Photo: Pixabay
കഴിക്കുന്ന ആഹാരം ശരിയായി ദഹിക്കാത്തതുകൊണ്ടും ദന്തരോഗം, മോണവീക്കം തുടങ്ങിയ കാരണങ്ങൾകൊണ്ടും ഉച്വാസവായുവിന് ഉണ്ടാകുന്ന ദുർഗന്ധത്തെയാണ് വായ്നാറ്റം എന്നു പറയുന്നത്. ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തതുകൊണ്ടുള്ള നിർജലീകരണവും ശോധനക്കുറവും വായ്നാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്. ജലദോഷം, കഫക്കെട്ട്, ശ്വാസകോശ രോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവ മൂലവും വായ്നാറ്റം ഉണ്ടാകാറുണ്ട്. വായ്നാറ്റം നിയന്ത്രിക്കാൻ ചില ഗൃഹചികിത്സകൾ ഇവയാണ്.
- വായിലെ വരൾച്ച നിയന്ത്രിക്കാൻ ധാരാളം വെള്ളം കുടിക്കണം.
- വിറ്റാമിൻ സി അടങ്ങിയതും നാരുകൾ ധാരാളമടങ്ങിയതുമായ ഓറഞ്ച്, ആപ്പിൾ, നെല്ലിക്ക, പേരയ്ക്ക മുതലായ പഴങ്ങൾ കഴിക്കുക.
- കാരറ്റ് , തക്കാളി, കക്കരി, വെള്ളരിക്ക എന്നിവയിൽ കുരുമുളകും ഉപ്പും ചേർത്ത സാലഡ് കഴിക്കുക.
- കരിങ്ങാലി, കരിവേലപ്പട്ട, ജാതിക്ക, ഏലയ്ക്ക, കുരുമുളക് എന്നിവ പൊടിച്ച് അതുകൊണ്ട് പല്ലുതേക്കുക.
- ആര്യവേപ്പ്, മാവില, ഉമിക്കരി എന്നിവ കൊണ്ട് പല്ല് തേക്കുന്നതും നല്ലതാണ്.
- ഉപ്പിട്ട ചെറുചൂടുവെള്ളം കവിൾ കൊള്ളുന്നത് വായിലെ മാലിന്യങ്ങളെ നീക്കാൻ സഹായിക്കും.
- തേൻ കവിൾ കൊള്ളുന്നത് വായിലെ വ്രണങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
- ത്രിഫല(കടുക്കത്തോട്, നെല്ലിക്കാത്തോട്, താന്നിക്കത്തോട്) ഇട്ടു തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് മോണവീക്കത്തിനും ദന്തരോഗങ്ങൾക്കും ഫലപ്രദമാണ്.
- എള്ളെണ്ണ, വെളിച്ചെണ്ണ, അരിമേദാദി തെെലം എന്നിവ കവിൾ കൊള്ളുന്നത് വായ്നാറ്റത്തതെ തടയും.
- ഇരട്ടിമധുരം, മഞ്ഞൾ, നന്നാറി എന്നിവയിട്ട് തിളപ്പിച്ച വെള്ളം കവിൾകൊള്ളുക.
- ഭക്ഷണശേഷം തുളസിയില, മല്ലിയില, പുതിനയില എന്നിവ ചവയ്ക്കുന്നത് വായിലെ ദുർഗന്ധം തടയാൻ സഹായിക്കും. ഇവ ഇട്ടു തിളപ്പിച്ച് വെള്ളം പലവട്ടം കുടിക്കുന്നതും നല്ലതാണ്.
- ചെറുനാരങ്ങ നീര് വെള്ളം ചേർത്ത് ഉപ്പിട്ട് കുടിക്കാം.
- പെരുംജീരകം, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, അയമോദകം എന്നിവ ഭക്ഷണശേഷം ചവയ്ക്കുന്നത് നല്ലതാണ്.
- ശോധനക്കുറവുള്ളവർ ത്രിഫല ചൂർണം, അവിപത്തി ചൂർണം എന്നിവ ഒരു ടീസ്പൂൺ കിടക്കാൻ നേരം കഴിക്കുന്നത് ഗുണം ചെയ്യും.
- ചുവന്നുള്ളി, വെളുത്തുള്ളി, സവാള പോലുള്ളവ ഭക്ഷണത്തിൽ കുറയ്ക്കുക.
- മദ്യപാനം, പുകവലി, പാൻമസാല തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കുക.
ഡോ. വിമൽ കെ. വിജയൻ
ആയുർവേദ ഫിസിഷ്യൻ
വി.പി.എസ്.വി. ആര്യവെെദ്യശാല
കോട്ടയ്ക്കൽ
Content Highlights: Oral health, Dental health, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..