ന്നത്തെ സാഹചര്യത്തില്‍ പലപ്പോഴും മുലപ്പാല്‍ സൂക്ഷിച്ചു വയ്‌ക്കേണ്ടി വരുന്ന അമ്മമാരുണ്ട്. ജോലിയുമായി ബന്ധപ്പെട്ട യാത്രകള്‍ മുതല്‍ കൊറോണ വരെ ഇതിന് കാരണമാകാം. ഈ സമയത്ത് മുലപ്പാല്‍ കൃത്യമായി സംഭരിക്കാനും സൂക്ഷിക്കാനും മാര്‍ഗങ്ങളുണ്ട്, അല്‍പം ശ്രദ്ധ വേണമെന്ന് മാത്രം. 

1. റൂം ടെമ്പറേച്ചറിലായാലും റഫ്രിജറേറ്ററിലായാലും  ഇന്‍സുലേറ്റഡ് ബാഗില്‍ വേണം മുലപ്പാല്‍ സൂക്ഷിക്കാന്‍. റൂം ടെമ്പറേച്ചറില്‍ കൂടുതല്‍ ദിവസം പാല്‍ സൂക്ഷിക്കാന്‍ പാടില്ല. 

2. നല്ല വൃത്തിയുള്ള ഫുഡ് ഗ്രേഡ് നിലവാരമുള്ള ഗ്ലാസ് കണ്ടെയ്‌നറുകളോ, മുലപ്പാല്‍ സൂക്ഷിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ മില്‍ക്ക് സ്റ്റോറേജ് ബാഗിലോ മാത്രം പാല്‍ സൂക്ഷിക്കാം. ഡിസ്‌പോസിബിള്‍ ബോട്ടിലുകള്‍, പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവ പാടെ ഒഴിവാക്കാം. 

3. കണ്ടെയ്‌നര്‍ വൃത്തിയായി കഴുകി ഉണക്കി ജലാംശമില്ലെന്ന് ഉറപ്പാക്കണം. ഒരു വാട്ടര്‍ പ്രൂഫ് മാര്‍ക്കര്‍ ഉപയോഗിച്ച് കുപ്പിയുടെ പുറത്ത് സ്റ്റോര്‍ ചെയ്ത സമയം എഴുതാം. നമ്മളല്ലാതെ കുഞ്ഞിന് ആയയോ വീട്ടിലെ മറ്റംഗങ്ങളോ പാല്‍ നല്‍കുമ്പോള്‍ സമയം കഴിഞ്ഞതാണോ എന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കും.

4. ചെറിയ അളവില്‍ മുലപ്പാല്‍ ശേഖരിച്ചു വയ്ക്കുന്നതാണ് നല്ലത്. രണ്ട് ആഴ്ച പ്രായമുള്ള കുഞ്ഞാണെങ്കില്‍  60 മുതല്‍ 120 മില്ലി ലിറ്റര്‍ വരെ. ഒരു മാസം മുതല്‍ ആറ് മാസം വരെ പ്രായമുള്ള കുഞ്ഞിന് 90 മുതല്‍ 150 മില്ലിലിറ്റര്‍ വരെ പാല്‍ മതിയാവും

5. ഫ്രീസറില്‍ പാല്‍കുപ്പികള്‍ നേരെ തന്നെ വയ്ക്കാം. പാല്‍ തണുക്കുമ്പോള്‍ വികസിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. അതുകൊണ്ട് തന്നെ കുപ്പി നിറഞ്ഞ് തുളുമ്പുന്നതുപോലെ പാല്‍ നിറച്ചു വയ്ക്കുന്നതും ഒഴിവാക്കാം.

6. റൂ ടെമ്പറേച്ചറില്‍ ആറ് മണിക്കൂര്‍ മാത്രമേ ശേഖരിച്ച മുലപ്പാല്‍ സൂക്ഷിക്കാവൂ. ചൂട് കൂടുതലുള്ള കാലാവസ്ഥയില്‍ നാല് മണിക്കൂറും. ഇന്‍സുലേറ്റഡ് കൂളറില്‍ ഒരു ദിവസം വരെ പാല്‍ കേടുകൂടാതെ ഇരിക്കും. സാധാരണ റഫ്രിജറേറ്ററില്‍ അഞ്ച് ദിവസം വരെ മുലപ്പാല്‍ സൂക്ഷിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. നാല് ഡിഗ്രി സെല്‍ഷ്യസിന് താഴെയുള്ള താപനിലയില്‍ ആറ് മാസം വരെ മുലപ്പാല്‍ കേടുകൂടാതെ ഇരിക്കും. എന്നാല്‍ കൂടുതല്‍ കാലം സൂക്ഷിക്കുന്നത് പാലിലെ വിറ്റാമിന്‍ സിയുടെ അളവില്‍ കാര്യമായ കുറവ് വരുത്തും. 

7. തണുപ്പിച്ച മുലപ്പാല്‍ ഒരിക്കലും ചൂടാക്കരുത്. തണുപ്പ് മാറുന്നതു വരെ റഫ്രിജറേറ്ററിന് പുറത്തെടുത്ത് വയ്ക്കാം. അല്ലെങ്കില്‍ കണ്ടെയ്‌നര്‍ ചെറിയ ചൂടുവെള്ളം നിറച്ച പാത്രത്തില്‍ ഇറക്കി വയ്ക്കാം. ഒരു തവണ പുറത്തെടുത്ത പാല്‍ വീണ്ടും തണുപ്പിച്ച് സൂക്ഷിക്കാന്‍ പാടില്ല. 

Content Highlights: Breastmilk Storage How to Do It Safely