ര്‍ഭപാത്രത്തിന്റെ ഏറ്റവും താഴത്തെ അറ്റമാണ് സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയ മുഖം. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്നതാണ് സെര്‍വിക്‌സ്. ഈ ഭാഗത്തെ ബാധിക്കുന്ന കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഏറ്റവും അപകടകരമായ ഒരു കാന്‍സര്‍ ആണിത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യുമന്‍ പാപ്പിലോമ വൈറസ്(എച്ച്.പി.വി.) ആണ് സെര്‍വിക്കല്‍ കാന്‍സറിന് ഇടയാക്കുന്നത്.

അസാധാരണമായ തരത്തില്‍ രക്തസ്രാവം, യോനിയില്‍ നിന്നുള്ള ഗുര്‍ഗന്ധത്തോടെയോ രക്താംശത്തോടെയോ ഉള്ള സ്രവം എന്നിവ സെര്‍വിക്കല്‍ കാന്‍സറിന്റെ ലക്ഷണമാണ്.

ചെറിയ പ്രായത്തിലുള്ള ലെംഗിക ബന്ധം സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകാന്‍ കാരണമായ ഒരു അപകടഘടകമാണ്. പുകവലി, ഗൊണേറിയ, സിഫിലിസ്, എച്ച്.ഐ.വി. പോലുള്ള ലൈംഗിക രോഗങ്ങള്‍, പ്രതിരോധശേഷിയിലുള്ള കുറവ്, ഒന്നിലധികം ലൈംഗിക പങ്കാളികള്‍, ഗര്‍ഭനിരോധന നിയന്ത്രണ ഗുളികകളുടെ അനിയന്ത്രിതമായ ഉപയോഗം എന്നിവ ഇതിന് കാരണമാണ്.

എന്നാല്‍ സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് വേണ്ടത്ര അവബോധം പല സ്ത്രീകള്‍ക്കുമില്ല. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം തിരിച്ചറിയാന്‍ പലപ്പോഴും സാധിക്കാറില്ല. 21-65 വയസ്സിനിടയില്‍ പ്രായമുള്ള സ്ത്രീകള്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ സ്ഥിരമായി സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിങ് നടത്തേണ്ടതുണ്ട്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനായി എല്ലാ വര്‍ഷവും ജനുവരി മാസം സെര്‍വിക്കല്‍ കാന്‍സര്‍ ബോധവത്ക്കരണ മാസമായി ആചരിക്കുകയാണ്.

പാപ്‌സ്മിയര്‍ ടെസ്റ്റ്

പാപ്‌സ്മിയര്‍ പരിശോധന അഥവ പാപ് ടെസ്റ്റ്(PAP) ആണ് സെര്‍വിക്കല്‍ കാന്‍സര്‍ തിരിച്ചറിയാനുള്ള മാര്‍ഗം. ഗര്‍ഭാശയമുഖത്തെ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളായി മാറുന്നുണ്ടോയെന്ന് നേരത്തെ കണ്ടെത്താനാണ് ഈ ടെസ്റ്റ് സഹായിക്കുന്നത്. ഗര്‍ഭാശയമുഖത്തു നിന്നും അല്പം കോശങ്ങളെ എടുത്ത് പരിശോധിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ഗര്‍ഭാശയ മുഖത്തെ കോശങ്ങള്‍ക്ക് എന്തെങ്കിലും മാറ്റമുണ്ടോ, കാന്‍സര്‍ ഉണ്ടോ, കാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടോ എന്നെല്ലാം അറിയാന്‍ സാധിക്കും. വേദനാരഹിതമാണ് ഈ പരിശോധന. ഏതാനും മിനിറ്റുകള്‍ കൊണ്ട് ഗര്‍ഭാശയമുഖത്തു നിന്ന് കോശങ്ങള്‍ എടുക്കാനാവും. ഇതിനായി ഒരു പ്രത്യേക ബ്രഷ് പോലെയുള്ള ഉപകരണം ഉപയോഗിക്കാം. ഈ കോശങ്ങള്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ടെസ്റ്റ് നടത്തിയാണ് രോഗസാധ്യതയുണ്ടോ എന്നറിയുന്നത്. ആര്‍ത്തവം ഇല്ലാത്ത സമയത്താണ് പരിശോധന നടത്തുക. ഗൈനക്കോളജിസ്റ്റുകളാണ് പരിശോധനയ്ക്കുള്ള കോശങ്ങള്‍ എടുക്കുന്നത്.  

വാക്‌സിനേഷന്‍

സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്‌സിനുണ്ട്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിനാണ് നല്‍കുന്നത്. ഒന്‍പതു വയസ്സു മുതല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് തന്നെ വാക്‌സിനെടുക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Content Highlights: Cervical cancer, Human Papillomavirus Vaccine, HPV for girls