കേരളത്തിൽ ദിവസേന ഇപ്പോൾ മുപ്പതിനായിരത്തിലധികം പുതിയ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇവരിൽ അഞ്ചുശതമാനംപേർക്ക്‌ കോവിഡ് ബാധയ്ക്കുശേഷം രൂക്ഷതയുള്ളതും നീണ്ടുനിൽക്കുന്നതുമായ മറ്റുരോഗലക്ഷണങ്ങൾ പിന്നീട് പ്രത്യക്ഷപ്പെട്ടാൽ കേരളത്തിലെ ആരോഗ്യമേഖലയിലത് കടുത്ത ആഘാതം സൃഷ്ടിക്കും.

ജാപ്പനീസ് പഠനവും മാസ്കിന്റെ പ്രാധാന്യവും

കൂട്ടംചേരാതിരിക്കുക, ഇരട്ടമാസ്ക്‌ ധരിക്കുക. ധരിച്ചാലും സംസാരം കുറയ്ക്കുക. ‘ഫിസിക്സ് ഓഫ് ഫ്ലൂയിഡ്‌സ്’ എന്ന ശാസ്ത്രപ്രസിദ്ധീകരണത്തിലെ ഒരു ലേഖനത്തിൽ, സാധാരണ മുഖാമുഖസംസാരത്തിലെ കോവിഡ് വൈറസ് വ്യാപനരീതിയെക്കുറിച്ച് ജാപ്പനീസ് ഗവേഷകർ പരാമർശം നടത്തിയിട്ടുണ്ട്. ലേസറും ധൂമപടലങ്ങളും ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെയാണ് ഈ ഗവേഷകർ സംസാരാവസരത്തിൽ ഉണ്ടാകുന്ന നിശ്വാസവായുവിലെ അതിസൂക്ഷ്മ സ്രവകണങ്ങളുടെ വ്യാപനവ്യാപ്തി തിട്ടപ്പെടുത്തിയത്. ഈ ശാസ്ത്രജ്ഞർ ഇലക്‌ട്രോണിക് സിഗററ്റുകൾ ഉപയോഗിച്ച് കൃത്രിമ ധൂമപടലകണികകൾ സൃഷ്ടിച്ചു. ഇവയുടെ വലുപ്പം ഒരു മൈക്രോണിന്റെ പത്തിലൊന്നുവരും; അതായത്, ഏകദേശം വൈറസുകളുടെ അത്രതന്നെ വലുപ്പം. ഗ്ലിസറിനും പ്രൊപ്പിലീൻ ലൈക്കോളുംചേർന്ന ഒരു മിശ്രിതമാണ് ഈ ധൂമപടലമുണ്ടാക്കാൻ ഉപയോഗിച്ചത്. ഈ ധൂമകണികാപടലത്തിലൂടെ ലേസർരശ്മികൾ കടത്തിവിട്ട് അവ വായുവിലൂടെ എങ്ങനെ വ്യാപിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ തിട്ടപ്പെടുത്തി.

സംസാരവേളയിൽ ഉണ്ടാവുന്ന വ്യാപനം മനസ്സിലാക്കാനായി ജാപ്പനീസ് ഭാഷയിലെ ‘ഒണേഗൈഷീമാസ്‌’ എന്ന അഭിവാദനപദം ആവർത്തിച്ചു പറഞ്ഞു. കൂടാതെ, ഈ ധൂമകണികകളുടെ വ്യാപനത്തോത് മുഖാവരണം ധരിച്ചും ധരിക്കാതെയുമുള്ള സംസാരവേളയിൽ എപ്രകാരമെന്നും നിരീക്ഷിച്ചു. മാത്രമല്ല, നിന്നും ഇരുന്നും കമിഴ്ന്നും മലർന്നും കിടന്നും സംസാരിക്കുമ്പോഴത്തെ വ്യാപനവും പഠനവിധേയമാക്കി. സംസാരവേളയിലെ ശബ്ദതീവ്രതയനുസരിച്ച് കണികാവ്യാപനത്തോത് വർധിക്കുന്നുവെന്നും കണ്ടെത്തി. വൈറസ് വായുവിലൂടെ പകരുന്നതിന്റെ തെളിവുകളെ പിന്തുണയ്ക്കുന്നതിന് പത്തുകാരണങ്ങൾകൂടി ഏപ്രിലിൽ ലാൻസെറ്റ് ജേണൽ പ്രസിദ്ധീകരിച്ചിരുന്നു. മറ്റുവഴിയിലൂടെ വ്യാപിക്കാമെങ്കിലും വായുവാണ് വ്യാപനത്തിനുള്ള പ്രബലമായ വഴിയെന്ന്‌ പ്രസ്തുത ലേഖനം നിരീക്ഷിക്കുന്നു.

ലക്ഷണമില്ലാത്ത രോഗവാഹകർ

കോവിഡ്‌വ്യാപനം വർധിക്കുന്നതിന്‌ ഒരുകാരണം രോഗവാഹകർ പലപ്പോഴും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ല എന്നതാണ്. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷ്യസ്‌ ഡിസീസസിന്റെ ഡയറക്ടർ ഡോ. ആന്റണി ഫാച്ചിയും മറ്റ് ഗവേഷകരുംചേർന്ന് ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ എന്ന ശാസ്ത്ര അനുകാലികത്തിൽ എഴുതിയ ഒരു ലേഖനത്തിൽ ഇപ്രകാരം പറയുന്നു: ‘കോവിഡ് ബാധിച്ചവരിൽ 40-45 ശതമാനം പേരിലും ഒരു ലക്ഷണവും കാണുന്നില്ല. എങ്കിൽപ്പോലും കോവിഡിന്റെ 50 ശതമാനത്തിലേറെ വ്യാപനം ഇവരിലൂടെ സംഭവിക്കുന്നു’. രോഗവ്യാപനത്തിന് കാരണക്കാരായേക്കാവുന്നവരെ രോഗലക്ഷണം മാത്രംവെച്ചുകൊണ്ട് തിരിച്ചറിയാൻ സാധ്യമല്ലാത്തതിനാൽ സമൂഹത്തിൽ വ്യാപകമായ മുഖാവരണധാരണം ഈ ശാസ്ത്രജ്ഞർ നിർദേശിക്കുന്നു.

ഉച്ചത്തിലുള്ള സംസാരം, ഗാനാലാപനം, മുദ്രാവാക്യം മുഴക്കൽ ഇവയൊക്കെത്തന്നെ കോവിഡിനെ അതിരൂക്ഷവ്യാപന തലത്തിലേക്ക് ഉയർത്താൻ കാരണമായേക്കാമെന്ന് മുൻ പറഞ്ഞ ഗവേഷണ-നിരീക്ഷണ പഠനങ്ങൾ കാണിക്കുന്നു.

ഒരു പരിധിവരെ മേൽപ്പറഞ്ഞതിന്റെ പരിണതഫലമാണ്‌ കേരളം ഇപ്പോൾ അനുഭവിക്കുന്നത്. ഈ സാധ്യതയെ നേരിടാൻ ആരോഗ്യവിദഗ്‌ധർ അനുശാസിക്കുന്ന കോവിഡ് വ്യാപന നിയന്ത്രണ നിർദേശങ്ങൾ സമൂഹത്തിലെ എല്ലാ തലത്തിലുള്ളവരും കൃത്യതയോടെ വാക്സിനേഷനുശേഷവും പാലിക്കേണ്ടതുണ്ട്.

(ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് മുൻസെക്രട്ടറിയാണ്‌ ലേഖകൻ)

Content Highlights: Careful interventions must be made to stop Covid19, Health