ചെറുപ്പക്കാര്‍ക്കിടയില്‍പ്പോലും ഇന്ന് ഹൃദ്രോഗം പിടിമുറുക്കുകയാണ്. തെറ്റായ ജീവിതശൈലിയാണ് മിക്കവരിലും കൊഴുപ്പ് അടിഞ്ഞുകൂടി രക്തക്കുഴലുകള്‍ അടയുന്ന കൊറൊണറി ഹൃദയരോഗങ്ങളെ വിളിച്ചുവരുത്തുന്നത്. ചികിത്സയ്ക്കുവേണ്ട ഭാരിച്ച ചെലവ് സാധാരണക്കാരായ രോഗികള്‍ക്ക് വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ കോഴിക്കോട്ടെ മുതിര്‍ന്ന ഹൃദ്രോഗ വിദഗ്ധനും കേരള ഹാര്‍ട്ട്‌കെയര്‍ സൊസൈറ്റി സ്ഥാപക പ്രസിഡന്റുമായ ഡോ. കെ. കുഞ്ഞാലിയുടെ 'ഓപ്പണിങ് ഹാര്‍ട്ട് പ്രോഗ്രം' ചികിത്സാരീതി പ്രസക്തമാവുകയാണ്. അത്യാവശ്യംവേണ്ട മരുന്നു പ്രയോഗവും ജീവിതശൈലിയിലുള്ള മാറ്റങ്ങളും വഴി രോഗമുക്തിയൊരുക്കുന്നതാണ് ഡോ. കുഞ്ഞാലിയുടെ രീതി. ആന്‍ജിയോപ്ലാസ്റ്റിയും സ്റ്റെന്റും ബൈപ്പാസ് ശസ്ത്രക്രിയയുമെല്ലാം ഇതുവഴി പരമാവധി ഒഴിവാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഡോക്ടര്‍ ചികിത്സിച്ച ഒരു രോഗിയുടെ ഹൃദയരക്തക്കുഴലിലെ തടസ്സം നൂറുശതമാനം നീങ്ങിയ കേസ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഹൃദ്രോഗ ചികിത്സയെക്കുറിച്ച് ഡോ. കുഞ്ഞാലി സംസാരിക്കുന്നു

ഭൂരിഭാഗം ഹൃദ്രോഗികള്‍ക്കും ആന്‍ജിയോപ്ലാസ്റ്റിയും ശസ്ത്രക്രിയയുമൊന്നും ആവശ്യമില്ല എന്ന നിഗമനത്തില്‍ എങ്ങനെയാണ് ഡോക്ടര്‍ എത്തിച്ചേര്‍ന്നത്?

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിചെയ്ത കാലത്തെ അനുഭവങ്ങളില്‍നിന്നാണ് ഇക്കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞത്. വര്‍ഷത്തില്‍ ആയിരം രോഗികള്‍ക്കെങ്കിലും ഞാനും ആന്‍ജിയോ പ്ലാസ്റ്റിയും ബൈപ്പാസ് സര്‍ജറിയുമെല്ലാം നിര്‍ദേശിക്കാറുണ്ടായിരുന്നു. എന്നാല്‍, പകുതിയിലേറെപ്പേര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഇതിന് കഴിയാറില്ല. ചിലര്‍ പേടികൊണ്ടും പിന്‍മാറും. മരണം മുന്നില്‍ക്കണ്ട് ജീവിക്കുന്ന ഇവര്‍ക്ക് മരുന്നുനല്‍കുകയായിരുന്നു ചെയ്യാറ്. അങ്ങനെയിരിക്കെയാണ് കൗതുകകരമായ ഒരു വസ്തുത ശ്രദ്ധയില്‍പ്പെട്ടത്. ആന്‍ജിയോപ്ലാസ്റ്റിയും ശസ്ത്രക്രിയയും ചെയ്ത രോഗികളെക്കാള്‍ കൂടുതല്‍ക്കാലം ജീവിക്കുന്നത് മരുന്ന് ചികിത്സയ്ക്ക് വിധേയരായവരായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ലോകത്ത് ലഭ്യമായ കണക്കുകളെല്ലാം പരിശോധിച്ചു. എന്റെ നിഗമനങ്ങള്‍ ശരിവെക്കുന്നതായിരുന്നു സ്ഥിതിവിവരക്കണക്കുകള്‍. അങ്ങനെയാണ് ചികിത്സാരീതിയില്‍ മാറ്റംവേണമെന്ന് ബോധ്യപ്പെട്ടത്.

എന്താണ് ഡോക്ടറുടെ സവിശേഷമായ ചികിത്സാരീതി?

രോഗികളെ പരിശോധനകള്‍ക്ക് വിധേയമാക്കി വിലയിരുത്തിയശേഷം പത്തുദിവസം ആശുപത്രിയില്‍ കിടത്തും. ഭക്ഷണരീതിയില്‍ എത്രമാത്രം മാറ്റംവരുത്തണം, എത്രമാത്രം കൊഴുപ്പ് കുറയ്ക്കണം, ഉപ്പ് കുറയ്ക്കണം, ഏതെല്ലാം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കണം, എത്ര അളവില്‍ കഴിക്കണം തുടങ്ങിയവയെല്ലാം രോഗികളെ പഠിപ്പിക്കും. രോഗിയുടെ ശേഷിക്കനുസരിച്ച് വ്യായാമം ചെയ്യിക്കും. ഹൃദയത്തിന് ഗുണം ചെയ്യുന്ന യോഗമുറകളും ധ്യാനവും പരിശീലിപ്പിക്കും. പല രോഗികള്‍ക്കും മാനസിക സംഘര്‍ഷമുണ്ടാവും. ഇത് കുറയ്ക്കാനായി മനശ്ശാസ്ത്ര കൗണ്‍സലിങ്ങും നല്‍കും.

health
 ഡോ. കെ. കുഞ്ഞാലി

കൃത്യമായ അളവില്‍ ശരിയായ മരുന്നുകളും നല്‍കേണ്ടതുണ്ട്. ഓരോ രോഗിക്കും എത്രമാത്രം തൂക്കം, ഹൃദയമിടിപ്പ്, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ വേണമെന്ന് നിശ്ചയിക്കും. ഈ ലക്ഷ്യം കൈവരിക്കാനാവശ്യമായ മരുന്നാണ് നല്‍കുക. ഒപ്റ്റിമല്‍ മെഡിക്കല്‍ തെറാപ്പി (ഒ.എം.ടി.) എന്നാണ് ഈ ചികിത്സാരീതിയെ വിളിക്കുന്നത്.

എന്തു മാറ്റങ്ങളാണ് ചികിത്സ രോഗിയില്‍ ഉണ്ടാക്കുക?

ചികിത്സ തുടങ്ങുന്നതോടെ രോഗിയുടെ അടഞ്ഞ രക്തക്കുഴലുകള്‍ മെല്ലെ തുറക്കാന്‍ ആരംഭിക്കും. വ്യായാമം ചെയ്യാനാരംഭിക്കുമ്പോള്‍ പുതിയ രക്തക്കുഴലുകള്‍ (കൊളാറ്ററല്‍ സര്‍ക്കുലേഷന്‍) രൂപപ്പെടുകയും ചെയ്യും. മുപ്പതും നാല്‍പ്പതും വര്‍ഷങ്ങള്‍കൊണ്ടാണ് രക്തക്കുഴലുകള്‍ പൂര്‍ണമായി അടയുന്നത്. അത് തുറക്കാനും സാധാരണഗതിയില്‍ ദീര്‍ഘകാലം വേണ്ടതാണ്. എന്നാല്‍, ഏഴുവര്‍ഷംകൊണ്ട് ഒരു രോഗിയുടെ ബ്ലോക്ക് നൂറുശതമാനം മാറ്റാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 23 വര്‍ഷത്തിനിടെ ആറായിരത്തിലേറെ രോഗികളെ രക്ഷപ്പെടുത്താനായി.

ആര്‍ക്കാണ് ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായിവരുന്നത്?

ഹൃദയാഘാതം സംഭവിക്കുന്നവര്‍ക്ക് അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടതുണ്ട്. ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞ് നൂറുശതമാനം തടസ്സം ഉണ്ടാവുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാവുന്നത്. രോഗിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടും. ഹൃദയാഘാതമുണ്ടായി 45 മിനിറ്റിനകം ആന്‍ജിയോപ്ലാസ്റ്റി ചെയ്താല്‍ ഹൃദയകോശങ്ങള്‍ക്ക് നാശമുണ്ടാവില്ല. വൈകുംതോറും ഹൃദയകോശങ്ങള്‍ നശിക്കാനിടയാവും. ആന്‍ജിയോപ്ലാസ്റ്റിക്കുശേഷം വീണ്ടും രോഗം വരാതിരിക്കാന്‍ ജീവിതശൈലീ മാറ്റത്തിലൂന്നിയ തുടര്‍ചികിത്സ ആവശ്യമാണ്.

ഡോക്ടറുടെ ചികിത്സാരീതിയെക്കുറിച്ച് മെഡിക്കല്‍ രംഗത്തുള്ളവരുടെ പ്രതികരണം എന്തായിരുന്നു?

എന്റെ നിഗമനങ്ങളെ ചിരിച്ചുതള്ളുകയാണ് ഭൂരിഭാഗം ഹൃദ്രോഗവിദഗ്ധരും തുടക്കത്തില്‍ ചെയ്തത്. എന്നാലിന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. അടുത്തിടെനടന്ന ശാസ്ത്രീയ പഠനങ്ങളും ഇതുതന്നെയാണ് തെളിയിക്കുന്നത്.

ഹൃദ്രോഗമുള്ള ദൂരിഭാഗം പേര്‍ക്കും ആന്‍ജിയോ പ്‌ളാസ്റ്റിയും ശസ്ത്രക്രിയയും ആവശ്യമില്ലെന്നാണ് ഡോ. കുഞ്ഞാലിപറയുന്നത്

Content Highlights: cardiologist k kunjali speaking