ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് മുക്കം അഗ്‌നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍. വിജയനെത്തേടി മലപ്പുറം എടവണ്ണപ്പാറ സ്വദേശി ജവാദിന്റെ ഫോണ്‍വിളിയെത്തിയത്. 11 വര്‍ഷമായി രക്താര്‍ബുദത്തിന് ചികിത്സ നടത്തുന്ന തനിക്ക് മുംബൈയില്‍നിന്ന് അടിയന്തരമായി മരുന്നെത്തിക്കാന്‍ മാര്‍ഗമുണ്ടോ എന്നായിരുന്നു ജാവദിന് അറിയേണ്ടിയിരുന്നത്.
കീമോതെറാപ്പിക്കുള്ള സ്പ്രൈ സെല്‍ ഡസാറ്റിനാബ് 70 എം.ജി. മരുന്നാണ് വേണ്ടിയിരുന്നത്. വില ഒരു ബോട്ടിലിന് ഒന്നരലക്ഷത്തിലധികം രൂപ വരും. വിദേശനിര്‍മിതമായ ഈ മരുന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മഹാരാഷ്ട്ര താനെയിലെ മരുന്നുനിര്‍മാണക്കമ്പനി ജവാദിന് സൗജന്യമായി നല്‍കിവരുകയായിരുന്നു.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ മുംബൈയില്‍നിന്ന് മലപ്പുറത്തേക്ക് എങ്ങനെ മരുന്നെത്തിക്കുമെന്ന് അറിയില്ലെങ്കിലും പരമാവധി ശ്രമിക്കാമെന്നുപറഞ്ഞ് വിജയന്‍ അറിയിച്ചു. വഴിതേടി നാട്ടുകാരനും ആര്‍മി ഇന്‍ഫെന്‍ട്രി ബറ്റാലിയനിലെ മേജറുമായ റിനൂപിനെ വിളിച്ചെങ്കിലും കിട്ടിയില്ല. വീണ്ടും തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോള്‍ മേജര്‍ ഫോണെടുത്തു. കാര്യമറിഞ്ഞപ്പോള്‍ 'ദൗത്യം' ഏറ്റെടുക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ഉപയോഗിച്ച മരുന്നിന്റെ ഒഴിഞ്ഞ ബോട്ടില്‍ കമ്പനിയിലെത്തിച്ചാലേ മരുന്ന് നല്‍കൂ. പുതിയ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയ മേജര്‍, ജവാദിനെ ഫോണില്‍ ബന്ധപ്പെട്ട് മരുന്നുകമ്പനിയുടെ പേരും വിലാസവും വാങ്ങി. കമ്പനിയിലേക്കും കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും വിളിച്ച് വിവരം പങ്കുവെച്ചു. സ്വന്തം ലെറ്റര്‍ പാഡില്‍ സത്യവാങ്മൂലം എഴുതിനല്‍കി.
മുംബൈയില്‍നിന്ന് മരുന്ന് എങ്ങനെ മലപ്പുറത്തെത്തിക്കുമെന്നതായിരുന്നു അടുത്ത വെല്ലുവിളി. പ്രതീക്ഷ കൈവിടാതെ തപാല്‍വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരിലൊരാളായ ബൈജുവിനെ ബന്ധപ്പെട്ടു. മരുന്ന് മുംബൈയിലെ ഹെഡ് പോസ്റ്റോഫീസിലെത്തിച്ചാല്‍ പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
താനെയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ മുംബൈയിലെ പ്രധാന തപാല്‍ ഓഫീസിലേക്ക് എങ്ങനെ മരുന്ന് എത്തിക്കുമെന്നതിനെക്കുറിച്ചായി അടുത്ത ആലോചന. അരുണാചല്‍ പ്രദേശിലെ ബൈക്ക് റൈഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ ബന്ധപ്പെട്ടു. അരുണാചലിലെ ചൈനീസ് അതിര്‍ത്തിയിലേക്ക് ബൈക്ക് സവാരി നടത്തുന്ന വിനോദസഞ്ചാരികള്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങുന്നത് പതിവാണ്. ഇവരില്‍ പലര്‍ക്കും മേജര്‍ റിനൂപും സംഘവും രക്ഷകരായിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയോടെ നാലംഗ ബൈക്ക് സവാരിക്കാര്‍ താനെയിലെ മരുന്നുകമ്പനിയിലെത്തി. അവിടെ എത്തിയപ്പോഴാണ് കമ്പനിയുടെ ഹെഡ് ഓഫീസ് ആണെന്നും മരുന്ന് വിതരണംചെയ്യുന്നത് 30 കിലോമീറ്റര്‍ അകലെയുള്ള പരേല്‍ എന്ന സ്ഥലത്തുവെച്ചാണെന്നും മനസ്സിലായത്. താനെ പോലീസ് കമ്മിഷണറുടെ സഹായത്തോടെ നാലംഗസംഘം, പരിശോധനകളൊന്നുമില്ലാതെ അരമണിക്കൂറുകൊണ്ട് പരേലിലെത്തി. മൂന്നേമുക്കാലോടെയാണ് മരുന്ന് തപാല്‍ ഓഫീസില്‍ എത്തിയത്. മരുന്നുപൊതിഞ്ഞ് ജവാദിന്റെ മേല്‍വിലാസമെഴുതിയതും ആവശ്യമായ പണം നല്‍കിയതുമെല്ലാം പരേലിലെ എസ്.ഐ. ആണ്. പരേലില്‍നിന്ന് ബുധനാഴ്ച രാത്രി മുംബൈയിലെത്തിയ മരുന്ന് പ്രത്യേക വിമാനത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ ചെന്നൈയിലെത്തി. രാത്രിയോടെ കോയമ്പത്തൂരിലെത്തിയ മരുന്ന് പാലക്കാട് അതിര്‍ത്തികടന്ന് വെള്ളിയാഴ്ച രാത്രി മലപ്പുറം എടവണ്ണപ്പാറയിലുള്ള ജവാദിന്റെ കൈകളിലെത്തും.
Content Highlights: Cancer medicine reached at Malappuram from Mumbai with the help of a Army Major and team