തുടക്കത്തിലെ കണ്ടുപിടിച്ചാല്‍ കൃത്യമായി ചികില്‍സിച്ച് മാറ്റാവുന്നതും എന്നാല്‍ പലപ്പോഴും തിരിച്ചറിയാതെ പോവുന്നതും, തത്ഫലമായി രോഗികള്‍ക്ക് അപകടം സംഭവിക്കുന്നതുമായ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ന്യൂമോണിയ.

പ്രാഥമികമായി പറഞ്ഞാല്‍ രോഗാണുക്കളായ ബാക്റ്റീരിയ, വൈറസ്, ഫംഗസ് എന്നിവയും, അത് കൂടാതെ ചിലതരം രസവസ്തുക്കളും സമാനമായ അവസ്ഥ ഉണ്ടാക്കാറുണ്ട്.

ഒരു രോഗാണുവിന് രോഗമുണ്ടാക്കാന്‍ പല ഘടകങ്ങളും ഒത്തിണങ്ങേണ്ടതുണ്ട്. അതില്‍ രോഗകാരിയാകാന്‍ കഴിവുള്ള അണു, അതിനു ശരീരത്തില്‍ കടന്നുകൂടാന്‍ അനുകൂലമായ സാഹചര്യം, പിന്നെ ശരീരത്തിന് ഈ അണുവിനെ ചെറുക്കാനുള്ള കഴിവ് കുറയുക എന്നിവ പ്രധാനമാണ്.

ശ്വാസകോശത്തിലേക്കു നമ്മളറിയാതെ പ്രവേശിക്കുന്ന തുപ്പലും സ്രവങ്ങളും, അത് സൈനസ് സ്രവങ്ങളാവാം അല്ലെങ്കില്‍ രാത്രിയില്‍ ഉറങ്ങുമ്പോള്‍ ആമാശയത്തില്‍ നിന്നും തിരിച്ചു അന്നനാളത്തിലേക്കു വരുന്ന സ്രവം ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നതാവാം.
ഇതിലുള്ള അണുക്കള്‍ ശ്വാസകോശത്തിലെ പ്രതിരോധത്തെ മറികടന്നാല്‍ നമുക്ക് രോഗം പിടിപെടാം.

സമീകൃതാഹാരം കഴിക്കാത്തത് മൂലം ജീവകങ്ങളുടെ കുറവ് അനുഭവിക്കുന്നവര്‍ക്കും, അനാവശ്യമായി ആന്റിബയോട്ടിക് മരുന്നുകള്‍, വയറെരിച്ചിലിനുള്ള മരുന്നുകള്‍ എന്നിവ കഴിക്കുന്നവര്‍ക്കും ന്യൂമോണിയ വരാന്‍ സാധ്യത കൂടുതലാണ്. ചെറിയ ജലദോഷം പോലെ വരുന്ന ചില വൈറസ് രോഗബാധകള്‍ ചിലരില്‍ ശ്വാസകോശത്തിന്റെ സ്വാഭാവിക പ്രതിരോധം തകര്‍ത്തു ന്യൂമോണിയക്കുള്ള സാഹചര്യം ഒരുക്കുന്നു.

ആശുപത്രിവാസത്തിലൂടെയും ചികിത്സയുടെ ഭാഗമായി ഒഴിച്ചുകൂടാനാവാതെ ചെയ്യുന്ന ചില കാര്യങ്ങളുടെ(invasive procedures) ഭാഗമായും ചിലപ്പോള്‍ ന്യൂമോണിയ വരാറുണ്ട്, അത് ആശുപത്രിജന്യ ന്യൂമോണിയ എന്നറിയപ്പെടുന്നു.

രോഗലക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പനിയും ചുമയുമാണ്. ചുമ മിക്കവാറും കഫത്തോട് കൂടിയാണ് കാണാറുള്ളത് ചിലപ്പോള്‍ കഫത്തില്‍ ചെറിയതോതില്‍ രക്തവും കണ്ടേക്കാം. 

ന്യൂമോണിയ ശ്വാസകോശത്തിന്റെ ബാഹ്യ ആവരണമായ പ്ലൂറയെ ബാധിച്ചാല്‍ ശ്വാസം എടുക്കുമ്പോള്‍ വേദന അനുഭവപ്പെട്ടേക്കാം. ശ്വാസഗതി ത്വരിത ഗതിയിലാവുന്നതും, ചുണ്ട്,നാവ്, കൈ വിരലുകള്‍ എന്നീ ഭാഗങ്ങള്‍ക്കു നീല നിറം വരുന്നതും ന്യൂമോണിയ ഗുരുതരമാവുന്നതിന്റെ ലക്ഷണങ്ങള്‍ ആവാം. ഏതാണ്ട് ഇരുപതു ശതമാനം ആളുകളില്‍ ഓക്കാനം, ഛര്‍ദി, വയറുവേദന, വയറിളക്കം, സന്ധിവേദന എന്നിവയും കാണാറുണ്ട്. താരതമ്യേന ഗൗരവ സ്വഭാവമുള്ള ഒരു രോഗാവസ്ഥയാണിത്.

കൃത്യമായി രോഗലക്ഷണങ്ങള്‍ വിലയിരുത്തുന്നതിലൂടെയും, ആവശ്യമായ രക്ത പരിശോധന, കഫ പരിശോധന, എക്‌സറെ പരിശോധന എന്നിവ നടത്തുന്നതിലൂടെയും വിദഗ്ധദനായ ഒരു ഡോക്ടര്‍ക്ക് രോഗം നിര്‍ണയിക്കാം. ഗുരുതരമല്ലാത്ത ന്യൂമോണിയ വീട്ടില്‍ വെച്ചുതന്നെ ഡോക്ടറുടെ നിര്‍ദേശനുസരണം ചികിത്സിക്കാം. പക്ഷേ അസുഖം കൂടുതല്‍ ഗൗരവം ഉള്ളതാണെങ്കില്‍ ആശുപത്രിവാസം അനിവാര്യമാണ്.

(കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)

Content Highlights: Can you get pneumonia from taking too much antibiotics

കടപ്പാട്: കെ.ജി.എം.ഒ.എ. അമൃതകിരണം