കോവിഡിനെയല്ല ജീവിതശൈലി രോഗങ്ങളെയാണ് പേടിക്കേണ്ടത്; കുട്ടികളെ കളിക്കാൻ വിടണം- ഡോ. സലിം യൂസഫ്


അനു സോളമൻ

ഡോ. സലിം യൂസഫ് മാതൃഭൂമി ഡോട്ട്‌കോമുമായി സംസാരിക്കുന്നു.

ഡോ. സലിം യൂസഫ്| ഫോട്ടോ: സാജൻ വി. നമ്പ്യാർ

നി വരാൻ പോകുന്ന മഹാമാരി ജീവിതശൈലി രോഗങ്ങളാണെന്നും അതിനെ ചെറുക്കാൻ ബോധവത്ക്കരണവും നിരന്തരമായ പ്രവർത്തനങ്ങളും നടത്താനാണ് കേരളം ഇനി ശ്രദ്ധിക്കേണ്ടതെന്ന് ലോകപ്രശസ്ത കാർഡിയോളജിസ്റ്റും കാനഡയിലെ പോപ്പുലേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സലിം യൂസഫ്. വേൾഡ് ഹാർട്ട് ഫെഡറേഷൻ മുൻ പ്രസിഡന്റ് കൂടിയായ ഡോ. സലിം യൂസഫ് മാതൃഭൂമി ഡോട്ട്‌കോമുമായി സംസാരിക്കുന്നു.

വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതം വന്ന് മരണപ്പെടുന്ന വാർത്ത കേൾക്കുന്നുണ്ട് ഇപ്പോൾ. ഇതിന് കാരണം എന്താണ്? അമിതമായി വ്യായാമം ചെയ്യുന്നത് പ്രശ്നമാണോ?

ചിലർക്ക് ഹൃദയത്തിന് തകരാർ ഉണ്ടായിരിക്കും. ചിലർക്ക് ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ കൊഴുപ്പടിയുന്നതു മൂലം രക്തക്കുഴലുകൾ ചുരുങ്ങിയ അവസ്ഥയിലായിരിക്കും. മറ്റ് ചില കേസുകളിൽ കാരണം വ്യക്തമായിരിക്കില്ല. എന്നാൽ വ്യായാമം ചെയ്യുമ്പോൾ മരണം സംഭവിക്കുന്നു എന്ന കാര്യത്തേക്കാൾ വ്യായാമം മൂലം ഹൃദയത്തിന് ഉണ്ടാകുന്ന ഗുണങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്. ഹൃദയസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവർ, പ്രത്യേകിച്ചും ജൻമനാൽ ഹൃദയപ്രശ്നങ്ങൾ ഉള്ളവർ വർക്ക്ഔട്ട് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

മിതമായ തോതിലാണ് വ്യായാമം ചെയ്യേണ്ടത്. അമിതമായും തീവ്രമായും വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് മാത്രമല്ല, പേശികൾക്കും സന്ധികൾക്കും എല്ലാം ബുദ്ധിമുട്ടുണ്ടാക്കും.

വിദേശ രാജ്യങ്ങളിലൊക്കെ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് അറുപതുകളുടെ മധ്യത്തിലും എഴുപതുകളിലുമാണ്. പൊതുവേ നാൽപതുകളിലും അമ്പതുകളിലുമൊക്കെയാണ് കേരളത്തിൽ ഹാർട്ട് അറ്റാക്ക് കണ്ടുവന്നിരുന്നത്. എന്നാൽ കേരളത്തിൽ 40 വയസ്സുകഴിഞ്ഞവർ ഹൃദയാഘാതം വന്ന് മരിക്കുന്നു. ജീവിതശൈലിയിലെ അനാരോഗ്യകരമായ മാറ്റങ്ങൾ തന്നെയാണ് ഇതിന് കാരണം. പുകവലി ഹൃദയപ്രശ്നങ്ങളുണ്ടാക്കുന്നതാണ്. അതിനാൽ ആ ശീലം ഉപേക്ഷിക്കണം. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ഭക്ഷണശീലങ്ങൾ. കാർബോഹൈഡ്രേറ്റുകളെ പ്രധാനമായും ശ്രദ്ധിക്കണം. കാർബോഹൈഡ്രേറ്റ് ഏറ്റവും കൂടുതൽ അടങ്ങിയ ചോറും ശുദ്ധീകരിച്ച ധാന്യങ്ങളുമൊക്കെയാണ് കേരളത്തിലെ ഭക്ഷണശീലങ്ങളിലുള്ളത്. അത് അപകടമാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ എല്ലായിടത്തും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലും പഴങ്ങളും പച്ചക്കറികളും കുറവും കഴിക്കുന്ന ശീലമാണുള്ളത്. ഈ ശീലത്തിന് പകരമായി കാർബോഹൈഡ്രേറ്റ്സ് കുറച്ച് പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കണം. മുട്ടയും മത്സ്യവും കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തിന് തകരാറുകൾ ഉണ്ടാക്കുന്നതല്ല വെളിച്ചെണ്ണ. മിതമായ തോതിൽ വെളിച്ചെണ്ണയുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് ദോഷകരമല്ല. ഉപ്പ് മിതമായ അളവിൽ ഉപയോഗിക്കുക. പുകവലി നിർത്തണം.

കേരളത്തിന് സംഭവിക്കുന്ന മറ്റൊരു പ്രശ്നം, ആളുകളൊന്നും ആവശ്യത്തിന് വ്യായാമം ചെയ്യുന്നില്ല എന്നതാണ്. കുടവയർ ആരോഗ്യത്തിന് ഭീഷണി തന്നെയാണ്. വയറിലടിയുന്ന കൊഴുപ്പ് സാധാരണ കൊഴുപ്പിനേക്കാൾ അപകടകാരിയാണ്. കൊളസ്ട്രോൾ നില ഉയരുന്നതാണ് മറ്റൊരു പ്രശ്നം. നല്ല കൊളസ്ട്രോൾ കുറവും ചീത്ത കൊളസ്ട്രോൾ കൂടുതലുമെന്നതാണ് കേരളത്തിന്റെ അവസ്ഥ. നേരെ തിരിച്ചാണ് വേണ്ടത്.

ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം വളരെ മുൻപന്തിയിലാണ്. കേരളത്തിന്റെ ആരോഗ്യരംഗം മറ്റ് സംസ്ഥാനങ്ങളേക്കാളും ഇതേ സാമ്പത്തിക സ്ഥിതിയിലുള്ള മറ്റ് രാജ്യങ്ങളേക്കാളും മുന്നിലാണ്. മികച്ച ആരോഗ്യത്തിന് പിന്നിലുള്ള പ്രധാന ഘടകം വിദ്യാഭ്യാസമാണ്. കേരളത്തിൽ സാധാരണക്കാർക്കു പോലും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. സ്ത്രീകൾ പുകവലിക്കുന്നില്ല എന്നത് നല്ലൊരു കാര്യമാണ്. പുകവലി ഇന്ന് നിർത്തിയാൽ അതിന്റെ ഫലങ്ങൾ ഏതാനും വർഷങ്ങൾക്കു ശേഷമായിരിക്കും കണ്ടുതുടങ്ങുക. കേരളത്തിലെ ആയുർദൈർഘ്യം ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ് എന്നതും പോസിറ്റീവായ കാര്യമാണ്. പക്ഷേ, അമിതവണ്ണം, അമിതഭാരം എന്നിവ മലയാളികൾക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. വ്യായാമം ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യണം. അതിലും കൂടുതൽ ശാരീരിക പ്രവൃത്തികൾ ചെയ്യാൻ സാധിച്ചാൽ അതും നല്ലതാണ്.

കേരളീയരുടെ മദ്യപാനശീലം ഹൃദയാരോഗ്യത്തിന് പ്രശ്നമാണോ?

കേരളീയരിലെ മദ്യപാനശീലത്തെക്കുറിച്ച് നമുക്ക് നന്നായി അറിയാം. അത് ഹൃദയത്തിന് അത്രത്തോളം പ്രശ്നമുണ്ടാക്കുന്നതായി തോന്നിയിട്ടില്ല. എന്നാൽ മദ്യം മറ്റ് നിരവധി പ്രശ്നങ്ങളുണ്ടാക്കും. കരളിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതാണ് മദ്യത്തിന്റെ ഉപയോഗം. മാനസിക ആരോഗ്യം, കുടുംബ പ്രശ്നങ്ങൾ, മദ്യത്തിന് വേണ്ടിയുള്ള പണം ചെലവാക്കൽ തുടങ്ങിയ പ്രശ്നങ്ങൾ മദ്യം മൂലം ഉണ്ടാകുന്നതാണ്. മദ്യത്തിന് പണം ചെലവാക്കി മറ്റ് ആവശ്യമുള്ള കാര്യങ്ങൾക്ക് പണമില്ലാത്ത അവസ്ഥയും കേരളത്തിൽ കണ്ടുവരുന്നുണ്ട്. ചെറിയ തോതിൽ മദ്യം ഉപയോഗിക്കുന്നത് നല്ലതാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഞാൻ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. മദ്യവും പുകവലിയും ആരോഗ്യത്തിന് നല്ലതല്ല.

കോവിഡിന് ശേഷം ഹൃദയാരോഗ്യത്തിൽ കുറവു വന്നതായി പറയപ്പെടുന്നുണ്ട്. ഇതിൽ വാസ്തവുമുണ്ടോ?

കോവിഡിന് ശേഷം വളരെ ചെറിയ തോതിൽ ഹൃദയപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കോവിഡിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന ചില മരുന്നുകളും പാർശ്വഫലങ്ങളുണ്ടാക്കുന്നുണ്ട്. ഇന്ത്യയിൽ കോവിഡിനുള്ള മരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുന്നുണ്ട്. ഇത് യഥാർഥത്തിൽ നല്ലതല്ല. പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ ഇടയുള്ളതാണ്. എന്നാൽ കോവിഡിന് അത് ആശ്വാസകരമാണെന്ന് പറയുന്നു. കോവിഡിനെത്തുടർന്ന് ശ്വാസകോശത്തിലും മറ്റും രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. എന്നാൽ ഹൃദയത്തിന് വലിയ പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല. കോവിഡ് ഉള്ളപ്പോൾ ചിലരിൽ അണുബാധയുണ്ടാകാനിടയുണ്ട്. ചിലരിൽ ത്രോംബോസിസ് ഉണ്ടാകാനിടയുണ്ട്. കോവിഡിന്റെ ദീർഘകാല സങ്കീർണതയായി ഹൃദയപ്രശ്നങ്ങൾ ഉണ്ടാകുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ലോങ് കോവിഡ് എന്തൊക്കെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനെക്കുറിച്ച് പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മുപ്പതിനായിരം ആളുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പഠനം നടക്കുകയാണ്. രണ്ടുവർഷത്തിനുള്ളിൽ അതിന്റെ ഫലം കണ്ടെത്താനായേക്കും. ഒമിക്രോൺ ഏതുരീതിയിലാണ് നമ്മെ ബാധിക്കുക എന്നതും കണ്ടെത്തേണ്ടിയിരിക്കുന്നു.

ഹെൽത്ത് ഇൻഡക്സിൽ കേരളം വളരെ മുന്നിലാണ്. എന്നാൽ ജീവിതശൈലി രോഗങ്ങളുടെ കാര്യത്തിലും കേരളം മുൻപന്തിയിൽ തന്നെയാണ്

ജീവിതശൈലി രോഗങ്ങൾ ഇന്ത്യയിലോ കേരളത്തിലോ മാത്രമല്ല എല്ലായിടത്തും ഉണ്ട്. യാത്ര ചെയ്യാൻ വാഹനങ്ങളും മറ്റ് സൗകര്യങ്ങളും നമുക്കുണ്ട്. അതിനാൽ സ്വാഭാവിക വ്യായാമമായ നടത്തം ഇപ്പോൾ ഇല്ലാതായി. മാർക്കറ്റിൽ പോകാനോ മറ്റ് അടുത്തുള്ള ഏതെങ്കിലും സ്ഥലത്തുപോകാനോ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കാതെ നടന്നുപോയാൽ അതൊരു വ്യായാമമായി മാറ്റാവുന്നതേയുള്ളൂ. വീട്ടിലും വേണമെങ്കിൽ നമുക്ക് വ്യായാമം ചെയ്യാം. വയറിനെ കേന്ദ്രീകരിച്ചുള്ള വ്യായാമങ്ങളും ഇപ്പോൾ കുറവാണ്. ഇതെല്ലാം വയറിൽ കൊഴുപ്പടിയാൻ കാരണമായി. മലയാളികളിലെ കുടവയറിന് ഇതൊരു കാരണമായി.

ഇന്ന് സ്ത്രീകളെല്ലാം പുരുഷൻമാരെപ്പോലെ തന്നെ പുറത്തുപോയി ജോലി ചെയ്യുന്നവരാണ്. അതിനാൽ പരമ്പരാഗത രീതിയിൽ ഭക്ഷണം തയ്യാറാക്കാൻ സമയക്കുറവുണ്ട്. അപ്പോൾ ഫാസ്റ്റ് ഫുഡ് രീതിയെ ആശ്രയിക്കേണ്ടി വരും. അതൊരു ആഗോള പ്രതിഭാസമാണ്. കാനഡയിലൊക്കെ മെക്സിക്കോയിൽ നിന്നും മറ്റ് സമീപരാജ്യങ്ങളിൽ നിന്നുമൊക്കെ ഫുഡ് സപ്ലെ ഉണ്ട്. ഇന്ത്യയ്ക്ക് അത്തരമൊരു സംവിധാനമില്ല.

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വ്യായാമം, മാനസിക സമ്മർദം അകറ്റൽ തുടങ്ങി ജീവിതശൈലിയിൽ വരുത്തുന്ന നല്ല മാറ്റങ്ങൾ ഹൃദയാരോഗ്യത്തെ സംരക്ഷിക്കും. അതിൽ സംശയമില്ല. അക്കാര്യങ്ങൾ ചെയ്യാൻ നാം ഓരോരുത്തരും ശ്രമിക്കണം.

എടുത്തുപറയേണ്ട ഒരു കാര്യം കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സേവനത്തെക്കുറിച്ചാണ്. വളരെ മികച്ചചികിത്സാ സൗകര്യങ്ങളാണ് സൗജന്യമായി സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ നൽകുന്നത്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയിലുള്ള മറ്റനേകം രാജ്യങ്ങളുമായും ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ സർക്കാർ ആരോഗ്യസംവിധാനങ്ങൾ വളരെ മതിപ്പുളവാക്കുന്നതാണ്. ഇത് കേരള സമൂഹത്തിനൊരു മുതൽക്കൂട്ടാണ്.

കേരള സർക്കാർ ആരോഗ്യരംഗത്ത് ഇനി ഏവിടേയ്ക്കാണ് ഫോക്കസ് ചെയ്യേണ്ടത്?

കേരളം ഇനി ശ്രദ്ധ ചെലുത്തേണ്ടത് ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിലേക്കാണ്. കോവിഡ് ഒന്നോ രണ്ടോ വർഷം കൂടി തുടർന്നേക്കും. പിന്നീട് അത് നിയന്ത്രണത്തിലായേക്കും. പക്ഷേ, ജീവിതശൈലി രോഗങ്ങൾ ഇവിടെ തന്നെ തുടരും. പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ നില, ഉയർന്ന രക്തസമ്മർദം, കാൻസർ തുടങ്ങിയവ ജീവിതശൈലി രോഗങ്ങൾ കേരളം ഫലപ്രദമായി നിയന്ത്രിക്കേണ്ടതുണ്ട്. അതിനുള്ള വിശദമായ പദ്ധതി തയ്യാറാക്കണം.

പുകയില ഉത്പന്നങ്ങൾ നിരോധിക്കണം. പുകയില ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കൽ പോലുള്ള കാര്യങ്ങൾ ചെയ്യാം. മറ്റൊന്ന് വേണ്ടത് ആരോഗ്യ ബോധവത്ക്കരണമാണ്. ജീവിതശൈലി രോഗങ്ങളെക്കുറിച്ച് സ്‌കൂൾ തലം മുതൽ തന്നെ ബോധവത്ക്കരണം നടത്തണം. ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ചും വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ചെറുപ്പം മുതൽ പഠിപ്പിക്കണം. ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ പരിശീലിപ്പിക്കണം.

നമ്മുടെ സ്‌കൂളുകളിൽ ഇപ്പോഴും കുട്ടികൾ പാഠപുസ്തകങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. പഠന ഭാരത്തിൽ കടുത്ത സംഘർഷമാണ് കുട്ടികൾ അനുഭവിക്കുന്നത്. സ്‌കൂൾ സമയം കഴിഞ്ഞാൽ ട്യൂഷൻ സെന്ററുകളിലാണ് കുട്ടികളുടെ ബാക്കി സമയം. കളിക്കാൻ ഒട്ടും സമയം ലഭിക്കുന്നില്ല. കിട്ടുന്ന അല്പം ഒഴിവുസമയങ്ങളിൽ കുട്ടികൾ ടി.വിക്കും മൊബൈൽഫോണിനും അടിമപ്പെടുകയാണ്. ഇത് വ്യായാമമില്ലാത്ത ജീവിതരീതിയിലേക്ക് കുട്ടികളെ നയിക്കും. അവരുടെ ആരോഗ്യകരമായ കുട്ടിക്കാലമാണ് ഇത്തരത്തിൽ നഷ്ടപ്പെടുന്നത്. കുട്ടികൾക്ക് കളിക്കാൻ സമയം കിട്ടുന്നില്ല എന്നതൊരു ട്രാജഡിയാണ്. കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ അവസരം നൽകണം. അതിന് അവരെ കളിക്കളങ്ങളിലേക്ക് വിടണം.

പണ്ട് ഇങ്ങനെയായിരുന്നില്ല. സ്‌കൂൾ വിട്ട് വരുന്ന കുട്ടികൾ വൈകീട്ട് മുഴുവൻ ഗ്രൗണ്ടിൽ കളിക്കുമായിരുന്നു. ഇത് അവർക്ക് ആവശ്യത്തിന് വ്യായാമം നൽകാൻ സഹായകരമായിരുന്നു. എന്റെയൊക്കെ കുട്ടിക്കാലത്ത് സ്‌കൂൾ സമയം കഴിഞ്ഞുള്ള വൈകുന്നേരങ്ങൾ കളിക്കളങ്ങളിലായിരുന്നു. ഇന്ന് അതില്ല എന്നത് ദുഖകരമാണ്. എല്ലാവരും ഡോക്ടർമാരും എൻജിനീയർമാരുമാകാനുള്ള ഓട്ടത്തിലാണ്. ആരോഗ്യമുള്ള ശരീരം വേണം എന്ന ചിന്ത ഇന്ന് പലർക്കുമില്ല. ഇത് അടുത്ത തലമുറയ്ക്ക് ദോഷകരമാണ്.

ഇപ്പോൾ, സ്‌കൂൾ-കോളേജ് പഠനം കഴിഞ്ഞിറങ്ങുന്ന പുതുതലമുറ മത്സരപ്പരീക്ഷകൾക്ക് വേണ്ടി പഠിക്കാൻ പോവുകയാണ്. വീണ്ടും അവർ പാഠപുസ്തകങ്ങളിലേക്ക് തളച്ചിടപ്പെടുന്നു. ഇതെല്ലാം ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം മാനസിക സംഘർഷത്തിനും വഴിയൊരുക്കുന്നു. മാനസിക സംഘർഷവും ആരോഗ്യത്തിന് ഭീഷണിയാണ്. ഇതൊരു സാമൂഹിക പ്രശ്‌നം കൂടിയാണ്. ശാരീരിക- മാനസിക ആരോഗ്യമുണ്ടെങ്കിൽ മാത്രമേ സമ്പൂർണ ആരോഗ്യമുണ്ടാവുകയുള്ളൂ. ഇത്തരം കാര്യങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കോവിഡിനെ പിടിച്ചുകെട്ടാനുള്ള പ്രവർത്തനങ്ങൾ നടക്കട്ടെ. അതിനൊപ്പം ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുള്ള ഒരു ദീർഘകാല പദ്ധതിയിലേക്കാവട്ടെ കേരളത്തിന്റെ ശ്രദ്ധ ഇനി പതിയേണ്ടത്.

Content Highlights: canadian cardiologist salim yusuf, lifestyle diseases, covid india, cardiovascular disease


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented