ദ്യപ്രസവത്തിന്റെ സിസേറിയന്‍ മുറിവില്‍ ഗര്‍ഭം ഒട്ടിപ്പിടിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരത്ത് എസ്.എ.ടി.യില്‍ രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ രക്ഷിച്ചു. ഗര്‍ഭപാത്രവും സുരക്ഷിതമാക്കിയതോടെ 27-കാരിക്ക് ഇനിയും അമ്മയാകാം. കൊല്ലം ആലുംമൂട് മുഖത്തല പുത്തന്‍വിള കിഴക്കേതില്‍ അന്‍ഷാദിന്റെ ഭാര്യ ബീമയാണ് ഡോക്ടര്‍മാര്‍ക്കും ദൈവത്തിനും നന്ദിപറയുന്നത്. 

കൊല്ലത്തെ സ്വകാര്യാശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ് ബീമ. രക്തസ്രാവത്തെത്തുടര്‍ന്ന് ഏപ്രില്‍ ഏഴിന് ബീമയെ എസ്.എ.ടി.യില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ബീമയുടേത് സിസേറിയന്‍ സ്‌കാര്‍ എക്ടോപിക് പ്രഗ്നന്‍സി (സിസേറിയന്‍ മുറിവില്‍ ഗര്‍ഭം ഒട്ടിപ്പിടിക്കുന്ന അവസ്ഥ) ആണെന്ന് കണ്ടെത്തി. ഗര്‍ഭപാത്രത്തിനുപുറത്ത് ഗര്‍ഭം ഉള്ളതിനാല്‍ ആന്തരിക രക്തസ്രാവം നിരന്തരം ഉണ്ടായി ഗര്‍ഭപാത്രത്തിനും മാതാവിനും അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയായിരുന്നു.  ഒന്‍പതാം തീയതി ശ്രീചിത്ര ആശുപത്രിയിലെത്തിച്ച് രക്തസ്രാവം താത്കാലികമായി തടഞ്ഞു. ഗര്‍ഭസ്ഥശിശു കിടക്കുന്ന ആവരണത്തിലേക്ക് രക്തം എത്തിക്കാതിരിക്കാനായിരുന്നു ശ്രമം. ഇതിനുശേഷം പരിശോധിച്ചപ്പോഴും ഗര്‍ഭസ്ഥശിശുവിന് ഹൃദയമിടിപ്പ് ഉണ്ടെന്ന് കണ്ടു. തുടര്‍ന്ന് ഗര്‍ഭസ്ഥശിശു കിടക്കുന്ന ആവരണത്തിനകത്തും മരുന്നുകുത്തിവെച്ച് നോക്കിയെങ്കിലും ഫലപ്രദമായില്ല. കൂടുതല്‍ മരുന്ന് കുത്തിവെക്കുന്നത് യുവതിയുടെ കരളിനെ ബാധിക്കുമെന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.17-ാം തീയതി ബീമയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഈ സമയം പ്ലാസന്റ പുറത്തായിക്കൊണ്ടിരിക്കുകയായിരുന്നു. കടുത്ത രക്തസ്രാവവും ഉണ്ടായി. ഗര്‍ഭാശയഭിത്തിയിലും സിസേറിയന്‍ മുറിവിലുമായി ഒട്ടിയിരിക്കുകയായിരുന്നു ഗര്‍ഭം. 12 ആഴ്ചയോളം വളര്‍ച്ചയുണ്ടായിരുന്നു. മറുപിള്ള വശത്തേക്ക് വളര്‍ന്നനിലയിലും. ആറു കുപ്പി രക്തം നല്‍കിയാണ് യുവതിയെ അപകടനിലയില്‍നിന്ന് രക്ഷിച്ചത്.

ചൊവ്വാഴ്ച ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റിയ ബീമയ്ക്കൊപ്പം ഇപ്പോള്‍ നാലുവയസ്സുകാരനായ മൂത്തമകന്‍ മുഹമ്മദ് ബിലാലുമുണ്ട്. 

എസ്.എ.ടി. ആശുപത്രി ഗൈനക്കോളജി രണ്ടാം യൂണിറ്റ് മേധാവി പ്രൊഫ. ഡോ. ഷൈല എസ്., ഡോ. മഞ്ജുള, ഡോ. കൗശ്യ, ഡോ. രാധിക, ഡോ. സഞ്ജയ് തുടങ്ങിയവരായിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.  

Content Highlights: Cesarean Scar Ectopic Pregnancy patient survived at SAT hospital Thiruvananthapuram, Health, pregnancy complications