ഫോട്ടോ: കെ.കെ. സന്തോഷ്
കാന്‍സര്‍ സംബന്ധമായ സംശയങ്ങള്‍ക്ക് മാതൃഭൂമി ഡോട്ട്കോം ലൈവിലൂടെ മറുപടി നല്‍കുകയാണ് പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. വി.പി ഗംഗാധരന്.
ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍
കാന്സറിന്റേതായിട്ടുള്ള ലക്ഷണങ്ങള്‍ എന്നുമാത്രമായി പറയാന്‍ കഴിയില്ല. അകാരണമായ ക്ഷീണം, അകാരണമായ വിളര്‍ച്ച, മലമൂത്ര വിസര്‍ജനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍, വിട്ടുമാറാത്ത ചുമ തുടങ്ങിയവയെല്ലാം കാന്‍സറിന്റെ ലക്ഷണങ്ങളായി കാണാറുണ്ട്. ചില സൂചനകളെ സംശയിക്കുന്നുണ്ടെങ്കില്‍ അവ ഡോക്ടറെ കണ്ട് കാന്സറിന്റേതല്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. വേദനയില്ലാതെ വളരുന്ന മുഴകള്‍, വ്രണങ്ങള്‍ തുടങ്ങിയവ. അകാരണമായ വിളര്‍ച്ച, തൂക്കക്കുറവ് എന്നിവയും ശ്രദ്ധിക്കണം. സ്വരത്തില്‍ വരുന്ന വ്യത്യാസങ്ങളും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്, അതും പുവലിക്കുന്നവരുടേത് പ്രത്യേകിച്ച്. വിട്ടുമാറാത്ത ചുമ, ചുമയ്ക്കുമ്പോള്‍ രക്തം വരുന്നത്, മലമൂത്ര വിസര്‍ജനത്തിലെ വ്യത്യാസങ്ങള്‍, തൊലിപ്പുറത്തെ ചുവന്ന പാടുകള്‍, വിട്ടുമാറാത്ത പനി തുടങ്ങിയവയെല്ലാം കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
കുട്ടികളിലെ കാന്‍സര്‍
ആശുപത്രിയില്‍ വരുന്ന രോഗികളില്‍ 45 ശതമാനം പേരുടെ രോഗവും പരിപൂര്‍ണമായി ഭേദപ്പെടുത്താന്‍ കഴിയാറുണ്ട്. കുട്ടികളുടെ കാര്യമെടുത്താല്‍ എഴുപതു മുതല്‍ എണ്പതു ശതമാനം വരെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാറുണ്ട്. കുട്ടികളിലെ കാന്‍സര്‍ ചികിത്സയില്‍ വിജയ സാധ്യത കൂടുതലാണ്.
ലൈഫ്സ്റ്റൈല്‍ രോഗമോ കാന്‍സര്‍?
മുപ്പതുശതമാനം കാന്‍സറുകളെയും നമുക്ക് തടയാന്‍ സാധിക്കും. അക്കൂട്ടത്തില്‍ ജീവിതശൈലിയും പ്രധാനമാണ്. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുകവഴി അമിതവണ്ണം പലരിലും ഇന്ന് കാണപ്പെടുന്നുണ്ട്. അക്കൂട്ടത്തില്‍ വരുന്ന പല അസുഖങ്ങളെയും പോലെ കാന്‍സറും കാണപ്പെടാം. സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുകയും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നവരിലാണ് വന്‍കുടലിലെ കാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്.
കാന്‍സര്‍ പാരമ്പര്യരോഗമോ?
കാന്‍സറിനെ ഒരിക്കലും പാരമ്പര്യ രോഗമായി കാണാന്‍ സാധിക്കില്ല. അഞ്ചുശതമാനം മാത്രമേ കാന്‍സര്‍ പാരമ്പര്യമായി വരാന്‍ സാധ്യതയുള്ളു. അമ്മയ്ക്ക് കാന്‍സര്‍ വന്നതുകൊണ്ട് മകളെ വിവാഹം കഴിക്കില്ല എന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല.
സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍?
വേദനയില്ലാതെ സ്തനത്തില്‍ വളരുന്ന മുഴകളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വേദനയില്ലാത്തതുകൊണ്ടാണ് ചികിത്സ തേടാന്‍ വൈകിയതെന്ന് പറയുന്നവരുണ്ട്. വേദന വളരെ താമസിച്ചേ വരികയുള്ളു. ഒപ്പം പാല്രൂപത്തിലോ, പഴുപ്പ് രൂപത്തിലോ രക്തം കലര്‍ന്നതോ ആയ ദ്രാവകങ്ങള്‍, സ്തനത്തിലെ തൊലിപ്പുറത്തു കാണുന്ന ചുളിവുകള്‍, വേദനയില്ലാതെ കാണപ്പെടുന്ന ചുവന്ന പാടുകള്‍, മുലഞ്ഞെട്ട് അകത്തേക്ക് വലിയല്‍ തുടങ്ങിയവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. ഇതിലെ പല ലക്ഷണങ്ങളെയും അവഗണിക്കുന്നവര്‍ ഏറെയാണ്. പ്രത്യേകിച്ച് സ്തനത്തില്‍ കാണപ്പെടുന്ന മുഴകള്‍ പലരും ഗൗനിക്കാറില്ല.
മാമോഗ്രാം ടെസ്റ്റും സ്വയപരിശോധനയും ചെയ്യേണ്ടത് ഏതു പ്രായം മുതല്‍?
സ്തനാര്‍ബുദം പ്രാരംഭദിശയില്‍ കണ്ടുപിടിക്കാന്‍ സാധ്യതയുള്ള ഒന്നാണ്. അതുവഴി വിജയസാധ്യത വര്‍ധിപ്പിക്കാന്‍ കഴിയും. പ്രാരംഭദിശയില്‍ കണ്ടെത്തിയാലുള്ള മറ്റൊരു മെച്ചം സ്തനം മുഴുവനും മുറിച്ചുമാറ്റാതെ അസുഖം വന്ന ഭാഗം മാത്രം നീക്കം ചെയ്യാം എന്നതാണ്. ഇരുപതു വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ തൊട്ട് സ്വയം സ്തനപരിശോധന നടത്തേണ്ടതാണ്. നാല്പതു വയസ്സിനുമുകളില്‍ ഉള്ളവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം ചെയ്യണം.
ബ്ലഡ് കാന്‍സറിന്റെ ലക്ഷണങ്ങള്‍?
അകാരണമായ വിളര്‍ച്ച, വിട്ടുവിട്ടുണ്ടാകുന്ന പനി, രക്തസ്രാവം(തൊലിപ്പുറത്തെ പാടുകള്‍, വായില്‍ നിന്നും മൂക്കില്‍ നിന്നും വരുന്നതാവാം) തുടങ്ങിയവ ബ്ലഡ് കാന്‍സറിന്റെ ലക്ഷണങ്ങളാകാം. ഇവയുണ്ടെങ്കില്‍ അത് ലുക്കീമിയ ആണെന്ന് സ്വയം നിനച്ചിരിക്കാതെ ഡോക്ടറെ കണ്ട് രോഗനിര്‍ണയം നടത്തേണ്ടതാണ് പ്രധാനം.
മലാശയ കാന്‍സര്‍
കൂടിവരുന്ന കാന്‍സറുകളുടെ പട്ടികയിലൊന്നാണ് മലാശയ കാന്‍സര്‍. അസുഖം വന്ന ഭാഗം മുറിച്ചുമാറ്റുന്നതാണ് പ്രധാനം. ഏത് ഘട്ടമാണ് എന്നതിന് അനുസരിച്ചാണ് ചികിത്സ നല്‍കുക.
കാന്‍സര്‍ മാറിയാല്‍ ജീവിതശൈലിയില്‍ ശ്രദ്ധിക്കേണ്ടതുണ്ടോ?
പുകവലിക്കുന്നതുകൊണ്ടും പുകയില ചവക്കുന്നതുകൊണ്ടുമൊക്കെ കാന്‍സര്‍ വന്നവര്‍ രോഗം ചികിത്സിച്ച് ഭേദമായതിനുശേഷം അത്തരം ശീലങ്ങള്‍ തുടരരുതെന്ന് പറയാറുണ്ട്. മദ്യപാനം ഉപേക്ഷിക്കാനും ചില അവസരങ്ങളില്‍ പറയാറുണ്ട്. എന്നാല്‍ ഷുഗര്‍, കിഡ്നി രോഗികള്‍ ജീവിതകാലം മുഴുവന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുപോലെ കാന്‍സര്‍ രോഗികള്‍ പാലിക്കേണ്ടി വരാറില്ല. തിരികെ ജീവിതത്തിലേക്ക് വരുന്നവര്‍ക്ക് എല്ലാവരേയും പോലെ സാധാരണ ജീവിതം നയിക്കാം എന്നതാണ് പ്രധാനം.
കീമോതെറാപ്പിയും റേഡിയേഷനും തമ്മിലുള്ള വ്യത്യാസം
രോഗംവന്ന ഭാഗം മാത്രം കേന്ദ്രീകരിച്ച് ചികിത്സിക്കുന്ന രീതിയാണ് സര്‍ജറിയും റേഡിയേഷനും. ശരീരത്തിലൂടെ രാസവസ്തുക്കള്‍ കടത്തിവിട്ട് ശരീരത്തിലെവിടെ ആ കാന്‍സര്‍ കോശങ്ങളുണ്ടെങ്കിലും അവയേ നശിപ്പിക്കുന്ന രീതിയാണ് കീമോതെറാപ്പി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..