കാന്‍സര്‍ എന്നുള്ളത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശക്തിയെ കാര്യമായി ബാധിക്കുന്ന ഒരു രോഗവസ്ഥ ആണ്. കാന്‍സര്‍ രോഗബാധിതര്‍ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി എടുക്കുമ്പോള്‍ പലപ്പോഴും ദുര്‍ബ്ബലമായ നമ്മുടെ രോഗപ്രതിരോധ ശേഷി ഒന്നു കൂടെ ദുര്‍ബലമാകുന്നു. ഇത് കൊണ്ട് തന്നെ ഇത്തരത്തിലുള്ളവര്‍ക്ക് പെട്ടെന്ന് രോഗം വരാനുള്ള സാധ്യത ഉണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ നമ്മുടെ ഭക്ഷണ ക്രമത്തിന് കാര്യമായ പങ്കുണ്ട്. കീമോതെറാപ്പി എടുത്ത രോഗികള്‍ക്ക് പലപ്പോഴും പല ഭക്ഷണ നിയന്ത്രണങ്ങളും പലരും കല്‍പിച്ചു കൊടുക്കാറുണ്ട്. അനാവശ്യമായ ഈ നിയന്ത്രണങ്ങള്‍ പലപ്പോഴും രോഗിക്ക് ഇഷ്ട ഭക്ഷണം നിഷേധിക്കാനും അതുവഴി ചികിത്സയുടെ പാര്‍ശഫലങ്ങള്‍ വര്‍ധിക്കാനും കാരണമാകുന്നു. 

കാന്‍സര്‍ രോഗികള്‍ക്കു നമ്മള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഏറ്റവും നല്ലത്. അതുകൊണ്ട് തന്നെ ഭക്ഷണം പാകം ചെയ്യാനുള്ള വസ്തുക്കള്‍ കടയില്‍ പോയി വാങ്ങുമ്പോള്‍ മുതല്‍ നമ്മള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണ്

പഴങ്ങള്‍ /പച്ചക്കറികള്‍?

വീട്ടിലെ പച്ചക്കറി തോട്ടത്തില്‍ നിന്നും പറിക്കുന്ന പച്ചക്കറി / പഴവര്‍ഗങ്ങള്‍ ആണ് കൂടുതല്‍ അഭികാമ്യം. പക്ഷെ ഈ പുതിയ കാലഘട്ടത്തില്‍ നാഗരിക ജീവിതത്തിന്റെ തിരക്കില്‍ നമുക്ക് മിക്കപ്പോഴും അതിനു കഴിയാറില്ല. അതുകൊണ്ട് തന്നെ പുറത്ത് നിന്ന് വാങ്ങുന്ന പച്ചക്കറി / പഴവര്‍ഗങ്ങള്‍ പുതിയത് തന്നെ എന്നു ഉറപ്പു വരുത്തണം. വാങ്ങി കൊണ്ടുവന്ന സാധനം പാചകത്തിനു മുന്‍പേ ചൂടുവെള്ളത്തില്‍ ഇട്ടു നന്നായി കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.

തോല്‍ കളഞ്ഞു പാകം ചെയ്യാന്‍ പറ്റുന്ന പഴ /പച്ചക്കറിവര്‍ഗങ്ങള്‍ അങ്ങനെ പാകം ചെയ്യാന്‍ ശ്രമിക്കുക. നമ്മുടെ കൈകള്‍ പാചകത്തിനു മുന്‍പും പിന്‍പും നന്നായി സോപ്പ് ഉപയോഗിച്ച് കഴുകാന്‍ മറക്കരുത്. അതെ പോലെ പച്ചക്കറി മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തിയും പ്രതലവും നന്നായി കഴുകിയതിനു ശേഷം ഉപയോഗിക്കുക.

പരിപ്പ് / പയറുവര്‍ഗ്ഗങ്ങള്‍?

പരിപ്പ് വര്‍ഗ്ഗത്തില്‍ പെട്ട ഭക്ഷണ സാധനങ്ങള്‍ നന്നായി വറുത്തതിന് ശേഷമോ വേവിച്ച ശേഷമോ ഉപയോഗിക്കുക ( ഉദാ : അഥവാ വറുത്ത/ചുട്ട അണ്ടിപരിപ്പ് ). ചെറുപയര്‍ പരിപ്പ്, കടല പരിപ്പ്, ഉഴുന്ന് പരിപ്പ് എന്നിവ നന്നായി വേവിച്ച ശേഷം ഉപയോഗിക്കാം. ഗ്യാസ്ട്രബിള്‍ ഉള്ള രോഗികള്‍ പയറുവര്‍ഗ്ഗങ്ങള്‍ സൂക്ഷിച്ചു ഉപയോഗിക്കുക.

കിഴങ്ങുവര്‍ഗത്തിലുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കാമോ?

 പരമാവധി ഇത്തരം സാധനങ്ങള്‍ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക

പാല്‍ / തൈര് ഉപയോഗം?

പാല്‍ ഉപയോഗിക്കുമ്പോള്‍ പാസ്ചറൈസ്ഡ് ആണെന്ന് ഉറപ്പു വരുത്തുക. തൈര് പുതിയതായി ഉണ്ടാക്കിയതാണെന്നു ഉറപ്പു വരുത്തുക. പാക്കറ്റ് തൈര് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന തൈരും നല്‍കാം. പുളി കുറവുള്ള തൈരാണ് നല്ലത്. കാരണം പുളി കൂടുമ്പോള്‍ അസിഡിറ്റി കൂടാന്‍ സാധ്യത ഉണ്ട്.

മുട്ട ഉപയോഗം?

മുട്ട ഉപയോഗിക്കുന്നതിനു മുന്‍പായി തോട് പൊട്ടിയിട്ടില്ലെന്നും, ഫ്രിഡ്ജില്‍ ശീതീകരിച്ച അവസ്ഥയിലാണ് സൂക്ഷിച്ചതെന്നും ഉറപ്പു വരുത്തുക. മുട്ട ഓംലറ്റ് രൂപത്തിലോ, പുഴുങ്ങിയ രൂപത്തിലോ ഉപയോഗിക്കുക. ബുള്‍സൈ രൂപത്തിലുള്ള ഉപയോഗം പരമാവധി ഒഴിവാക്കുക. കാരണം അത് പൂര്‍ണ്ണമായി പാകം ആകാത്തതിനാല്‍ ഭക്ഷ്യ വിഷബാധയ്ക്ക് സാധ്യത കൂടുതലാണ്.

മത്സ്യം /മാംസം എങ്ങനെ, ഏത് രീതിയില്‍ ഉപയോഗിക്കാം?

മത്സ്യ  മാംസാദികള്‍ വാങ്ങുമ്പോള്‍ പഴകിയതല്ലെന്ന് ഉറപ്പ് വരുത്തണം. കോഴിയിറച്ചി കറി വച്ചകഴിക്കാം, എരിവ്, ഉപ്പ് എന്നിവ അമിതമാകേണ്ട. പൊരിച്ചതും, ഗ്രില്‍ ചെയ്തതും ആയവ പരമാവധി ഒഴിവാക്കുക.

ബീഫ് /മട്ടണ്‍ /പന്നി പോലെ ഉള്ള റെഡ് മീറ്റ് ദിനേന ഉള്ള ഉപഭോഗം പരമാവധി ഒഴിവാക്കുക. കാരണം അത് carcinogenic അഥവാ കാന്‍സറിന് കാരണമാകുന്ന  വസ്തുക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവ ആണ്.  മുന്നേ സൂചിപ്പിച്ച പോലെ പൊരിച്ചതും, ചുട്ടതും, ഗ്രില്‍ ചെയ്തതുമായ മത്സ്യ മാംസാദികളുടെ ദൈനം ദിന ഉപയോഗം കുറക്കുക. മത്സ്യങ്ങളും കറി വച്ചു ഉപയോഗിക്കുന്നതാണ് ഉത്തമം. ഇറച്ചി പാകം ചെയ്യുമ്പോള്‍ 160 ഡിഗ്രി ഫാരന്‍ഹീറ്റ് എന്ന താപനിലയിലും, കോഴി പോലെ ഉള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ 180 ഡിഗ്രി ഫാരന്‍ഹീറ്റ് എന്ന താപനിലയിലും പാകം ചെയ്യാന്‍ ശ്രദ്ധിക്കുക.

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കാമോ?

ഫ്രിഡ്ജില്‍ വച്ച ഭക്ഷണ സാധനങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇനി അഥവാ അവ ഉപയോഗിക്കുകയാണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ പ്രസ്തുത താപനില നിലനിര്‍ത്തിയിട്ടുണ്ടെന്നു ഉറപ്പു വരുത്തതാനും defrost ചെയ്തു ഉപയോഗിക്കാനും ശ്രദ്ധിക്കുക.( വൈദ്യുതി പോകുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ കേടു വരാനുള്ള സാധ്യത ഓര്‍മ്മിക്കണം )
ഒരിക്കല്‍ defrost ചെയ്ത ഭക്ഷണ സാധനങ്ങള്‍ വീണ്ടും refrost ചെയ്യാന്‍ ശ്രമിക്കരുത്. ഇത്തരം ഭക്ഷണസാധനങ്ങള്‍ അവയുടെ രുചിയോ മണമോ മാറിയിട്ടുണ്ടെങ്കില്‍ ഉപയോഗിക്കാതിരിക്കുക പാകം ചെയ്തവ ഫ്രിഡ്ജില്‍ വച്ചു വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക. ഫ്രിഡ്ജില്‍ മത്സ്യ മാംസാദികള്‍ മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളുമായി ഇടകലരാതിരിക്കാന്‍ ശ്രദ്ധിക്കുക.

ബേക്കറി പലഹാരങ്ങള്‍ ഉപയോഗയോഗ്യമാണോ?

പുറത്തു നിന്നും വാങ്ങുന്ന ബേക്കറി പലഹാരങ്ങള്‍ ഉപേക്ഷിക്കുക. അത് ഉണ്ടാക്കിയ സാഹചര്യം, പഴക്കം എന്നിവയെ കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. കരിച്ചതും പൊരിച്ചതും ആയ എണ്ണ കടികള്‍ കീമോ എടുത്ത രോഗികള്‍ വര്‍ജിക്കുന്നതാണ് നല്ലത്

സാലഡുകള്‍ ഉപയോഗിക്കാമോ?

സാലഡുകളില്‍ നാം പാകം ചെയ്യാത്ത പച്ചക്കറികളാണ് ഉപയോഗിക്കാറ്. അതിനാല്‍ പറ്റുമെങ്കില്‍ സാലഡുകള്‍ ഒഴിവാക്കുക.

ജ്യൂസ്‌കള്‍ ഉപയോഗിക്കാമോ?

നന്നായി കഴുകി വൃത്തിയാക്കിയ പഴങ്ങള്‍ ഉപയോഗിച്ച് ഉണ്ടാകുന്ന ഫ്രഷ് ജ്യൂസ് വീട്ടില്‍ ഉണ്ടാക്കുന്നത് ഉപയോഗിക്കാം. കടകളില്‍ നിന്നും വാങ്ങുന്നവ പരമാവധി ഒഴിവാക്കുക

ഭക്ഷണക്രമം എങ്ങനെ ആയിരിക്കണം?

സാധാരണ നമ്മളെല്ലാവരും മൂന്നു നേരം നന്നായി ഭക്ഷണം കഴിക്കാറുണ്ട്. എന്നാല്‍ കീമോതെറാപ്പി എടുത്ത രോഗികള്‍ക്കു പലപ്പോഴും ഈ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ പ്രയാസം ആയിരിക്കും. അപ്പോള്‍ ഇത്തരത്തില്‍ ഉള്ള ആള്‍കാര്‍ ഇടവിട്ടു ചെറിയ അളവില്‍ അവരുടെ വിശപ്പിനനുസരിച്ചു ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യം. ( small frequent feeds- 6 small feeds per day). കാരണം കീമോതെറാപ്പി എടുത്ത രോഗികള്‍ക്കു പലതരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട് (ഉദാ : വിശപ്പില്ലായിമ, രുചി തിരിച്ചറിയാത്ത അവസ്ഥ, വായിലെ തൊലി പോയ അവസ്ഥ, ദഹനകേട്, മനംപുരട്ടാല്‍, ഛര്‍ദി, മലബന്ധം എന്നിവ ). 

ശരീരത്തിലെ വെള്ളത്തിന്റെ അളവ് വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇത്തരം രോഗികളില്‍. ദിവസം 10-15 ഗ്ലാസ് അഥവാ 2-3 ലിറ്റര്‍ വെള്ളമെങ്കിലും ഇത്തരം ആളുകള്‍ കുടിക്കാന്‍ ശ്രദ്ധിക്കണം. ഛര്‍ദി മൂലമുള്ള നിര്‍ജ്ജലീകരണം വളരെ ദോഷകരവും അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും. എപ്പോഴും കഴിക്കാന്‍ രോഗി ഇഷ്ടപ്പെടുന്ന ലഘു ഭക്ഷണം കയ്യില്‍ കരുതാന്‍ ശ്രദ്ധിക്കുക. വിശപ്പ് തോന്നുമ്പോള്‍ കഴിക്കാന്‍ ഉയര്‍ന്ന കലോറി മൂല്യമുള്ള ലഘുഭക്ഷണങ്ങള്‍ വളരെ ഗുണം ചെയ്യും. ദഹന പ്രക്രിയ കൂട്ടുന്ന, മലബന്ധം കുറക്കുന്ന ഇലക്കറികള്‍ വേവിച്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താല്‍ ശ്രദ്ധിക്കുക. എരിവും പുളിയും ഉള്ള ഭക്ഷണ സാധനങ്ങള്‍ (spicy food ) ഒഴിവാക്കിയാല്‍ നല്ലതാണ്. കാരണം കീമോ എടുത്ത രോഗികളുടെ വായിലെയും, കുടലിലെയും തൊലി പോയിട്ടുണ്ടാവും. എരിവും പുളിവും കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ ഈ അവസ്ഥയില്‍ ഗ്യാസ്ട്രബിള്‍ കൂടാനും വയറിനു അസ്വസ്ഥത വരാനും സാധ്യത ഉണ്ട്. 

ഓരോ രോഗിക്കും ഓരോ തരത്തിലുള്ള ഭക്ഷണം ആയിരിക്കും ഇഷ്ടം. എപ്പോഴും ഭക്ഷണം കൊടുക്കുമ്പോള്‍ അത് കഴിക്കുന്ന ആളുടെ ഇഷ്ടനുഷ്ടങ്ങള്‍ കണക്കിലെടുക്കേണ്ടി ഇരിക്കുന്നു. മറ്റു രോഗങ്ങളള്ളവര്‍ (ഉദാ : പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ) അതിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണരീതിയും, മരുന്നുകളും തുടരേണ്ടത് അത്യാവശ്യമാണ്. ഓരോ രോഗിയുടെയും കാന്‍സര്‍ ചികിത്സയും വ്യത്യസ്തമാണ്. അതെ പോലെ അവരുടെ ഭക്ഷണക്രമവും വ്യത്യസ്തമായിരിക്കും. ഓരോ രോഗിയുടെയും വ്യക്തിഗത ഭക്ഷണരീതി (individualised diet plan) ആ രോഗിയെ ചികിത്സിക്കുന്ന ഡോക്ടറും ഡയറ്റീഷ്യനും ചേര്‍ന്ന് തീരുമാനിക്കേണ്ട ഒന്നാണ്.

(കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസിലെ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: Cancer Patient Nutrition during Chemotherapy