Representative Image | Photo: Gettyimages.in
അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോൾ അതിനൊപ്പം തന്നെ ശരീരത്തെ തളർത്താൻ ചില രോഗങ്ങളും വ്യാപകമാവാറുണ്ട്. ഗർഭകാലം ചെലവിടുന്നവർ ഇത്തരം രോഗങ്ങളെ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ അത് ജനിക്കാൻ പോകുന്ന കുട്ടികളിൽ പോലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അത്തരത്തിൽ വ്യാപിക്കുന്ന പ്രധാനരോഗമാണ് ചിക്കൻപോക്സ്. അതിന്റെ രോഗലക്ഷണങ്ങളും തടയാനുള്ള മുൻകരുതലുകളെക്കുറിച്ചും അറിയാം.
ചിക്കൻ പോക്സ്
ഒരു വൈറൽ അണുബാധയാണ് ചിക്കൻപോക്സ്. വേരിസെല്ല സോസ്റ്റർ വൈറസ് ആണ് രോഗകാരി. രോഗാണു ശരീരത്തിൽ പ്രവേശിച്ച് പത്തുമുതൽ 21 ദിവസം വരെ വേണ്ടിവരും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ. പനിയും തലവേദനയുമാണ് പ്രാരംഭലക്ഷണം. ഒരാഴ്ച കഴിഞ്ഞ് തിണർപ്പുകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് ഇവ വെള്ളം നിറഞ്ഞ കുമിളകളായി ശരീരം മുഴുവൻ വ്യാപിക്കുകയും ചെയ്യും. പകർച്ചവ്യാധിയായതിനാൽ രോഗി ഐസൊലേഷനിൽ പോകുന്നതാണ് നല്ലത്.
ഗർഭകാലത്താണ് ചിക്കൻപോക്സ് വന്നതെങ്കിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആദ്യത്തെ ആറുമാസത്തിലാണ് രോഗം കാണുന്നതെങ്കിൽ കുഞ്ഞിന് ഉൾപ്പെടെ അപകടസാധ്യതയുണ്ടാവും. പ്രസവത്തിന് തൊട്ടുമുമ്പാണ് ചിക്കൻപോക്സ് വരുന്നതെങ്കിൽ കുഞ്ഞിന് നിയോനാറ്റൽ വാരിസെല്ല എന്ന അസുഖത്തിന് കാരണമാകുന്നു. അത്തരം സാഹചര്യങ്ങളിൽ കുഞ്ഞിന് ഇമ്മ്യൂണോ ഗ്ലോബുലിൻ ഇഞ്ചക്ഷൻ എടുക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ദിവസവും രണ്ടുനേരം ചൂടുവെള്ളത്തിൽ കുമിളകൾ പൊട്ടാത്ത തരത്തിൽ ശരീരം വൃത്തിയാക്കണം
- ശരീരം തേച്ച് ഉരച്ച് കഴുകരുത്
- മൃദുവായ തുണിമാത്രം ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം
- രോഗി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ അടച്ചിരിക്കണം
- തുമ്മുന്നതും ചുമയ്ക്കുന്നതും വൈറസുകൾ പുറത്തേക്ക് വ്യാപിച്ച് മറ്റുള്ളവർക്ക് രോഗമുണ്ടാക്കാൻ ഇടയാക്കും. അതിനാൽ രോഗിയും പരിചരിക്കുന്നവരും മാസ്ക് ധരിക്കണം.
- കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം
- വെള്ളം ധാരാളം കുടിക്കണം
- എണ്ണയുടെയും മസാലകളുടെയും ഉപയോഗം കുറയ്ക്കുക
കുട്ടികളിൽ വാരിസെല്ല വാക്സിന്റെ ആദ്യത്തെ ഡോസ് 12-15 മാസത്തിലും രണ്ടാമത്തെ ഡോസ് 4-6 വയസ്സിനിടയിലും ആണ് നൽകേണ്ടത്. 13 വയസ്സിന് മുകളിൽ പ്രായമുള്ളവർ 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാരിസെല്ല വാക്സിൻ സ്വീകരിക്കണം. ഗർഭിണികൾ, ഗർഭിണിയാവാൻ തയ്യാറെടുക്കുന്നവർ എന്നിവർ വാക്സിൻ എടുക്കരുത്.
കടപ്പാട്
ഡോ. സൗമ്യ സത്യൻ
കൺസൾട്ടന്റ് ഫിസിഷ്യൻ
മൗലാന ഹോസ്പിറ്റൽ
പെരിന്തൽമണ്ണ
Content Highlights: chickenpox prevention, chickenpox and pregnancy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..