താരൻ ശല്യം പരിഹരിക്കാൻ എണ്ണതേക്കുന്നത് ​ഗുണം ചെയ്യുമോ?, ഷാംപൂ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്


2 min read
Read later
Print
Share

Representative Image| Photo: Canva.com

മിക്കയാളുകളും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് താരൻ. തിരക്കിട്ട ജീവിതരീതിയും മുടിക്ക് വേണ്ട കരുതൽ കൊടുക്കാത്തതുമൊക്കെ പ്രശ്നം വീണ്ടും വഷളാക്കും. പലപ്പോഴും മുടിയിഴകൾ നന്നായി കൊഴിഞ്ഞു തുടങ്ങുമ്പോഴാണ് പലരും താരന് ചികിത്സിക്കാൻ തുടങ്ങുക തന്നെ. അമിതമായി എണ്ണമയമുള്ള ശിരോചർമം, അനിയന്ത്രിതമായ ഷാംപൂ ഉപയോ​ഗം, മലസീസിയ എന്ന യീസ്റ്റിന്റെ പെരുകൽ, ജെല്ലുകളുടെയും ഹെയർ സ്പ്രേകളുടെയും അമിതോപയോ​ഗം തുടങ്ങിയവയൊക്കെ താരൻ വർധിക്കാൻ ഇടയാക്കാറുണ്ട്. പലരും എണ്ണതേച്ചുള്ള കുളി താരന് ഒരു പരിഹാരമായി കാണാറുണ്ട്. അതിലെ വസ്തുത എന്തെന്ന് വ്യക്തമാക്കുകയാണ് ഡെർമറ്റോളജിസ്റ്റായ ജയശ്രീ ശരദ്.

ഇത് ​ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്യുക എന്നാണ് ജയശ്രീ പറയുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജയശ്രീ വിവരങ്ങൾ പങ്കുവെക്കുന്നത്. എണ്ണ അമിതമായി പുരട്ടുകവഴി ശിരോചർമത്തിൽ മലസീസിയ എന്ന യീസ്റ്റ് പെരുകാൻ കാരണമാകും എന്നാണ് അവർ പറയുന്നത്. ഇത് കൂടുതൽ താരൻ പെരുകാൻ കാരണമാകുമെന്നും ജയശ്രീ പറയുന്നു.

2 ശതമാനം കീറ്റോകോനസോൾ സിങ്ക് പിരിതിയോൺ, 2 ശതമാനം സെലെനിയം സൾഫൈഡ് തുടങ്ങിയവ അടങ്ങിയ ഷാംപൂവാണ് താരൻ പ്രശ്നം ഉള്ളവർക്ക് അഭികാമ്യമെന്നും ജയശ്രീ പറയുന്നു. താരനെ തുരത്താനുള്ള ഷാംപൂ വെറുതെ തലയിൽ പുരട്ടി കഴുകിക്കളയുകയല്ല. അത് ശിരോചർമത്തിൽ പുരട്ടി അൽപം വെള്ളവും ചേർത്ത് എണ്ണ തേക്കുന്നതുപോലെ മസാജ് ചെയ്യുകയും ശേഷം കഴുകിക്കളയുകയുമാണ് വേണ്ടതെന്നും അവർ പറയുന്നു. താരൻ തുടർന്നും നിൽക്കുകയാണെങ്കിൽ ഡെർമറ്റോളജിസ്റ്റിനെ കണ്ട് വിദ​ഗ്ധ ഉപദേശം തേടണമെന്നും അവർ പറയുന്നു.

താരനെ തുരത്താൻ വീട്ടിൽ ചെയ്യാവുന്ന ചില ഈസി ടിപ്സ്

ആര്യവേപ്പ്: ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ താരനകറ്റാൻ മികച്ച മാർ​ഗങ്ങളിലൊന്നാണ്. ഒരു കപ്പ് വെള്ളത്തിൽ അൽപം ആര്യവേപ്പിന്റെ ഇലകളെടുത്ത് തിളപ്പിക്കുക. ശേഷം വെള്ളം തണുത്തു വരുമ്പോൾ ഈ വെള്ളം ഉപയോ​ഗിച്ച് മുടി കഴുകാം. ആഴ്ചയിൽ മൂന്നുതവണ ഇപ്രകാരം ചെയ്യുന്നത് ​ഗുണം ചെയ്യും.

നാരങ്ങയും വെളിച്ചെണ്ണയും: വീട്ടിൽ സുലഭമായി ലഭിക്കുന്ന നാരങ്ങയും വെളിച്ചെണ്ണയും ഉപയോ​ഗിച്ചും താരനകറ്റാൻ വഴിയുണ്ട്. ആദ്യം രണ്ട് ടേബിൾസ്പൂൺ‌‍ വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക. ശേഷം അത്രതന്നെ നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിൽ പുരട്ടുക. ഇരുപതു മിനിറ്റിനുശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയാം.

ഉലുവ: നിരവധി ഔഷധ ​ഗുണങ്ങളുള്ള ഉലുവ കൊണ്ട് താരനെ തുരത്താൻ വഴിയുണ്ട്. ഒരു ബൗളിൽ വെള്ളമെടുത്ത് അതിലേക്ക് അൽപം ഉലുവയെടുത്ത് കുതിർക്കാൻ വെക്കുക. ഒരു രാത്രി കുതിർത്തതിനു ശേഷം അടുത്തദിവസം രാവിലെ അരച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇതിലേക്ക് അൽപം നാരങ്ങാനീരു കൂടി ചേർക്കുക. ഇനി ഈ മിശ്രിതം അരമണിക്കൂറോളം തലയിൽ പുരട്ടിവെക്കാം. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയാം.

തൈര്: താരനെ എളുപ്പത്തിൽ അകറ്റാനുള്ള വഴികളിലൊന്നാണ് തൈര്. ആദ്യം അൽ‌പം തൈരെടുത്ത് ശിരോചർമത്തിൽ പുരട്ടാം. ഒരുമണിക്കൂറോളം തലയിൽ വച്ചതിനുശേഷം ഷാംപൂ ഉപയോ​ഗിച്ച് നീക്കം ചെയ്യാം.

മുട്ടയുടെ മഞ്ഞ: മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ താരനെ തുരത്താൻ മികച്ചതാണ്. മുടിയിലെയും ശിരോചർമത്തിലെയും നനവ് പൂർണമായും നീക്കം ചെയ്തതിനുശേഷമാണ് മുട്ടയുടെ മഞ്ഞ പുരട്ടേണ്ടത്. പുരട്ടിയതിനുശേഷം ഒരു പ്ലാസ്റ്റിക് കവറോ മറ്റോ ഉപയോ​ഗിച്ച് ഒരുമണിക്കൂർ കവർ ചെയ്തുവെക്കാം. ശേഷം ഷാംപൂ ഉപയോ​ഗിച്ച് നന്നായി കഴുകിക്കളയാം. ദുർ​ഗന്ധം ഇല്ലെന്നും ഉറപ്പുവരുത്തണം.

Content Highlights: Can Oiling Improve Dandruff

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
headache

3 min

അടിക്കടിയുള്ള തലവേദന, വ്യക്തിത്വ മാറ്റങ്ങള്‍, ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാം

Jun 8, 2023


headache

4 min

ചെറിയ തലവേദന വന്നാൽ ബ്രെയിൻ ട്യൂമറാണോ എന്ന് സംശയിക്കണോ?; എന്തെല്ലാം ശ്രദ്ധിക്കണം?

Jun 8, 2023


shawarma

3 min

നാടൻ ഭക്ഷണരീതി മാറ്റി പുറമേയുള്ളവ അന്ധമായി സ്വീകരിക്കുന്ന മലയാളി; ഭക്ഷ്യവിഷബാധ, അറിയേണ്ടവ

Jun 7, 2023

Most Commented