ശരീരത്തില്‍ രക്തചംക്രമണം നടക്കുമ്പോള്‍ അത് രക്തക്കുഴലിന്റെ ഭിത്തിയില്‍ ഏല്‍പിക്കുന്ന മര്‍ദമാണ് രക്തസമ്മര്‍ദം. ഇത് ശരീരത്തിന് ആവശ്യമാണ്. തലച്ചോറിലേക്കും കരളിലേക്കും കോശങ്ങളിലേക്കുമെല്ലാം ആവശ്യത്തിന് പ്രാണവായുവും ഊര്‍ജവും ലഭിച്ചാലേ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി നടക്കൂ. അതിന് രക്തസമ്മര്‍ദം ആവശ്യമാണ്. എന്നാല്‍ അമിതമായി ബി.പി. കൂടുന്നതും കുറയുന്നതും ആരോഗ്യത്തിന് ദോഷകരമാണ്.
സിസ്റ്റോളിക് ബി.പിയും ഡയസ്റ്റോളിക് ബി.പിയും
ഒരു മനുഷ്യന്റെ ശരാശരി രക്തസമ്മര്‍ദം 120/80 മില്ലിമീറ്റര്‍ മെര്‍ക്കുറി ആണ്. ഇതില്‍ ആദ്യത്തെ സംഖ്യയായ 120 സൂചിപ്പിക്കുന്നത് ഹൃദയം ധമനികളിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുമ്പോള്‍ അവ ധമനി ഭിത്തികളില്‍ ഏല്‍പിക്കുന്ന മര്‍ദത്തിന്റെ ഏറ്റവും ഉയര്‍ന്ന അളവാണ്. ഇതാണ് സിസ്റ്റോളിക് ബി.പി. ഹൃദയം വിശ്രമിക്കുമ്പോഴുണ്ടാകുന്ന ഏറ്റവും കുറഞ്ഞ രക്തസമ്മര്‍ദമാണ് രണ്ടാമത്തെ അക്കമായ 80 നെ സൂചിപ്പിക്കുന്നത്. ഇതാണ് ഡയസ്റ്റോളിക് ബി.പി.
അമിത ഭാരമുള്ളവരിലെ ബി.പി.
അമിത ഭാരമുള്ളവരില്‍ എല്ലാവരിലും പ്രഷര്‍ ഉയര്‍ന്നു കാണണമെന്നില്ല. എങ്കിലും ശരീരഭാരവും ബി.പിയും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഉദാഹരണത്തിന്, ഒരു കിലോഗ്രാം ഭാരം കുറച്ചാല്‍ ഒരു മില്ലിമീറ്റര്‍ സിസ്റ്റോളിക് ബി.പിയും ഡയസ്റ്റോളിക് ബി.പിയും കുറയ്ക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതിനായി ഡാഷ് ഡയറ്റ് (Dietary Advice to Stop Hypertension)ശീലമാക്കണം. കൊഴുപ്പും ഉപ്പും കുറഞ്ഞ അളവിലുള്ള ഭക്ഷണക്രമമാണ് ഇത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, മാംസം എന്നിവ കഴിക്കുന്നത് നിയന്ത്രിക്കണം. നാരടങ്ങിയ ഭക്ഷണം ശീലമാക്കണം. ഉപ്പിന്റെ അളവ് പരിമിതപ്പെടുത്തുകയും വേണം. പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഇളനീര്‍, മുസംബി, നാരങ്ങ, നേന്ത്രപ്പഴം, ജീരകവെള്ളം എന്നിവ കഴിക്കുകയും വേണം. ഒപ്പം വ്യായാമവും വേണം. ഒരാഴ്ച 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.
ബി.പി. അളവുകള്‍ അറിയാം
120/80 mmHg: സാധാരണ നില
120 നും 129 നും ഇടയില്‍/80 ന് താഴെ: കൂടിയ നില
130 നും 139 നും ഇടയില്‍/80-89 നും ഇടയില്‍: സ്റ്റേജ് 1 (ഹൈപ്പര്‍ ടെന്‍ഷന്‍)
140 ന് മുകളില്‍/90ന് മുകളില്‍: സ്റ്റേജ് 2
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ഡാനിഷ് ഇ.
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Blood Pressure, Low Blood Pressure, Health Tips