കാൻസറിനെക്കുറിച്ച് തെറ്റിദ്ധാരണകൾ പലതാണ്; അവയുടെ യാഥാർഥ്യം അറിയാം


ഡോ.അരുൺ ചന്ദ്രശേഖരൻ

പൊതുവേ കേൾക്കുന്ന ചില സംശയങ്ങളും വസ്തുതകളും ഇവയാണ്

Representative Image| Photo: GettyImages

കാൻസറിന്റെ കാരണങ്ങൾ, കണ്ടെത്തൽ, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ധാരാളം തെറ്റിദ്ധാരണകൾ പ്രചരിക്കാറുണ്ട്. വെെദ്യശാസ്ത്രപരമായി ഏറെ മുന്നേറിയിട്ടും കാൻസറിനെ പേടിസ്വപ്നമാക്കുന്നത് ഇത്തരം തെറ്റിദ്ധാരണകളാണ്. പൊതുവേ കേൾക്കുന്ന ചില സംശയങ്ങളും വസ്തുതകളും ഇവയാണ്.

കാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അവയുടെ വസ്തുതയുമാണ് താഴെ നൽകിയിരിക്കുന്നത്.

''കാൻസർ എപ്പോഴും വേദനിപ്പിക്കും''

ആദ്യഘട്ടത്തിൽ വേദനയുണ്ടാകില്ല. എന്നാൽ കാൻസർ വളരുകയും ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിലേക്ക് പടരുകയും ചെയ്താൽ വേദനയുണ്ടായേക്കാം. ഭൂരിഭാ​ഗം കേസുകളിലും കൃത്യമായ ചികിത്സയിലൂടെ വേദന നിയന്ത്രിക്കാനാകും.

''രോ​ഗത്തേക്കാൾ അപകടമാണ് ചികിത്സ''

കീമോതെറാപ്പി, റേഡിയോ തെറാപ്പി പോലുള്ള ചികിത്സാരീതികൾ ​ഗൗരവമുള്ള പാർശ്വഫലങ്ങൾ സൃഷ്ടിക്കുമെന്ന് പലരും ആശങ്കപ്പെടുന്നു. എന്നാൽ കീമോതെറാപ്പി മരുന്നുകളുടെയും റേഡിയേഷൻ തെറാപ്പിയുടെയും ദോഷങ്ങൾ ലഘൂകരിക്കുന്നതിൽ വലിയ മുന്നേറ്റം അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. കടുത്ത ഛർദി, ക്ഷീണം, മുടികൊഴിച്ചിൽ, കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ എന്നിവയെല്ലാം ഇപ്പോൾ വളരെ കുറവാണ്. കാൻസർ ചികിത്സയുടെ പാർശ്വഫലങ്ങൾ ഇല്ലാതാക്കുന്നതിനെക്കുറിച്ച് വെെദ്യശാസ്ത്ര സമൂഹം ഏറെ ​ഗൗരവത്തോടെ ചിന്തിക്കുന്നുണ്ട്. ചികിത്സിക്കുന്ന ഡോക്ടർ, പാലിയേറ്റീവ് കെയർ ടീം എന്നിവരുടെ സഹായത്തോടെ ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും.

''വയസ്സായ ആളുകൾ കീമോതെറാപ്പി ചെയ്യാൻ പാടില്ല''

കാൻസർ ചികിത്സയിൽ പ്രായപരിധിയില്ല. രോ​ഗിയുടെ ശാരീരിക അവസ്ഥ അവലോകനം ചെയ്താണ് ചികിത്സ നിശ്ചയിക്കുന്നത്. അതുകൊണ്ട് പ്രായത്തെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ടതില്ല. വയസ്സായവർക്ക് പലപ്പോഴും ചെറുപ്പക്കാരേക്കാളും ഫലപ്രദമായി കാൻസർ ചികിത്സയോട് പ്രതികരിക്കാൻ സാധിക്കുന്നുണ്ട്.

''കാൻസർ ചികിത്സയിലുള്ളവർക്ക് സാധാരണ ജീവിതം സാധ്യമല്ല''

കാൻസർ രോ​ഗികളിൽ ഭൂരിഭാ​ഗം പേർക്കും ഔട്ട് പേഷ്യന്റ് രീതിയിലാണ് ചികിത്സ നൽകുന്നത്. വളരെ ചുരുക്കം ആളുകൾക്ക് ആശുപത്രിവാസം വേണ്ടി വന്നേക്കാം. അതും കുറച്ചുദിവസത്തേക്ക് മാത്രം. അതുകൊണ്ട് കാൻസർ രോ​ഗികൾക്ക് അവരുടെ നിത്യജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ കാര്യമായി പരിമിതപ്പെടുത്തേണ്ടി വരില്ല. ആരോ​ഗ്യത്തിന് അനുസരിച്ച് അവർക്ക് കുട്ടികളെ നോക്കാം, പൊതുപരിപാടികളിൽ പങ്കെടുക്കാം, പാർട്ട്ടെെം ആയോ ഫുൾടെെം ആയോ ജോലി ചെയ്യാം.

''കാൻസർ പകരുന്ന അസുഖമാണ്''

അല്ല. കാൻസർ വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് ഏതെങ്കിലും വിധത്തിൽ പകരുന്ന അസുഖമല്ല. വിദൂരമായിട്ടെങ്കിലും അതിനുള്ള സാധ്യത നിലനിൽക്കുന്നത് അവയവദാനത്തിന്റെ കാര്യത്തിൽ മാത്രമാണ്. അതുകൊണ്ട് കാൻസർ ചരിത്രമുള്ളവരുടെ അവയവങ്ങൾ സ്വീകരിക്കുന്നത് ഡോക്ടർമാർ പ്രോത്സാഹിപ്പിക്കാറില്ല.

''രക്തദാനത്തിലൂടെ കാൻസർ പകരും''

രക്തദാനത്തിലൂടെ കാൻസർ പകരാൻ സാധ്യതയില്ല. കാൻസർ ഇല്ലെന്ന് ഉറപ്പുള്ള ഒരാളിൽ നിന്ന് രക്തം സ്വീകരിക്കുമ്പോഴും കണ്ടുപിടിക്കപ്പെടാത്ത കാൻസർ ഉള്ള ഒരാളിൽ നിന്ന് രക്തം സ്വീകരിക്കുമ്പോഴും റിസ്ക് ഒരുപോലെയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

''സർജറിയും ബയോപ്സിയും കാൻസർ കോശങ്ങൾ പെരുകാൻ കാരണമാകും''

സർജറി മൂലം ശരീരത്തിൽ കാൻസർ കോശങ്ങൾ പെരുകാനുള്ള സാധ്യത തുലോം തുച്ഛമാണ്. കൃത്യമായ മാർ​ഗനിർദേശങ്ങൾ പാലിച്ച് കാൻസർ കോശങ്ങൾ പെരുകാനുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് സർജൻമാർ ട്യൂമർ നീക്കം ചെയ്യുക.

''കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ സാധ്യത കൂടുമോ?''

ജീനുകളിൽ ഉണ്ടാകുന്ന ​ഗുണകരമല്ലാത്ത മാറ്റങ്ങളാണ് കാൻസറിന് കാരണമാകുന്നത്. ഇതിൽ അഞ്ചുമുതൽ പത്ത് ശതമാനം വരെ മാത്രമാണ് പാരമ്പര്യമായി സംഭവിക്കുന്നത്. കാൻസറിന് കാരണമാകുന്ന ജനിതക ഘടകം പാരമ്പര്യമായി കെെമാറുന്ന കുടുംബങ്ങളിൽ ഒന്നിലധികം ആളുകൾക്ക് ഒരേതരം കാൻസർ വരാനുള്ള സാധ്യതയുണ്ട്. ഇത്തരം കാൻസറുകളെ ഫാമിലിയൽ അല്ലെങ്കിൽ ഹെറിഡിറ്ററി കാൻസർ എന്ന് പറയുന്നു. 90-95 ശതമാനം ആളുകളിലും അയാളുടെ ജീവിതകാലത്ത് തന്നെ സംഭവിക്കുന്ന ജനിതക വ്യതിയാനമാണ് കാൻസറിലേക്ക് നയിക്കുന്നത്.

''സസ്യ ഔഷധങ്ങൾ കൊണ്ട് ഭേദമാകും''

ഇല്ല. ചില പരമ്പരാ​ഗത, നാടൻ ചികിത്സയിലൂടെ കാൻസർ ചികിത്സ മൂലമുള്ള പാർശ്വഫലങ്ങൾ ലഘൂകരിക്കാൻ സാധിച്ചേക്കാം. എന്നാൽ രോ​ഗം ഭേദമാക്കാൻ ഏതെങ്കിലും സസ്യ ഔഷധത്തിന് സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. കീമോതെറാപ്പി, റേഡിയേഷൻ ചികിത്സയുടെ സമയത്ത് ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മറ്റ് മരുന്നുകൾ സ്വീകരിക്കുന്നത് പ്രതികൂലമാകാനും സാധ്യതയുണ്ട്. വിറ്റാമിൻ, ഹെർബൽ സപ്ലിമെന്റ്സ് എന്നിവ സ്വീകരിക്കും മുൻപ് ഡോക്ടറുടെ അഭിപ്രപായം തേടണം.

''സെൽഫോൺ ഉപയോ​ഗം കാൻസറിന് കാരണമാകും''

ഇല്ല. ഇതുവരെയുള്ള ​ഗവേഷണങ്ങൾ പ്രകാരം ബ്രെയിൻ ട്യൂമറോ മറ്റേതെങ്കിലും കാൻസറോ ഉണ്ടാകാനുള്ള സാധ്യത മൊബെെൽ ഉപയോ​ഗം മൂലം അധികമാകുന്നില്ല. ദീർഘനാളത്തെ സെൽഫോൺ ഉപയോ​ഗം ഏതെങ്കിലും തരത്തിൽ ആരോ​ഗ്യത്തെ ബാധിക്കുന്നുണ്ടോ എന്ന് പഠനങ്ങൾ തുടരുകയാണ്. മൊബെെൽഫോണുകൾ പ്രവർത്തിക്കുന്ന ഇലക്ട്രോമാ​ഗ്നറ്റിക് റേഡിയേഷൻ വളരെ ശക്തി കുറഞ്ഞതാണ്. ഇവ ഡി.എൻ.എയെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്.

''സ്ട്രെസ് കാൻസറിന് കാരണമാകും''

നിരന്തരമായ മാനസിക സമ്മർദം ശാരീരികമായ അവശതകൾക്ക് കാരണമായേക്കാം. എന്നാൽ മാനസിക സമ്മർദവും കാൻസറും തമ്മിൽ നേരിട്ട് ബന്ധമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല.

''പഞ്ചസാര കാൻസറുണ്ടാക്കും''

ശരീരത്തിലെ എല്ലാ സെല്ലുകളും ഊർജത്തിനായി പഞ്ചസാര ​(ഗ്ലൂക്കോസ്) ഉപയോ​ഗപ്പെടുത്തുന്നുണ്ട്. കാൻസർ കോശങ്ങൾ സാധാരണ കോശങ്ങളേക്കാൾ വേ​ഗത്തിൽ വളരും. അതുകൊണ്ട് കാൻസർ സെല്ലുകൾ കൂടുതൽ പഞ്ചസാര ഉപയോ​ഗപ്പെടുത്തും. എന്നാൽ പഞ്ചസാര കൂടുതൽ അടങ്ങിയ ഭക്ഷണം കാൻസറിന് കാരണമാകുമെന്ന് ആരും തെളിയിച്ചിട്ടില്ല. എന്നാൽ പഞ്ചസാരയുടെ അമിതോപയോ​ഗം മറ്റുപല അസുഖങ്ങൾക്കും പൊണ്ണത്തടിയ്ക്കും കാരണമായേക്കാം.

''പാലുകുടിക്കുന്നത് കാൻസറിന് കാരണമാകും''

കാൻസറും പാൽ ഉത്പന്നങ്ങളും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്ന പഠനങ്ങളൊന്നും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. അതേസമയം കുടലിലെ കാൻസറിന്റെ സാധ്യത കുറയ്ക്കാൻ പാൽ ഉത്പന്നങ്ങൾക്ക് സാധിക്കുമെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

''മെെദയും ഉപ്പും പ്രശ്നമാണ്''

മെെദ നേരിട്ട് കാൻസറിന് കാരണമാകില്ല. എന്നാൽ അത്തരം ഭക്ഷണങ്ങൾ ശരീരത്തിൽ എത്തുന്ന കാർബോഹെെഡ്രേറ്റിന്റെ അളവ് വർധിപ്പിക്കും. അമിതഭാരത്തിന് കാരണമാകും. ഉപ്പ് നിയന്ത്രിതമായി കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ല. അമിതമായി ഉപ്പ് ഉപയോ​ഗിക്കുന്നത് ഹ‍‍ൃദയാരോ​ഗ്യത്തിന് നല്ലതല്ല.

(കോഴിക്കോട് ആസ്റ്റർ മിംസിലെ മെഡിക്കൽ ഓങ്കോളജിസ്റ്റും സീനിയർ സ്പെഷ്യലിസ്റ്റുമാണ് ലേഖകൻ)

മാതൃഭൂമി ആരോ​ഗ്യമാസിക വാങ്ങാം

Content Highlights: Cancer Awareness, Cancer Myths and Facts, Health, Cancer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented