ന്യൂറോയുമായി ബന്ധപ്പെട്ട ഏഴ് അത്യാഹിതങ്ങള്‍ എന്തൊക്കെയാണെന്നും അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും വിശദമായി അറിയാം.

1. സ്‌ട്രോക്ക്  

സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലില്‍ ബ്ലോക്ക് വരുമ്പോള്‍ അല്ലെങ്കില്‍ ഒരു രക്തക്കുഴല്‍ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന  ഒരു രോഗാവസ്ഥയാണ്. തലച്ചോറിലേക്കുള്ള ഏതെങ്കിലും ഒരു രക്തക്കുഴലില്‍ കൊഴുപ്പ് വന്ന് അടിയുന്നത് മൂലം അവിടെ ബ്ലോക്ക് ഉണ്ടാവുകയും തലച്ചോറിലെ ആ ഒരു ഭാഗം സ്തംഭിക്കുകയും ചെയ്യുന്നു.

ഈയൊരു അവസ്ഥ എങ്ങനെ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റും എന്ന് നോക്കാം. അതിനു നമുക്ക് FAST എന്ന വാക്കു ഓര്‍ത്തിരിക്കാം.

F- Facial Deviation

സ്‌ട്രോക്ക് സംഭവിക്കുമ്പോള്‍ ആ വ്യക്തിയുടെ സംസാരത്തിനിടയില്‍ തന്നെ ആ വ്യക്തിയുടെ മുഖത്തിന് വ്യതിയാനം സംഭവിക്കുന്നതായി കാണാം.  ചുണ്ടുകള്‍ക്ക് ഒരു വശത്തേക്ക് കോട്ടം സംഭവിക്കുന്നു.

A- Arms

സ്‌ട്രോക്ക്  ഉണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ കൈകള്‍ ഉയര്‍ത്തുമ്പോള്‍, ബലഹീനത കാരണം ഒരു ഭുജം താഴുന്നത് കാണാം.
തലയുടെ ഏതു ഭാഗത്തെ രക്തകുഴലിനാണോ ബ്ലോക്ക് വന്നിരിക്കുന്നത് അതിന്റെ എതിര്‍വശത്തെ കൈയിലേക്കോ കാലിലേക്കോ ആവും തളര്‍ച്ച വരുന്നത്.

S- Slurring of Speech

സംസാരിക്കുന്നതിനിടയില്‍ നാക്കു  അല്ലെങ്കില്‍ സംസാരം കുഴഞ്ഞു പോവുക.

T- Time

മസ്തിഷ്‌കാഘാതത്തിന്റെ  പ്രത്യേകത എന്താണെന്ന് വെച്ചാല്‍ അതിന്റെ ലക്ഷണങ്ങള്‍ വളരെ പെട്ടെന്നാവും കാണപ്പെടുക. മേല്പറഞ്ഞവ  മൂന്നും കണ്ടാല്‍ അത് സ്‌ട്രോക്ക് ആണെന്ന് നമുക്ക് സംശയിക്കാം. ജോലിസ്ഥലത്തോ അതോ വീട്ടിലോ ഇങ്ങനെയൊരു അവസ്ഥ കണ്ടു കഴിഞ്ഞാല്‍ പ്രധാനമായും ചെയ്യേണ്ടത് രോഗിയെ എത്രയും പെട്ടെന്ന് എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു ആശുപത്രിയിലേക്ക് എത്തിക്കുക എന്നാണ്. കാരണം ആദ്യത്തെ  നാലര മണിക്കൂര്‍ വളരെ നിര്‍ണായകരമാണ്. സ്‌ട്രോക്ക് വന്ന വ്യക്തിക്ക് വേണ്ടുന്ന ഇന്‍ജെക്ഷന്‍ എത്രയും വേഗം കൊടുക്കുന്നത് വഴി അത്രയും വേഗം രോഗമുക്തി സാധ്യമായി വന്നേക്കാം. ഒരു കാരണവശാലും ഏതെങ്കിലും പ്രാദേശിക ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്കായി സമയം പാഴാക്കരുത്. ഏറ്റവും മികച്ച സജ്ജീകരണങ്ങള്‍ ഉള്ള ആശുപത്രിയിലേക്ക് തന്നെ കൊണ്ട് പോകുവാന്‍ ശ്രമിക്കേണ്ടാതാണ്.

2. തലച്ചോറിലെ രക്തസ്രാവം

തലച്ചോറിലെ രക്തസ്രാവത്തിനു പല കാരണങ്ങള്‍ ആവാം. തലച്ചോറിലെ രക്തക്കുഴലില്‍ പ്രഷര്‍ കൂടിയത് മൂലം ഞരമ്പു പൊട്ടുന്നത് കൊണ്ടാവാം അല്ലെങ്കില്‍ അന്യൂറിസം (Aneurysm) മൂലവും ആവാം.  അന്യൂറിസം എന്നാല്‍ തലച്ചോറിലെ ഞരമ്പില്‍ ചെറിയ കുമിളകള്‍ പോലെ വരികയും ബലഹീനത സംഭവിക്കുകയും പെട്ടെന്ന്  പൊട്ടുകയും ചെയ്യുന്നതുവഴി തലച്ചോറില്‍ രക്തസ്രാവം സംഭവിക്കുന്നു.ഇതും കൂടാതെ ചിലപ്പോള്‍ ചില ഞരമ്പുകള്‍ക്കു  ജന്‍മനാ സംഭവിക്കുന്ന തകരാറുകള്‍ (Congenital anomaly) മൂലവും രക്തസ്രാവം സംഭവിച്ചേക്കാം.

ആര്‍ട്ടീരിയോവീനസ് മാല്‍ഫോര്‍മേഷന്‍ (Arteriovenous Malformation) അത്തരത്തില്‍ ഒന്നാണ്. ഇത്തരം അവസ്ഥയില്‍ ഞരമ്പുകള്‍ക്കു വലിയ ബലം കാണില്ല. അവ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പൊട്ടുന്നത് വഴി രക്തസ്രാവം സംഭവിക്കുന്നു.

തലച്ചോറിലെ രക്തസ്രാവം എങ്ങനെ തിരിച്ചറിയാം

ജോലിചെയ്യുന്നതിനിടയില്‍ പെട്ടെന്ന് തലവേദന ഉണ്ടാവുകയും അത് അടിക്കടി തീവ്രതകൂടി  വരികയും ചെയ്യുന്നു. ഇതിനോട് അനുബന്ധിച്ചു അപസ്മാരം വരികയോ ഒരു വശം തളര്‍ന്നു പോവുകയോ ചെയ്‌തേക്കാം. ചിലയവസരങ്ങളില്‍ അബോധാവസ്ഥയിലേക്കും പോയെന്നു വരാം. ഈ അവസരത്തില്‍ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.

3. അപസ്മാരം

അപസ്മാരം അഥവാ ഫിറ്റ്സ് വരുന്നതിനു പലകാരണങ്ങള്‍ ഉണ്ട്. തലയില്‍ ഉണ്ടാവുന്ന ഏതെങ്കിലും മുഴയോ അല്ലെങ്കില്‍ രക്തസ്രാവത്തെയോ തുടര്‍ന്ന് അപസ്മാരം വരാം. തലച്ചോറിലേക്കുള്ള ഇലക്ട്രിക്കല്‍ ഇംപള്‍സുകള്‍ സാധാരണയിലും അധികമായി വരുമ്പോള്‍ അപസ്മാരം സംഭവിക്കുന്നു. അതുമല്ലെങ്കില്‍ തലച്ചോറിലേക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ (ഉദാഹരണത്തിന് അണുബാധ, വീക്കം, പരിക്ക്) സംഭവിച്ചാലും അപസ്മാരം വരാവുന്നതാണ്.

അപസ്മാരം പലരീതിയില്‍ സംഭവിച്ചേക്കാം. ചിലപ്പോള്‍ ഫോക്കല്‍ ആയി സംഭവിക്കുന്നു. അതായത് ശരീരത്തിന്റെ ഒരു ഭാഗത്തു മാത്രമായി അപസ്മാരം വരുന്നു. ഈ അവസ്ഥയില്‍ ചുണ്ടു ഒരു ഭാഗത്തേക്ക് മാത്രമായി കോടി പോവുന്നു. എന്നാല്‍ മറ്റുചിലപ്പോള്‍ ശരീരം മൊത്തമായി ഫിറ്റ്സ് വരുന്നു.

അപസ്മാരം വരുന്ന വ്യക്തിക്ക് എത്തരത്തിലുള്ള പ്രഥമശുശ്രൂഷ കൊടുക്കാം എന്ന് നോക്കാം..

ഓര്‍ക്കുക അപസ്മാരം  ആരംഭിച്ചുകഴിഞ്ഞാല്‍ അത് മിക്ക അവസരങ്ങളിലും സാവധാനം നിയന്ത്രിക്കപ്പെടും. ഈ സമയം വ്യക്തിയെ പരമാവതി സുരക്ഷിതമായി താങ്ങിപ്പിടിച്ചു കിടത്താന്‍ ശ്രമിക്കുക. തല ഒരിടത്തും തട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപസ്മാരം വരുമ്പോള്‍ ആ വ്യക്തിയെ യാതൊരു കാരണവശാലും പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കാതിരിക്കുക. അങ്ങനെ ചെയ്യുന്നത് വഴി അയാളുടെ പേശികളുടെ പരിക്കുകള്‍ അല്ലെങ്കില്‍ ജോയിന്റ് ഡിസ്‌ലൊക്കേഷന്‍ എന്നിവ വരെ സംഭവിച്ചെന്ന് വന്നേക്കാം. ഫിറ്റ്സ് സംഭവിക്കുന്ന സമയത്ത് ഒരു കാരണവശാലും ആ വ്യക്തിക്ക് വെള്ളം കൊടുക്കുകയോ അത് പോലെ തന്നെ വായിലേക്ക് മരുന്ന് ഇട്ടു കൊടുക്കുകയോ ചെയ്യരുത്. അത് ഒരുപക്ഷെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം സൃഷ്ടിച്ചേക്കാം. ചിലയിടങ്ങളില്‍ അപസ്മാരം വരുന്ന വ്യക്തിയുടെ കൈയ്യില്‍ താക്കോല്‍ വച്ച് കൊടുക്കാറുണ്ട്. അത് കൊടുക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാവും എന്നത് വെറും അബദ്ധ ധാരണയാണ്. അത് വെറുമൊരു സപ്പോര്‍ട്ട് മാത്രമാണ് നല്‍കുന്നത്. താക്കോല്‍ കൈയില്‍ പിടിക്കുന്നത് മൂലം അപസ്മാരം ഒരിക്കലും കണ്ട്രോള്‍ ചെയ്യപ്പെടുന്നില്ല.

4. ആക്സിഡന്റിനു ശേഷം സംഭവിക്കുന്ന ഹെഡ് /നട്ടെല്ല് പരിക്കുകള്‍

ഇത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു മേഖലയാണ്. ആളുകള്‍ ഏറ്റവും ഭയക്കുന്നതും ഇതിനെയാണ്. കാരണം അപകടത്തെ തുടര്‍ന്ന് സംഭവിക്കുന്ന തലയിലെ പരിക്കുകള്‍ അമിതമായ രക്തസ്രാവത്തിനു കാരണമാവുകയും അതേത്തുടര്‍ന്ന് മരണം വരെ സംഭവിക്കുകയും ചെയ്‌തേക്കാം.  ഓര്‍ക്കുക-  അപകടത്തില്‍പ്പെട്ട ഒരു വ്യക്തിയെ തീര്‍ത്തും സൂക്ഷ്മമായി വേണം കൈകാര്യം ചെയ്യാന്‍. നമ്മള്‍ കൈകാര്യം ചെയ്യുന്നതിലുള്ള പിഴവ് മൂലം പരിക്കുകളുടെ ആധിക്യം ഒരിക്കലും കൂടാന്‍ പാടില്ല.  തുടര്‍ച്ചയായി രക്തസ്രാവമുണ്ടെങ്കില്‍ നല്ല വൃത്തിയുള്ള ഒരു തുണികൊണ്ടു പരിക്കേറ്റ സ്ഥലത്തു രണ്ടു മുതല്‍ മൂന്നു മിനിട്ടു വരെ നല്ല പ്രഷര്‍ കൊടുക്കുക. കൈയിലോ കാലിലോ ആണ് പരിക്കെങ്കില്‍ അവ ഉയര്‍ത്തി പിടിക്കാം. ഹൃദയത്തിനു മുകളില്‍ ഉയര്‍ത്തി പിടിക്കുക വഴി  രക്തസ്രാവത്തിന്റെ പ്രഷര്‍ കുറയാന്‍ സഹായിക്കും, അതോടൊപ്പം തന്നെ ബ്ലീഡിങ് ഒരു പരിധി വരെ കുറയുകയും ചെയ്യും.  

ഈ രോഗികള്‍ എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍  സുരക്ഷിതമായി എത്തുമെന്ന് ഉറപ്പാക്കുക. അപകടത്തിന് ശേഷം ആദ്യത്തെ ഒരു മണിക്കൂര്‍ 'GOLDEN HOUR' അഥവാ സുവര്‍ണ്ണ മണിക്കൂര്‍ എന്ന് പറയുന്നു. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ഈ മണിക്കൂറില്‍ തല്‍ക്ഷണവും ശരിയായതുമായ പ്രാഥമിക ചികിത്സ നല്‍കുന്നത് അതിജീവനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും പരിക്കുകളുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നു.

5. നട്ടെല്ലില്‍ സംഭവിക്കുന്ന പെട്ടെന്നുള്ള ഡിസ്‌ക് പ്രോലാപ്‌സ്

അധികം ആളുകളും അനുഭവിച്ചിരിക്കാവുന്ന ഒന്നാണ് ഇത്. ജോലിചെയ്യുന്ന സമയം കുനിഞ്ഞു പെട്ടെന്ന് നിവരുമ്പോള്‍ അല്ലെങ്കില്‍ ഭാരമുള്ള ഏതെങ്കിലും വസ്തു ഉയര്‍ത്തുകയോ ചെയ്യുമ്പോള്‍ പെട്ടെന്നുള്ള നടുവേദനയും അതിനൊപ്പം കാലിലേക്കൊരു  തരിപ്പോടുകൂടിയ വേദന അല്ലെങ്കില്‍ വിങ്ങല്‍ പോലെ വരികയോ അല്ലെങ്കില്‍ ഭാരം എടുത്തു പൊക്കുമ്പോള്‍ കഴുത്തിലേക്ക് ഉളുക്ക് പോലെഒക്കെ വരുന്നു. ഇവയെല്ലാം അക്യൂട്ട് ഡിസ്‌ക് പ്രൊലാപ്‌സ് (Acute Disc Prolapse) മൂലം സംഭവിക്കുന്നവയാണ്. നമ്മുടെ നട്ടെല്ലിന് താങ്ങാവുന്നതിലും അധികം ഭാരം  അല്ലെങ്കില്‍ സ്‌ട്രെസ് വരുമ്പോള്‍ ഡിസ്‌ക്കിന്റെ കവറിങ്ങില്‍ പിളര്‍പ്പ് സംഭവിച്ചു ഡിസ്‌ക് പുറത്തേക്കു തള്ളി പോവുന്നു. അങ്ങനെ പുറത്തേക്കു ചാടി വരുന്ന ഡിസ്‌ക് ഞെരമ്പില്‍ തട്ടുമ്പോള്‍ കാലുകളിലേക്കോ കൈകളിലേക്കോ ഷോക്ക് അടിക്കുന്നപോലെയൊരു സെന്‍സേഷന്‍ തോന്നിയേക്കാം. ഇതിനു പുറമെ അസഹനീയമായ വേദനയും തളര്‍ച്ചയും അനുഭവപ്പെട്ടേക്കാം. ഇതോടനുബന്ധിച്ചു നടക്കാന്‍ വരെ ബുദ്ധിമുട്ടു അനുഭവപ്പെട്ടെന്നും വരാം.

ഇങ്ങനെയുള്ള അവസരങ്ങളില്‍ സാധാരണയായി ചെയ്യാന്‍ പറ്റുന്നതെന്തെന്നാല്‍ വേദന വന്നു കഴിയുമ്പോള്‍ അധികം അനങ്ങാതെ ബെഡ് റസ്റ്റ് എടുക്കാന്‍ ശ്രമിക്കുക. എന്നിട്ടു ഏറ്റവും അടുത്തുള്ള ഡോക്ടറെ ബന്ധപ്പെട്ട് വേദന സംഹാരികള്‍ കഴിക്കുന്നതോടൊപ്പം ഇതിനു അല്പം ആശ്വാസം ലഭിക്കുന്നു.

എന്നാല്‍ ഇതിനു ആശ്വാസം കിട്ടാതെ വരുമ്പോഴോ അല്ലെങ്കില്‍ ഇത് മൂലം പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കാതെ വരികയോ അതുമല്ലെങ്കില്‍ വീണ്ടും വീണ്ടും ഇതേ വേദന അനുഭവപ്പെടുകയോ ആണെങ്കില്‍ ഒരു ന്യൂറോ സര്‍ജനെ കണ്ടു അതിനു വേണ്ടുന്ന കൃത്യമായ  ചികിത്സ ചെയ്യേണ്ടതാണ്.

6. മെനിഞ്ചൈറ്റിസ്   

നല്ല പനി, തലവേദന, കഴുത്തു അനക്കാന്‍ പറ്റാതെ വരിക എന്നിവയാണ് മെനിഞ്ചൈറ്റിസിന്റെ (Brain Fever or Meningitis) ലക്ഷണങ്ങള്‍. തലച്ചോറിനെ കവര്‍ ചെയ്യുന്ന മെനിഞ്ചസ് എന്ന മെംബ്രേയ്നില്‍ ഇന്‍ഫെക്ഷന്‍ വരുന്നതിനെയാണ് മെനിഞ്ചൈറ്റിസ് എന്ന് പറയുന്നത്. ഇതിനു  ഡോക്ടറെ കണ്ട് കൃത്യമായി ചികിത്സാ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

എന്‍സെഫാലിറ്റിസ് (Encephalitis) എന്നത് തലച്ചോറിന് ഇന്‍ഫെക്ഷന്‍ വരുന്ന അവസ്ഥയാണ്. രോഗലക്ഷണങ്ങളായി പനിയും ഫിറ്റ്സും വന്നേക്കാം   അല്ലെങ്കില്‍ ചിലപ്പോള്‍  ബോധം കുറയുന്നു. ഇതിന് എത്രയും വേഗം തന്നെ അടുത്തുള്ള ന്യൂറോളജിസ്‌റിനെ കണ്ട് ചികിത്സ നേടേണ്ടതാണ്.

7. സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ്/ സുഷുമ്നാ നാഡിക്ക് സംഭവിക്കുന്ന പരിക്ക്

പ്രായമായ വ്യക്തികളില്‍ തേയ്മാനം അധികമായിരിക്കും. ഈകാരണത്താല്‍ അവര്‍ക്ക്  അനങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ശരീരത്തിലുള്ള നിയന്ത്രണം കുറഞ്ഞുവരികയും ചെയ്യുന്നു. തന്മൂലം ഇത്തരം വ്യക്തികള്‍ വീഴുമ്പോള്‍, പ്രത്യേകിച്ച് കഴുത്തിടിച്ചു വീഴുമ്പോള്‍ പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ പറ്റാതെ കഴുത്തിന് താഴേക്ക് തളര്‍ന്നു പോകുന്നതായി കാണാം. തേയ്മാനം കാരണം പെട്ടെന്നുണ്ടാവുന്ന വീഴ്ചയുടെ ആഘാതത്തില്‍ സ്പൈനല്‍ കോര്‍ഡില്‍ (സുഷുമ്നാ നാഡിക്ക്) പരിക്ക് പറ്റുന്നു. ഇനങ്ങനെയുള്ളവരെ കഴിവതും കഴുത്ത് അധികം അനക്കാതെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്യേണ്ടത്. അശ്രദ്ധമായി കൈകാര്യം ചെയ്യുകയാണെങ്കില്‍, ഭാഗിക പരിക്ക് പൂര്‍ണ്ണ പക്ഷാഘാതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാം.

മുകളില്‍ പറഞ്ഞ അടിയന്തിര സാഹചര്യങ്ങളില്‍ നമ്മള്‍ തികഞ്ഞ ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍. സമയബന്ധിതമായ വൈദ്യസഹായം നല്‍കുന്നത് വഴി  ജീവന്‍ രക്ഷിക്കാന്‍ കഴിയും. കാരണങ്ങള്‍ ഉടനടി ചികിത്സിച്ചാല്‍  നിരവധി മരണങ്ങളും പരിക്കുകളുടെ ആഘാതവും തടയാനാകും.

ഓര്‍ക്കുക - സമയബന്ധിതമായി  ചെയ്യുന്ന സഹായത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കാം.

(കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജനാണ് ലേഖകന്‍)

Content Highlights: Cervical Spondylitis, Stroke, Brain bleeding, Fits, Spine injury, Disc Prolapse, Meningitis Care Tips