മൂന്നാംതരം​ഗം; സമ്പൂർണ അടച്ചിടൽ ഒഴിവാക്കാം, ജനപിന്തുണ അനിവാര്യം- മുഖ്യമന്ത്രി


പിണറായി വിജയൻ, മുഖ്യമന്ത്രി

നിലവിൽ പൂർണമായ അടച്ചിടലിലേക്ക് പോകുന്നതിനുപകരം മേഖലാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ തിരിച്ചാണ് നിയന്ത്രണങ്ങൾ

പിണറായി വിജയൻ| Photo: Video www.facebook.com|PinarayiVijayan

രാജ്യത്ത് ആദ്യ കോവിഡ്ബാധ സ്ഥിരീകരിച്ചപ്പോൾത്തന്നെ പ്രതിസന്ധി അതിജീവിക്കുന്നതിന് ഉണർന്നുപ്രവർത്തിച്ച സംസ്ഥാനമാണ് കേരളം. ഏറ്റവും തുടക്കത്തിൽത്തന്നെ ശാസ്ത്രീയമായ പ്രതിരോധനടപടികൾ കൊണ്ടുവരാനും സുസജ്ജമായ ആരോഗ്യസംവിധാനങ്ങളും മറ്റുക്രമീകരണങ്ങളും ഏർപ്പെടുത്താനും നമുക്ക് സാധിച്ചു.

കരുതൽ മതി, ആശങ്ക വേണ്ടാ

ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനത്തോടെ ഇന്ന് നാം കോവിഡിന്റെ മൂന്നാംതരംഗത്തെ നേരിടുകയാണ്. ആദ്യ രണ്ടുഘട്ടത്തിലും സമ്പൂർണ ലോക്‌ഡൗണിലേക്ക് സംസ്ഥാനത്തിന് പോകേണ്ടിവന്നു. അന്ന്, പൂർണമായ അടച്ചിടൽ ജനജീവിതത്തെ സാരമായി ബാധിച്ചെന്ന് നമുക്കറിയാം. അത്തരമൊരു നടപടിയിലേക്ക്‌ കടക്കേണ്ട സാഹചര്യം ഈ ഘട്ടത്തിൽ ഇവിടെ ഇതുവരെ സംജാതമായിട്ടില്ല എന്നത് ആശ്വാസകരമാണ്.

സംസ്ഥാനത്ത് 18 വയസ്സിനുമുകളിൽ ലക്ഷ്യം വെച്ച ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ആദ്യഡോസ് വാക്സിനും 83 ശതമാനം പേർക്ക് രണ്ടാംഡോസും നൽകിക്കഴിഞ്ഞുവെന്നത് മൂന്നാംതരംഗത്തെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നു. എല്ലാ വിഭാഗത്തിലുമായി അഞ്ചുകോടിയിലധികം ഡോസ് വാക്സിനേഷനാണ് നൽകിയത്‌. വളരെയധികം പേർക്ക് കോവിഡ് വന്നുപോയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഭൂരിപക്ഷം പേരും സമ്മിശ്ര (ഹൈബ്രിഡ്) പ്രതിരോധശേഷി നേടിയിട്ടുണ്ട് എന്നത് തീവ്രരോഗബാധയും മരണങ്ങളും കുറയ്ക്കാൻ സഹായകമാകും. അതുകൊണ്ടുതന്നെ കോവിഡ്‌കാരണം ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിവരുന്നവരുടെ എണ്ണം ഇത്തവണ വളരെ കുറവാണ്. ഇനിയും വാക്സിൻ സ്വീകരിക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ ഉടൻതന്നെ വാക്സിനെടുക്കേണ്ടതാണ്.

കോവിഡ്‌ബാധിതരുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുക എന്നതാണ് ആദ്യഘട്ടംമുതൽ കേരളം സ്വീകരിച്ചുവരുന്ന നയം. നിലവിൽ പൂർണമായ അടച്ചിടലിലേക്ക് പോകുന്നതിനുപകരം മേഖലാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ തിരിച്ചാണ് നിയന്ത്രണങ്ങൾ.

രോഗവർധന നിശ്ചയിക്കുന്നതിനും മാനദണ്ഡങ്ങളുണ്ട്. ഒരു ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആദ്യതീയതിയിൽനിന്ന് ഇരട്ടിയാവുകയോ ഐ.സി.­യു.വിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 50 ശതമാനത്തിൽ കൂടുകയോ ചെയ്താൽ കാറ്റഗറി ഒന്നിൽ കടന്നതായി കണക്കാക്കും. ഐ.സി.­യു.വിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഒറ്റയടിക്ക് ഇരട്ടിയാവുകയോ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ 10 ശതമാനം കോവിഡ് രോഗികളായിരിക്കുകയോ ചെയ്യുമ്പോൾ ആ ജില്ല കാറ്റഗറി രണ്ടിൽപ്പെടും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികളായാൽ കാറ്റഗറി മൂന്നിൽ ഉൾപ്പെടും.

സമ്പൂർണ അടച്ചിടൽ ഒഴിവാക്കാം

സമ്പൂർണ അടച്ചിടൽ ജനങ്ങളുടെ ജീവിതത്തെയും ജീവിതോപാധിയെയും സാരമായി ബാധിക്കും. സംസ്ഥാനമാകെ അടച്ചാൽ ജനങ്ങളെല്ലാം സാമ്പത്തികപ്രതിസന്ധിയിലേക്കുപോകും. കടകൾ അടച്ചിട്ടാൽ വ്യാപാരികളെ ബാധിക്കും. വാഹനങ്ങൾ നിരത്തിലിറങ്ങാതെയിരുന്നാൽ അത് എല്ലാവരെയും ബാധിക്കും. അതിനാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയതന്ത്രമാണ് കേരളം ആവിഷ്കരിച്ചിരിക്കുന്നത്. സമാനമായ രീതിതന്നെയാണ് ഇക്കാര്യത്തിൽ സാഹചര്യങ്ങൾക്കനുസൃതമായി ഭാവിയിലും പിന്തുടരുക. അതുവിജയിക്കണമെങ്കിൽ ജനങ്ങളുടെ പൂർണപിന്തുണ അനിവാര്യമാണ്.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 40 കടന്നിരിക്കയാണ്. എന്നാൽ, അതിൽ ഭയപ്പെടേണ്ട കാര്യമില്ല. ആദ്യ രണ്ടുഘട്ടത്തിലും പരമാവധി ആളുകളെ പരിശോധിക്കാനാണ് ശ്രമിച്ചത്. അതിൽ രോഗലക്ഷണമില്ലാത്തവരുംപെടും. അപ്പോൾ ടി. പി.ആറിലെ വർധന ആശങ്കസൃഷ്ടിച്ചിരുന്നു. ഇപ്പോൾ പരിശോധനരീതിയിൽ മാറ്റംവരുത്തിയിട്ടുണ്ട്. കോവിഡ് ലക്ഷണമുള്ളവരെമാത്രമാണ് പരിശോധിക്കുന്നത്. അതുകൊണ്ട് ടി.പി.ആറിന് പഴയ പ്രസക്തിയില്ല.

വീടുകളിൽ

ഇപ്പോൾ കോവിഡ് ബാധിക്കുന്നവർ വീട്ടിൽത്തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞാൽമതിയാകും. രോഗം കടുക്കുന്ന സ്ഥിതിയുണ്ടായാൽ ആശുപത്രിസേവനം തേടണം. മറ്റുഗുരുതര രോഗങ്ങളുള്ളവരും പ്രായാധിക്യമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. പനി നിയന്ത്രണവിധേയമാകാതിരുന്നാലും ഡോക്ടറുടെ അഭിപ്രായം തേടണം. കോവിഡ് ബാധിതർക്കുള്ള ഗാർഹികപരിചരണത്തിനും ക്വാറന്റീനും പുതിയ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതുമുതലോ ലക്ഷണങ്ങളില്ലാത്തവർ കോവിഡ് സ്ഥിരീകരിച്ചതുമുതലോ വീട്ടിൽ ഏഴുദിവസം നിരീക്ഷണത്തിൽ കഴിയണം. മൂന്നുദിവസം തുടർച്ചയായി പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നാൽ ഗൃഹനിരീക്ഷണം അവസാനിപ്പിക്കാം. വീട്ടിൽ നിരീക്ഷണത്തിൽക്കഴിയുന്ന സമയത്ത് അപായസൂചനകളുണ്ടോ എന്ന് നിരീക്ഷിക്കണം. ദിവസവും ആറുമിനിറ്റ് നടത്തപരിശോധന വേണം.

മാർഗനിർദേശങ്ങൾ പാലിക്കാം

മൂന്നാംതരംഗം നേരിടുന്നതിനായി ഐ.സി.യു., വെന്റിലേറ്റർ, ഓക്സിജൻ, പീഡിയാട്രിക് സൗകര്യങ്ങൾ എന്നിവ വലിയതോതിൽ വർധിപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒട്ടേറെ കേസുകൾ റിപ്പോർട്ട്ചെയ്ത പശ്ചാത്തലത്തിൽ ക്ലസ്റ്റർ മാനേജ്‌മെന്റിന്‌ രൂപംനൽകിയിട്ടുണ്ട്. പത്തിലധികം ആളുകൾക്ക് കോവിഡ് ബാധിച്ചാൽ ആ പ്രദേശം ലാർജ് ക്ലസ്റ്ററാകും. അത്തരത്തിൽ അഞ്ചുക്ലസ്റ്ററിലധികമുണ്ടെങ്കിൽ പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം അല്ലെങ്കിൽ ഓഫീസ് അഞ്ചുദിവസത്തേക്ക് അടച്ചിടാൻ തീരുമാനിക്കാം. സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫീസുകളും തുറന്നുപ്രവർത്തിക്കണമെന്നാണ് സർക്കാർ സമീപനം.

കോവിഡ് പ്രതിരോധം എല്ലാവരും കൈകോർത്ത് നടത്തേണ്ട ഒന്നാണ്. ആരോഗ്യപ്രവർത്തകരും പോലീസടക്കമുള്ള സേനകളും സന്നദ്ധപ്രവർത്തകരും അവിശ്രമം പ്രവർത്തിച്ചുകൊണ്ടിരിക്കയാണ്. ജനങ്ങളുടെ സാധാരണജീവിതത്തിനും നാടിന്റെ പുരോഗതിക്കും പരിക്കേൽക്കാതിരിക്കാനുള്ള ജാഗ്രതയാണ് ഈ കൂട്ടായ്മയ്ക്ക് അടിസ്ഥാനം. നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം മുടങ്ങാതെ തുടരേണ്ടതുണ്ട്. വീടുകളിൽ അടുപ്പ് പുകയേണ്ടതുണ്ട്. പുതിയ കാലത്ത് ഏറ്റെടുക്കാനുള്ള വെല്ലുവിളി പുതിയ തരത്തിലുള്ളതാണെന്ന്‌ തിരിച്ചറിഞ്ഞ്‌ എല്ലാവരും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ അണിചേരുകയും സ്വയംകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.

Content Highlights: Chief minister Pinarayi Vijayan about covid third wave, omicron cases in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented