ര്‍ഷത്തില്‍ രണ്ടായിരത്തിലധികം പേര്‍ തങ്ങളുടെ ഹൃദയം റിപ്പയര്‍ ചെയ്യാന്‍  സമര്‍പ്പിക്കുന്ന ഒരാള്‍. മസ്തിഷ്‌കമരണം സംഭവിച്ച ആളില്‍നിന്ന് ജീവനുള്ള ഹൃദയം എടുത്തുമാറ്റി മറ്റൊരാളില്‍ നട്ടുപിടിപ്പിക്കുന്ന കൈപ്പുണ്യം. മിടിക്കുന്ന ആറ് ഹൃദയങ്ങളാണ് ഈ കൈകള്‍ തുന്നിപ്പിടിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടുകൂടിയായ പ്രശസ്ത ഹൃദ്രോഗവിദഗ്ധന്‍  ഡോ. ടി.കെ. ജയകുമാന്റെ പാദംതൊട്ട് നെറുകയില്‍വച്ച് യാത്ര പറയുന്ന  ആയിരങ്ങള്‍ക്കിത് ദൈവത്തിന്റെ കൈവിരലുകളുള്ള ഡോക്ടറാണ്.

സംസ്ഥാനത്തെ ഏറ്റവും മികച്ച  ഡോക്ടറെന്ന പുരസ്‌കാരം 2017-ല്‍  തേടി വന്നപ്പോള്‍ ഏറെയും ആഹ്ലാദിച്ചത് താന്‍ ചികിത്സിച്ച് ജീവിതം മടക്കി നല്‍കിയ ആയിരക്കണക്കിന് രോഗികളായിരുന്നു. ദിവസം 45 മിനുട്ടുമാത്രമാണ് ഈ ഡോക്ടര്‍ വീട്ടില്‍ ചെലവിടുന്നത്... ആരോഗ്യത്തിന് ശരാശരി എട്ടു മണിക്കൂറെങ്കിലും ദിവസവും ഉറങ്ങണം എന്ന് രോഗികളോട് നിര്‍ദേശിക്കുന്ന ഡോക്ടര്‍ക്ക് രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം ഉറക്കം. ബാക്കി സമയം മുഴുവന്‍ ശസ്ത്രക്രിയാ മുറിയിലോ രോഗികള്‍ക്ക് നടുവിലോ കാണാം. ദിവസം പതിനഞ്ചിലധികം മേജര്‍ ശസ്ത്രക്രിയകള്‍ ചെയ്യുന്നു. പുലരാറാവുമ്പോഴും ചില ദിവസങ്ങളില്‍ ശസ്ത്രക്രിയാമുറിയിലായിരിക്കും. അവസാനത്തെ ശസ്ത്രക്രിയയും പൂര്‍ത്തിയാക്കി നന്നേ ക്ഷീണിതനായി സൂപ്രണ്ടിന്റെ റൂമിലെ സെറ്റിയില്‍ കിടന്ന് ഒരു മയക്കം. പുലര്‍ച്ചെ നാലുമണിക്ക് എണീറ്റ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്ന നിലയിലുള്ള ഫയലുകള്‍ നോക്കി ജോലി ഒതുക്കി ആറരയോടെ വീട്ടിലേക്ക്. പ്രഭാതകൃത്യങ്ങള്‍ തീര്‍ത്ത് 20 മിനുട്ട് യോഗയും ചെയ്ത് പ്രാതല്‍. മിക്കദിവസവും ഈ ഒരുനേരത്തെ ഭക്ഷണം മാത്രമാണ് സ്വന്തം വീട്ടില്‍ കഴിക്കുന്നത്. പിന്നെ ആസ്പത്രിയിലേക്ക് മടക്കം. അപ്പോഴേക്കും ശസ്ത്രക്രിയ മുറിയില്‍ നിരവധി ഹൃദ്രോഗികള്‍ അദ്ദേഹത്തിന്റെ വരവു കാത്തുകിടക്കുന്നുണ്ടാവും. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക്  മടങ്ങുന്ന രോഗികള്‍ പലരും മടക്കയാത്രയ്ക്ക് ബസ്സുകൂലിപോലും  ഇല്ലാത്തവരാണെന്ന് മനസ്സിലായാല്‍ സ്വന്തം കാറില്‍ ഡ്രൈവറെ കൂട്ടി വീട്ടിലെത്തിക്കുന്നൊരാള്‍. ശസ്ത്രക്രിയയ്ക്ക് ശേഷം ദൈനംദിന ജീവിതത്തിന് വേണ്ട ചെലവുകള്‍ക്കുപോലും കഷ്ടപ്പെടുന്നവരെ അലിവുള്ളവര്‍ക്കരികിലെത്തിക്കുന്ന കാരുണ്യം.

dr
കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുറിയ്ക്ക് മുന്‍പില്‍ ഡോ. ടി.കെ.ജയകുമാര്‍

കൊറോണക്കാലത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായ കോവിഡ് രോഗികള്‍ക്കായി സമയം മുഴുവന്‍ നീക്കിവെച്ചു. ഏറ്റവും മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കി. അവസാനത്തെ രോഗിയെയും ജീവിതത്തിലേക്ക് യാത്രയാക്കിയിട്ട് മടങ്ങിയത് നേരെ കാത്തിരിക്കുന്ന രോഗികള്‍ക്കരികിലേക്ക്.

ഒരു സാധാരണ ഡോക്ടറായി ജീവിച്ചുതീരുമായിരുന്ന ഒരാളെ ഇത്ര ജനകീയനാക്കിമാറ്റിയത് ജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തമാണ്. നന്മയുടെയും, അലിവിന്റെയും വര്‍ഷങ്ങള്‍ക്കിപ്പുറത്തും വേദനയോടെ ഡോ.ജയകുമാര്‍  ഓര്‍മിക്കുന്ന ദിനം.

ആ ദിവസമാണ് അദ്ദേഹം അച്ഛനായത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ കുഞ്ഞ് പിറന്നത്, 19 വര്‍ഷം മുമ്പ്. മിടുക്കനായ ഒരു ആണ്‍കുഞ്ഞ്. കുഞ്ഞിനെ കണ്‍നിറയെ കാണുമ്പോഴേക്കും വിദഗ്ധ ഡോക്ടര്‍മാര്‍ കണ്ടെത്തി, കുഞ്ഞിന് ശ്വാസകോശസംബന്ധമായ ഗുരുതരരോഗമുണ്ടെന്ന്.. ആകെ തളര്‍ന്നുപോയ നിമിഷം. കുഞ്ഞിനെ രക്ഷിക്കണമെങ്കില്‍ എത്രയും വേഗം എറണാകുളത്ത് പി.വി.എസ്. ആസ്പത്രിയില്‍ എത്തിക്കണം, അതും 24 മണിക്കൂറിനുള്ളില്‍. അന്ന് എല്ലാ സൗകര്യവുമുള്ള ആംബുലന്‍സില്ല. ചികിത്സയ്ക്ക് ഒന്നര ലക്ഷം രൂപ വരെ ചിലവാകും. കോട്ടയം മെഡിക്കല്‍കോളേജില്‍ ഡോക്ടര്‍ ജയകുമാര്‍ ജോലിചെയ്യുന്ന സമയവുമാണ്. എന്നിട്ടും അത്രയും പണം കണ്ടെത്താന്‍ അദ്ദേഹത്തിനു  കഴിഞ്ഞില്ല. കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവന്റെ ചലനമറ്റ പിഞ്ചുമുഖത്തേക്കുനോക്കി കണ്ണീരിന്റെ നനവോടെ ഡോ. ജയകുമാര്‍ അന്നൊരു തീരുമാനമെടുത്തു. ഇനി അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...
''ഒരു സാധാരണക്കാരന്റെ കഠിനമായ മാനസിക വ്യഥ എനിക്കന്ന് മനസ്സിലായി. എന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ എനിക്കായില്ല. അവന്റെ കുരുന്നു മുഖത്തേക്കു നോക്കി ഞാനൊരു തീരുമാനമെടുത്തു, ഇനിയുള്ള  ജീവിതം സാധാരണക്കാരും സാധുക്കളുമായ രോഗികള്‍ക്കു വേണ്ടി മാത്രമാണ്. എന്റെ അടുത്തുവരുന്ന ഒരാളും പണമില്ലാത്തതിനാല്‍  കണ്ണീരോടെ മടങ്ങരുത്. ആവുന്നവിധം അവര്‍ക്കായി എന്തെങ്കിലും ചെയ്യണം.''

അവിടെനിന്നു തുടങ്ങുന്നു മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞുവച്ച അദ്ദേഹത്തിന്റെ മെഡിക്കല്‍ ജീവിതം. തുടര്‍ന്ന് ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ മാസ്റ്റര്‍ ബിരുദവും ദേശീയ കാര്‍ഡിയോതൊറാസിക് ബോര്‍ഡ് പരീക്ഷയില്‍ വിജയവും നേടി. അതിനു ശേഷമാണ് ഹൃദ്രോഗ ചികിത്സാരംഗത്ത് മുഴുവന്‍ ശ്രദ്ധയും അര്‍പ്പിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇപ്പോള്‍ ദിവസവും മുന്‍കൂട്ടി നിശ്ചയിച്ച ഹൃദയ, ശ്വാസകോശ ശസ്ത്രക്രിയകളും വാല്‍വ് മാറ്റിവയ്ക്കല്‍ സര്‍ജറിയും അഞ്ച് അടിയന്തര  ശസ്ത്രക്രിയകളുംനടക്കുന്നു. 
       
14 വര്‍ഷം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൃദയരോഗവിഭാഗം മേധാവിയാകുന്നത്. 'സ്വകാര്യ ആസ്പത്രിയിലെ ചികിത്സാചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ മെഡിക്കല്‍ കോളേജിലെ സര്‍ക്കാര്‍ സംവിധാനത്തെ ആശ്രയിക്കുന്നവര്‍ ഏറെയും സാധുക്കളും സാധാരണക്കാരും ആണല്ലോ. കൃത്യസമയത്തെ ചികിത്സ ഒരാളെ മാത്രമല്ല ഒരു കുടുംബത്തെ മുഴുവനുമാണ് രക്ഷപ്പെടുത്തുക.പുറത്ത് 15-20 ലക്ഷം വരെ ചെലവു വരുന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക്  ഇവിടെ മൂന്നു ലക്ഷം രൂപയോളമേ വരുന്നുള്ളൂ''  ഡോക്ടര്‍ പറഞ്ഞു.

മിടിക്കുന്ന ഹൃദയം കൈയ്യിലേറ്റു വാങ്ങുമ്പോള്‍

ഒരിടത്ത് പ്രതീക്ഷ, അപ്പുറത്ത് വിലാപം. അത്തരം ഘട്ടങ്ങളെ ആറു തവണ നേരിട്ട ആളാണ് ഡോ. ജയകുമാര്‍. രോഗിക്ക് എല്ലാ ചികിത്സാ സംവിധാനങ്ങളും പരാജയപ്പെട്ടുകഴിയുമ്പോഴാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെപ്പറ്റി ചിന്തിക്കുക. പലപ്പോഴും അതെളുപ്പവുമല്ല. രോഗിക്കു ചേരുന്ന ഹൃദയം നിശ്ചിത സമയത്തിനുള്ളില്‍  കിട്ടണം. മസ്തിഷ്‌കമരണം സംഭവിച്ച ആളില്‍നിന്നാണ് ഹൃദയം എടുക്കുക.
''മരണത്തിനും ജീവനും ഇടയില്‍ക്കൂടിയാണ് അത്തരം ഘട്ടങ്ങളില്‍ ഒരു ഡോക്ടര്‍ സഞ്ചരിക്കുന്നത്. ഒരു വശത്ത് ഈ ജീവിതത്തില്‍നിന്ന് മാഞ്ഞുപോകുന്ന ഒരാള്‍... മറുവശത്ത് ജീവനുവേണ്ടി ആര്‍ത്തിയോടെ കാത്തിരിക്കുന്ന രോഗി. ഇരു കുടുംബത്തില്‍പ്പെട്ടവരും പ്രിയപ്പെട്ടവരുടെ പ്രാണനുവേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കയാണ്. തന്റെ രോഗി എത്ര ഗുരുതരമായ അവസ്ഥയിലായാലും എവിടെങ്കിലും ഒരു മസ്തിഷ്‌ക മരണം നടന്നുകിട്ടാന്‍ ഒരു ഡോക്ടറും പ്രാര്‍ത്ഥിക്കില്ല. ഓരോ ജീവനും ഒരു കുടുംബത്തിന്റെ വെളിച്ചമാണ്. ഒരിടത്ത് പ്രകാശം പരക്കാന്‍ മറ്റൊരിടത്തെ വെളിച്ചം ഊതിക്കെടുത്താന്‍ എങ്ങനെ പ്രാര്‍ത്ഥിക്കാനാവും.'' ഡോക്ടര്‍ പറഞ്ഞു.

മസ്തിഷ്‌കമരണം സംഭവിച്ച ആളെ പരിശോധിച്ച് തന്റെ രോഗിയ്ക്ക് ചേരുന്ന ഹൃദയമാണെന്ന് ഉറപ്പാക്കുന്ന നിമിഷം, കഠിനമായ സമ്മര്‍ദം നല്‍കുന്ന നിമിഷങ്ങളാണെന്ന് ഡോക്ടര്‍ ജയകുമാര്‍ പറയുന്നു. തൊട്ടുമുമ്പുവരെ ഓടിനടന്ന ഒരാളുടെ ഹൃദയമാണ് ശരീരത്തില്‍നിന്ന് വേര്‍പെടുത്തി  മറ്റൊരാളില്‍ നട്ടുപിടിപ്പിക്കേണ്ടത്. വേര്‍പാടിന്റെ വേദനയ്ക്കിടയിലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ മറ്റുപലര്‍ക്കും ജീവിതം നല്‍കട്ടെയെന്ന് തീരുമാനിക്കുന്ന പ്രകാശം പരത്തുന്ന ജീവിതങ്ങളെ ഡോക്ടര്‍ തൊട്ടടുത്തു കാണുന്നു.  ദാതാവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാണ് വിദേശരാജ്യങ്ങളിലെ നിയമം. പക്ഷേ ഇന്ത്യയില്‍ അതൊന്നും പാലിക്കാറില്ല. ദാനം ചെയ്ത ആളിന്റെ ബന്ധുക്കളും സ്വീകരിച്ചയാളും പരസ്പരം കാണുകയും വികാരങ്ങള്‍ കൈമാറുകയും ചെയ്യുന്നു.

staff
ഹൃദയമാറ്റ ശസ്ത്രക്രിയാസംഘത്തോടൊപ്പം ഡോ. ജയകുമാര്‍

ഹൃദയത്തെ വേര്‍പെടുത്തി മറ്റൊരാളില്‍ നട്ടുപിടിക്കുമ്പോള്‍ മനസ്സ് പ്രാര്‍ത്ഥനാഭരിതമാണ്. വെറുമൊരു ഹൃദയമല്ല, ഒരു ജീവിതമാണ് താന്‍ തുന്നിപ്പിടിപ്പിക്കുന്നത്. അത് പുതിയ ആളില്‍ സ്വയം സജ്ജമാകാനുണ്ട്. അതിന്റെ തണലില്‍ ജീവിക്കാന്‍ കാത്തിരിക്കുന്ന കുടുംബമുണ്ട്. ഒരു പ്രാര്‍ത്ഥനപോലെയാണ് ഒരോ ശസ്ത്രക്രിയയും അദ്ദേഹത്തിന്.

ശിവഭക്തനാണ് ഡോക്ടര്‍ ജയകുമാര്‍, പക്ഷേ ക്ഷേത്രത്തിലൊന്നും പോകാന്‍ നേരം കിട്ടാറില്ല. ഏറ്റവും അടുത്ത വഴികാട്ടി, വര്‍ഷങ്ങളായി ആത്മബന്ധമുള്ള ശ്രീ എം. ആണ്. അദ്ദേഹം കോട്ടയത്ത് വരുമ്പോള്‍ പാര്‍ക്കുന്നത് ഡോ. ജയകുമാറിനൊപ്പമാണ്. ഭാര്യ ഡോ. എം. ലക്ഷ്മി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗം മേധാവിയാണ്. ആയിരക്കണക്കിന് ഹൃദ്രോഗികള്‍ക്ക് ആശ്വാസം പകരുന്ന ജീവിതപങ്കാളിയെ രോഗികള്‍ക്ക് പൂര്‍ണമായും വിട്ടുനല്‍കി  വീട്ടിലെയും മക്കളുടെയും ഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുത്ത ഭാര്യയാണ് തന്റെ വിജയത്തിനു പിന്നിലെന്ന് ഡോക്ടര്‍. രണ്ടു മക്കള്‍. മകള്‍ ചിന്‍മയി ബംഗളുരുവില്‍ ബിരുദവിദ്യാര്‍ത്ഥി. മകന്‍ ചിദാനന്ദ് എട്ടാംക്ലാസ്സില്‍ പഠിക്കുന്നു.

Content Highlights: Cardiologist Dr T K Jayakumar Kottayam Medical college speaks, Health