തന്നെ കൊടുക്കണം. അസുഖത്തിന് താല്‍ക്കാലിക ശമനമാവുന്നതുകൊണ്ട് മരുന്ന് കൊടുക്കാന്‍ മറന്നുപോയാല്‍ അതുസാരമില്ലെന്ന് കരുതരുത്. ചില മരുന്നുകള്‍ അസുഖം കുറയുന്നപക്ഷം കൊടുക്കേണ്ടതില്ലെങ്കില്‍ അക്കാര്യം ഡോക്ടര്‍ പ്രത്യേകം നിര്‍ദേശിക്കും.

മരുന്നിന്റെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ പ്രശ്‌നമാണോ

കുഞ്ഞുങ്ങളുടെ അസുഖത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന അളവിലും ഡോസിലും മരുന്നുകള്‍ നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. ഓരോ മരുന്നിലും അടങ്ങിയിരിക്കുന്ന ചേരുവകളുടെ അളവുകള്‍ മരുന്നുകുപ്പികളുടെ പുറത്തും മരുന്ന് സ്ട്രിപ്പുകളിലും നല്‍കിയിട്ടുണ്ടാവും. അത്തരം ചേരുവകള്‍ ചേര്‍ന്ന മരുന്നിന്റെ കാല്‍ഭാഗം അല്ലെങ്കില്‍ 5 മില്ലി എന്നൊക്കെ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ അത്തരം അളവുകളില്‍ കൂടാനോ കുറയാനോ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അസുഖം മാറാതിരിക്കാന്‍ സാധ്യതയുണ്ട്. മരുന്ന് കൊടുക്കുമ്പോള്‍ ചിലപ്പോള്‍ കുഞ്ഞ് തുപ്പിയെന്നുവരാം. അത്തരം സാഹചര്യങ്ങളില്‍ അളവ് മനസ്സിലാക്കാന്‍ കഴിയാതെ വരും. കഴിവതും മരുന്ന് ശരിയായ അളവില്‍ കൃത്യമായി കുഞ്ഞിന്റെ ശരീരത്തിലെത്തുംവിധം വേണം മരുന്ന് നല്‍കാന്‍. ടീസ്പൂണ്‍, ടേബിള്‍സ്പൂണ്‍ അളവുകളിലെ വ്യത്യാസവും മാതാപിതാക്കള്‍ മനസ്സിലാക്കിയിരിക്കണം. ഒരു ടീസ്പൂണ്‍ എന്ന് നിര്‍ദേശിച്ചാല്‍ അടുക്കളയിലുപയോഗിക്കുന്ന സ്പൂണില്‍ അളവ് കുട്ടിക്ക് കൊടുക്കുന്നത് ഉചിതമാവില്ല. 5 മില്ലി കൊള്ളുന്ന സ്പൂണ്‍ ഇതിനുവേണ്ടി പ്രത്യേകം ഉപയോഗിക്കണം. അളവ് കാണിക്കുന്ന മൂടികള്‍ മരുന്നുകടകളില്‍ നിന്ന് വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണ്.

ചില മരുന്നുകള്‍ പൊടിരൂപത്തില്‍ നല്‍കുന്നവയാണ്. അതിലേക്ക് തിളപ്പിച്ചാറ്റിയ വെള്ളം ചേര്‍ത്ത് നന്നായി കുലുക്കിവേണം മരുന്ന് ഉണ്ടാക്കാന്‍. വെള്ളം ചേര്‍ക്കുമ്പോള്‍ അത് അണുവിമുക്തമാണെന്നും അത് മരുന്നുകുപ്പിയില്‍ കാണിച്ചിട്ടുള്ള അളവ് കവിയാതെ ചേര്‍ത്ത് കുലുക്കി ഉപയോഗിക്കേണ്ടതുമാണ്.

ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് കടയിലില്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയുടെ മരുന്ന് കൊടുക്കാമോ?

ഇത്തരം സാഹചര്യങ്ങള്‍ പല രക്ഷിതാക്കളും നേരിടുന്നതാണ്. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തന്നെ പരമാവധി കുട്ടിക്ക് കൊടുക്കാന്‍ ശ്രദ്ധിക്കണം. പ്രസ്തുത മരുന്ന് വിപണിയില്‍ ലഭ്യമല്ലെങ്കില്‍ ഫാര്‍മസിസ്റ്റ് നിര്‍ദേശിക്കുന്ന മറ്റ് മരുന്നുകള്‍ പകരമായി നല്‍കരുത്. മറിച്ച് ഡോക്ടറുടെ ഉപദേശം വീണ്ടും തേടി മരുന്ന് മാറ്റിയെഴുതി വാങ്ങണം. കുട്ടികളുടെ സാഹചര്യം, ക്ലിനിക്കല്‍ ഹിസ്റ്ററി, ആരോഗ്യസ്ഥിതി എന്നിവ അടിസ്ഥാനമാക്കിയാണ് ഡോക്ടര്‍ മരുന്ന് കുറിക്കുന്നത്. അതുകൊണ്ടു തന്നെ മരുന്ന് മാറ്റിക്കൊടുക്കുന്നുണ്ടെങ്കില്‍ അത് ഡോക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം. അല്ലെങ്കില്‍ അത് കുട്ടിയുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചേക്കാം.

കുഞ്ഞ് മരുന്ന് കഴിക്കാന്‍ മടിച്ചാല്‍ എന്തുചെയ്യും ?

പലപ്പോഴും രക്ഷിതാക്കള്‍ക്ക് തലവേദനയുണ്ടാക്കുന്ന ഒന്നാണ് കുട്ടികള്‍ക്ക് മരുന്ന് കഴിക്കാനുള്ള മടി. ഇത് പറഞ്ഞുമനസ്സിലാക്കി കുട്ടികളെ മരുന്ന് കഴിക്കാന്‍ ശീലിപ്പിക്കണം. കുഞ്ഞുങ്ങള്‍ ഗുളിക കഴിക്കാന്‍ വിമുഖത കാണിക്കുന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ദ്രവരൂപത്തിലുള്ള മരുന്ന് നല്‍കാവുന്നതാണ്. കുഞ്ഞുങ്ങള്‍ ഗുളിക വിഴുങ്ങാതിരിക്കുമ്പോള്‍ അത് പൊടിച്ച് പഞ്ചസാരവെള്ളത്തിലോ ജ്യൂസിലോ ചേര്‍ത്ത് നല്‍കുന്ന രീതി പല മാതാപിതാക്കളും പിന്തുടരുന്നതായി കണ്ടുവരുന്നുണ്ട്. ഇത് നല്ലതല്ല. മരുന്നുകള്‍ ഒരുകാരണവശാലും മറ്റ് ഭക്ഷണസാധനങ്ങള്‍ ചേര്‍ത്ത് നല്‍കരുത്. ആവശ്യമെങ്കില്‍ കഞ്ഞിവെള്ളത്തിലോ തിളപ്പിച്ചാറ്റിയ വെള്ളത്തിലോ ഗുളിക പൊടിച്ച് ചേര്‍ത്ത് നല്‍കാവുന്നതാണ്. കുഞ്ഞ് മരുന്ന് തീരെ കഴിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ ആവശ്യമായി വരും.

സ്വയം ചികിത്സ നല്ലതാണോ?

മറ്റെല്ലാ കാര്യങ്ങളിലെയും പോലെ കുഞ്ഞുങ്ങളുടെ കാര്യത്തിലും സ്വയം ചികിത്സ അപകടം വിളിച്ചു വരുത്തും. കുഞ്ഞിന് പനിയോ ചുമയോ വന്നാല്‍ നേരത്തേ അതേ രോഗത്തിന് കുഞ്ഞിന്റെ സഹോദരനോ സഹോദരിക്കോ വാങ്ങിവെച്ച മരുന്നുകളുണ്ടെങ്കില്‍ അത് ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഒരു കാരണവശാലും നല്‍കരുത്. ഓരോ കുട്ടിയുടെയും ആരോഗ്യസ്ഥിതി, ക്ലിനിക്കല്‍ ഹിസ്റ്ററി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദേശിക്കുന്നത്. ആയതിനാല്‍ ഒരു കുട്ടിക്ക് എഴുതിക്കൊടുത്ത മരുന്ന് മറ്റൊരു കുട്ടിക്ക് നല്‍കാന്‍ പാടില്ല. അതുപോലെ അസുഖവിവരം ധരിപ്പിച്ച് ഫാര്‍മസികളില്‍ നിന്ന് വാങ്ങുന്ന താല്‍ക്കാലികാശ്വാസ മരുന്നുകള്‍ കുട്ടികളില്‍ പരീക്ഷിക്കുന്നത് കൂടുതല്‍ അപകടം ഉണ്ടാക്കും. ഒരു അംഗീകൃത ഫിസിഷ്യന്റെ സഹായമില്ലാതെ കുട്ടികള്‍ക്ക് മരുന്ന് നാല്‍കാന്‍ പാടില്ല.

മരുന്നുകള്‍ ഇടയ്ക്ക് വെച്ച് നിര്‍ത്താമോ?

ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരാഴ്ചയ്ക്ക് മരുന്ന് കഴിക്കാനുണ്ടെങ്കില്‍ അസുഖം കുറയുന്നതോടെ രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് മരുന്ന് കഴിക്കുന്നത് നിര്‍ത്തരുത്. നിര്‍ദേശിക്കുന്ന കാലയളവിലേക്കുള്ള മരുന്നുകള്‍ രോഗം മാറിയാലും ഇല്ലെങ്കിലും കൃത്യമായ സമയക്രമം പാലിച്ചുതന്നെ പൂര്‍ത്തിയാക്കണം. മരുന്ന് ഉപയോഗിക്കാന്‍ വേണ്ടി തുറന്ന് കഴിഞ്ഞാല്‍ അത് ദീര്‍ഘനാളത്തേക്ക് സക്ഷിച്ചുവെക്കുന്നത് അപകടകരമാണ്. കൃത്യമായ താപനിലയിലും അണുവിമുക്തമായുമാണ് മരുന്നുകള്‍ ഫാര്‍മസികളില്‍ സൂക്ഷിക്കുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പോലും മരുന്നുകള്‍ വീടുകളില്‍ ദീര്‍ഘനാളത്തേക്ക് ഉപയോഗിക്കാന്‍ എടുക്കരുത്. അത് കുഞ്ഞുങ്ങളില്‍ പുതിയ അസുഖമുണ്ടാക്കുന്നതിന് കാരണമാവും. ഉപയോഗിച്ച മരുന്നുകള്‍ കാലാവധി കഴിഞ്ഞില്ലെങ്കിലും ഭാവിയിലെ ഉപയോഗത്തിനായി മാറ്റിവെക്കാതെ ആവശ്യം കഴിഞ്ഞ് നശിപ്പിക്കുന്നതാണ് ഉത്തമം.

കുട്ടികളുടെ ഭക്ഷണത്തിലും വസ്ത്രത്തിലും പഠനത്തിലും കളികളിലുമൊക്കെ ശ്രദ്ധ പുലര്‍ത്തുന്ന മാതാപിതാക്കള്‍ ആരോഗ്യകാര്യത്തിലും അതീവശ്രദ്ധ പുലര്‍ത്തണം. നാളെയുടെ പൗരന്മാര്‍ മികച്ച ആരോഗ്യമുള്ളവരായി വളര്‍ന്നുവരാന്‍ മാതാപിതാക്കളുടെ മതിയായ ശ്രദ്ധ കൂടിയേ തീരൂ.

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. ഹൈറുന്നീസ ബി.എച്ച്

Content Highlights: childrens medication safety tips and guidelines


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented