കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച് ഒട്ടേറെ ആശങ്കകളാണ് സാധാരണക്കാർക്കുള്ളത്. കോട്ടയത്ത് ശവസംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട് ഞായറാഴ്ച നാട്ടുകാർ നടത്തിയ പ്രതിഷേധം പോലുള്ള സംഭവങ്ങളിൽ പ്രതിഫലിക്കുന്നത് ജനങ്ങളുടെ ആശങ്കയാണ്.

എന്നാൽ, ഇതിൽ പലതും അടിസ്ഥാനമില്ലാത്തതാണെന്ന് വിദഗ്ധർ പറയുന്നു.

മരിച്ചവരിൽ നിന്ന് കോവിഡ് പകരുമോ?

ഇല്ല. വൈറസിന് പുറത്തേക്കുവരാൻ മാധ്യമം( ചുമ/സ്പർശനം) ഇല്ലാത്തതിനാലാണിത്. സ്വതന്ത്രമായി പുറത്തേക്കുവന്ന് മറ്റൊരാളിൽ പ്രവേശിക്കാൻ വൈറസിന് കഴിയില്ല. കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് സ്രവങ്ങൾ പുറത്തുവരാത്തരീതിയിൽ മുഖം മാത്രം കാണിച്ചാണ് മൃതദേഹങ്ങൾ വിട്ടുനൽകുന്നത്.

മൃതദേഹങ്ങൾ ദഹിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പുകയിലൂടെയും അന്തരീക്ഷത്തിലൂടെയും കോവിഡ് പകരുമോ?

ഒരിക്കലുമില്ല, ദഹിപ്പിക്കുമ്പോൾ 800 മുതൽ 1000 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉഷ്മാവ്. വൈറസിന് ഉയർന്ന താപനിലയിൽ നിലനിൽപ്പില്ല. വിറക് ഉപയോഗിച്ചായാലും വൈദ്യുതി ശ്മശാനത്തിലായാലും ചൂടിനെ അതിജീവിക്കാൻ വൈറസിന് കഴിയില്ല

മൃതദേഹം മണ്ണിൽ അടക്കം ചെയ്താൽ രോഗം വരുമോ?

കോവിഡ് ശവസംസ്കാര മാനദണ്ഡങ്ങൾ പാലിച്ച് ആഴത്തിലുള്ള കുഴികളിൽ ബ്ലീച്ചിങ് പൗഡറും അണുനശീകരണ ദ്രാവകങ്ങളും ഉപയോഗിച്ച് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞാണ് അടക്കം ചെയ്യുന്നത്.

മണ്ണിൽ അടക്കംചെയ്ത മൃതദേഹം വഴി വൈറസ് അടുത്തുള്ള കിണർ, കുളം എന്നിവയിലെ ജലത്തിലൂടെ പകരുമോ?

ഒന്നോ രണ്ടോ ദിവസങ്ങളിൽ കൂടുതൽ വൈറസിന് മൃതശരീരത്തിൽ നിലനിൽപ്പില്ല. ശരീരം ജീർണിച്ചു മണ്ണിൽ ലയിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്.

മതാചാരപ്രകാരമുള്ള മരണാനന്തര ചടങ്ങുകൾ അനുവദിക്കുമോ?

ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം കർശന നിർദേശം പാലിച്ചുകൊണ്ടാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകുന്നത്. മൃതദേഹത്തിൽ സ്പർശിച്ചുകൊണ്ടുള്ള ചടങ്ങുകൾ അനുവദിക്കില്ല.

പിന്നെ എങ്ങനെ മരണാനന്തരച്ചടങ്ങിലൂടെ രോഗം പകരാം?

രോഗബാധിതരായ ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുകയും സാമൂഹികഅകലം പാലിക്കാതെ അവരുമായുള്ള സമ്പർക്കം വഴിയും രോഗം പകരാം. അല്ലാതെ മൃതദേഹം വഴി കോവിഡ് വ്യാപന സാധ്യത അപൂർവമാണ്.

Content Highlights:can Covid19 spread through dead bodies,Corona Virus,Health