ന്ത്യന്‍ നിര്‍മിത പെര്‍ഫ്യൂമില്‍ 'ബര്‍കോള്‍ഡേരിയ സ്യൂഡോമെല്ലി' ബാക്ടീരിയയെ കണ്ടെത്തിയതായി യു.എസ്.സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. 'ബര്‍കോള്‍ഡേരിയ സ്യൂഡോമെല്ലി'(Burkholderia pseudomallei) ബാക്ടീരിയ പരത്തുന്ന ഈ രോഗം ഒരു വര്‍ഷത്തിനിടെ യു.എസിലെ ജോര്‍ജിയ, കന്‍സാസ്, ടെക്‌സസ്, മിന്നെസോട്ട സംസ്ഥാനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ രണ്ടുപേര്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്ത്യന്‍ നിര്‍മ്മിത 'ബെറ്റര്‍ ഹോംസ് ആന്‍ഡ് ഗാര്‍ഡന്‍സ് പെര്‍ഫ്യൂ'മില്‍ ഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. 

എന്താണ് മെലിയോയിഡോസിസ്?

'ബര്‍കോള്‍ഡേരിയ സ്യൂഡോമെല്ലി'(Burkholderia pseudomallei) ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് മെലിയോഡിയോസിസ്. വിറ്റ്‌മോര്‍സ് ഡിസീസ് എന്നും ഇത് അറിയപ്പെടുന്നു. മനുഷ്യരെയും മൃഗങ്ങളെയും ഇത് ബാധിക്കാം. 

സാധാരണമായി ഇത് തെക്കുകിഴക്ക് ഏഷ്യ, വടക്കന്‍ ഓസ്‌ട്രേലിയ ഭാഗങ്ങളിലായാണ് കണ്ടുവരുന്നത്. മെലിയോഡിയോസിസ് രോഗത്തിന് ഇടയാക്കുന്ന ബര്‍കോള്‍ഡേരിയ സ്യൂഡോമെല്ലി ബാക്ടീരിയ കാണപ്പെടുന്നത് മലിനമായ മണ്ണിലും വെള്ളത്തിലുമാണ്. ഇവയുമായി നേരിട്ട് ബന്ധമുണ്ടാകുന്നതു വഴിയാണ് രോഗം പടരുന്നത്. 

രോഗലക്ഷണങ്ങള്‍

മെലിയോഡിയോസിസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ ക്ഷയരോഗത്തിന്റെയോ ന്യുമോണിയയുടെയോ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പൊതുവേ കാണുന്ന ലക്ഷണങ്ങള്‍ ഇവയാണ്. 

ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനയും നീരും. പനി, ചര്‍മത്തില്‍ വ്രണം, പഴുപ്പുള്ള കുരു, ചുമ, നെഞ്ചുവേദന, നല്ല പനി, തലവേദന, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍, വയറിന് ബുദ്ധിമുട്ടുകള്‍, സന്ധിവേദനയും പേശീവേദനയും, ഏകോപനമില്ലാത്ത അവസ്ഥ, ഭാരം കുറയല്‍, വയറുവേദന, മസ്തിഷ്‌കത്തില്‍ അണുബാധ, അപസ്മാരം.

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ട്- നാല് ആഴ്ചയ്ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പ്രമേഹം, കരള്‍ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, തലാസ്സിമിയ, കാന്‍സര്‍, എച്ച്.ഐ.വി. എയ്ഡ്‌സ്, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവരില്‍ രോഗം സങ്കീര്‍ണമാകാന്‍ ഇടയുണ്ട്. 

യു.എസില്‍ വര്‍ഷം തോറും 12 പേരിലെങ്കിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. യാത്രികരിലും, ഈ രോഗം ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇടങ്ങളില്‍ നിന്നുള്ളവരിലുമാണ് രോഗം പടരുന്നത്. തായ്‌ലാന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍, വടക്കന്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് മെലിയോഡിയോസിസ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇന്ത്യ, ശ്രീലങ്ക, തെക്കന്‍ ചൈന, ഹോങ്കോങ്, തായ് വാന്‍, വിയറ്റ്‌നാം, ഇൻഡൊനീഷ്യ, കംബോഡിയ, ലാവോസ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ രോഗം ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. 

ഏഷ്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും പുറത്ത് സൗത്ത് പസെഫിക്, മെക്‌സിക്കോ, എല്‍ സാല്‍വദോര്‍, പനാമ, ഇക്വഡോര്‍, പെറു, പ്യൂട്ടോറിക്ക, ഗയാന, യു.എസ്. വെര്‍ജിന്‍ ഐലന്‍ഡ്‌സ്, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സ്, ബ്രസീല്‍, ആഫ്രിക്കയുടെയും മിഡില്‍ ഈസ്റ്റിന്റെയും ഭാഗങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

രോഗം എങ്ങനെ കണ്ടെത്താം?

രോഗം ബാധിച്ച വ്യക്തിയുടെ രക്തം, മൂത്രം, കഫം, ചര്‍മത്തിലെ മുറിവുകള്‍, ചര്‍മത്തിലെ പഴുപ്പ് നിറഞ്ഞ കുരുക്കള്‍ എന്നിവയില്‍ നിന്ന് രോഗാണുക്കളെ വേര്‍തിരിച്ചെടുക്കാം. 

എന്താണ് ചികിത്സ?

രോഗം തിരിച്ചറിഞ്ഞാലുടന്‍ ചികിത്സ ആരംഭിക്കും. കുറഞ്ഞത് രണ്ടാഴ്ചയോളം ഞെരമ്പിലൂടെ ആന്റിമൈക്രോബിയല്‍ തെറാപ്പിയാണ് പ്രധാനമായും ചെയ്യുന്നത്. എട്ടാഴ്ച വരെയാണ് ഈ ചികിത്സ ചെയ്യുന്നത്. ഇതിന് ശേഷം മൂന്നു മുതല്‍ ആറുമാസം വരെ കഴിക്കാനുള്ള മരുന്നുകളും നല്‍കേണ്ടി വരും. 

എങ്ങനെ പ്രതിരോധിക്കാം?

മലിനമായ മണ്ണും വെള്ളവുമാണ് രോഗത്തിന്റെ സ്രോതസ്സ്. ചര്‍മത്തില്‍ മുറിവുള്ളവരും പ്രമേഹം, കടുത്ത വൃക്കരോഗം എന്നിവയുള്ളവരില്‍ രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഈ രോഗങ്ങളുള്ളവര്‍ മലിനമായ മണ്ണും വെള്ളവും തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്. കൃഷിപ്പണി ചെയ്യുന്നവര്‍ കാല്‍മുട്ടുവരെ മറയുന്ന ബൂട്ട്‌സ് ധരിക്കണം. ഇത് കാല്‍പാദത്തിലൂടെ അണുബാധയേല്‍ക്കുന്നത് തടയാന്‍ സഹായിക്കും. 

കടപ്പാട്: സി.ഡി.സി.

Content Highlights: Burkholderia pseudomallei Melioidosis India made spray linked to rare illness in U.S, Health