കാറ്റില്‍ പറക്കുന്ന അപ്പൂപ്പന്‍താടി പോലെയാണ് ആ കുഞ്ഞുങ്ങളുടെ മനസ്സ്. തനിച്ചിരിക്കാനായിരിക്കും അവര്‍ക്കിഷ്ടം..ശാസ്ത്രം പറയുന്നത് ഇവര്‍ 'ഓട്ടിസം' എന്ന മാനസികാവസ്ഥയിലാണെന്നാണ്. തനിച്ചിരിക്കാനുള്ള അവരുടെ ഈ ഇഷ്ടത്തില്‍ നിന്നും 'സ്വയം' എന്ന് അര്‍ത്ഥമുള്ള 'ആട്ടോസ്' എന്ന ഗ്രീക്ക് പദത്തില്‍ നിന്നുമാണ് 'ഓട്ടിസം' എന്ന ഇംഗ്ലീഷ് പദം വന്നത്. അവരില്‍ പലരും വലിയ പ്രതിഭകളാണ്..പക്ഷേ, പലപ്പോഴും തിരിച്ചറിയാറില്ലെന്നു മാത്രം. ഇന്ന് അവര്‍ക്കായുള്ള ദിനമാണ്..

വെള്ളിത്തിരയിലെ പാപ്പ

ഓട്ടിസം സമാനമായ രോഗാവസ്ഥ ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളെ വ്യത്യസ്തമായി രീതിയില്‍ അവതരിപ്പിച്ച 'പേരന്‍പ്' ഈയടുത്തകാലത്താണ് വെള്ളിത്തിരയിലെത്തിയത്. പ്രേക്ഷകശ്രദ്ധയും കൈയടിയും നേടി. 'ഓട്ടിസ'ത്തെ ഒരു രോഗമായി കാണാതെ, അവസ്ഥയെന്നോണം അവരെ സംരക്ഷിക്കണമെന്നും അവരുടെ രീതികളില്‍ അവരെ സ്വതന്ത്രരാക്കണമെന്നുമാണ് സിനിമ പറഞ്ഞുതന്നത്.

ഓട്ടിസം ബാധിതനായ പിതാവിന്റെയും മകളുടെയും കഥപറയുന്ന തമിഴ് ചിത്രം 'ദൈവ തിരുമകള്‍' പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സമൂഹപ്രതിബന്ധതയുള്ള ഇത്തരം ചിത്രങ്ങളും ശരിയായ ബോധവത്കരണങ്ങളും ഉണ്ടായിട്ടും ഇന്നും പല വീടുകളിലെയും അടച്ച മുറികളില്‍ ഇതേപ്പോലെയുള്ള കുരുന്നുകള്‍ ഉണ്ട്.

സമൂഹത്തിന് മുന്നില്‍ നിന്ന തങ്ങളുടെ മക്കളെ ഒളിപ്പിക്കുന്നതല്ല, സമൂഹത്തില്‍ നിന്നുള്ള രക്ഷപ്പെടലായാണ് ഇങ്ങനെയുള്ള മാതാപിതാക്കള്‍ ഇക്കാര്യത്തെകുറിച്ച് പറയുന്നത്. 

ഓട്ടിസത്തെ എങ്ങനെ തിരിച്ചറിയാം?

ഒന്നര വയസ്സുമുതലാണ് ലക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്. പാല്‍ കുടിക്കാനുള്ള വിമുഖത, മുഖത്തേക്ക് നോക്കാതിരിക്കുക, ശബ്ദങ്ങളില്‍ പ്രതികരിക്കാതിരിക്കുക, അമ്മയുടെ മുഖത്ത് പോലും നോക്കി ചിരിക്കാതിരിക്കുക, എടുക്കുന്നതിനെക്കാള്‍ കട്ടിലില്‍ കിടത്തുന്നത് ഇഷ്ടപ്പെടുക, ചെറുപ്രായത്തില്‍ തന്നെ കളിസാധനങ്ങളും മറ്റും ക്രമമായി അടുക്കിയും വൃത്തിയിലും സൂക്ഷിക്കുന്നത്, സംസാരിക്കാനുള്ള വൈമുഖ്യം, വാക്കുകളുടെ ആവര്‍ത്തനം, ഉറക്കമില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഒരേ കാര്യത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കന്നതും വാശിപ്പിടിക്കുന്നതുമൊക്കെ ഇതിന്റെ പ്രത്യേകതയാണ്.പക്ഷേ, ഇതുമാത്രം കണക്കിലെടുത്ത് കുട്ടിയില്‍ ഓട്ടിസ്റ്റിക് ലക്ഷണം ഉണ്ടെന്നും പൂര്‍ണമായും പറയാന്‍ കഴിയില്ല.

കറങ്ങുന്ന വസ്തുക്കളിലേക്കുള്ള അമിതമായ നോട്ടവും കുട്ടികള്‍ സ്വയം അസാധരണമായി കറങ്ങുന്നതും ഉച്ചത്തില്‍ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നതും പ്രധാന ലക്ഷണമാണ്. വികാരങ്ങള്‍ക്ക് പ്രതികരണം ഇല്ലായ്മ, ഒരാളെ മാത്രം അമിതമായി ആശ്രയിക്കുക എന്നതുമൊക്കെ ഇതിന്റെ ലക്ഷണമാണ്.

പ്രതിവിധികള്‍

വിവിധ തെറാപ്പികളാണ് കുഞ്ഞുങ്ങളില്‍ വ്യത്യാസം വരുത്താന്‍ ഏറെ സഹായകമാകുന്നത്. 'സ്പീച്ച് തെറാപ്പി'യിലൂടെയുള്ള ആശയവിനിമയ ശേഷി നേടിക്കൊടുക്കലാണ് പ്രാഥമിക ലക്ഷ്യം. 'ബിഹേവിയറല്‍ തെറാപ്പി'യാണ് മറ്റൊന്ന്, കുട്ടികളിലെ സ്വഭാവ രൂപവത്കരണത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്.

രക്ഷിതാക്കള്‍ക്കും ഇതില്‍ പ്രത്യേക പരിശീലനം അനിവാര്യമാണ്. ചെറുപ്പത്തിലേ തിരിച്ചറിയുകയും കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കുകയും ചെയ്താല്‍ ഓട്ടിസം എന്ന അവസ്ഥയില്‍ നിന്ന് എണ്‍പത് ശതമാനത്തോളം മാറ്റം ഉണ്ടാക്കാന്‍ കഴിയും. സാധാരണ മനുഷ്യരെപ്പോലെ ഇവര്‍ക്കും ജീവിതം സാധ്യമാകും.

ഇതൊരു അവസ്ഥ

ഓട്ടിസമെന്നത് ഒരു അസുഖമല്ല, അതൊരു അവസ്ഥയാണ്. രോഗമായി കണ്ട് അതിനെ ചികിത്സിക്കേണ്ടതില്ല, പകരം നമ്മുടെ കുട്ടിയിലെ കഴിവിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കുകയാണ് വേണ്ടത്. 20-ല്‍ ഒരാള്‍ക്ക് എന്ന രീതിയിലാണ് ഇപ്പോള്‍ ഓട്ടിസ്റ്റുകാരായ കുട്ടികളെ സമൂഹത്തില്‍ കാണുന്നത്. ഇന്ത്യയില്‍ രണ്ടു മുതല്‍ ഒമ്പതു വയസ്സുവരെയുള്ള പ്രായത്തില്‍ മാത്രം 2.5 മില്യണ്‍ കുട്ടികളില്‍ ഓട്ടിസം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആണ്‍കുട്ടികളിലാണ് കൂടുതല്‍ ഓട്ടിസം സാധ്യതകളെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രക്ഷിതാക്കളുടെ ജെനറ്റിക്കല്‍ ഘടകമാണ് ഇതിന് കാരണമായി പറയുന്നത്. കുട്ടിയിലെ ഓട്ടിസം വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നത് അമ്മയ്ക്കാണ്, അമ്മയുടെ ഗര്‍ഭാവസ്ഥയിലെ ഓരോ നീക്കങ്ങളും രുചികളും മറ്റും കുട്ടിയുടെ ജീവിതത്തിലെ നിര്‍ണായക ഘടകങ്ങളാണ്.

രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ക്ലബ്ബ്

ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ അംഗങ്ങളായുള്ള 'ഓട്ടിസം ക്ലബ്ബു'കള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍: 93884 18750.

mary anitha
 ഡോ. പി.എ. മേരി അനിത

വിവരങ്ങള്‍ക്ക് കടപ്പാട്- ഡോ. പി.എ. മേരി അനിത, ചെയര്‍മാന്‍, സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്‍റിച്ച്‌മെന്റ്‌

 

Content Highlightcare for autistic children, World autism day, autism care,measures to improve autism care