തൃശ്ശൂര്‍: നായ്ക്കളിലെ 'കനൈന്‍ ഡിസ്റ്റംബര്‍' എന്ന പകര്‍ച്ചവ്യാധിഭീഷണിയില്‍ തൃശ്ശൂര്‍. കോര്‍പ്പറേഷന്‍ പരിധിയിലുള്ള ഒരു നായയ്ക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ കണ്ടെത്തിയത്. ഈ നായയെ ചികിത്സയ്ക്ക് കോര്‍പ്പറേഷന്റെ എ.ബി.സി. സെന്ററിലേക്ക് മാറ്റി.

കണ്ണൂരും പാലക്കാടും തെരുവുകളില്‍ ചത്തൊടുങ്ങിയത് നൂറുകണക്കിന് നായ്ക്കളാണ്. നായ്ക്കളില്‍നിന്ന് നായ്ക്കളിലേക്ക് പകരുന്ന 'കനൈന്‍ ഡിസ്റ്റംബര്‍' എന്ന രോഗമാണ് ഇവയുടെ മരണകാരണമായത്.

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

പനി, വയറിളക്കം, വിശപ്പില്ലായ്മ, കണ്ണില്‍നിന്നും മൂക്കില്‍നിന്നും സ്രവം ഒഴുകുക തുടങ്ങിയവയാണ് കനൈന്‍ ഡിസ്റ്റംബറിന്റെ പൊതുവായ ലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാവും. ചെറിയ പനിയില്‍ തുടങ്ങി അതികഠിനമായ പനിയും തുടര്‍ന്ന് ഭക്ഷണം കഴിക്കാതെയുമാവും. വൈറസ് ബാധിക്കുന്ന നായ്ക്കളില്‍ നിര്‍ജലീകരണം സംഭവിച്ച് എളുപ്പം മരണം സംഭവിക്കാം. ശുചിത്വം ഉറപ്പാക്കിയും കൃത്യസമയത്ത് കുത്തിവെപ്പെടുത്തും രോഗം പ്രതിരോധിക്കാം.

നായകളില്‍നിന്ന് നായകളിലേക്ക്

നായ്ക്കളില്‍നിന്ന് നായ്ക്കളിലേക്ക് മാത്രമാണ് വൈറസ് പകരുക. എന്നാല്‍ വാക്സിന്‍ എടുത്ത നായ്ക്കള്‍ സുരക്ഷിതരാണ്. ചത്തതില്‍ ഭൂരിഭാഗവും തെരുവുനായ്ക്കളാണെന്നതിനാല്‍ ആശങ്ക അവസാനിക്കുന്നില്ല. രോഗം ബാധിച്ച നായ്ക്കളില്‍നിന്ന് പുറപ്പെടുവിക്കുന്ന സ്രവത്തിലൂടെയാണ് ഈ രോഗം പകരുന്നത്. മനുഷ്യരിലേക്ക് ഈ വൈറസ് പകരില്ല.

ജില്ലയില്‍ ഒരുവര്‍ഷം മുമ്പേ കനൈന്‍ ഡിസ്റ്റംബര്‍ രോഗം ബാധിച്ച് ഒട്ടേറെ തെരുവുനായ്ക്കള്‍ ചത്തിട്ടുണ്ടെന്ന് തെരുവുനായ്ക്കളെ പരിപാലിക്കുന്ന 'പോസ്' സംഘടനാ സ്ഥാപക പ്രീതി ശ്രീവത്സന്‍ പറഞ്ഞു. 2020-ല്‍ രോഗം ബാധിച്ച തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ പ്രത്യേക കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ലെന്ന് പ്രീതി പറഞ്ഞു.

Content Highlights: Symptoms of Canine Distemper