Representative Image| Photo: GettyImages
ബ്രോങ്കിയക്ടാസിസ് എന്നത് ശ്വാസനാളങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ്. ഇന്ന് നമ്മുടെ സമൂഹത്തില്‍ കൂടുതലായി കണ്ടുവരാറുണ്ട്. ഈ രോഗം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെ നമുക്ക് ജന്മനാ ഉള്ളതും പിന്നീട് വരുന്നതുമായി തരംതിരിക്കാം. ഇതില്‍ ജന്മനാ ഉള്ളതില്‍ Immotile Cilia Syndrome, Alpha-1 antitrypsin അപര്യാപ്തത തുടങ്ങിയ കാരണങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് ചെറുപ്രായത്തില്‍ തന്നെ തുടങ്ങും. എന്നാല്‍ കൂടുതലായി കണ്ടുവരുന്നത് പിന്നീട് വരുന്ന കാരണങ്ങളാണ്. ഇതില്‍ ഉള്‍പ്പെടുന്നത് ചെറുപ്പത്തില്‍ ഉണ്ടാകുന്ന വില്ലന്‍ചുമ, ചിക്കന്‍പോക്സ്, മീസില്‍സ്, ടിബി, ന്യൂമോണിയ, അനിയന്ത്രിതമായ ആസ്തമ തുടങ്ങിയവയാണ്.
ഇതിന്റെ ലക്ഷണങ്ങള്‍ എന്ന് പറയുന്നത് വിട്ടുമാറാത്ത കഫത്തോടുകൂടിയുള്ള ചുമ, ചുമയ്ക്കുമ്പോള്‍ കഫത്തില്‍ രക്തത്തിന്റെ അംശം കാണുക, കഫത്തിനും ശ്വാസത്തിനും നാറ്റം ഉണ്ടാവുക, ശ്വാസംമുട്ട് തുടങ്ങിയവയാണ്. ബ്രോങ്കിയക്ടാസിസ് രോഗിക്ക് കഫത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ.് ഇതുമൂലം വിട്ടുമാറാത്ത പനിയും ചുമയും കഫക്കെട്ടും ഉണ്ടാകാം.
രോഗനിര്‍ണ്ണയത്തിനായി നെഞ്ചിന്റെ എക്സ്റേ ഉപകാരപ്പെടുമെങ്കിലും High resolution CT സ്കാന്‍ ആണ് പ്രധാനപ്പെട്ട പരിശോധനാ രീതി. ഇതോടൊപ്പം പള്‍മനറി ഫംഗ്ഷന് ടെസ്റ്റ് ചെയ്ത് ശ്വാസതടസ്സം ഉണ്ടോ എന്നും നോക്കാവുന്നതാണ്. കഫ പരിശോധന നടത്തി അണുബാധ, ക്ഷയരോഗത്തിന്റെ പരിശോധനകളും ചെയ്യേണ്ടതാണ്.
ഇതിന്റെ ചികിത്സയില്‍ പ്രധാനം അണുബാധ നിയന്ത്രിക്കുക എന്നതാണ്. ഇതിനായി കഫം തട്ടി കളയുന്ന Postural drianage ചെയ്യേണ്ടതാണ്. ഇതോടൊപ്പം ശ്വാസംമുട്ട് ഉണ്ടെങ്കില്‍ ഇന്‍ഹെയ്ലര്‍ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. രോഗം കടുക്കുന്ന അവസരങ്ങളില്‍ ഓക്സിജന്‍ തെറാപ്പി, ആന്റിബയോട്ടിക് തുടങ്ങിയവ വേണ്ടിവരും.
എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരീതിയാണ് ശസ്ത്രക്രിയ ചെയ്ത് കേടായ ഭാഗം എടുത്തു മാറ്റുന്നത്. എന്നാല്‍ ഇത് എളുപ്പം ചെയ്യാവുന്നതല്ല. ശ്വാസകോശ അണുബാധ ഉണ്ടാകാതിരിക്കാന്‍ ചില കുത്തിവയ്പ്പുകള്‍ എടുക്കാവുന്നതാണ്. ഇതില്‍ പ്രധാനമായും pneumococcal കുത്തിവയ്പ്പും വര്‍ഷാവര്‍ഷം എടുക്കുന്ന Influenza കുത്തിവയ്പ്പും ആണ്.
ബ്രോങ്കിയക്ടാസിസ് എന്ന രോഗം ചികിത്സിച്ചില്ലെങ്കില്‍ ശ്വാസകോശ സ്തംഭനം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ രോഗ ലക്ഷണങ്ങളുള്ള ആളുകള്‍ വിദഗ്ദ്ധ ഡോക്ടറെ സമീപിച്ച് വേണ്ട ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
പട്ടം SUT ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പള്മോണോളജിസ്റ്റാണ് ലേഖിക
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..