നിങ്ങളുടെ കുട്ടി ഏറെ ഇന്റലിജന്റ് ആണോ? എങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും കുട്ടിയുടെ അമ്മയ്ക്കാണ്...അത്ഭുതപ്പെടേണ്ട, കുഞ്ഞിന്റെ ബുദ്ധിവൈഭവം അമ്മയുടെ ജനിതകഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ വിശദീകരിക്കുന്നത്. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇത്തരത്തില്‍ അമ്മയുടെ ബുദ്ധി കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനും പിന്നില്‍ ജീനുകളുടെ ഒളിച്ചുകളി തന്നെയാണെന്ന് ഗവേഷകര്‍ ഈ കണ്ടെത്തലിനെ കുറിച്ച് വിശദീകരിക്കുന്നത്. സ്ത്രീയിലും പുരുഷന്മാരിലുമുള്ള ക്രോമൊസോമുകളുടെ എണ്ണത്തിലുള്ള വ്യത്യാസമാണ് ഇതിന്റെ കാരണം.

എക്‌സ് ക്രോമൊസോമുകളാണ് ഒരാളുടെ ബുദ്ധിയെ സ്വാധീനിക്കുന്നത്. ഈ എക്‌സ് ക്രോമൊസോമുകള്‍ പുരുഷന്മാരില്‍ ഒന്നു മാത്രമാണ് ഉണ്ടാവുക എന്നിരിക്കെ സ്ത്രീകളില്‍ ഇത് രണ്ടെണ്ണമാണ് ഉള്ളത്. അതിനാലാണ് മക്കളിലേക്ക് ബുദ്ധി കൈമാറ്റം ചെയ്യപ്പെടുന്നതില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സാധ്യത സ്ത്രീകള്‍ക്കാണുള്ളതെന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത്. ഇതിനു പുറമേ ഈ ജീനുകള്‍ പിതാവില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടാല്‍ അത് സ്വയം പ്രവര്‍ത്തനരഹിതമായിപ്പോകുമെന്നും പഠനത്തിലുണ്ട്.  ബുദ്ധിശക്തിയുടെ കാര്യത്തില്‍  അമ്മയില്‍ നിന്നും ലഭിക്കുന്ന ജീനുകള്‍ മാത്രം കാര്യക്ഷമമാവുന്ന ഈ ജീനുകളെ കണ്ടീഷന്‍ഡ് ജീനുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. 

ജനിതമാറ്റം വരുത്തിയ എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ കുട്ടിയുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്നത് അമ്മയുടെ ജനതികഘടനയാണെന്ന് തെളിഞ്ഞിട്ടുണ്ട്. മാതൃജീനുകള്‍ കൂടുതലായപ്പോള്‍ എലികള്‍ക്ക് വലിയ തലയും തലച്ചോറും വികസിച്ചുവന്നുവെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. അതേ സ്ഥാനത്ത് പുരുഷജീനായപ്പോള്‍ ചെറിയ തലച്ചോറും വലിയ ശരീരവുള്ള എലികളായിരുന്നു സൃഷ്ടിക്കപ്പെട്ടത്.

എലികളില്‍ കൂടാതെ തങ്ങളുടെ പഠനത്തിന്റെ ആധികാരികത ഉറപ്പുവരുത്താനായി 14നും 22 നും ഇടയില്‍ പ്രായമുള്ള 12686 യുവാക്കളെക്കൂടി ഗവേഷകര്‍ നിരീക്ഷിച്ചു. 1994 മുതല്‍ മനുഷ്യരിലുള്ള ഈ പഠനത്തിലായിരുന്നു ഗവേഷകര്‍. അമ്മയുടെ ഐ.ക്യൂ ആണ് ഇവരില്‍ കണ്ടെത്തിയത് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

കുഞ്ഞിന്റെ ഭക്ഷണശീലം മുതല്‍  ഓര്‍മ്മശക്തിയെ വരെ സ്വാധീനിക്കാന്‍ അമ്മയില്‍ നിന്നും കൈമാറ്റം ചെയ്യപ്പെടുന്ന ക്രോമോസോമുകള്‍ക്ക് സാധിക്കും. അതായത് ബുദ്ധിവൈഭവത്തിന്റെ കാതലായ ചിന്ത, ഭാഷ, യുക്തിപരമായ വിശകലനം തുടങ്ങിയ കാര്യങ്ങളില്‍ ഈ ജീനുകള്‍ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് ചുരുക്കം. 

ജീനുകള്‍ മാത്രമല്ല, പാരമ്പര്യപരമായ കാരണങ്ങള്‍ക്കുമപ്പുറത്ത് വളര്‍ച്ചാ ഘട്ടത്തില്‍ കുഞ്ഞിനെ സ്വാധീനിക്കുന്ന പല കാര്യങ്ങളും അമ്മയിലൂടെയാണ് കുഞ്ഞിലേക്കെത്തുന്നത് എന്ന വസ്തുതയും പഠനത്തില്‍ തള്ളിക്കളയുന്നില്ല. പ്രായപൂര്‍ത്തിയാവുന്നതു വരെ അമ്മയും കുഞ്ഞും തമ്മിലുള്ള മാനസിക ബന്ധവും, ആശയവിനിമയവും ഇരുവര്‍ക്കും ചുറ്റുമുള്ള പരിസ്ഥിതിയും കുഞ്ഞിന്റെ ബുദ്ധിയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകങ്ങളാണ്. 

Content Highlight: children inherit intelligence from mother,Intelligent Chils, X Chromosome, conditioned genes