പ്രമേഹരോഗികള്‍ സ്ഥിരമായി ചോദിക്കുന്ന ഒരു സംശയമാണ് ഷുഗര്‍ കുറഞ്ഞല്ലോ, ഇനി ഗുളിക നിര്‍ത്തിക്കൂടെ എന്ന്. ഇതു സംബന്ധിച്ച ഒരു ചോദ്യവും അതിനുള്ള മറുപടിയും വായിക്കാം. 

''എനിക്ക് 41 വയസ്സുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് പ്രമേഹം കണ്ടെത്തിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗുളിക കഴിക്കാന്‍ തുടങ്ങി. കഴിഞ്ഞ രണ്ട് മാസത്തെ പരിശോധനയിലും ഭക്ഷണത്തിന് മുന്‍പ് ഷുഗര്‍ 100 ആണ്. ആഹാരശേഷം 145. ഇതേ നിലയില്‍ തുടരുകയാണെങ്കില്‍ ഗുളിക നിര്‍ത്താന്‍ പറ്റുമോ? എല്ലാ ദിവസവും വ്യായാമം ചെയ്യാറുണ്ട്. കൊഴുപ്പുള്ളതും മധുര പലഹാരങ്ങളും ഒഴിവാക്കാറുണ്ട്. ബി.പിയും കൊളസ്‌ട്രോളും നോര്‍മലാണ്.''

40 വയസ്സിന് ശേഷം കാണപ്പെടുന്ന പ്രമേഹം സാധാരണ ടൈപ്പ് 2 പ്രമേഹം എന്നാണ് അറിയപ്പെടുന്നത്. ഇന്‍സുലിന്റെ ഉത്പാദനക്കുറവും ഒപ്പം ഇന്‍സുലിന് ശരീരത്തില്‍ വേണ്ടവിധം പ്രവര്‍ത്തിക്കാന്‍ കഴിയാത്തതുമായ ഒരവസ്ഥയിലാണ് ടൈപ്പ് 2 പ്രമേഹം പ്രത്യക്ഷപ്പെടുന്നത്. അമിത ശരീരഭാരം, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി ഇവയുടെ ആകെത്തുകയായി നമുക്ക് ടൈപ്പ് 2 പ്രമേഹത്തെ കണക്കാക്കാം. 

ആജീവനാന്തം വിട്ടുമാറാത്ത ഒരു ജീവിതശൈലി രോഗമായാണ് പലരും ടൈപ്പ് 2 പ്രമേഹത്തെ കാണുന്നത്. മാത്രമല്ല, ഒരിക്കല്‍ മരുന്നുകള്‍ കഴിച്ചുതുടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ അത് തുടരേണ്ടി വരും എന്നും പലരും വിശ്വസിച്ചുപോരുന്നു. ഇത് രണ്ടും തെറ്റാണ്. 

പ്രമേഹത്തെ പുറകോട്ട് നയിക്കാം

പ്രമേഹത്തിന് പ്രേരകമാകുന്ന ആപത്ഘടകങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ പ്രമേഹത്തെ മരുന്നുകളില്ലാതെ, വര്‍ഷങ്ങളോളം നിയന്ത്രിക്കാനാകും. ശരീരഭാരത്തിന്റെ പത്ത് ശതമാനമെങ്കിലും കുറയ്ക്കുകയും ഒപ്പം ആഹാരത്തില്‍ അന്നജവും മധുരവും കുറച്ചും നിത്യ വ്യായാമം ശീലമാക്കിയും ഇത് സാധ്യമാക്കാം. അങ്ങനെയെങ്കില്‍ തുടക്കത്തില്‍ കഴിച്ചിരുന്ന എല്ലാ മരുന്നുകളും നിര്‍ത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാനും സാധിക്കും. ഇവരില്‍ പ്രമേഹം പൂര്‍ണമായി മാറുകയല്ല, പകരം പ്രമേഹത്തിന്റെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമാകുന്നു. താത്കാലികമായി രോഗം ഭേദമായി എന്ന് കരുതാം. എന്നാല്‍ വര്‍ഷങ്ങള്‍ക്കും ശേഷം വീണ്ടും പ്രമേഹം പ്രത്യക്ഷപ്പെടാം. 

ഭാരം കുറയ്ക്കണം

ശരീരഭാരം കൂടിയവര്‍ അത് കുറയ്ക്കുക എന്നതാണ് പ്രമേഹരോഗ ചികിത്സയുടെ ഏറ്റവും പ്രധാന ലക്ഷ്യം. ഭാരം കൂടുമ്പോള്‍ ശരീരത്തില്‍ ഇന്‍സുലിന്റെ ആവശ്യം കൂടും. ഒപ്പം ശരീരത്തിലെ കൊഴുപ്പില്‍ നിന്ന് എസ്.എഫ്.എ. (ഫ്രീ ഫാറ്റി ആസിഡ്‌സ്) ഉത്പാദിപ്പിക്കപ്പെടുകയും ഇത് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിയുടെയും കരളിന്റെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ഇതുകാരണം ഇന്‍സുലിന്‍ ഉത്പാദനം കുറയുകയും ഒപ്പം ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത കുറയുകയും ചെയ്യും. ഇത് രണ്ടും രക്തത്തിലെ പഞ്ചസാരയുടെ നില ഉയര്‍ത്തുന്നു. എന്നാല്‍ ശരീരഭാരം കുറഞ്ഞ് സാധാരണഗതിയിലാകുന്നതോടെ ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത സാധാരണനിലയിലാകുകയും ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ പര്യാപ്തമാവുകയും ചെയ്യും. ഇത് ഷുഗര്‍നില സാധാരണനിലയിലെത്തിച്ചേരാന്‍ സഹായിക്കുന്നു. 

നിത്യവ്യായാമം മുടക്കരുത്

നിത്യവും വ്യായാമം ചെയ്യണം. വേഗത്തിലുള്ള നടത്തം, സൈക്ലിങ്, നീന്തല്‍, ജോഗിങ്, കായികവിനോദങ്ങള്‍ ഒക്കെ നല്ല വ്യായാമമുറകളാണ്. ദിവസവും 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വ്യായാമം ഗ്ലൂക്കോസിന്റെ ഉപയോഗം കൂട്ടുകയും ഒപ്പം ശരീരഭാരം കുറയുന്നതിനും സഹായിക്കും. കൂടാതെ ഇന്‍സുലിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ നിത്യവ്യായാമം പലതരം ജീവിതശൈലി രോഗങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കും. മനസ്സിന്റെ സന്തോഷം വര്‍ധിപ്പിക്കും. പേശികളുടെ ശക്തി വര്‍ധിപ്പിക്കും. നല്ല ഉറക്കം ലഭിക്കും. എല്ലുകളുടെ ആരോഗ്യം കൂട്ടും. ഒപ്പം ലൈംഗികശേഷിയും വര്‍ധിക്കും. 

ആഹാരം ആയുസ്സിനും ആരോഗ്യത്തിനും

പ്രമേഹമടക്കമുള്ള പല ജീവിതശൈലി രോഗങ്ങള്‍ക്ക് നിദാനം അനാരോഗ്യകരമായ ആഹാരം തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണരീതി പ്രമേഹചികിത്സയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. 

ആഹാരത്തില്‍ അധികമാകുന്ന ഊര്‍ജ(കലോറി)മാണ് കൊഴുപ്പായി രൂപാന്തരപ്പെട്ട് ശരീരത്തില്‍ അടിഞ്ഞുകൂടുന്നത്. അതിനാല്‍ ഭാരം കുറയ്ക്കണമെങ്കില്‍ ഊര്‍ജം കുറഞ്ഞ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ അധികം ഉള്‍പ്പെടുത്തണം. അതായത്, ആഹാരത്തില്‍ പകുതിയും പച്ചക്കറികളായിരിക്കണം. എണ്ണം കൊഴുപ്പ് മുതലായ ഭക്ഷണങ്ങള്‍ നന്നായി കുറയ്ക്കണം. 

പരമ്പരാഗതമായി നമ്മള്‍ ശീലിച്ചുപോരുന്ന കേരളീയ ഭക്ഷണരീതിയില്‍ അന്നജങ്ങളുടെ അതിപ്രസരമുണ്ട്. പ്രമേഹരോഗികള്‍ പഞ്ചസാരയും മധുരപലഹാരങ്ങളും മാത്രം കുറച്ചാല്‍ പോര; ഒപ്പം അരി, ഗോതമ്പ്, കിഴങ്ങുവര്‍ഗങ്ങള്‍ മുതലായ അന്നജസമൃദ്ധമായ ആഹാരങ്ങളും നന്നായി കുറയ്ക്കണം. ഊണിന് ഒരു പ്ലേറ്റിന്റെ നാലിലൊന്ന് ഭാഗം ചോറ് മാത്രമേ പാടുള്ളൂ. ഇത് പ്രമഹേരോഗികള്‍ മാത്രമല്ല, എല്ലാവരും സ്വീകരിക്കേണ്ട രീതിയാണ്. അതിലൂടെ ശരീരത്തിന് ആഹാരത്തിലൂടെ ലഭിക്കുന്ന ഗ്ലൂക്കോസിന്റെ അളവില്‍ വന്‍ കുറവ് വരുത്താന്‍ കഴിയും. 

ഒപ്പം രക്തസമ്മര്‍ദം, കൊഴുപ്പുകളുടെ അളവ്, പുകവലി, മദ്യപാനം ഇവ കൂടെ നിയന്ത്രിച്ചാല്‍ ചിലപ്പോള്‍ മറ്റ് മരുന്നുകളില്ലാതെ വര്‍ഷങ്ങളോളം വീണ്ടും പ്രമേഹരഹിതമായ ജീവിതം നയിക്കാന്‍ നല്ലൊരു ശതമാനം പ്രമേഹരോഗികള്‍ക്കുമാവും. 

(കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലെ ഡയബറ്റോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

Content Highlights: Can i stop taking the pill if my sugar is low, Diabetes prevention

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്