ഛവി മിത്തൽ | Photos: instagram.com/chhavihussein/
കാൻസർ ബാധിച്ചെന്ന് തിരിച്ചറിയുമ്പോൾ എല്ലാം അവസാനിച്ചുവെന്നു കരുതി തളർന്നിരിക്കുന്നവരുണ്ട്. അത്തരക്കാർക്ക് പ്രചോദനപരമായ കുറിപ്പ് പങ്കുവെക്കുകയാണ് ബോളിവുഡ് താരം ഛവി മിത്തൽ. കാൻസർ ബാധിച്ചതിനെക്കുറിച്ചും അതിനെ അതിജീവിക്കുന്നതിനെക്കുറിച്ചുമൊക്കെ ഛവി നേരത്തേ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കാൻസറിനൊപ്പം ജീവിച്ച് മൂന്നുമാസം പിന്നിട്ടതിനെക്കുറിച്ചാണ് ഛവിയുടെ പോസ്റ്റ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഛവി കുറിപ്പ് പങ്കുവെച്ചത്. സ്തനാർബുദ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. തനിക്കുണ്ടായ പുരോഗതിയിൽ അതീവ സന്തുഷ്ടയാണെന്നും പോസിറ്റിവിറ്റി നിലനിർത്തുന്നതിൽ സ്വയം അഭിനന്ദിക്കാറുണ്ടെന്നും ഛവി പറയുന്നു. അതിനേക്കാളെല്ലാമുപരി കാൻസറിനെക്കുറിച്ച് താൻ നേരിട്ടും മറ്റു സഹോദരീ സഹോദരങ്ങളിലൂടെയും മനസ്സിലാക്കിയ കാര്യങ്ങളിൽ ഏറെ അഭിമാനിക്കുന്നു. കാൻസർ ചികിത്സിച്ച് ഭേദമാക്കാമെന്നും ചികിത്സ എത്ര സാവധാനം ആണെങ്കിലും അവസാനം വെളിച്ചം കാണുമെന്നും കീമോയും റേഡിയേഷനും മുടിയെ ബാധിച്ചേക്കാം എന്നാൽ നിങ്ങളുടെ ഉത്സാഹത്തെ ബാധിക്കില്ലെന്നുമൊക്കെ താൻ മനസ്സിലാക്കിയ കാര്യങ്ങളാണെന്ന് ഛവി കുറിക്കുന്നു.
കീമോയ്ക്ക് ശേഷം നേരെ ജോലിക്ക് പോകുന്ന നിരവധി രോഗികളെ താൻ കണ്ടിട്ടുണ്ടെന്നും ഛവി പറയുന്നു. ഓരോ റേഡിയേഷനുശേഷവും താനും അതാണ് ചെയ്തത്. കാൻസർ രോഗികളെ പലരും നിസ്സഹായർ എന്നു വിളിക്കുന്നത് കണ്ടിട്ടുണ്ട്. അത് ചെയ്യരുതെന്നും ഓരോരുത്തരും ശക്തരാണെന്നും ഛവി കുറിക്കുന്നു.
തന്റെ ഓരോ ദിവസത്തെയും അതിജീവനകഥ പങ്കുവെക്കുന്നത് എന്തുകൊണ്ടാണെന്നും ഛവി പറയുന്നുണ്ട്. ആർക്കെങ്കിലും കാൻസറിനെക്കുറിച്ചുള്ള തെറ്റായ മുൻവിധികൾ ഉണ്ടെങ്കിൽ അതിൽ കുറച്ചുപേർക്കെങ്കിലും മാറ്റമുണ്ടാവാനാണ്. കാൻസർ ബാധിച്ചതിനാൽ ഭയം തോന്നുന്നുവെന്ന് തനിക്ക് മെസേജ് അയക്കുന്നവർ ദയവു ചെയ്ത് കാൻസർ സ്ഥിരീകരിച്ച ദിവസം മുതൽ താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യാത്രയെക്കുറിച്ച് കാണൂ എന്നും അത് തന്നെപ്പോലെ അവരെയും ഭയരഹിതരാക്കുമെന്നും ഛവി കുറിക്കുന്നു.
മാസങ്ങൾക്കു മുമ്പാണ് ഛവി കാൻസർ സ്ഥിരീകരിച്ചതിനെക്കുറിച്ചും സർജറിയെക്കുറിച്ചും നീണ്ട കുറിപ്പ് പങ്കുവെച്ചത്. സ്തനാർബുദമാണെന്ന് പങ്കുവെച്ചതിനു പിന്നാലെയുള്ള ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ലഭിച്ച ആയിരത്തോളം സന്ദേശങ്ങളും ആശംസകളും കണ്ട് ഏറെ കരഞ്ഞുവെന്നും ഛവി പറഞ്ഞിരുന്നു. കരുത്തയായ, പ്രചോദിപ്പിക്കുന്ന, പൊരുതുന്ന, സൂപ്പർ വുമൺ എന്നൊക്കെയാണ് അവരിൽ പലരും തന്നെ വിശേഷിപ്പിച്ചത്. തനിക്ക് ആശ്വാസകരമായ സന്ദേശങ്ങൾക്കൊപ്പം പലരും എങ്ങനെയാണ് താൻ സ്തനാർബുദം സ്ഥിരീകരിച്ചതെന്ന് ചോദിച്ചുവെന്നും ഛവി കുറിച്ചിരുന്നു.
ജിമ്മിൽ വർക്കൗട്ടിനിടെ നെഞ്ചിലുണ്ടായ ചെറിയൊരു അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്നും ഛവി പങ്കുവെക്കുകയുണ്ടായി. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള പോക്കാണ് തന്റെ ജീവിതം രക്ഷിച്ചത്. മാമോഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബുദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..