തുടക്കത്തിലേ തിരിച്ചറിയണം സെറിബ്രൽ പാൾസിയുടെ ലക്ഷണങ്ങൾ; ചികിത്സ വൈകുംതോറും ഫലപ്രാപ്തിയും കുറയും


ആർ. രാമചന്ദ്രൻ         

Representative Image| Photo: Canva.com

ജീവിതകാലം മുഴുവൻ പരിചരണം ആവശ്യമായ അവസ്ഥയാണ് സെറിബ്രൽ പാൾസി (മസ്തിഷ്ക തളർവാതം). എല്ലാ വർഷവും ഒക്ടോബർ ആറിന് ലോക സെറിബ്രൽ പാൾസി ദിനമായി ആചരിക്കുകയാണ്. ലോകത്തെമ്പാടുമായി 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഈ തകരാറ് ബാധിച്ചിട്ടുണ്ടെന്നും, മറ്റൊരു 350 ദശലക്ഷം കുടുംബാംഗങ്ങളും, പരിപാലകരും സെറിബ്രൽ പക്ഷാഘാതമുള്ള ഒരു കുട്ടിയുമായോ മുതിർന്നവരുമായോ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നമ്മെ ഓർമ്മപ്പെടുത്തുന്നു.

കുട്ടികളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഒരു ശാരീരിക വൈകല്യമാണ് സെറിബ്രൽ പാൾസി. സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെയും മുതിർന്നവരുടേയും ജീവിതത്തിലുണ്ടായ വിജയങ്ങളെ ആഘോഷിക്കുക, അവരുടെ ദൈനംദിന പ്രശ്നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്തുക, കൂടുതൽ സമഗ്രമായ സമൂഹങ്ങൾ സൃഷ്ടിക്കുന്നതിന് സെറിബ്രൽ പാൾസിയെക്കുറിച്ചും സെറിബ്രൽ പാൾസി ബാധിതരായ ആളുകളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പ്രാദേശിക, ദേശീയ, അന്തർദേശീയ തലത്തിൽ അവബോധം വളർത്തുക, സെറിബ്രൽ പാൾസി ബാധിതരായ വ്യക്തികളുടെ വെല്ലുവിളികൾക്ക് പരിഹാരം സൃഷ്ടിക്കുന്ന സാമൂഹിക മാറ്റത്തിനും വിദ്യാഭ്യാസ പ്രചരണങ്ങൾക്കും ഒരു ഉത്തേജകമായി പ്രവർത്തിക്കുക എന്നിവയെല്ലാമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ.സെറിബ്രൽ പാൾസി ഒരു വ്യക്തിയെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാനുള്ള ഏറ്റവും നല്ല മാർഗം അവരോട് സംസാരിക്കുക എന്നതാണ്. ഈ കൂടിക്കാഴ്ച അവരുടെ വൈകല്യം അവരെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ഒരുൾക്കാഴ്ച ലഭിക്കാൻ സഹായകമാകും.

സെറിബ്രൽ പാൾസി അവബോധത്തിന്റെ നിറമാണ് പച്ച. എല്ലാ വൈകല്യത്തിനും, രോഗങ്ങൾക്കും ഒരു നിറമുണ്ട്. പച്ചനിറം വളർച്ചയുടെയും, ഊർജസ്വലമായ ജീവിതത്തിന്റെയും പ്രതീകമാണ്. സെറിബ്രൽ പാൾസി ബാധിതരായിട്ടും അനുദിനം നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഒരു പുതുജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണല്ലോ ഹതഭാഗ്യരായ ഈ സഹോദരങ്ങൾ. പ്രത്യാശയുടെ നിറമാണ് പച്ച. അതുകൊണ്ടുതന്നെ ഈ വൈകല്യത്തെ സൂചിപ്പിക്കാൻ ഈ നിറം അനുയോജ്യമായിത്തീരുന്നു.

കാരണങ്ങൾ

വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ തലച്ചോറിന് ഏൽക്കുന്ന ക്ഷതങ്ങളോ, പ്രയാസങ്ങളോ കാരണം ചലനം, നിൽപ്പ്, സംതുലനം, എകോപിത പ്രവർത്തനങ്ങൾ, ആശയവിനിമയം, പഠിക്കാനുള്ള കഴിവ്, ഭക്ഷണം, ഉറക്കം എന്നിവയെ വിവിധ രൂപത്തിൽ ബാധിക്കുന്ന പ്രയാസങ്ങളെയാണ് സെറിബ്രൽ പാൾസി എന്നുപറയുന്നത്. സ്ത്രീകളേക്കാൾ പുരുഷൻമാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.

ഗർഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന പ്രമേഹം, രക്തസമ്മർദം, അണുബാധ, മഞ്ഞപ്പിത്തം, റൂബെല്ല, പോഷകാഹാരക്കുറവ്, ചിക്കൻപോക്സ്, മാനസിക സംഘർഷം എന്നിവ കുഞ്ഞിന് സെറിബ്രൽ പാൾസി ഉണ്ടാകാൻ കാരണമാകുന്നു.

ഗർഭസ്ഥ ശിശുവിന് ഉണ്ടാകുന്ന ശ്വാസതടസ്സവും, പൊക്കിൾക്കൊടി കഴുത്തിന് ചുറ്റിയ അവസ്ഥയും സെറിബ്രൽ പാൾസി ഉണ്ടാകാൻ കാരണമാകാറുണ്ട്. നവജാത ശിശുവിന് ഉണ്ടാകുന്ന മഞ്ഞപ്പിത്തം, അപസ്മാരം, ഓക്സിജന്റെ കുറവ്, മെനിഞ്ചൈറ്റിസ് എന്നീ കാരണങ്ങളാലും സെറിബ്രൽ പാൾസി ഉണ്ടാകാം.

കുഞ്ഞിന്റെ കൈകാലുകൾ സാധാരണയിലും കൂടുതലായി മുറുകിയിരിക്കുക, കൈവിരലുകൾ നിവർത്താനാവാതെ മുഷ്ടി ചുരുട്ടിപ്പിടിക്കുക, കൈകാലുകൾ മടക്കാനും നിവർത്താനും കഴിയാതെയിരിക്കുക, ഭക്ഷണം ഇറക്കാൻ പ്രയാസം അനുഭവപ്പെടുക എന്നീ ലക്ഷണങ്ങളാണ് ആദ്യം ശ്രദ്ധയിൽപ്പെടുക.

മേൽ സൂചിപ്പിച്ച ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം ഒരു ഡോക്ടറുടെ സേവനം തേടണം. സ്കാൻ പരിശോധനയിലൂടെ തലച്ചോറിന് ക്ഷതം സംഭവിച്ചിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാൻ സാധിക്കും. ഉണ്ടെങ്കിൽ ഉടൻ പുനരധിവാസ ചികിത്സ ആരംഭിച്ചാൽ മെച്ചപ്പെട്ട ഫലം ലഭിക്കും.

ചികിത്സ വൈകുംതോറും ഫലപ്രാപ്തിയും കുറയും. സെറിബ്രൽ പാൾസിക്ക് നിലവിൽ അറിയപ്പെടുന്ന ചികിത്സകളൊന്നുമില്ല. സെറിബ്രൽ പാൾസിയുടെ അനന്തരഫലങ്ങളിൽ നിന്ന് ഉണ്ടാകാവുന്ന സങ്കീർണതകൾ ചികിത്സിക്കുന്നതിനും തടയുന്നതിനും മാത്രമായി വൈദ്യശാസ്ത്ര ഇടപെടൽ പരിമിതപ്പെടുത്തിയിരിക്കുന്നു.

സെറിബ്രൽ പാൾസിവന്ന വഴി

സെറിബ്രൽ പാൾസിയെക്കുറിച്ചുള്ള ആദ്യത്തെ വൈദ്യശാസ്ത്രവിവരണം ഹിപ്പോക്രാറ്റസിന്റെ 'കോർപ്പസ് ഹിപ്പോക്രാറ്റിക്കം' എന്ന കൃതിയിൽ കാണാം. 1860 കളിൽ ഇംഗ്ലീഷ് സർജനായ വില്യം ജോൺ ലിറ്റിൽ കുട്ടികൾക്കിടയിൽ കാണുന്ന സ്പാസ്റ്റിക് ഡിപ്ലീജിയയെ ആദ്യമായി തിരിച്ചറിഞ്ഞു. അങ്ങനെ വർഷങ്ങളോളം സ്പാസ്റ്റിക് ഡിപ്ലീജിയ (Spastic Diplegia) 'ലിറ്റിൽസ് ഡിസീസ്' എന്ന പേരിൽ അറിയപ്പെട്ടു. വൈദ്യശാസ്ത്രത്തിന് ഏറ്റവും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മഹാനാണ് സർ വില്യം ഓസ്ലർ. സെറിബ്രൽ പാൾസിയുടെ ആദ്യകാല ഗവേഷകരിൽ ഒരാളായ ഓസ്ലറാണ് 'സെറിബ്രൽ പാൾസി ' എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

സെറിബ്രൽ പാൾസി വിവിധ തരത്തിലാണ് ഓരോ വ്യക്തികളെയും ബാധിക്കുക. ഉദാഹരണമായി ചിലർക്ക് ഒരു കൈയ്ക്കു മാത്രമായിരിക്കും ബലഹീനത ഉണ്ടാകുക. എന്നാൽ മറ്റു ചിലർക്കാകട്ടെ സ്വന്തം ശരീരചലനത്തിന് യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്ന് മാത്രമല്ല, മുഴുവൻ സമയവും പരസഹായം ആവശ്യമുള്ളവരുമായിരിക്കും.

കഠിനമായ സെറിബ്രൽ പാൾസിയുള്ളവർക്ക് ഭക്ഷണം വിഴുങ്ങുന്നതിനും ശ്വസിക്കുന്നതിനും തല, കഴുത്ത്, മൂത്രസഞ്ചി, മല വിസർജ്ജനം എന്നിവ നിയന്ത്രിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകൾ നേരിടും. വായയുടെയും, നാവിന്റെയും ചുറ്റുമുള്ള പേശികളുടെ ഏകോപിത പ്രവർത്തനത്തെ സെറിബ്രൽ പാൾസി പ്രതികൂലമായി ബാധിക്കുന്നതിനാൽ, പല വ്യക്തികൾക്കും ശബ്ദങ്ങളൊന്നും തന്നെ സൃഷ്ടിക്കാൻ കഴിയാതെ വരും. സെറിബ്രൽ പാൾസിയുള്ള നാലുപേരിൽ ഒരാൾക്ക് സംസാരിക്കാൻ സാധിക്കില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സെറിബ്രൽ പാൾസിയുമായി ബന്ധപ്പെട്ട മറ്റു വൈകല്യങ്ങൾ കാരണം പലർക്കും നല്ല വേദന അനുഭവപ്പെടാറുണ്ട്. ഈ വേദന വ്യക്തിയുടെ പെരുമാറ്റം, സ്വയം കാര്യങ്ങൾ ചെയ്യാനുള്ള കഴിവ്, ഉറക്കം എന്നിവയെ പ്രതികൂലമായി ബാധിക്കും.

സെറിബ്രൽ പാൾസി ഒരു വ്യക്തിയുടെ പേശീചാലകശേഷിയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പലർക്കും ഒരു ഗ്ലാസ്പിടിക്കാനോ, പ്ലേറ്റിൽ നിന്നും ഭക്ഷണം കൈകൊണ്ട് വായിലേയ്ക്ക് എടുക്കാനോ കഴിയില്ല. 15 പേരിൽ ഒരാൾക്ക് വായിലൂടെ ഭക്ഷണം കഴിയ്ക്കാൻ സാധ്യമാകില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാത്രമല്ല സെറിബ്രൽ പാൾസി ഉള്ള കുട്ടികളിൽ അപസ്മാരം, കാഴ്ച്ചക്കുറവ്, കേൾവിക്കുറവ് തുടങ്ങിയ അനുബന്ധ പ്രശ്നങ്ങളും കണ്ടുവരുന്നു.

സെറിബ്രൽ പാൾസി ബാധിച്ച 40 ശതമാനം കുട്ടികളെങ്കിലും സാധാരണ ബുദ്ധിശേഷിയുള്ളവർ തന്നെയാണ്. ഇത്തരം കുട്ടികളുടെ ചലനശേഷി, ആശയവിനിമയ ശേഷി, പഠനശേഷി എന്നിവ പ്രത്യേക പരിശോധനയിലൂടെ നിർണയിച്ച് ഉചിതമായ ചികിത്സ നൽകണം.

നൽകണം ആത്മവിശ്വാസം

വൈകല്യം ഒരു വ്യക്തിയുടെ ജീവിതത്തെ സാധാരണയുള്ളതിനേക്കാൾ കൂടുതൽ ദുഷ്ക്കരമാക്കുന്നു. എന്നാൽ ഇപ്പോഴും വൈകല്യത്തെ അവരുടെ ജീവിതത്തിൽ ഒരു തടസ്സമാകാൻ അനുവദിയ്ക്കാത്ത ആളുകളുണ്ട്. അവരുടെ ശക്തിയിൽ അവർക്ക് ആത്മവിശ്വാസമുണ്ട്. ആത്മവിശ്വാസവും, ധൈര്യവും അവർക്ക് വിജയവും പ്രശസ്തിയും നേടിക്കൊടുക്കുന്നു. സെറിബ്രൽ പാൾസി ബാധിതരായിട്ടും വിജയം കൈവരിച്ചവരാണ് ഹാസ്യനടനായ ജോഷ് ബ്ലൂ, കലാകാരനും വാഗ്മിയുമായ ഡാൻ കെപ്ലിംഗർ, ചിത്രകാരനും കവിയും രചയിതാവുമായ ക്രിസ്റ്റി ബ്രൗൺ, നടനും നിർമ്മാതാവും മോഡലും ആക്ടിവിസ്റ്റുമായ ആർ.ജെ. മിറ്റ്, അഭിഭാഷകനും കായികതാരവുമായ ബോന്നർ പാഡോക്, നേപ്പാളി എഴുത്തുകാരിയായ ജമാക് ഗിമെറെ, ഭാരതത്തിലെ ആദ്യ വീൽചെയർ നടിയായ ദിവ്യ അറോറ, കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ മികച്ച ക്രിയേറ്റീവ് അഡൽട്ട് വിത്ത് ഡിസെബിലിറ്റിക്കുള്ള ദേശീയ അവാർഡ് ജേതാവായ എറണാകുളം സ്വദേശിയായ ചിത്രകാരൻ അഞ്ജൻ സതീഷ് എന്നിവർ. വൈകല്യ ബാധിത സമൂഹത്തിന് നിത്യപ്രചോദനമായി ഇവർ നിലകൊള്ളുന്നു.

ആജീവനാന്ത അവസ്ഥ എന്ന നിലയ്ക്ക്, സെറിബ്രൽ പാൾസിയുള്ള കുട്ടികൾക്ക് ദീർഘകാല പുനരധിവാസത്തിനും, നഷ്ടപ്പെട്ട പ്രവർത്തന നൈപുണ്യങ്ങൾ പരിശീലിപ്പിക്കുന്നതിനും, ദ്വിതീയ വൈകല്യങ്ങൾ തടയുന്നതിനും, ദൈനംദിന ജീവിത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും ആവശ്യമായ ബഹുമുഖ വിദഗ്ധരുടെ ഇടപെടലുകൾ അനിവാര്യമാണ്. ശിശുരോഗ വിദഗ്ധൻ, ന്യൂറോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എജ്യക്കേറ്റർ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന വിദഗ്ധസംഘത്തിന്റെ പരിശോധനയും, ചികിത്സയും ഈ സഹോദരങ്ങളുടെ യാതനകളും, വേദനകളും ഗണ്യമായി കുറയ്ക്കാൻ സഹായമാകും.

മാതാപിതാക്കൾ അറിയേണ്ടത്

സെറിബ്രൽ പാൾസിയുള്ള കുട്ടികൾക്ക് പ്രത്യേക ആവശ്യങ്ങളുണ്ട്. ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും കുട്ടിയുടെ ചികിത്സയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുമെങ്കിലും, സ്വന്തം കുട്ടിയുടെ ജീവിതം സുഗമമാക്കാൻ മാതാപിതാക്കൾക്ക് വലിയൊരു പങ്ക് വഹിക്കാനാകും.

സ്വന്തം കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണ്. പല ഡോക്ടർമാരും സെറിബ്രൽ പാൾസി ബാധിതനായ കുട്ടിയുടെ പരിചരണത്തിൽ മാതാപിതാക്കളും പങ്കാളികളാവുന്നത് വളരെയധികം ഇഷ്ടപ്പെടുന്നു. ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും നിർദ്ദേശിക്കുന്ന ചികിത്സകൾ കുട്ടിയിൽ അനുകൂലമായ മാറ്റങ്ങളാണോ സൃഷ്ടിയ്ക്കപ്പെടുന്നത്
എന്ന് മാതാപിതാക്കളിൽ നിന്ന് മനസ്സിലാക്കാൻ ഇവർക്ക് സാധിക്കും. കുട്ടിയുടെ ചികിത്സാ ടീമിന്റെ നിർണായക ഭാഗമായി ഡോക്ടർമാർ മാതാപിതാക്കളെ കണക്കാക്കുമ്പോൾ, സ്വന്തം കുട്ടിയുടെ പരിചരണത്തിൽ അവർക്ക് സന്തോഷം തോന്നാൻ സാധ്യതയേറും.

മാതാപിതാക്കൾ കുട്ടിയെ വീട്ടിൽ വ്യായാമം ചെയ്യിക്കാനുള്ള മാർഗനിർദേശങ്ങൾ ഫിസിയോ തെറാപ്പിസ്റ്റുകൾ, മറ്റു ആരോഗ്യപരിപാലന പ്രവർത്തകർ എന്നിവരിൽ നിന്നും പഠിക്കുകയാണെങ്കിൽ, കുട്ടിയുടെ പേശികൾ ബലപ്പെടുത്താനും, പേശികളുടെ ബാലൻസ് വർധിപ്പിക്കാനും സാധ്യമാകും.

സെറിബ്രൽ പാൾസി ബാധിതനായ കുട്ടിയ്ക്ക് സമപ്രായക്കാരുടെ അതേ തലത്തിൽ കളികളിൽ ഏർപ്പെടാൻ കഴിഞ്ഞേക്കില്ല. പക്ഷേ അവന്റെ കഴിവിന്റെ പരമാവധി അവനെ എത്തിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. പുതിയ കഴിവുകൾ അവനെ പഠിപ്പിക്കാൻ ശ്രമി്ക്കുക. ചില കളികളിൽ ഏർപ്പെടുമ്പോൾ കുട്ടി പുതിയ രീതിയിൽ പേശികൾ ഉപയോഗിച്ചേക്കാം. സജീവമായിരിക്കുന്നത് കുട്ടിയുടെ പേശികളെ ശക്തിപ്പെടുത്തും. ഇത് പേശികളുടെ രോഗാവസ്ഥ കുറയ്ക്കാൻ സഹായിക്കും. ജീവിതത്തിൽ എപ്പോഴും സജീവമായ ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ കുറവാണ് എന്നോർക്കുക.

സെറിബ്രൽ പാൾസി ബാധിതനായ കുട്ടിയുടെ മനസ്സ് വിശാലമാക്കാൻ മാതാപിതാക്കൾക്ക് കഴിയും. കുട്ടിയെ പാർക്കുകളിലേ്ക്കും, ബീച്ചിലേക്കും കൊണ്ടുപോവുക, എല്ലാത്തരം സംഗീതവും കേൾപ്പിക്കുക, പല കളികളിലും പങ്കെടുപ്പിക്കുക, മാതാപിതാക്കൾ പുതിയ കാര്യങ്ങൾ പരീക്ഷിക്കുമ്പോൾ, സജീവമായ പങ്ക് വഹിക്കാൻ കുട്ടിക്ക് അവസരം നൽകണം.

സെറിബ്രൽ പാൾസിയുള്ള ഒരു കുട്ടിക്ക് സഹോദരങ്ങൾക്കോ, സമപ്രായക്കാർക്കോ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയില്ല. പക്ഷേ തന്റെ പരിമിതിയിൽ അവൻ അസ്വസ്ഥനാകാതിരിയ്ക്കാൻ ശ്രദ്ധിക്കണം. പകരം സ്വന്തമായി അല്ലെങ്കിൽ സഹായത്തോടെ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളിലും അവനെ സഹായിക്കുക.

മാതാപിതാക്കൾ എല്ലായ്പ്പോഴും ക്രിയാത്മക മനോഭാവം പുലർത്തുകയാണെങ്കിൽ കുട്ടിയും എല്ലാ അവസരങ്ങളിലും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നവനായി വളരും.

സെറിബ്രൽ പാൾസി ബാധിതരായ മറ്റു കുട്ടികളുടെ രക്ഷിതാക്കളുമായി സ്നേഹബന്ധങ്ങൾ സ്ഥാപിക്കാൻ ശ്രമം നടത്തണം. കഠിനമായ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്ന ദിവസങ്ങളിൽ സുഹൃത്തുക്കളായ ഈ രക്ഷിതാക്കളുടെ ആശ്വാസവാക്കുകൾ മനസ്സിന്റെ താളം തെറ്റാതിരിക്കാൻ മാതാപിതാക്കളെ വലിയതോതിൽ സഹായിക്കും.

രക്ഷിതാക്കളും, കുടുംബാംഗങ്ങളും, സമൂഹവും ഏതൊരു കുട്ടിയ്ക്കും നൽകുന്ന നിരുപാധികമായ സ്നേഹവും, ധാരാളം അവസരങ്ങളും, കലവറയില്ലാത്ത പ്രോത്സാഹനവും സെറിബ്രൽ പാൾസി ബാധിച്ച കുട്ടികളും പ്രതീക്ഷിയ്ക്കുന്നു. പാർശ്വവത്‌ക്കരിക്കപ്പെട്ട ഈ സഹോദരങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്താൻ സന്നദ്ധസംഘടനകളേയും, ഭരണകൂടത്തേയും, രക്ഷിതാക്കളേയും കോർത്തിണക്കിക്കൊണ്ടുള്ള ഒരു മുന്നേറ്റത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. ഈ വർഷത്തെ സെറിബ്രൽ പാൾസി ദിനം അത്തരമൊരു കൂട്ടായ്മയ്ക്ക് രൂപം നൽകുമെന്ന് നമുക്ക് പ്രത്യാശിയ്ക്കാം.

Content Highlights: cerebral palsy symptoms causes and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented