കഫ് സിറപ്പ് കഴിച്ച് ആഫ്രിക്കയിൽ കുട്ടികൾ മരിച്ച സംഭവം; നിരോധിത ഘടകങ്ങൾ ഉപയോഗിച്ചെന്ന് വിലയിരുത്തൽ


വീണ ചിറക്കൽ 

Representative Image| Photo: Canva.com

ആഫ്രിക്കയിലെ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പുകളെക്കുറിച്ച് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയ വാർത്ത പുറത്തുവന്നിരുന്നു. ഇന്ത്യൻ കമ്പനി നിർമിച്ച വിഷമയമായതും ഗുണനിലവാരം കുറഞ്ഞതുമായ ചുമയ്ക്കുള്ള നാല് മരുന്നുകൾക്കെതിരേയാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയത്. പിന്നാലെ വിഷയത്തിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഹരിയാണ ആസ്ഥാനമായ മെയ്ഡിൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രൊമെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയ്ക്കെതിരേയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ആരോ​ഗ്യത്തിന് അപകടകാരികളായ ഡൈതലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അമിതമായ അളവിൽ ഈ നാലുമരുന്നുകളിലും അടങ്ങിയിരിക്കുന്നതായി രാസപരിശോധനയിൽ വ്യക്തമായെന്നാണ് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയത്. വൃക്ക പരാജയം ഉൾപ്പെടെയുള്ള അനന്തരഫലങ്ങളാണ് ഈ ഘടകങ്ങൾ മൂലമുണ്ടാകുന്നത്. 66 കുട്ടികളും വൃക്ക തകരാറിലായാണ് മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ.നിലവിൽ ഗാംബിയയിൽ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പട്ടിരിക്കുന്നതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡബ്ലു.എച്ച്.ഒ ഡയറക്ടർ ജനറൽ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ മരുന്നിന്റെ വിതരണം നിർത്തിവെക്കണമെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടമാകുന്നതിങ്ങനെ

ഡയാത്തൈലീൻ ഗ്ലൈക്കോൾ കിഡ്നിക്ക് നാശം ഉണ്ടാക്കാൻ സാധ്യതയുള്ള ഘടകമാണ്. ലോകാരോ​ഗ്യസംഘടനയുടെ മാർ​ഗനിർദേശ പ്രകാരം കഫ് സിറപ്പുകളിൽ ഉപയോ​ഗിക്കാൻ പാടില്ലാത്ത ഘടകമാണിത്. പെട്രോ കെമിക്കൽസ്, ഡ്ര​ഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ എന്നീ വിഭാ​ഗങ്ങളുടെ ഭാ​ഗത്തു നിന്നുണ്ടാകുന്ന നോട്ടക്കുറവാണ് ഇത്തരം സാഹചര്യങ്ങളിലേക്ക് നയിക്കുന്നതെന്ന് ആരോ​ഗ്യപ്രവർത്തകർ പറയുന്നു. അവരുടെ ഭാ​ഗത്തു നിന്ന് കർശനമായ മേൽനോട്ടം ഉണ്ടാകാത്തതിന്റെ ഉദാഹരണമാണ് ഈ സംഭവങ്ങൾ.

എല്ലാ മരുന്നുകൾക്കും അതിന്റേതായ ​ഗുണദോഷവശങ്ങളുണ്ടെന്നതിനാൽ അളവിൽക്കൂടുതൽ കഴിക്കുന്നതും ദോഷം ചെയ്യും. പലപ്പോഴും രഹസ്യമായാണ് ഇത്തരം ഘടകങ്ങൾ മരുന്നുകളിൽ‌ ചേർക്കാറുള്ളത്. അത്തരം സാഹചര്യങ്ങൾ കണ്ടെത്താനുള്ള ഫലപ്രദമായ ഇടപെടൽ നടക്കുന്നില്ല എന്നതാണ് പ്രധാനം. ആദ്യത്തെ ട്രയലുകളിലൊന്നും ചേർക്കാതെ പിന്നീട് ചേർക്കപ്പെട്ടതുമായേക്കാമെന്നും കരുതുന്നുണ്ട്.

ഇന്ത്യയിലും സമാന സംഭവം

നേരത്തേ ഇന്ത്യയിലും സമാന സംഭവം അരങ്ങേറിയിരുന്നു. 2020 ഫെബ്രുവരിയിൽ ജമ്മുവിലെ ഉദ്ദംപൂർ ജില്ലയിലായിരുന്നു അത്. കോൾഡ്ബെസ്റ്റ്-പിസി എന്ന കഫ്സിറപ്പ് കഴിച്ചതുമൂലം പന്ത്രണ്ടോളം കുട്ടികളാണ് മരണപ്പെട്ടത്. ആ മരുന്നിലും ഡൈതലീൻ ​ഗ്ലൈക്കോൾ സാന്നിധ്യം കണ്ടെത്തിയിരുന്നു. തളർച്ചയ്ക്കും ശ്വാസതടസ്സത്തിനും വൃക്കയിലെ തകരാറിനും കാരണമായ ഡൈതലീൻ ​ഗ്ലൈക്കോൾ അടങ്ങിയ മരുന്ന് പിന്നീട് നിരോധിക്കുകയും ചെയ്തിരുന്നു. 1973ൽ ചെന്നൈയിലെ എ​ഗ്മോർ ആശുപത്രിയിലും ഇത്തരത്തിലൊരു സംഭവമുണ്ടായി. അന്ന് പതിനാലു കുട്ടികളാണ് മരണപ്പെട്ടത്. 1986ൽ മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലിൽ ഇത്തരത്തിൽ വിഷമയമായ മരുന്ന് കഴിച്ച് 14 പേരും 1998ൽ ന്യൂഡൽഹിയിൽ 33 കുട്ടികളും മരണപ്പെട്ടിരുന്നു. മേൽപ്പറഞ്ഞ സാഹചര്യങ്ങളിലെല്ലാം കഫ് സിറപ്പിലെ ഡൈതലീൻ ​ഗ്ലൈക്കോൾ ഘടകം തിരിച്ചറിയുന്നതിൽ വീഴ്ച്ച വരുത്തിയതാണ് മരണകാരണമായത്.

കുഞ്ഞുങ്ങൾക്ക് മരുന്നു നൽകുമ്പോൾ ശ്രദ്ധിക്കേണ്ടവ

  • കുട്ടികൾക്ക് മരുന്നു നൽകുമ്പോൾ അളവിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഒരു ടീസ്പൂൺ എന്നാൽ 5 മില്ലി ലിറ്റർ (5 ml ) ആണ് എന്ന കാര്യം മറക്കരുത്. ഒരു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്നു നൽകുമ്പോൾ ഒരു മില്ലി ലിറ്റർ എന്നത് 16 തുള്ളികളാണ് എന്നതും ഓർക്കണം.
  • ചൂടുള്ള സ്ഥലങ്ങളിൽ മരുന്നുകൾ സൂക്ഷിച്ചു വെക്കുന്നതിനേക്കാൾ നല്ലത് ചൂടു കുറഞ്ഞ താരതമ്യേന തണുത്ത സ്ഥലങ്ങളിൽ അവ സൂക്ഷിക്കുന്നതാണ്.
  • ആന്റിബയോട്ടിക്കുകളും ആന്റിവൈറൽ മരുന്നുകളും കഴിച്ചു തുടങ്ങിയാൽ കുട്ടിക്ക് അസുഖം കുറഞ്ഞതായി തോന്നിയാലും പാതിവഴിക്ക് നിർത്തരുത്. നിർദേശിച്ച അളവത്രയും നൽകേണ്ടതാണ്.
  • മരുന്നുകൾ കഴിച്ചാലുടൻ ചില കുട്ടികൾ ശർദിക്കാറുണ്ട്. മരുന്ന് കഴിച്ച് അരമണിക്കൂറിനുള്ളിലാണ് ശക്തമായ ഛർദ്ദി വന്നതെങ്കിൽ മരുന്ന് രണ്ടാമത് നൽകാം‌
  • ചില മരുന്നുകൾ കഴിക്കുമ്പോൾ കുട്ടികളിൽ ഉറക്കക്കൂടുതലോ ക്ഷീണമോ, ചെറിയ വയറിളക്കമോ ഒക്കെ ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങളിൽ വിവരം ഡോക്ടറെ ഉടൻ അറിയിക്കേണ്ടതാണ്.
  • ഇൻ ഹെയ്ലർ, നേസൽ സ്പ്രേ തുടങ്ങിയവ കൃത്യമായി അവയിൽ നിർദേശിച്ച പ്രകാരം തന്നെ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക
  • മുതിർന്നവരുടെ മരുന്നുകൾ കുട്ടികളുടെ കൈയെത്തുന്ന സ്ഥലത്ത് വെക്കാതിരിക്കാൻ നിർബന്ധമായും ശ്രദ്ധിക്കണം. അവ കഴിക്കാനിടയായാൽ ചിലപ്പോൾ ​​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം
  • കുഞ്ഞുങ്ങൾക്ക് രോ​​ഗവിവരം പറഞ്ഞ് മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങുന്നതിന് പകരം ഡോക്ടറെ കണ്ട് രോ​ഗനിർണയം നടത്തി അതിനനുസരിച്ചുള്ള മരുന്ന് നൽകാൻ ശ്രദ്ധിക്കുക.
വിവരങ്ങൾക്ക് കടപ്പാട്

ഡോ. എം.മുരളീധരൻ
പീഡിയാട്രീഷ്യൻ

ആശ ഹെൽത്ത് സെന്റർ വടകര

Content Highlights: child deaths in gambia , cough syrup poisoning


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented