കുറ്റപ്പെടുത്തലല്ല, വേണ്ടത് സ്നേഹപൂർവമായ പെരുമാറ്റം; ഡിമെൻഷ്യ ഒരു രോഗമല്ല, ജീവിതാവസ്ഥയാണ്


കെ. ഉണ്ണികൃഷ്ണൻ

പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കൊച്ചി: ഇന്ത്യയുടെ രാഷ്ട്രപതി ആര്? മുന്നിലെ നോട്ട്ബുക്കില്‍ പതിയെ വയോധികന്‍ ഉത്തരമെഴുതി - വെങ്കിട്ടരാമന്‍. ഇന്ത്യയുടെ പ്രധാനമന്ത്രി ആര് ജവാഹര്‍ലാല്‍ നെഹ്‌റു. അരികിലിരുന്ന സഹായി പറഞ്ഞു. ''അദ്ദേഹത്തിന്റെ ഓര്‍മ അവിടെയാണ് നില്‍ക്കുന്നത്. ശേഷമുള്ള കാലമെല്ലാം മറഞ്ഞുപോയിരിക്കുന്നു..''

'ഉദ്‌ബോധ്' ഉള്ളുതൊടുന്ന കാഴ്ചകളിലൊന്നാണിത്; പച്ചാളം പി.ജെ. ആന്റണി റോഡിലെ കെട്ടിടത്തിലെ 'ഉദ്‌ബോധ്' സൗജന്യ ഡിമെന്‍ഷ്യ ഡേ കെയര്‍. കോര്‍പ്പറേഷന്റെ പദ്ധതിയായ സെന്റര്‍ കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രിയാണ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തത്. അന്നാണ് രാജ്യത്തെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ നഗരമായി കൊച്ചിയെ പ്രഖ്യാപിച്ചത്. മാജിക്‌സ് എന്ന സന്നദ്ധ സംഘടനയ്ക്കാണ് നടത്തിപ്പിന്റെ ചുമതല. സാങ്കേതിക സഹകരണം നല്‍കുന്നത് കൊച്ചി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സാണ്. ശാസ്ത്ര ജ്ഞാനത്തെയും സമൂഹത്തെയും ബന്ധിപ്പിക്കാനുള്ള വേദിയായാണ് സെന്ററിന്റെ 'പ്രജ്ഞ' പ്രവര്‍ത്തിക്കുന്നത്. നഗരത്തില്‍ മേധാക്ഷയം മൂലം പ്രശ്‌നമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഒരു ഇടം.കുറ്റപ്പെടുത്തല്ലേ...

മസ്തിഷ്‌കത്തിലെ നാഡീകോശങ്ങള്‍ ക്ഷയിക്കുന്നതിനാല്‍ ഓര്‍മയും ബുദ്ധിശക്തിയും ക്രമേണ ഇല്ലാതാകുന്ന ജീവിതാവസ്ഥയാണ് മേധാക്ഷയം. പഠനങ്ങളേറെ നടക്കുന്നുണ്ടെങ്കിലും കാരണം അജ്ഞാതം. കൂടുതലും കാണുന്നത് 60 വയസ്സിനുമേലുള്ളവര്‍ക്കാണ്. അടുത്ത കാലത്തായി 50 വയസ്സിനു താഴെയും കണ്ടുവരുന്നു. കേരളത്തില്‍ 65 വയസ്സിനു മുകളിലുള്ള 42 ലക്ഷം പേര്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ രണ്ടുലക്ഷം പേര്‍ക്ക് ഡിമെന്‍ഷ്യ ഉണ്ടെന്നാണ് കരുതുന്നത്.

ജീവിതാവസ്ഥ

''ഇതൊരു രോഗമല്ല, ജീവിതാവസ്ഥയാണ്. പക്ഷേ രോഗമെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. മസ്തിഷ്‌കത്തിലെ നഷ്ടപ്പെടുന്ന കോശങ്ങള്‍ മടങ്ങിവരില്ല. ഉള്ളവയെ നിലനിര്‍ത്തി, ഉദ്ദീപിപ്പിച്ച് തുടര്‍ന്നാല്‍ മേധാക്ഷയത്തിന്റെ വേഗം കുറയ്ക്കാനാകും'' - കുസാറ്റ് ന്യൂറോ സെന്റര്‍ ഡയറക്ടര്‍ ഡോ. ബേബി ചക്രപാണി പറയുന്നു. പരിചരണത്തിലൂടെ അഞ്ചുവര്‍ഷം കൊണ്ടുണ്ടാകുന്ന മറവിയുടെ വേഗം കുറച്ച് 15 വര്‍ഷത്തിലേക്ക് നീട്ടാനാകും. മേധാക്ഷയം ഉള്ളവരോട് അവരുടെ താത്പര്യങ്ങള്‍ മനസ്സിലാക്കി വേണം ഇടപെടാന്‍. മാനസിക സമ്മര്‍ദം, ഒറ്റപ്പെടല്‍, പുകവലി, മദ്യപാനം എന്നിവ പ്രശ്‌നം രൂക്ഷമാക്കും.

പ്രാര്‍ഥന, സംഗീതം

''സാധാരണ പകല്‍വീട്ടില്‍നിന്ന് വ്യത്യസ്തമാണിത്. തെറാപ്പികളുമുണ്ട്. കുട്ടികളെ ഡേ കെയറിലാക്കും പോലെയെന്നു വേണമെങ്കില്‍ പറയാം. ശ്രദ്ധ കിട്ടിയില്ലെങ്കില്‍ ഇവരില്‍ പ്രശ്‌നം വേഗത്തില്‍ കൂടും'' - മാജിക്‌സ് ചെയര്‍മാനും ജെറിയാട്രീഷ്യനുമായ പ്രവീണ്‍ ജി. പൈ പറയുന്നു.

ഡിവോഷണല്‍ തെറാപ്പിയില്‍ പാടിപ്പതിഞ്ഞ പ്രാര്‍ഥനകള്‍ ചൊല്ലിക്കും. മ്യൂസിക് തെറാപ്പിയില്‍ സംഗീതം കേള്‍പ്പിക്കും. കേട്ടുമറക്കാത്ത പാട്ടുകളിലൂടെ ഓര്‍മകളെ ഉദ്ദീപിപ്പിക്കാന്‍ ശ്രമിക്കും. വായനയും എഴുത്തും താത്പര്യമുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കും. ചിലര്‍ക്ക് ഓര്‍മ കൂട്ടാന്‍ ബ്ലോക്കുകള്‍ ചേര്‍ത്തുവെച്ച് രൂപങ്ങള്‍ ഉണ്ടാക്കുന്ന കുട്ടികളുടെ കളിയാകും ഉപകരിക്കുക. സമയത്ത് ഭക്ഷണവുമുണ്ടാകും.

ലക്ഷണങ്ങള്‍

മറവിമൂലം ജോലി ചെയ്യാന്‍ കഴിയാതെ വരിക, സ്ഥലകാല ബോധം നഷ്ടപ്പെടുക, പറഞ്ഞ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുക, ഉചിതമായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താന്‍ കഴിയാതെ വരിക, നിത്യോപയോഗ സാധനങ്ങള്‍ മറ്റെവിടെയെങ്കിലും കൊണ്ടുപോയി വെക്കുക, പതിവില്ലാതെ അമിതമായ ദേഷ്യമോ വിഷാദമോ പ്രകടിപ്പിക്കുക എന്നിവ ലക്ഷണങ്ങളാണ്.

എങ്ങനെ അറിയും?

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡിമെന്‍ഷ്യ മെമ്മറി ക്ലിനിക്കില്‍ മേധാക്ഷയമുണ്ടോയെന്ന പരിശോധനയ്ക്ക് സൗകര്യമുണ്ട്. എല്ലാ മാസവും ആദ്യ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെയാണ് പരിശോധനാ സമയം.

ഇവിടെ ശ്രദ്ധ കിട്ടും

സെന്ററില്‍ നിലവിലുള്ളത് ഇപ്പോള്‍ ആറു പേര്‍. 15 പേര്‍ക്കുവരെ ഇവിടെ സേവനം കിട്ടും. നഗരത്തിലും പരിസര പ്രദേശങ്ങളിലും സഹായം വേണ്ടവരെ ദിവസവും വീടുകളില്‍നിന്ന് കൊണ്ടുവരുന്നതിനും സൗകര്യമുണ്ട്. ''ആര്‍ക്കും വരാവുന്ന ജീവിതാവസ്ഥയാണിത്. പദ്ധതി ഇവിടെ തുടങ്ങാനായത് നല്ലൊരു കാര്യമാണ്. പലര്‍ക്കും പ്രയോജനപ്പെടും'' - കൗണ്‍സിലര്‍ മിനി ബവേര പറഞ്ഞു.

Content Highlights: causes treatment symptoms of dementia, dementia patients need caring and support, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented