മുംബൈ ധാരാവിയില്‍ കോവിഡ് പടര്‍ന്നപ്പോള്‍ കേരളമെങ്ങും ഉറ്റുനോക്കിയത് ചെങ്കല്‍ചൂളയിലേക്കായിരുന്നു. ധാരാവി പോലെ അടുക്കിവെച്ച വീടുകള്‍. തിങ്ങിപ്പാര്‍ക്കുന്ന ജനങ്ങള്‍. എട്ട് ഏക്കറില്‍ താമസിക്കുന്നത് 1500 കുടുംബങ്ങള്‍. നാലായിരത്തിന് മുകളില്‍ ജനസംഖ്യ. ശ്രദ്ധിച്ചില്ലെങ്കില്‍ കൊറോണയ്ക്ക് മുന്നില്‍ എന്തുകൊണ്ടും എളുപ്പം കീഴടങ്ങാനുള്ള സാഹചര്യം. പക്ഷേ കേരളത്തില്‍ കൊറോണ വന്നിട്ട് ആറുമാസമാവുമ്പോഴും ചെങ്കല്‍ചൂളയില്‍(ഇപ്പോഴത്തെ രാജാജിനഗര്‍) ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗലക്ഷണമുള്ള ഒരാള്‍ പോലും ഇതുവരെ ഈ ചേരിയില്‍ ഉണ്ടായിട്ടുമില്ല. എല്ലാ അര്‍ത്ഥത്തിലും പ്രതിരോധിക്കുകയാണ് ഈ ചെറിയ ദേശം. അതും ഒരു കൂട്ടം ചെറുപ്പക്കാരുടെ തോളിലേറി.

health
ചെങ്കല്‍ചൂളയുടെ പ്രവേശനകവാടത്തില്‍ കൈകഴുകാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു

ഒരുപാട് വഴികള്‍ ഉണ്ട് കോളനിക്ക് അകത്തേക്ക്. പക്ഷേ എല്ലാ ഇടവഴികളും അടച്ചുകെട്ടുകയായിരുന്നു. രണ്ട് വഴികള്‍ മാത്രമേ ഇപ്പോള്‍ തുറന്നിരിപ്പുള്ളു. ഹൗസിങ് ബോര്‍ഡിന് അടുത്തുള്ളതും ശിവാനന്ദപ്രസിന് തൊട്ടുള്ളതും. ഇതാവട്ടെ കര്‍ശന നിരീക്ഷണത്തിലുമാണ്. പുറത്തു നിന്നൊരു ഈച്ചയ്ക്ക് പോലും അകത്തേക്ക് കയറാനാവാത്തത്ര ജാഗ്രത. ഇതിനൊപ്പം വ്യക്തിശുചിത്വം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി തുടക്കംമുതലേ രംഗത്തുണ്ടായിരുന്നു പ്രദേശത്തെ ചെറുപ്പക്കാര്‍.

health
ചെങ്കല്‍ചൂളയില്‍ അണുനശീകരണം നടത്തുന്ന പ്രദേശവാസികള്‍

പ്രതീഷ് എന്ന സന്നദ്ധസേവകന്റെ വാക്കുകളില്‍ നല്ല ആവേശം കാണാം.'  ഇപ്പോള്‍ ആളുകള്‍ക്ക് ഇവിടെനിന്ന് പുറത്തോട്ട് പോവേണ്ട ഒരു ആവശ്യവുമില്ല. ആവശ്യമുള്ള എല്ലാ സാധനങ്ങളും കോളനിക്ക് അകത്തുതന്നെ കിട്ടുന്നുണ്ട്. പച്ചക്കറിയും പലവ്യഞ്നവുമൊക്കെ ഇവിടെയുണ്ട്.ഇവിടുത്തെ കടകളിലേക്ക് പുറത്തുനിന്നു സാധനങ്ങള്‍ കൊണ്ടുവരുന്നവരെ കോളനിക്ക് അകത്തേക്ക് കയറ്റാറില്ല. കടയിലുള്ളവര്‍ കോളനിക്ക് പുറത്തുചെന്ന് അവ ശേഖരിച്ച് വരികയാണ്. അതും വ്യക്തിശുചിത്വം പാലിച്ചുകൊണ്ട്.'നിതാന്തജാഗ്രതയുടെ പല കാഴ്ചകള്‍.

health
സാനിറ്റൈസര്‍ നിര്‍ബന്ധം: ചെങ്കല്‍ചൂളയിലെ ഒരു പച്ചക്കറി കടയില്‍ നിന്നുള്ള ദൃശ്യം

ഈ പ്രവര്‍ത്തനങ്ങളൊന്നും ഏതെങ്കിലും പാര്‍ട്ടിയുടെയോ സംഘടനയുടെയോ നേതൃത്വത്തില്‍ അല്ല നടത്തിയിരിക്കുന്നതും. പതിനഞ്ച് ചെറുപ്പക്കാര്‍, അവര്‍ക്ക് രാഷ്ട്രീയമോ ജാതിയോ മതമോ ഇല്ല. രോഗപ്രതിരോധം എന്ന ഒറ്റവാക്കാണ് അവരെ ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നത്.

health

തുടക്കത്തിലേ എല്ലാവരും ജാഗ്രതയിലായിരുന്നുവെന്ന് ഈ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുള്ള പ്രശാന്ത് പറയുന്നു.'ആദ്യംതൊട്ടേ ധാരാളം ബോധവത്കരണം നടത്തി. വീടുവീടാന്തരം കയറിയിറങ്ങി ഓരോരുത്തര്‍ക്കും ആവശ്യമുള്ള ലോഷന്‍,ബ്ലീച്ചിങ് പൗഡര്‍,സാനിറ്റൈസര്‍ തുടങ്ങിയവ കൊടുത്തു. സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും കൈകഴുകണമെന്നുമൊക്കെ എല്ലാവരെയും പറഞ്ഞുമനസ്സിലാക്കി.

health
ചെങ്കല്‍ ചൂളയിലെ വീടുകള്‍

'ഇതിനൊപ്പം പുറത്തുനിന്നുള്ളവര്‍ക്ക് അകത്തേക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് കോളനിനിവാസികള്‍ തീരുമാനിച്ചു. എല്ലാവരും ദൂരെയുള്ള ബന്ധുവീടുകളില്‍ വിവരം അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ഇങ്ങോട്ടേക്ക് വരേണ്ട.ഇക്കാര്യം അറിയിച്ചുകൊണ്ട് എല്ലായിടത്തും ബോര്‍ഡുകളും വെച്ചു. ഇതൊക്കെ എല്ലാവരും അനുസരിക്കുന്നുണ്ട്. അതാണ് ചെങ്കല്‍ചൂളയുടെ ഏറ്റവും വലിയ വിജയവും. ഇപ്പോള്‍ ആരോഗ്യവകുപ്പില്‍നിന്നുള്ളവര്‍ക്കും പോലീസുകാര്‍ക്കും മാത്രമേ ഇതിനകത്ത് പ്രവേശനമുള്ളൂ.

health
മാസ്‌ക് എല്ലാവര്‍ക്കും നിര്‍ബന്ധം

സ്ഥലത്തെ ജനസംഖ്യയുടെ രണ്ടുശതമാനം പേരെ പുറത്തുപോവേണ്ടി വരുന്നുള്ളു. അവരാവട്ടെ സര്‍ക്കാര്‍ ജോലിക്കാരുമാണ്. അവരും പദ്ധതിയോട് പൂര്‍ണസഹകരമാണ്.

health

ജോലി കഴിഞ്ഞുവന്നാല്‍ ശരീരം ശുദ്ധിയാക്കിയിട്ടേ കോളനിയിലേക്ക് കയറുകയുള്ളൂ. മറ്റ് കോളനിവാസികളില്‍ പലരും ഇപ്പോള്‍ ജോലിക്ക് പോവുന്നില്ലെന്ന് പ്രദേശവാസിയും മീന്‍വില്‍പനക്കാരനുമായ പ്രതീഷ് പറയുന്നു.

health

' ഇവിടെയുള്ളവരെല്ലാം അന്നന്നത്തെ ജോലി ചെയ്ത് ജീവിക്കുന്നവരാണ്. പുറത്തോട്ട് ആരും ജോലിക്കുപോവുന്നില്ല. കുടുംബത്തില്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടെങ്കിലും ഒരു അഡ്ജസ്റ്റ്മെന്റില്‍ പോവുകയാണ്. റേഷനരിയും കാര്യങ്ങളുമൊക്കെയായിട്ട് ഒപ്പിച്ചുപോവുന്നു.സാമൂഹികഅകലം സൂക്ഷിക്കാന്‍ അതാണ് ഏറ്റവും നല്ല വഴി. അങ്ങനെയേ രോഗത്തെ പ്രതിരോധിക്കാനാവൂ. ആരും തന്നില്‍നിന്ന് വേറെ ഒരാള്‍ക്ക് രോഗംവരരുതെന്ന് ആഗ്രഹിക്കുന്നവരാണ്.'ഇതുതന്നെയാണ് ഏറ്റവും വലിയ തിരിച്ചറിവും.

health

പ്രായമായവരുടെ ആരോഗ്യത്തിന്റെ കാര്യത്തിലാണ് ചെറുപ്പക്കാര്‍ ഏറ്റവുമധികം ശ്രദ്ധ നല്‍കുന്നത്. യുവാക്കളുടെ വാക്കുകള്‍ക്ക് മുതിര്‍ന്നവര്‍ കാതോര്‍ക്കുന്നുണ്ട്. എപ്പോഴും മാസ്‌ക് ധരിക്കാനും വീട്ടില്‍നിന്ന് പുറത്തിറങ്ങാതിരിക്കാനുമൊക്കെ അവര്‍ തയ്യാറാണ്. ഇപ്പോള്‍ ചെങ്കല്‍ചൂള ഒരു മാതൃകയാണ്. കൊറോണയില്‍നിന്ന് രക്ഷനേടാന്‍, കേരളത്തിനും ലോകത്തിനും.

Content Highlights: Chenkalchoola Colony success to take safety measures for avoid corona pandemic